UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

ഇന്നലെ വരെ പെട്ടി ചുമന്നവര്‍ ഇന്നത്തെ വിപ്ലവകാരികള്‍; യുവകലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റോ?

ഈ കലാപത്തെ അങ്ങനെ തള്ളിക്കളയാനും കോണ്‍ഗ്രസിനാവില്ല. കാരണം, കോണ്‍ഗ്രസ് ഇപ്പോള്‍ പഴയ കോണ്‍ഗ്രസല്ല എന്നതുതന്നെ

കോണ്‍ഗ്രസില്‍ ഇത് യുവാക്കളുടെ കലാപകാലമാണ്. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങുമോ എന്ന് കണ്ടറിയണം. ഇന്നലെവരെ ഗ്രൂപ്പുകളുടെ പേരില്‍ അങ്കം വെട്ടിയവരും പെട്ടിചുമന്നവരുമൊക്കെ പെട്ടൊന്നൊരുനാള്‍ വിപ്‌ളവകാരികളായി മാറിയിരിക്കുന്നു. പ്രവര്‍ത്തനമികവുകൊണ്ട് നേതൃപദവിയിലെത്തിയവരെക്കാള്‍ വേണ്ടപ്പെട്ടവരുടെ കാരുണ്യവും കടാക്ഷവും മുഖേന സ്ഥാനമാനങ്ങള്‍ സ്വന്തമാക്കിയവരാണ് ഇപ്പോള്‍ കലാപപ്രഖ്യാപനങ്ങളുമായി കളംനിറഞ്ഞിട്ടുള്ളത്. ഹൈക്കമാന്‍ഡിന്റെ തന്നെ വേണമെന്നില്ല, കെ.പി.സി.സിയുടെ ഒരു തിട്ടൂരം മതി – വായ്പൂട്ടാന്‍. അപ്പോഴേക്കും ഓടി മാളത്തിലൊളിക്കുന്ന ധീരശൂര പരാക്രമികളാണിവരെന്നാണ് ഇന്നലെവരെയുള്ള ഇവരുടെ പ്രവര്‍ത്തനം കാട്ടിത്തരുന്നത്.ഫെയ്‌സ്ബുക്കിലും ടെലിവിഷന്‍ ക്യമാറകളുടെ മൈക്കിനുമപ്പുറമുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ലാത്തവരാണല്ലോ ഈ വിപ്‌ളവകാരികളിലേറെയും.

ഇനി ഇവര്‍ ആര്‍ക്കെതിരെയാണ് കലാപപ്രഖ്യാപനം നടത്തുന്നതെന്ന് നോക്കാം. പി.ജെ.കുര്യന്‍, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍. എ.കെ.ആന്റണി, കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗം,മുന്‍ യുവതുര്‍ക്കി വയലാര്‍ രവി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി… ഇവരില്‍ ആന്റണി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരെ രഹസ്യനീക്കങ്ങളേ ഉള്ളൂ.

കുര്യന്റെ രാജ്യസഭാ സീറ്റിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ നിലവിലുള്ള രീതി മാറ്റണം എന്നാണ് ആവശ്യം. അതായത് കഴിഞ്ഞ കുറേ നാളായി ഒരാളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തയച്ചാല്‍ അവര്‍ കട്ടിലൊഴിഞ്ഞാലേ അടുത്ത ആളിനെ നിശ്ചയിക്കൂ. എഴുന്നേല്‍ക്കാന്‍ വയ്യാത്തവരെയും രാജ്യസഭയില്‍ മുണ്ടുമുറുക്കി ഉടുക്കാന്‍പോലും എഴുന്നേല്‍ക്കാത്തവരെയുമൊക്കെയാണ് ഇങ്ങനെ തെരഞ്ഞെടുത്തുകൊണ്ടേയിരിക്കുന്നത്.

പി.ജെ.കുര്യനെത്തന്നെ നോക്കൂ – ആളെത്ര കേമനാണ്! ചില്ലറക്കാരനേ അല്ല. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് പ്രൊഫസറായിരുന്നു. സൂര്യനെല്ലി സ്ത്രീപീഡനക്കേസില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്ണന്റെ സഹായത്തോടെ തടിയൂരി എന്നാണ് ‘കുബുദ്ധികള്‍’ പ്രചരിപ്പിക്കുന്നത്. പീരുമേട് കോടതിയില്‍ ആ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തിന്‍മേല്‍ പോലും കുര്യനെ വിചാരണ ചെയ്യാന്‍ കഴിഞ്ഞില്ല! അത്രയും ശക്തനായ കുര്യന്‍ ആരോപണം നേരിട്ട കാലയളവില്‍ ലോക്‌സഭാംഗമായിരുന്നു. പിന്നീടാണ്, ഇത്തരക്കാര്‍ പാര്‍ലമെന്റില്‍ അനിവാര്യരാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞ് രാജ്യസഭാ സീറ്റ് നല്‍കിയത്. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് അനുകൂലമായി എന്തെങ്കിലും ചെയ്ത് ‘സ്വകക്ഷിതാല്പര്യം’ സംരക്ഷിക്കാതെ കേന്ദ്രസര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കില്‍പോലും അലോസരം സൃഷ്ടിക്കാതിരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന ഈ റിട്ട.പ്രൊഫസറെ വീണ്ടും പാര്‍ലമെന്റിലയച്ച് ഉന്നത ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടി തീരുമാനിക്കേണ്ടതാണ്. ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഇപ്പോഴത്തെ ‘ഖദര്‍തലമുറ’യ്ക്ക് അറിയാത്തതിന്റെ പ്രശ്‌നമാണ് ഇപ്പോഴത്തെ ‘ഫെയ്‌സ്ബുക്ക് പൂര’ത്തിന് പിന്നില്‍. അതിനാല്‍ അത്തരം മൂല്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ തെന്നല ബാലകൃഷ്ണപിള്ള മുതല്‍ തലേക്കുന്നില്‍ ബഷീര്‍വരെയുള്ളവരെ നെയ്യാര്‍ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഒരു ക്യാമ്പ് നടത്താം!

അടുത്ത ആള്‍ വയലാര്‍ രവി. സഹകരണകോണ്‍ഗ്രസ് നേതാവായിരുന്ന എം.കെ.കൃഷ്ണന്റെയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ദേവകികൃഷ്ണന്റെയും മകനായി 1937 ജൂണ്‍നാലിന് ജനിച്ച വയലാര്‍ രവി കെ.എസ്.യു പ്രസിഡന്റായിരുന്നു. മുപ്പത്തിനാലാം വയസ്സില്‍ ചിറയിന്‍കീഴില്‍നിന്ന് എം.പിയായ രവി അതിനടുത്ത വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി. എ.കെ.ആന്റണിയെ തോല്പിച്ച് കെ.പി.സി.സി പ്രസിഡന്റായ രവി കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു. കേന്ദ്ര പ്രവാസകാര്യമന്ത്രി എന്ന നിലയില്‍ മലയാളികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നിട്ടും അതിനൊന്നും തുനിയാതിരുന്ന അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കാന്‍ മടികാട്ടാതിരുന്ന വിശാല ജനാധിപത്യബോധം പ്രടിപ്പിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യുവാക്കള്‍ക്കായി സ്ഥാനമൊഴിയാതിരുന്ന പഴയകാല നേതാക്കളെ അതിനിശിതമായി വിമര്‍ശിച്ച് 34-ാം വയസ്സില്‍ എം.പിയായെങ്കിലും എണ്‍പതുപിന്നിട്ടിട്ടും ആ ‘ചെറുപ്പം നിലനിറുത്താന്‍ ‘ അദ്ദേഹം ഇപ്പോഴും ‘കഠിനാദ്ധ്വാനം’ ചെയ്യുന്നുണ്ട്!

പഴയ തഴമ്പ് തിരുമി ഇരിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ, പക്ഷേ ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും…

കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ ‘ഒന്നാമത്തെ’ രാജ്യസഭാംഗം 1940 ഡിസംബര്‍ എട്ടിന് ജനിച്ച എ.കെ.ആന്റണിയാണ്. വയലാര്‍ രവിക്കുശേഷം കെ.എസ്.യു പ്രസിഡന്റായ ആന്റണി ചില്ലറ റെക്കോര്‍ഡുകളല്ല സ്വന്തം പേരിലാക്കിയിട്ടുള്ളത് – മുപ്പത്തി രണ്ടാം വയസ്സില്‍ കെ.പി.സി.സി പ്രസിഡന്റ്, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ (മുപ്പത്തേഴാം വയസ്സില്‍) മുഖ്യമന്ത്രി, ഏറ്റവും കൂടുതല്‍കാലം പ്രതിരോധമന്ത്രിയായിരുന്ന ആള്‍.( ഏഴുവര്‍ഷം)എന്നിവയൊക്കെ അതിലുള്‍പ്പെടും.മൂന്നുതവണ കേരള മുഖ്യമന്ത്രിയായിരുന്ന ആന്റണി നരസിംഹറാവുമന്ത്രിസഭയില്‍ ഭക്ഷ്യ – പൊതുവിതരണ കാബിനറ്റ് മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പ് ലാക്കാക്കിയാണെങ്കിലും ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം രണ്ടുപതിറ്റാണ്ടിനുശേഷവും പിന്‍വലിക്കാന്‍ ഒരു മുന്നണിക്കും ധൈര്യമുണ്ടായില്ല. 50 ശതമാനം സീറ്റുകള്‍ മെരിറ്റിന് എന്ന വ്യവസ്ഥയോടെ എന്‍ജിനീയറിംഗ് – മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ സ്വകാര്യമേഖലയ്ക്ക് കേരളത്തില്‍ അനുമതി നല്‍കിയതും ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. അതിനെ പിന്നീടുവന്ന സര്‍ക്കാരുകള്‍ അട്ടിമറിച്ച് , ഇപ്പോള്‍ ശൈലജ ടീച്ചര്‍ എന്ന ‘വിപ്‌ളവശിങ്കം’ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം പണമുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടുത്തി! ഇത്രയൊക്കെ ചെയ്തിട്ടും അഴിമതിക്കാരനല്ലാത്തതാണ് കോണ്‍ഗ്രസില്‍ ആന്റണി നേരിടുന്ന ആഭ്യന്തരപ്രശ്‌നം!

താല്‍ക്കാലികമായി കെ.പി.സി.സി പ്രസിഡന്റായ എം.എം.ഹസ്സന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ‘അത്യുജ്ജ്വല’ പ്രകടനത്തിന്റെ പേരില്‍ എപ്പോള്‍ വേണമോ തെറിക്കാമെന്ന അവസ്ഥയിലാണ്. യു.ഡി.എഫ് ഉണ്ടോ എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ലെങ്കിലും അതിന് കണ്‍വീനറുണ്ടെന്നും അത് പി.പി.തങ്കച്ചനാണെന്നും കോണ്‍ഗ്രസുകാര്‍പോലും ഓര്‍ത്തത് ഇപ്പോഴാണ്.പ്രതിപക്ഷനേതൃസ്ഥാനത്തിരുന്ന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത രമേശ് ചെന്നിത്തലയ്ക്കുണ്ടായിരുന്ന ഭീഷണി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന, ചെന്നിത്തല പത്തുപതിനഞ്ച് കൊല്ലം മുമ്പ് വഹിച്ചിരുന്ന, ഇപ്പോള്‍ കെ.സി.വേണുഗോപാല്‍ തുടരുന്ന പദവിയിലേക്ക് ഉമ്മന്‍ചാണ്ടി ‘ഉയര്‍ത്തപ്പെട്ട’തോടെ ചെന്നിത്തല സുരക്ഷിതനായി. ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയും കിട്ടിയ സ്ഥിതിക്ക് അദ്ദേഹത്തിനും ‘ഭീഷണി’യില്ല.

മൂന്നുരാജ്യസഭാ എം.പിമാരുടെ കാര്യത്തില്‍ കുര്യനാണ് ഇപ്പോള്‍ ‘പുരനിറഞ്ഞു’ നില്‍ക്കുന്നത് . കാരണം അദ്ദേഹമുള്‍പ്പെടെ മൂന്നുപേരുടെ രാജ്യസഭാ സീറ്റാണ് കേരളത്തില്‍ ഒഴിഞ്ഞത്. അതില്‍, കോണ്‍ഗ്രസിന് ജയിക്കാവുന്ന ഏക സീറ്റിനാണ് കോണ്‍ഗ്രസ് യുവ എം.എല്‍ എമാര്‍ കലാപമുയര്‍ത്തുന്നത്.

രാജ്യസഭ വൃദ്ധസദനമായി മാറ്റരുതെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടപ്പോള്‍ മരണംവരെ പാര്‍ലമെന്റിലോ നിയമസഭയിലോ ഉണ്ടാകണമെന്നു നേര്‍ച്ച നേറ്റവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നാണ് റോജി എം ജോണ്‍ തുറന്നടിച്ചത്. ലോക്‌സഭയിലേക്ക് ആറുതവണയും രാജ്യസഭയിലേക്ക് മൂന്നുതവണയും അവസരം ലഭിച്ച പി.ജെ.കുര്യന്‍ മാറിനില്‍ക്കാനുള്ള ഔചിത്യം കാണിക്കണമെന്നായിരുന്നു വി.ടി.ബല്‍റാമിന്റെ നിര്‍ദ്ദേശം. പി.ജെ.കുര്യനെപ്പോലെ പ്രഗത്ഭനായ ഒരാളെ ‘വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുത്’ എന്നായിരുന്നു അനില്‍ അക്കരെയുടെ പരിഹാസം.

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മാറി നില്‍ക്കുമെന്നാണ് ഇതിനുള്ള പി.ജെ.കുര്യന്റെ മറുപടി.’പാര്‍ട്ടിയോട് ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. തന്നെക്കുറിച്ചുള്ള യുവ എം.എല്‍.എമാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നു. അതിനോട് യോജിപ്പുണ്ട്. മുതിര്‍ന്നവര്‍ മുഴുവന്‍ മാറി നില്‍ക്കുന്നത് ഗുണകരമല്ല. യുവാക്കളും പരിചയസമ്പന്നരും പാര്‍ട്ടിയില്‍ വേണം. പാര്‍ട്ടിയാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. യുവ എം.എല്‍.എമാര്‍ അവരുടെ അഭിപ്രായം പാര്‍ട്ടിയില്‍ പറയണം’ – എന്നുപറഞ്ഞ കുര്യന്‍ വേറൊന്നുകൂടി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി:’കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നുവെന്നത് മാദ്ധ്യമ വാര്‍ത്തകള്‍ മാത്രമാണ്!’ ഈ യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍മ്മിക്കണമെന്ന് വയലാര്‍ രവി പ്രതികരിച്ചത് സ്വന്തം അനുഭവത്തിന്റെകൂടി വെളിച്ചത്തിലാവണം!

ഉടുമുണ്ട് സ്വയം ഉടുക്കാന്‍പോലും സാധിക്കാത്ത ‘യുവകേസരികള്‍’ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം സ്വയം ഒഴിഞ്ഞ വൈക്കം വിശ്വന്റെ മാതൃക സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യൂത്തുകോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ‘രാജ്യസഭാ സീറ്റ് കുത്തകയാക്കിവച്ചിരിക്കുന്ന യുവകോമളന്‍ വീണ്ടും കച്ചമുറുക്കുകയാണെന്നും’ പരിഹസിച്ചു.വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കള്‍ക്ക് രക്ഷയുള്ളൂ എന്ന് മുമ്പേ പറഞ്ഞതിനെ റിജില്‍ ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. ഇതിന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ മറുപടി ‘താന്‍ വഹിക്കുന്ന പദവിക്ക് പ്രാപ്തനാണ്’ എന്നാണ്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാമെന്നും അദ്ദേഹം പറഞ്ഞു.

ചായക്കോപ്പയിലെ കൊടുങ്കാറ്റെങ്കിലും ആവാന്‍ ഈ എം.എല്‍.എമാര്‍ക്ക് കഴിയുന്നുണ്ടല്ലോ. അത്രയും ഭാഗ്യം. ഫെയ്‌സ്ബുക്ക് എതിരാളികളെ തെറിവിളിക്കാന്‍ മാത്രമുള്ളതല്ലെന്നും അവരവരുടെ മുഖത്തേക്കും ടോര്‍ച്ചടിക്കുന്നത് നന്നാണെന്നും തിരിച്ചറിയുന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍പോലും ഇവര്‍ ജയിച്ചുകയറുന്നത്. അതുകൊണ്ടുതന്നെ ഈ കലാപത്തെ അങ്ങനെ തള്ളിക്കളയാനും കോണ്‍ഗ്രസിനാവില്ല. കാരണം, കോണ്‍ഗ്രസ് ഇപ്പോള്‍ പഴയ കോണ്‍ഗ്രസല്ല എന്നതുതന്നെ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?

ആരോടും സീറ്റ് ചോദിച്ചിട്ടില്ല, പ്രായമായത് എന്റെ കുറ്റമാണോ? അധിക്ഷേപിക്കുന്നവര്‍ ഖേദിക്കേണ്ടി വരും: പിജെ കുര്യന്‍

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍