UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളീയത്തെ മാവോയിസ്റ്റാക്കേണ്ടത് ആരുടെ ആവശ്യമാണ്?- എഡിറ്റര്‍ ശരത് എഴുതുന്നു

Avatar

എസ്. ശരത് 

രണ്ടുപതിറ്റാണ്ടിനോടടുത്ത് ജനകീയ സ്വഭാവത്തോടെ, സുതാര്യമായി പ്രവര്‍ത്തിക്കുന്നൊരു മാധ്യമ സ്ഥാപനത്തില്‍, അപരിചിതര്‍ വന്നുപോകുന്നുവെന്ന രഹസ്യപ്പൊലീസിന്റെ സന്ദേശമുണ്ടെന്ന വാദം പറഞ്ഞ് റെയ്ഡ് നടത്തുന്ന ഭരണകൂടം എന്ത് മുന്നറിയിപ്പാണ് നല്‍കുന്നത്? കേരളീയം പോലൊരു ജനകീയപ്രസ്ഥാനത്തോട് യാതൊരുവിധ ജനാധിപത്യമര്യാദകളും പാലിക്കാതെ അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള കടന്നുകയറ്റമാണ് നടന്നിരിക്കുന്നത്. അവര്‍ സംശയിക്കുന്ന തരത്തില്‍ വിധ്വംസകരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന അജണ്ടകളാണു കേരളീയത്തിനുള്ളതെങ്കില്‍ അതിനുപയുക്തമായ തെളിവുകള്‍ കാണിക്കണം. അതിനും തയ്യാറാകാതെ, തങ്ങള്‍ക്കിഷ്ടമുള്ളത് എന്തുംചെയ്യും എന്ന സേച്ഛാധിപത്യ മനോഭാവമാണ് ഭരണകൂടം വച്ചുപുലര്‍ത്തുന്നത്. സ്റ്റേറ്റിന് വെല്ലുവിളി ഉയര്‍ത്തുന്ന എന്ത് രാഷ്ട്രീയമാണ് കേരളീയം മുന്നോട്ടുവയ്ക്കുന്നത്?

കേരളത്തിലെ ജനകീയ സമരങ്ങളുടെ രാഷ്ട്രീയമാണ് കേരളീയത്തിനുള്ളത്. വളരെ സമാധാനപരമായി ഭരണകൂടവുമായി സംഭഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് കേരളത്തിലെ പാരിസ്ഥിതിക-സാമൂഹിക വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഏറെക്കാലമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിനോട് ചേര്‍ന്നുപോകാനാണ് കേരളീയവും ശ്രമിക്കുന്നത്. NAPM പോലുള്ള ജനകീയ പ്ലാറ്റ്‌ഫോമുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതെല്ലാം ആ അടിസ്ഥാനത്തിലാണ്. പലതരത്തില്‍ ദുരിതമനുഭവിക്കുന്ന, ഇരകളായിട്ടുള്ള ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങളെ പ്രതിഫലിപ്പിക്കാനും ഈ സമരങ്ങള്‍ക്ക് ജനകീയാവശ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സഹായകരമാം വിധത്തില്‍ ഉള്ളടക്കങ്ങള്‍ നിശ്ചയിച്ച് ഇടപെടലുകള്‍ നടത്തുകയുമാണ് കേരളീയം ചെയ്യുന്നത്. എന്നിരിക്കെ, മാവോവാദ രാഷ്ട്രീയവുമായി കേരളീയത്തെ ബന്ധിപ്പിക്കേണ്ടതിന്റെ എന്ത് ആവശ്യകതയാണ് ഭരണകൂടത്തിന് ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കേരളീയം പ്രസിദ്ധീകരണം തുടങ്ങിയിട്ട് പതിനേഴ് വര്‍ഷങ്ങളാകുന്നു. കേരളത്തിലെ മാവോയിസ്റ്റ് രാഷ്ട്രീയത്തിന് ഇതിന്റെ പകുതിവര്‍ഷത്തെ ചരിത്രം പോലുമില്ല. സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുന്നതുപോലും 2005-നു ശേഷമാണ്. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി പരത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് രണ്ടുവര്‍ഷത്തിനു മുമ്പുമാത്രമാണ്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി കേരളീയം അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അതിലൊരു മാവോയിസ്റ്റ് ചുവ കണ്ടെത്തുന്നതില്‍ ലക്ഷ്യം വേറെയാണ്.

ചാലിയാര്‍ സമരം, പാത്രക്കടവ് പദ്ധതിക്കെതിരെയുള്ള സമരം, പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, കാതികൂടം തുടങ്ങി കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ സമരങ്ങളില്‍ ജനാധിപത്യരീതിയില്‍ എങ്ങനെ പരിഹാരം നേടിയെടുക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് കേരളയീത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഇതുവരെ നടന്നിട്ടുള്ളത്. കേരളയീയത്തിന്റെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ഈ പ്രസിദ്ധീകരണത്തിന്റെ നാളിതുവരെയുള്ള ഇടപെടലുകള്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. ആര്‍ക്കും കണ്ടെത്താന്‍ പറ്റാത്തവിധം മൂടിവച്ചിട്ടുള്ള ഒന്നല്ല കേരളീയത്തിന്റെ ചരിത്രം. 250-ഓളം ലക്കങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എല്ലാ ലക്കവും തീര്‍ത്തും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്നവിധം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മറ്റേതെങ്കിലും പ്രസിദ്ധീകരണം, സൗജന്യമായി തങ്ങളുടെ എല്ലാ ലക്കങ്ങളും വായനക്കാരന് നല്‍കാറുണ്ടോയെന്നറിയില്ല. ഇത്ര സുതാര്യമാണ് കാര്യങ്ങളെന്നിരിക്കെ ആയുധസന്നാഹങ്ങളുമായി വന്ന് ഓഫീസ് റെയ്ഡ് നടത്തി കുറച്ച് ലക്കങ്ങള്‍ എടുത്തുകൊണ്ടുപോകേണ്ട ആവശ്യം പൊലീസിന് എന്തായിരുന്നു. അതിനര്‍ത്ഥം, ഈ റെയ്ഡ് കേരളയീത്തിന്റെ പുറത്ത് വന്ന സംശയത്തിന്റെ പേരില്‍ നടന്നതല്ല,അതിനപ്പുറം എന്തൊക്കെയൊ ഉദ്ദേശങ്ങള്‍ വേറെയുണ്ട്.

പ്രസിദ്ധീകരണത്തിന്റെ ഉത്തരവാദിത്വപ്പെട്ട ആരുടെയും സാന്നിധ്യത്തിലായിരുന്നില്ല റെയ്ഡ് നടത്തിയത്. റെയ്ഡിനു മുമ്പ് വിവരം അറിയിക്കേണ്ട ബാധ്യത പൊലീസിനില്ലെങ്കില്‍, അതിനുശേഷം അവര്‍ക്കാ മര്യാദ പാലിക്കാമായിരുന്നില്ലേ? അക്കാര്യം ചോദിച്ചാല്‍ എവിടെയും റെയ്ഡു ചെയ്യാന്‍ അധികാരമുണ്ടെന്ന മറുപടിയാണ് പൊലീസ് തരുന്നത്. അവര്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നവരാണത്രേ. ഇതേ ആവേശം തന്നെയായിരിക്കുമോ മനോരമയോ മാതൃഭൂമിയോ റെയ്ഡ് നടത്തേണ്ടി വന്നാല്‍ കാണിക്കുക? ആരെയും അറിയിക്കാതെ അകത്തു കേറി, ഒന്നും മിണ്ടാതെ തിരിച്ചുപോകാന്‍ ഇവര്‍ക്കു കഴിയുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു പൊലീസുകാരനും ഉത്തരം തന്നില്ല. ജനാധിപത്യമര്യാദകള്‍ ലംഘിച്ച് ഭരണകൂട ഭീകരത ഇവിടെ നടന്നിട്ടുണ്ട്, അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിയന്തിരാവസ്ഥ കാലത്ത്, ഇന്ന് ആ സാഹചര്യമില്ലല്ലോ? അവരപ്പോള്‍ ഉത്തരങ്ങള്‍ പറയാന്‍ ബാധ്യസ്ഥരാണ്. ഒരു മാധ്യമസ്ഥാപനത്തില്‍ പലതരത്തിലുള്ള ആളുകള്‍ വന്നുപോകും. അവരില്‍ സംശയിക്കപ്പെടേണ്ടവരുണ്ടായിരുന്നു എന്ന രഹസ്യപ്പൊലീസ് പറഞ്ഞാല്‍ ഉടനെ റെയ്ഡ്! ഇതൊരു ജനകീയ പ്രസ്ഥാനമാണ്. സുരക്ഷാവാതിലുകള്‍വച്ച് ആളെ കയറ്റാന്‍ ഇവിടെ സാധ്യമല്ല. ജനങ്ങളെ അകറ്റാനല്ല, അടുപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. അതില്‍ സ്റ്റേറ്റിന് വെല്ലുവിളിയികുന്ന സാഹചര്യങ്ങളുണ്ടെന്നാണോ പൊലീസ് പറയുന്നത്. എന്താണ് അവര്‍ക്ക് പറയാനുള്ളതെന്നുവച്ചാല്‍ അത് പറയണം. അല്ലെങ്കില്‍ ഉത്തരം കിട്ടുന്നവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.

മാവോവാദ രാഷ്ട്രീയത്തിന്റെ നിഴല്‍ കേരളയീത്തിനുമേല്‍ വീണിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നതെങ്കില്‍ അവരെ തിരുത്തുന്നു. അത്തരമൊരു രാഷട്രീയത്തെ പരസ്യമായി എതിര്‍ത്തിട്ടുള്ളവരാണ് ഞങ്ങള്‍. കാതികൂടം സമരത്തിന്റെ ഭാഗമായി നീറ്റ ജലാറ്റിന്‍ കമ്പനിയുടെ തൃക്കാക്കരയിലുള്ള ഓഫീസ് തല്ലിത്തകര്‍ത്ത സംഭവത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തപ്പോള്‍, ഇത്തരമൊരു രാഷ്ട്രീയം കാതികൂടത്തെ ജനകീയ സമരത്തെ തകര്‍ക്കുകയേയുള്ളൂവെന്നും മാവോയിസ്റ്റ് രാഷ്ട്രീയത്തിന് തെറ്റായ നിലപാടുകളാണുള്ളതെന്നും ഒരു പൊതുപ്രസ്താവന ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളീയത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളീയത്തിന്, അതിന്റെ സ്വതന്ത്രമായ നിലപാടുകളാണുള്ളത്. ഞങ്ങള്‍ പിന്തുണയ്ക്കുന്നത് സമാധാനപരമായ ജനകീയമുന്നേറ്റങ്ങളെയാണ്. അക്രമമാണ് മാവോവാദരാഷ്ട്രീയത്തിന്റെ അടയാളമെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കാനേ ഞങ്ങള്‍ തയ്യാറാവൂ. കേരളത്തില്‍ മാവോവാദരാഷ്ടീയം നിലനില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍ ആ രാഷ്ട്രീയത്തെ പൊലാസ്ഭാഷ്യത്തിലൂടെ മാത്രം വിശ്വസിക്കുകയും പ്രയാസം. അടുത്തസമയങ്ങളില്‍ നടന്ന സംഭവങ്ങള്‍ക്ക് ആരാണ് യഥാര്‍ത്ഥ ഉത്തരവാദികളെന്നതില്‍ ഇപ്പോഴും സംശയമുണ്ട്. പൊലീസിന്റെ ഭൂതകാലപ്രവര്‍ത്തനങ്ങള്‍ അതിന് ബലവുമേകുന്നുണ്ട്. ഒന്നിനെയും കണ്ണടച്ചെതിര്‍ക്കാനും വിശ്വസിക്കാനും കേരളീയം തയ്യാറാവുന്നില്ല. അതിനര്‍ത്ഥം ഞങ്ങള്‍ ‘വെല്ലുവിളി’യാണ് എന്ന് ധരിച്ചുവശാകരുത്.

പൊലീസിനും സ്റ്റേറ്റിനും എപ്പോള്‍ വേണമെങ്കിലും ആരെ വേണമെങ്കിലും മാവോയിസ്റ്റ് ആക്കാം . ഭരണകൂടം അവരുടെ ശത്രുവിനെ മാവോയിസ്റ്റ്, തീവ്രവാദി തുടങ്ങി പലതരത്തിലും വിളിക്കുന്നു. സിപി ഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തുക്കുന്നവര്‍ മാത്രമല്ല ഭരണകൂടത്തിന് മാവോയിസ്റ്റ്. ആരൊക്കെ സ്‌റ്റേറ്റിനെ എതിര്‍ക്കുന്നുവോ, ആരൊക്കെ അവര്‍ക്ക് വെല്ലുവിളിയാകുമെന്ന് ഭയപ്പെടുന്നോ അവരെയെല്ലാം മാവോയിസ്റ്റും ഭീകരവാദിയുമാക്കും. പിന്നെ അടിച്ചമര്‍ത്താന്‍ എളുപ്പമാണല്ലോ. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ബിനായക് സെന്നിനെ ജയിലടയ്ക്കാന്‍ മടിയില്ലാത്തവര്‍ക്ക് കേരളീയത്തിന്റെ ഓഫിസില്‍ കയറിവരാന്‍ എന്ത് തടസ്സം! എത്രയോ നിപരപരാധികളെയാണ് ഇങ്ങനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണകൂടത്തിനുണ്ടാകുന്ന ഭയമാണ് ഇതിനെല്ലാം കാരണം.

എന്തിനാണ് ഈ ഭയം? രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് മേല്‍ അവര്‍ പുലര്‍ത്തുന്ന അധികാരം ചോദ്യം ചെയ്യപ്പെടുന്നിടത്താണ് ഈ ഭയം ഉണ്ടായിവരുന്നത്. ഭൂമി, ജലം, കാട് തുടങ്ങി എല്ലാത്തിലും തങ്ങളാണ് അധികാരികളെന്നാണ് കാലങ്ങളായി ഭരണകൂടം പറഞ്ഞുവരുന്നത്. എന്നാല്‍ ഞങ്ങളുടെ മണ്ണും ഞങ്ങളുടെ വെള്ളവും ഞങ്ങളുടെ കാടും ഞങ്ങള്‍ക്ക് തരൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രാഥമികവിഭവങ്ങള്‍ക്ക് മേല്‍ ജനം അവകാശം ഉന്നയിക്കുകയും അതു നേടിയെടുക്കാനായി മുന്നിട്ടറങ്ങുകയും ചെയ്യുമ്പോള്‍ അവര്‍ പ്രതിസന്ധിയിലാകുന്നു. ഈ വിഭവങ്ങളെല്ലാം കയ്യടക്കിവച്ചെങ്കില്‍ മാത്രമാണ് കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാന്‍ സാധിക്കൂ. ജനകീയ മുന്നേറ്റങ്ങള്‍ കോര്‍പ്പറേറ്റുകളെ തടഞ്ഞുനിര്‍ത്തും. കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഏതുവിധത്തിലും ചെറുക്കാന്‍ ഭരണകൂടം ശ്രമിക്കും. ഒന്നുകില്‍ നിയമങ്ങളുടെ പൊളിച്ചെഴുത്തലുകളിലൂടെ. അതാണിപ്പോള്‍ ബിജെപി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിഭവങ്ങള്‍ സംരക്ഷിക്കാനിയി ജനങ്ങള്‍ ആശ്രയിക്കുന്ന നിയമങ്ങള്‍ തിരുത്തിയെഴുതിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ തരത്തില്‍ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നോക്കുന്നു. അതല്ലെങ്കില്‍ അടിച്ചമര്‍ത്തലാണ്. അവിടെയാണ് അവര്‍ക്ക് തോന്നുവരെയൊക്കെ മാവോയിസ്റ്റ് ആക്കുന്നത്. അല്ലെങ്കില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പീഢിപ്പിക്കുന്നത്.

ഇത്തരം ദുര്‍ബലമായ നടപടികള്‍ ജനകീയാവേശം കൂടുതല്‍ മൂര്‍ച്ഛിക്കാനെ ഉപകരിക്കൂ എന്ന് ഭരണകൂടം മനസ്സിലാക്കുന്നുണ്ടോയെന്നറിയില്ല. പക്ഷെ, അതാണ് സത്യം.ഞങ്ങളോടൊപ്പം നില്‍ക്കാന്‍ കൂടുതല്‍പ്പേര്‍ തയ്യറായിരിക്കുന്നു, കൂടുതല്‍ ഉറച്ചു നില്‍ക്കാന്‍ ഞങ്ങളും.

(കേരളീയം മാഗസിന്റെ എഡിറ്ററാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍