UPDATES

മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം; മകന്‍ മരിച്ചില്ലേ, പിന്നെ എന്തിനാണ് കേസെന്നു പോലീസ് ചോദിച്ചതായി സാജിദിന്റെ കുടുംബം

സാജിദ് ആത്മഹത്യ ചെയ്തത് മര്‍ദ്ദന ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത്

പ്രളയാനന്തര കേരളത്തില്‍ മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യവും മനോഹാരിതയും നാമൊന്നാകെ ചര്‍ച്ച ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ആള്‍ക്കൂട്ടാക്രമണത്തിലും അതിനെ തുടര്‍ന്നുള്ള സൈബര്‍ വീഡിയോ പ്രചാരണത്തിലും മനംനൊന്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തത്. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറയില്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ സാജിദാണ് (23) സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാജിദിനെ രക്ഷിക്കാനായില്ല.

പ്രദേശത്തെ ഒരു വര്‍ക് ഷോപ്പിലുണ്ടായ മോഷണം സാജിദിന്റെ മേല്‍ ആരോപിച്ചാണ് ആളുകള്‍ അയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പിന്നീട് കയര്‍ ഉപയോഗിച്ച് സാജിദിനെ കെട്ടിയിടുകയും മോഷ്ടാവിനെ പിടികൂടിയെന്ന നിലയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് സാജിദിനെ സ്‌റ്റേഷനില്‍ കൊണ്ട് പോയി ചോദ്യം ചെയ്തെങ്കിലും കുറ്റവാളിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ അപ്പോഴേക്കും വിഡിയോ വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സാജിദിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

“ഞങ്ങള്‍ താമസിക്കുന്നത് എടരിക്കോട് പണിക്കര്‍ പടിയാണ്. മൂച്ചിക്കല്‍ എന്ന സ്ഥലത്താണ് സാജിദ് ജോലിചെയ്യുന്നത്. അവന്റെ സുഹൃത്തുകളും മറ്റും അവിടെയായതുകൊണ്ട് തന്നെ അവന്‍ അധികസമയവും ആ പ്രദേശങ്ങളിലാണ് ഉണ്ടാവാറ്. ആഗസ്ത് 27നു രാത്രി അവനെ ഏതോ വീടിന്റെ മുമ്പില്‍ കണ്ടെന്ന് പറഞ്ഞു മോഷണ ശ്രമം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദക്കുകയായിരുന്നു. അതിനുശേഷം പോലീസില്‍ ഏല്‍പ്പിച്ചു. പിറ്റേന്ന് രാവിലെയാണ് ഞങ്ങള്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് കല്‍പകഞ്ചേരി സ്റ്റേഷനില്‍ എത്തിയ ഞങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. എന്തിനാണ് നിങ്ങള്‍ക്ക് ഇങ്ങനെ ഒരു അനിയനെന്നും അവനോട് തൂങ്ങി മരിക്കാന്‍ പറയുന്നതാണ് നല്ലതെന്നുമൊക്കെ അവര്‍ പറഞ്ഞു. അനിയനെ നാട്ടുകാര്‍ തല്ലി സ്റ്റേഷനില്‍ എത്തിച്ചതാണ്. അത് അന്വേഷിക്കാന്‍ പോയ എന്നോടാണ് അവര്‍ മോശമായി പെരുമാറിയത്. കുറ്റവാളിയാണോ അല്ലയോ എന്നു തെളിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. ഞാനെന്തൊ തെറ്റ് ചെയ്ത പോലെയാണ് അവര്‍ പെരുമാറിയത്. പരാതിയില്ലാതെ എന്തിനാണ് പിടിച്ച് വെച്ചതെന്ന് ചോദിച്ചപ്പോഴാണ് പുറത്ത് വിട്ടത്.” സാജിദിന്റെ സഹോദരന്‍ ശാഫി പറഞ്ഞു.

പുറത്തുവന്നതിന് ശേഷം സാജിദ് ഞങ്ങളോടു സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല എന്നും തുടര്‍ന്നുള്ള രണ്ട് ദിവസവും അങ്ങിനെ തന്നെയായിരുന്നു എന്നും ശാഫി പറഞ്ഞു. അതിന് ശേഷം സാജിദിനെ കോട്ടക്കലിലുള്ള അല്‍മാസ് ആശുപത്രിയില്‍ ഡോക്ടര്‍ ലീലയുടെ അടുത്ത് കൌണ്‍സിലിങ്ങിനായി കൊണ്ടുപോയി. അന്ന് രാത്രിയാണ് സംഭവം നടന്നത്

സാജിദിന്റെ അടുത്ത സുഹൃത്തും മരിക്കുന്നതിന് മുമ്പായി സാജിദിനോട് സംസാരിച്ച ആളുമായ അന്‍വര്‍ അഴിമുഖത്തിനോട് പറഞ്ഞതിങ്ങനെ; “നാട്ടുകാര്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ സാജിദിന് വലിയ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ അവന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. അവന്‍ ഞങ്ങളുടെ എല്ലാരുടെയും വീട്ടില്‍ വരുന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതുമാണ്. ഇന്നേവരെ ഞങ്ങള്‍ക്ക് അവനില്‍ നിന്ന് ഇത്തരമൊരു കാര്യവും അനുഭവപ്പെട്ടിട്ടില്ല. അവന്‍ മോഷ്ടിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല.”

സാജിദിന്റെ പിതാവ് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും, മകന്‍ മരിച്ചില്ലെ പിന്നെ എന്തിനാണ് കേസെന്നും പോലീസ് ചോദിച്ചതായും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇന്നലെ സാജിദിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ മരണത്തിന് കാരണക്കാരായവരുടെ പേരും വിവരങ്ങളുമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായി സാജിദിന്റെ മറ്റൊരു സുഹൃത്തായ മുസ്തഫ പറഞ്ഞു. എന്നാല്‍ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം സംഭവം നടന്നത് മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കല്‍പ്പകഞ്ചേരി പോലീസ് അറിയിച്ചു.

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍