അഴിമുഖം പ്രതിനിധി
തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയുടെ ഓഫീസിലേക്ക് 2014 ഡിസംബര്‍ 23ന് പോലീസ് നടത്തിയ റെയ്ഡ് അന്യായമായിരുന്നു എന്ന് മനുഷ്യാവകാശ കമ്മിഷന്‍ വിധിച്ചു. മാസികയുടെ ഓഫീസിലേക്ക് അര്‍ദ്ധരാത്രി കടന്നുവന്ന പോലീസ് നടപടി തെറ്റായിരുന്നു എന്ന് കാണിച്ച് മാസികയുടെ പത്രാധിപരായ എസ്. ശരത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ വിധി പ്രഖ്യാപിച്ചത്.
രാഷ്ട്രീയ-പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാസികയ്ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ഇതേത്തുടര്‍ന്ന് മാസികയില്‍ ജോലി ചെയ്തിരിന്ന അജിലാല്‍, സന്തോഷ് കുമാര്‍ എന്നിവരോടൊപ്പം പരിസ്ഥിതി-നാടക പ്രവര്‍ത്തകനുമായ വിശ്വനാഥന്‍ ആലത്തിനെയും പോലീസ് അന്നേദിവസം അര്‍ദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു.
രാത്രി മുഴുവന്‍ ചോദ്യം ചെയ്തതിന് ശേഷം അടുത്ത ദിവസം എഴ് മണിയോടെ ഇവരെ മോചിപ്പിക്കുകയായിരുന്നു. മാസികയുടെ ഓഫീസില്‍ നിന്ന് പോലീസ് കൊണ്ടുപോയ മാസികകള്‍ ലഘുലേഖകള്‍ ലാപ്ടോപ്പ് എന്നിവയില്‍ നിന്നും മാവോയിസ്റ്റ് സംഘടനയിലെക്കോ ബന്ധപ്പെട്ടവരിലെക്കോ നയിക്കുന്ന യാതൊരു തെളിവും കിട്ടാത്ത സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്.
സംഭവത്തെ കുറിച്ച് മാസികയുടെ പത്രാധിപരായ എസ് ശരത് പറയുന്നതിങ്ങനെ; പതിനെട്ട് വര്‍ഷമായി തൃശൂരില്‍ നിന്നും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാസികയാണ് കേരളീയം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും വിവിധ സമരങ്ങളുമായി അടുത്ത് നില്‍ക്കുന്ന പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തി പോരുക പതിവാണ്. ഇവരില്‍ പലരും ഓഫിസ് സന്ദര്‍ശിക്കാറുമുണ്ട്.
ഇക്കാലയളവില്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീക്ഷണി ശക്തമായി നിലനിന്നിരുന്നു. പാലക്കാട് കെഎഫ്സിയുടെ ഓഫീസ് ഒരു സംഘം ആളുകള്‍ അക്രമിക്കുന്നത് ഡിസംബര്‍ 21നാണ്. കേരളീയം മാസികയില്‍ റെയ്ഡ് നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ്. അക്രമം നടത്തിയത് മാവോയിസ്റ്റുകളാണെന്ന ആരോപണം അന്ന് വളരെ ശക്തമായിരുന്നു. സംഭവ സ്ഥലത്ത് നിന്നും മാവോയിസ്റ്റകളുടേതെന്ന് സംശയിക്കുന്ന ലഘുലേഖകളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ ഇവരെ പ്രതിരോധിക്കാനോ അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ തുമ്പുണ്ടാക്കാനോ പോലീസിന് കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് കേരളീയം മാസികയുടെ ഓഫീസിലേക്ക് മുപ്പതോളം വരുന്ന പോലീസ് സംഘം ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയതും മൂന്ന് പേരെ അറസ്റ്റ് ചെയ്തതും.
എല്ലാവിധ നടപടികളും പാലിച്ചു കൊണ്ടാണ് റെയ്ഡ്നടത്തിയതെന്നാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്. എന്നാല്‍ പരിശോധന നടത്തുന്നതിനുള്ള യാതൊരു നടപടികളും പാലിക്കപ്പെട്ടിരുന്നില്ല. ദിവസം മുഴുവനും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അന്വേഷണം നടത്താന്‍ പോലീസ് ഇത്രയും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട ആവിശ്യവും ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. പോലീസ് നടപടിയുമായി ബന്ധപ്പെട്ട് അനവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കേരളീയം മാസിക ഒരര്‍ഥത്തിലും മാവോയിസ്റ്റ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ല എന്ന് വായനക്കാര്‍ക്ക് ബോധ്യമുള്ളത് കൊണ്ട് മാത്രമാണ് അത് അതിജീവിക്കാന്‍ സാധിച്ചത്.
അതുപോലെ മാസികയുടെ ഓഫീസിലേക്ക് പോലീസ് നടത്തിയ റെയ്ഡിന്‍റെ വാര്‍ഷികം 2015 ഡിസംബര്‍ 22ന് തൃശൂര്‍ പുഴയ്ക്കലില്‍ വെച്ച് നടത്തിയത് പോലീസ് തടഞ്ഞിരുന്നു.
സമൂഹത്തില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നവരെ മാവോയിസ്റ്റുകളും മറ്റുമായി ചിത്രീകരിക്കാനുള്ള പ്രവണത ഇന്നും നിലനില്‍ക്കുന്നു. ഈ പ്രവണതയുടെ ഇരയാകുകയായിരുന്നു കേരളീയം മാസികയും.