UPDATES

ട്രെന്‍ഡിങ്ങ്

ചികില്‍സ ലഭിക്കാതെ എയ്ഡ്‌സ് രോഗിയായ യുവാവ് തലശ്ശേരിയില്‍ അലഞ്ഞു തിരിയുന്നു; ഏറ്റെടുക്കാന്‍ തയ്യാറാകാതെ വീട്ടുകാരും

ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ രോഗിക്ക് വേണ്ട ചികില്‍സ നല്‍കുമെന്നും കണ്ണൂര്‍ ജില്ലാ എയ്ഡ്‌സ് നിയന്ത്രണവിഭാഗ മേധാവി

ചികില്‍സാ സഹായം ലഭിക്കാതെ എയ്ഡ്‌സ് രോഗിയായ യുവാവ് തലശ്ശേരിയില്‍ അലഞ്ഞു തിരിയുന്നു. തലശ്ശേരി മുന്‍സിപ്പാലിറ്റി ഏരിയയിലുള്ള കണ്ടിച്ചല്‍ സ്വദേശി സക്കറിയ എന്ന യുവാവാണ് ചികില്‍സ സഹായം ലഭിക്കാതെ വീട്ടില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുടരുന്നത്. മൂന്ന് മാസം മുമ്പ് തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നടന്ന പരിശോധനയിലാണ് യുവാവിന് എയ്ഡ്‌സ് രോഗമുണ്ടെന്ന് കണ്ടുപിടിച്ചത്.

തുടര്‍ന്ന് വീട്ടുകാരുടെ സഹായത്തോടെ ചികില്‍സ ആരംഭിച്ചെങ്കിലും മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ള ഇയാള്‍ വീട്ടില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വീട്ടുകാര്‍ യുവാവിനെ സ്വീകരിക്കാന്‍ തയാറായില്ല. തലശ്ശേരിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ബാബു പാറാലാണ് യുവാവിനെ ചികില്‍സിക്കാനുള്ള മുന്‍കൈ എടുത്തിരുന്നത്.

‘മാനസികാസ്വസ്ഥ്യമുള്ള ഒരാള്‍ ഇങ്ങനെ നഗരത്തില്‍ അലഞ്ഞു തിരിയുന്നത് ഗുരുതരമായ വിഷയമാണ്. ഇത് രോഗം പകരുന്നതിന് കാരണമാകും. അടിയന്തിരമായി ഇയാള്‍ക്ക് ചികില്‍സ ലഭ്യമാക്കണം.’ ബാബു പാറാല്‍ പറഞ്ഞു.

കുടുംബത്തില്‍ കുട്ടികളുള്ളതിനാലാണ് സക്കറിയയെ വീട്ടുകാര്‍ സ്വീകരിക്കാത്തതെന്നാണ് ബാബു പറയുന്നത്. അതുകൊണ്ട് തന്നെ യുവാവിനെ അടിയന്തിരമായി ആശുപത്രിയിലോ എയ്ഡ്‌സ് ചികില്‍സാ കേന്ദ്രത്തിലോ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാബു.

‘ഇപ്പോള്‍ ദയനീയവസ്ഥയിലാണ് സക്കറിയയുള്ളത് കൈകളും കാലുകളും ചൊറിപിടിച്ചത് പോലെയാണ് ഉള്ളത്. ആഹാരം കഴിക്കാനാകുന്നുമില്ല. കഴിഞ്ഞ തവണ ഇതുപോലെ രോഗം നിര്‍ണയിച്ച ആളെ സിപിഎം ഇടപെട്ടാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ചികില്‍സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിക്കുകയും ജോലിക്ക് പോകുകയും ചെയ്തു. കണ്ണൂര്‍ പ്രത്യാശ ഭവനിലും ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും ഒക്കെ ഞാന്‍ വിളിച്ചിരുന്നു. ഒരിടത്തും നിന്നും സക്കറിയയെ സ്വീകരിക്കാന്‍ ആരും തയാറാകുന്നില്ല.’ ബാബു വിശദീകരിച്ചു.

എന്നാല്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ രോഗിക്ക് വേണ്ട ചികില്‍സ നല്‍കുമെന്നും കണ്ണൂര്‍ ജില്ലാ എയ്ഡ്‌സ് നിയന്ത്രണവിഭാഗ മേധാവി അറിയിച്ചു. ജില്ലാതല നെറ്റ്‌വര്‍ക്കുകള്‍ എയ്ഡ്‌സ് രോഗികളെ കണ്ടെത്താനും അവരെ പരിചരിക്കാനും ഉണ്ട്. കെയര്‍ സപ്പോര്‍ട്ട് ട്രീറ്റ്‌മെന്റ് പദ്ധതികളും കേരളത്തില്‍ നിലവിലുണ്ട്. ആന്റിറിട്രോവല്‍ ട്രീറ്റ്‌മെന്റ് (എആര്‍ടി) ചികില്‍സ ലഭ്യമാക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളും കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍