UPDATES

ട്രെന്‍ഡിങ്ങ്

സംസ്ഥാനത്ത് ഇനി ഡ്രൈവിംഗ് ലൈസന്‍സ് കിട്ടണമെങ്കില്‍ ‘ശരിക്കും’ ഡ്രൈവിംഗ് പഠിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി

പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്‌കൂള്‍ ഉടമകളും ഒത്തുകളിച്ച് ലൈസന്‍സ് എടുക്കാറുണ്ട്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നവീകരിക്കുന്നതിന്‍ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിനുള്ള നടപടി തുടങ്ങി. കോഴിക്കോട് പേരാവൂര്‍, പാറശാല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നവീകരിച്ച രീതി നടപ്പാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടത് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിലൂടെയാണ്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനായി എട്ടും നാലു ചക്ര വാഹങ്ങളുടെ ലൈസന്‍സിനായി എച്ചുമാണ് അപേക്ഷകര്‍ പരിശോധകരുടെ മുന്നില്‍ എടുത്തു കാണിക്കേണ്ടത്. ഇത് കമ്പ്യൂട്ടര്‍വത്കരിച്ച് ടെസ്റ്റില്‍ അപേക്ഷകര്‍ പാസായോ എന്ന് നിര്‍ണയിക്കുന്നതാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്. ഇതുവരെ പരിശോധകര്‍ നേരിട്ട് നിരീക്ഷിച്ചായിരുന്നു ടെസ്റ്റ് നിര്‍ണയിച്ചിരുന്നത്. വാഹനാപകടങ്ങള്‍ വര്‍ധിച്ചതും പഴയ ടെസ്റ്റ് രീതിയില്‍ അപാകതകളും ക്രമക്കേടുകളും വര്‍ദ്ധിച്ചതുമാണ് മോട്ടോര്‍ വാഹനവകുപ്പിനെ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നടപ്പാക്കാന്‍ പ്രേരിപ്പിച്ചത്.

അതേസമയം മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ ചില ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. പഴയ ഡ്രൈവിങ് ടെസ്റ്റ് രീതി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവിശ്യം. സംസ്ഥാനത്തു വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് നവീകരിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചത്. പഴയ രീതിയിലുള്ള സംവിധാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്‌കൂള്‍ ഉടമകളും ഒത്തുകളിച്ച് ലൈസന്‍സ് എടുക്കാറുണ്ട്. പുതിയ സംവിധാനം വരുന്നതോടു കൂടി ഇത്തരത്തില്‍ ലൈസന്‍സ് സമ്പാദിക്കാന്‍ കഴിയാതെയാവും. ഇതാണ് പുതിയ നടപടിക്കെതിരെ തിരിയാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ടെസ്റ്റ് പാസാവാത്തവര്‍ക്കും ലൈസന്‍സ് നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ

(കടപ്പാട്-മാതൃഭൂമി ന്യൂസ് ചാനല്‍)

കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയിലൂടെ ഇരുചക്ര ലൈസന്‍സിനായി സംഖ്യ എട്ടിന്റെയോ നാലുചക്ര ലൈസന്‍സിനായി ഇംഗ്ലീഷ് അക്ഷരം എച്ചിന്റെയോ ആകൃതിയില്‍ വാഹനമോടിപ്പിക്കുകയാണ് പഴയ ടെസ്റ്റ്. കൂടാതെ ഉദ്യോഗസ്ഥന്‍ അപേക്ഷകന്‍ ഓടിക്കുന്ന വാഹനത്തിലിരുന്ന് നീരിക്ഷണം നടത്തുകയും ചെയ്യും. ലൈസന്‍സ് ടെസ്റ്റില്‍ അപേക്ഷകന്‍ എച്ചോ, എട്ടോ എടുക്കുമ്പോള്‍ വാഹനം തട്ടി കമ്പികളില്‍ തട്ടിയാലോ കാല്‍ കുത്തിയാലോ (ഇരുചക്ര വാഹനത്തില്‍) ടെസ്റ്റില്‍ വിജയിക്കില്ല. എന്നാല്‍ ചില ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ടെസ്റ്റ് പാസാകാത്ത അപേക്ഷകര്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ടെന്നും ഇതിനായി ഒരാളില്‍നിന്ന് 1000 രൂപവരെ കൈക്കൂലി മേടിക്കുന്നുണ്ടെന്നുമാണ് ആരോപണങ്ങള്‍.

എന്നാല്‍ എല്ലായിടത്തും ഇങ്ങനെയല്ലെന്നാണ് ചെങ്ങന്നൂര്‍ ആര്‍ടിഒ പരിധിയിലുള്ള ജെ ആന്‍ഡ് പി ഡ്രൈവിങ് സ്‌കൂള്‍ ഉടമ പ്രസന്നന്‍ ജെപി (തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്, ആലപ്പുഴ ജില്ല) പറയുന്നത്. ‘ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് ചെങ്ങന്നൂരില്‍ നടപ്പായിട്ടില്ല. പക്ഷെ ഈ ഇരുപതാം തീയ്യതി മുതല്‍ ഇവിടുത്തെ ടെസ്റ്റ് രീതി മാറുകയാണ്. അതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മാറ്റങ്ങള്‍ നല്ലതാണ്. നിലവാരമുള്ള ഡ്രൈവറുമാരെ സൃഷ്ടിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ട് കഴിയും. എന്നാല്‍ പുതിയ മാറ്റങ്ങള്‍ ഞങ്ങളെപ്പോലെയുള്ള ഡ്രൈവിങ് സ്‌കൂളുകൾക്ക് ബുദ്ധിമുട്ടാകും. കാരണം പുതിയ സംവിധാന പ്രകാരമുള്ള ടെസ്റ്റുകള്‍ക്ക് പരിശീലനം നല്‍കാന്‍ ചിലവേറും. ഞങ്ങള്‍ വളരെ തുച്ഛമായ ഫീസിനാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത്. ചിലവുകൂടിയാല്‍ ആളുകള്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പഠനത്തിനായി എത്തുന്നത് കുറയുമോ എന്ന ആശങ്കയിലാണ്. ഏതായാലും പുതിയ സംവിധാനങ്ങള്‍ എങ്ങനെയുണ്ടെന്ന് അറിഞ്ഞതിന് ശേഷം എതിര്‍ക്കണമോ സ്വീകരിക്കണമോ എന്ന് തീരുമാനിക്കുകയുള്ളൂ. ചില സ്‌ക്കൂളുകാരും ഉദ്യോഗസ്ഥരും തമ്മില്‍ കൈക്കൂലിയുടെ പുറത്തുള്ള ധാരണകളുണ്ടാവാം. ഞങ്ങള്‍ക്ക് അങ്ങനെയില്ല. ചെങ്ങന്നൂര്‍ ആര്‍ടിഒ പരിധിയിലുള്ള ഡ്രൈവിങ് സ്‌കൂളുകള്‍ നിലവാരമുള്ള ഡ്രൈവറുമാരെ സൃഷ്ടിക്കുന്നവരാണ്. ഒത്തുകളികള്‍ക്ക് ഞങ്ങള്‍ കൂട്ടു നില്‍ക്കാറില്ല.’

ഇരുചക്ര വാഹനത്തിനുള്ള ലൈസന്‍സ് എടുക്കേണ്ട ടെസ്റ്റ് (നിലവിലെ സംവിധാനം)

എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ കാര്യക്ഷമമാക്കാനും ക്രമക്കേട് ഇല്ലാതാക്കാനുമായി തുടങ്ങിയ വാഹനവകുപ്പിന്റെ ഓട്ടോമാറ്റിക് സംവിധാനം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പത്തനംതിട്ടയിലെ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. ഓട്ടോമാറ്റിക് സംവിധാനം അശാസ്ത്രീയമാണെന്നാണ് ചില സ്‌കൂള്‍ ഉടമകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിന് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ആളുകള്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനം അനുസരിച്ച് കൃത്യമായ തുകകള്‍ ഡ്രൈവിങ് സ്‌കൂളുകള്‍ എത്തിക്കുന്നുണ്ടെന്നും കൂടാതെ വിശേഷ ദിവസങ്ങളില്‍ (ഓണം, ക്രിസ്മസ്) സമ്മാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തങ്ങളുടെ സ്‌ക്കൂളുകളിലെ അപേക്ഷകര്‍ ഡ്രൈവിങ് ടെസ്റ്റ് പാസാക്കുവാന്‍ മാത്രമല്ല സ്‌ക്കൂള്‍ ഉടമകള്‍ ഇതെല്ലാം ചെയ്യുന്നത്. വാഹന സംബന്ധമായ പല ഇടപാടുകളിലും (രജിസ്‌ട്രേഷന്‍, റീ രജിസ്‌ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍, വാഹനകൈമാറ്റം, ടാക്‌സി ബാഡ്ജ്) ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കുന്നവരാണ് ചില ഡ്രൈവിങ് സ്‌കൂളുകള്‍. ഇവര്‍ക്കാണ് പുതിയ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് വിനയാകുന്നത്.

തിരുവനന്തപുരം ജോയിന്റ് ആര്‍ടിഒ കെ.ജോഷി പറയുന്നത്- ‘പുതിയ സംവിധാനം എന്തുകൊണ്ടും നല്ലത് തന്നെയാണ്. നമ്മുടെ റോഡില്‍ അപകടങ്ങള്‍ കൂടുകയാണ്. നന്നായി വാഹനങ്ങള്‍ ഓടിക്കാന്‍ അറിയാവുന്നര്‍ക്കെ ഇനി ലൈസന്‍സ് എടുക്കാന്‍ സാധിക്കൂ.’ തിരുവനന്തപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍(എംവിഐ) സുഗതനും ഓട്ടോമാറ്റിക് സംവിധാനത്തെ കുറച്ചു നല്ല പ്രതീക്ഷയാണുള്ളത്. ‘ഇപ്പോള്‍ അനാവശ്യമായി ലൈസന്‍സ് എടുക്കുന്നവര്‍ ധാരാളംപേര്‍ ഉണ്ട്. ഒരു ഐഡന്റിറ്റി കാര്‍ഡ് പോലെയാണ് പലരും ഇതിനെ കാണുന്നത്. ഡ്രൈവിങ് ലൈസന്‍സിന്റെ ഗൗരവം അത് എടുക്കാന്‍ വരുന്നവര്‍ക്കും അവരെ ഡ്രൈവിങ് പഠിപ്പിക്കുന്ന സ്‌കൂളുകാരും പലപ്പോഴും കാണിക്കുന്നില്ല. ഡ്രൈവിങ് സ്‌കൂളുകാര്‍ പഠിക്കാന്‍ വരുന്നവര്‍ക്ക് എച്ചോ, എട്ടോ എടുക്കുന്നതിന് മാത്രം പരിശീലനം നല്‍കും. റോഡിലൂടെ വാഹനം ഓടിക്കാനുള്ള നല്ല പരിശീലനം നല്‍കാറില്ല. ഇതുകാരണം ഇപ്പോള്‍ അപകടങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. നല്ല ഡ്രൈവറുമാര്‍ അല്ല പലപ്പോഴും നിരത്തുകളില്‍ വാഹനം ഓടിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാനാണ്. വിദേശരാജ്യങ്ങളുടെ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ്് ഇവിടെ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇതിനെതിരെ ചില സ്‌കൂളുകാര്‍ രംഗത്തെത്തിയിട്ടുണ്ട് അവര്‍ക്ക് അവരുടെതായ പ്രത്യേക ലക്ഷ്യങ്ങളുണ്ടാവും. ഏതായാലും പുതിയ സംവിധാനം നമ്മുടെ ഡ്രൈവിങ് ശൈലിക്ക് നല്ല മാറ്റം ഉണ്ടാക്കുമെന്നതില്‍ യതോരു സംശയവുമില്ല.’ എന്നാണ് എംവിഐ സുഗതന്റെ അഭിപ്രായം.

നാലുചക്ര വാഹനത്തിനുള്ള ലൈസന്‍സ് എടുക്കേണ്ട ടെസ്റ്റ് (നിലവിലെ സംവിധാനം)


ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റില്‍ അപേക്ഷകര്‍ വാഹനവുമായി ട്രാക്കില്‍ കയറുമ്പോള്‍ മുതല്‍ ക്യാമറ നീരിക്ഷണത്തിലായിരിക്കും. 11-ഓളം ക്യാമറകളാണ് ട്രാക്കില്‍ സ്ഥാപിച്ചിരിക്കുന്നത്. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ക്യാമറയുമായി ബന്ധിച്ചിരിക്കുന്ന കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. ടെസ്റ്റ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വിജയിച്ചോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. മികച്ച പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമെ ഈ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കൂ. പഴയ രീതിയില്‍ തന്നെയാണ് ഇരു ചക്ര വാഹനങ്ങള്‍ക്കും നാലു ചക്ര വാഹനങ്ങള്‍ക്കും ടെസ്റ്റ് നടത്തുന്നത്. നാലു ചക്ര വാഹനങ്ങള്‍ക്ക് എച്ച് എടുക്കുന്നതിന് പുറമെ റിവേഴ്‌സ് എടുക്കുകയും, കയറ്റത്തില്‍ വാഹനം നിര്‍ത്തി എടുക്കുകയും, ഇറക്കത്തിലൂടെ വളവ് തിരിയ്ക്കുകയും ചെയ്്ത് കാണിക്കണം. പുതിയ ട്രാക്കിലൂടെ നന്നായി പരിശീലിച്ചവര്‍ക്കു മാത്രമെ ലൈസന്‍സ് നേടാന്‍ സാധിക്കുകയുള്ളൂ.

മുമ്പ് എഴുത്തുപരീക്ഷയായിരുന്ന ലേണിങ് ടെസ്റ്റ് കമ്പ്യൂട്ടര്‍വത്കരിച്ചത് ടി.പി സെന്‍കുമാര്‍ ഗതാഗത കമ്മിഷണറായിരിക്കുമ്പോഴായിരുന്നു. എന്നാല്‍ വാഹനാപകടങ്ങള്‍ കുറയാതിരുന്നതോടെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലും നിര്‍ബന്ധവും കാരണം ടോമിന്‍ ജെ. തച്ചങ്കരി ഗതാഗത കമ്മിഷണറായിരിക്കേ ഡ്രൈവിങ് ടെസ്റ്റും നവീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതിഷേധമാണ് പല ഡ്രൈവിങ് സ്‌കൂളുകാരും നടത്തുന്നത്.പഴയ ഡ്രൈവിങ് ടെസ്റ്റ് രീതി പുനഃസ്ഥാപിക്കാവനും പുതിയ സംവിധാനത്തിനെതിരേ പ്രത്യക്ഷസമരം നടത്താനും ഒരു കൂട്ടം ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി രാഷ്ട്രീയപിന്തുണയോടെ സംഘടനയുണ്ടാക്കി, ഗതാഗത കമ്മിഷണര്‍ക്കെതിരേയും വാഹനവകുപ്പിനെതിരെയും സമരം നടത്താനാണു ഇവരുടെ നീക്കം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍