UPDATES

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്ന സര്‍ക്കാരേ, ഈ ബദല്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവവുമില്ല, അധ്യാപകര്‍ക്ക് ശമ്പളവുമില്ല

പിന്നോക്കമേഖലയിലെ കുരുന്നുകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ബദല്‍ സ്‌കൂളുകള്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്

പൊതുവിദ്യാഭ്യാസ സംരക്ഷണം മുഖ്യ അജണ്ടകളിലൊന്നായെടുത്ത് മുന്നോട്ടുപോകുന്ന കേരള സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിഗംഭീരമായി പ്രവേശനോത്സവങ്ങളും സ്‌കൂള്‍ ഹൈടെക്‌വത്കരണവും നിലവാരമുയര്‍ത്താനുള്ള നൂതന പദ്ധതികളുമെല്ലാമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി അണ്‍ എയ്ഡഡ് വിദ്യാഭ്യാസ കച്ചവടക്കാരെ ആശങ്കയിലാഴ്ത്തുന്ന വിധം പൊതു വിദ്യാലങ്ങളിലേക്ക് കുട്ടികളുടെ പ്രവാഹം തന്നെയായിരുന്നു ഇക്കുറി. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും അധ്യാപകരും നാട്ടുകാരുമെല്ലാം ഇക്കാര്യത്തില്‍ സജീവമായി സര്‍ക്കാരിനൊപ്പം നിന്നതും ഗണകരമായി.

വിദ്യാഭ്യാസ വിപ്ലവത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും 1957-ലെ മുണ്ടശ്ശേരി മാഷിന്റെ പരിഷ്‌കാരങ്ങള്‍ വിവരിക്കേണ്ടി വരുന്നവരാണ് നമ്മള്‍ മലയാളികള്‍. ഒരുപക്ഷേ 57-നിപ്പുറം പൊതുവിദ്യാഭ്യാസ മേഖലിലെ സമ്പൂര്‍ണ പരിഷ്‌കരണം മുഖ്യലക്ഷ്യങ്ങളിലൊന്നായെടുത്ത് മുന്നോട്ടുപോകാന്‍ ഇത്രത്തോളം ആര്‍ജവം കാണിച്ച ഭരണകര്‍ത്താക്കളും സര്‍ക്കാരും ഇതിനിടയില്‍ ഉണ്ടായിട്ടില്ലെന്നുവേണം പറയാന്‍. പൊതുമേഖലകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളുടെ മനസില്‍ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ യജ്ഞവുമായി മുന്നോട്ടുപോകുന്നത്.

എന്നാല്‍ പൊതുവിദ്യാലങ്ങള്‍ പുത്തന്‍ യുഗത്തിന് നാന്ദികുറിക്കുമ്പോള്‍ ബദല്‍സ്‌കൂളുകള്‍ ഇത്തവണയും അവഗണിക്കപ്പെട്ടു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബദല്‍സ്‌കൂളുകളെ മുന്‍ സര്‍ക്കാരിനെ പോലെ ഈ സര്‍ക്കാരും അവഗണിച്ചുവെന്നത് സങ്കടകരമാണ്. കളര്‍ ബലൂണുകളും കളിക്കോപ്പുകളും പുത്തന്‍ കുടയും യൂണിഫോമുകളുമൊന്നുമില്ലാത്ത അധ്യയനവര്‍ഷാരംഭമായിരുന്നു ഇത്തവണ മിക്ക ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും. പൊതുവിദ്യാലയങ്ങള്‍ക്ക് പ്രവേശനോത്സവത്തിന് 1000 രൂപ, ഫ്‌ളക്‌സ്, പ്രവേശനോത്സവ ഗാനത്തിന്റെ സിഡി തുടങ്ങിയവയെല്ലാം വിദ്യാഭ്യാസ വകുപ്പ് എത്തിച്ചു നല്‍കുക പതിവാണ്. ഇത്തവണയും അതുണ്ടായി. കഴിഞ്ഞ വര്‍ഷം വരെ ബദല്‍ സ്‌കൂളുകള്‍ക്കും ഇവ ലഭിച്ചിരുന്നെങ്കിലും ഇത്തവണ ഇവര്‍ ലിസ്റ്റില്‍ നിന്നും പുറംതള്ളപ്പെട്ടു. പ്രവേശനോത്സവത്തില്‍ എന്നല്ല ബദല്‍ സ്‌കൂളുകള്‍ക്ക് വേണ്ടത്ര പരിഗണനകള്‍ ലഭിക്കാതെ പോകുന്ന സ്ഥിതി ഇതിന്റെ പ്രാരംഭഘട്ടം മുതല്‍ തുടരുന്നതാണ്.

1997-98 കാലയളവിലാണ് കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ സഹായത്തോടെ ബദല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ അവികസിത, ആദിവാസി, പിന്നാക്ക മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ (ഡിപിഇപി) കീഴില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടത്. ഇടുക്കി, വയനാട് ജില്ലകളിലാണ് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകള്‍ എന്നപേരില്‍ അറിയപ്പെടുന്ന ഇവ ഏറ്റവും കൂടുതലുള്ളത്. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 10 വീതം വിദ്യാലയങ്ങളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് കോട്ടയം ഒഴികെ മുഴുവന്‍ ജില്ലകളിലും ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്താകെ 304 വിദ്യാലയങ്ങളിലായി 346 അധ്യാപകരാണുള്ളത്. ഇവിടെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ഇവരുടെ ജോലി. എത്രകാലം മുന്നോട്ടുപോകുമെന്ന ആശങ്കയോടെയായിരുന്നു ബദല്‍ സ്‌കൂളുകളുടെ തുടക്കംതന്നെ. എങ്കിലും പിന്നോക്കമേഖലയിലെ കുരുന്നുകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ബദല്‍ സ്‌കൂളുകള്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്.

പലതവണ പൂട്ടലിന്റെ വക്കില്‍നിന്നും അതതുകാലത്തെ സര്‍ക്കാരുടെകളുടെ സഹായത്തോടെ ഇവ വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ആദിവാസി വിദ്യാര്‍ഥികള്‍ തന്നെയാണ് ബദല്‍ സ്‌കൂളുകളില്‍ അധികവുമുള്ളത്. അനുവദിച്ച തുച്ഛമായ വേതനം ലഭിക്കുന്നതിനായി പലപ്പോഴും മാസങ്ങള്‍ നീണ്ട കാത്തിപ്പിന് നിര്‍ബന്ധിതരായവരാണ് ബദല്‍ സ്‌കൂള്‍ അധ്യാപകര്‍. ഈ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ സംഘടനയായ ആള്‍ട്രനേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഓണക്കാലത്തുള്‍പ്പെടെ ശമ്പളം ലഭിക്കുന്നതിനായി നിരന്തര ഇടപെടലുകള്‍ നടത്തേണ്ടതായി വരികയും ചെയ്തിരുന്നു.

പ്രതിമാസം 3000 രൂപയില്‍ ജോലി തുടങ്ങിയ അധ്യാപകര്‍ക്ക് 2016 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ദിവസം 166 രൂപ പ്രകാരം 5000 രൂപയായിരുന്നു ശമ്പളം. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിദിന വേതനം 1000 രൂപയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഏറെക്കാലം തുകയില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്താണ് പ്രതിദിനം 500 രൂപ തോതില്‍ വര്‍ധിപ്പിച്ച് മാസശമ്പളം 10000 രൂപയാക്കിയത്. കഴിഞ്ഞ മൂന്നുമാസമായിട്ട് ഈ തുകയും ലഭിക്കാത്ത അവസ്ഥയാണെന്നാണ് ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ‘സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് ചിലവാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മിക്ക ബദല്‍ സ്‌കൂള്‍ അധ്യാപകരും. അതിനാലാണ് ഇത്തവണത്തെ പ്രവേശനോത്സവങ്ങള്‍പോലും പേരിനു മാത്രമായി പലയിടങ്ങളിലും ചുരുങ്ങിയത്. ബദല്‍ സ്‌കൂള്‍ അധ്യാപകനും എ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയുമായ ടി കെ വിജയന്‍ പറയുന്നു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബദല്‍സ്‌കൂള്‍ അധ്യാപകന്‍ പറയുന്നത്- ‘ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേതനം വര്‍ധിപ്പിച്ചെങ്കിലും മാസങ്ങളോളം ശമ്പളം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഓണസമയത്താണ് 5 മാസത്തെ കുടിശ്ശികയടക്കം സര്‍ക്കാര്‍ ഈ തുക തന്നത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ മാര്‍ച്ച് വരെ കൃത്യമായി പണം ലഭിച്ചുപോന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ലഭിക്കേണ്ട പണമാണ് നിലവില്‍ മുടങ്ങിയിട്ടുള്ളത്‘ എന്നാണ്. കാട്ടാനകളും വന്യമൃഗങ്ങളുമെല്ലാം വിഹരിക്കുന്ന മേഖലകളിലൂടെ കിലോമീറ്ററുകളോളം വനപാത താണ്ടിയാണ് മിക്ക അധ്യാപകരും ഉള്‍വനങ്ങളിലെ സ്‌കൂളുകളില്‍ എത്തുന്നത്. വന്യമൃഗങ്ങളില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ കഥകളും പലര്‍ക്കും പറയാനുണ്ട്. വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അധ്യാപകരും ഉണ്ട്. വനിതകളും ബദല്‍സ്‌കൂള്‍ അധ്യാപികമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. പലര്‍ക്കും കഴിഞ്ഞ 20-വര്‍ഷത്തോളമായി ഏക ഉപജീവനമാര്‍ഗവും ഈ തൊഴിലാണ്. തുടക്കത്തില്‍ ഉണ്ടായിരുന്നവയില്‍ പല സ്‌കൂളുകളും അടച്ചുപൂട്ടപ്പെട്ടു. 111-ഓളം ബദല്‍ സ്‌കൂളുകള്‍ എല്‍ പി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന് ശ്രമം നടന്നിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. നിലവില്‍ നിരവധി സ്‌കൂളുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലുമാണ്.

അഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മൂന്ന് കിലോമീറ്ററില്‍ താഴെ ദൂരപരിധിയുമുള്ള ബദല്‍ സ്‌കൂളുകള്‍ പൂട്ടാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ഇതിനെകുറിച്ച് ടികെ വിജയന്‍ പറയുന്നത്- ‘പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബദല്‍ സ്‌കൂളുകളിലെ അധ്യാപകരെ പുനര്‍വിന്യസിപ്പിക്കണമെന്നു കാണിച്ച് എ.എസ്.ടി.എ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവരെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് അധ്യാപകരെ ജോലി നഷ്ടപ്പെടാതെ പുനര്‍വിന്യസിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് അറിയുന്നത്.’

മറ്റ് സ്‌കൂളുകളിലേതുപോലെത്തന്നെ ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം, പാല്‍, മുട്ട തുടങ്ങിയ പോഷകാഹാരങ്ങള്‍ തുടങ്ങിയവ നല്‍കി വരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് സ്‌കൂളുകളില്‍ ആളെ നിയമിച്ചിട്ടുണ്ട്. പരിമിതികള്‍ക്കിടയിലും കുട്ടികള്‍ക്കുള്ള ഇത്തരം ആനുകൂല്യങ്ങള്‍ ഒരിക്കലും മുടങ്ങിയിട്ടില്ല എന്നകാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തിലെ പിന്നോക്കമേഖലകളിലെ ജനങ്ങളെ അക്ഷരം പഠിപ്പിച്ച ഏകാധ്യാപക സ്‌കൂളുകള്‍ക്കുള്ള പങ്ക് വിസ്മരിക്കപ്പെടാനാവാത്തതാണ്. സര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കി ബദല്‍സ്‌കൂളുകളിലൂടെ ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസവും കൂടി മെച്ചപ്പെടുത്താന്‍ സാധിച്ചാല്‍ പല കാര്യത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന കേരളത്തിന് ഈക്കാര്യത്തിലും അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍