UPDATES

പ്രവാസം

എമിറേറ്റ്സ് വിമാനദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട പ്രവാസിക്ക് ആറരക്കോടിയുടെ ലോട്ടറി

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ പാലവിള വീട്ടില്‍ മുഹമ്മദ്‌ ബഷീര്‍ അബ്ദുള്‍ ഖാദര്‍ എന്ന 62- കാരന്റെ ജീവിതം ഈ മാസം സംഭവബഹുലമായിരുന്നു. രണ്ട് നിര്‍ണ്ണായക സംഭവങ്ങളായിരുന്നു ഈ പ്രവാസി മലയാളിയുടെ ജീവിതത്തില്‍ സംഭവിച്ചത്. രണ്ടിലും ഭാഗ്യത്തിന്റെ വിളയാട്ടം.

ആദ്യത്തേത് ഒരു ഹൊറര്‍ സിനിമ പോലെ തുടക്കം മുതല്‍ ക്ലൈമാക്സിനു തൊട്ടു മുന്‍പ് വരെ മുള്‍മുനയില്‍. അത് ബ്രേക്കിംഗ് ന്യൂസായി ലോകം മുഴുവന്‍ അറിഞ്ഞ സംഭവം. ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യുമ്പോള്‍ യാത്രക്കാരനായി ബഷീറും ഉണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ കൈയ്യില്‍ പിടിച്ചുകൊണ്ട്.

അന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരെയും പോലെ ബഷീറിനെയും ഭാഗ്യം തുണച്ചു. എന്നാല്‍ രണ്ടാമത്തേതാണ് ഒന്നൊന്നര കടാക്ഷം! വന്നുകയറിയത് ദുബായ് ഡ്യൂട്ടി ഫ്രീ ബമ്പര്‍ സമ്മാനത്തിന്റെ രൂപത്തില്‍. ഒരു മില്ല്യന്‍ അതായത് ഏകദേശം ആറരക്കോടി രൂപയാണ് ബഷീറിന് ബമ്പര്‍ സമ്മാനമായി ലഭിച്ചത്.

ഇതിനു മുന്‍പ് 16 തവണ അദ്ദേഹം ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. മുന്‍പൊക്കെ എടുത്തിട്ട് മോഹഭംഗം വന്നിട്ടുണ്ടെങ്കിലും ബഷീര്‍ 10000 രൂപ വിലവരുന്ന ടിക്കറ്റ് എടുക്കുന്നത് നിര്‍ത്തിയിട്ടില്ല. പെരുന്നാള്‍ പ്രമാണിച്ചാണ് നാട്ടിലേക്ക് പോയപ്പോഴാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഡ്യൂട്ടിഫ്രീയുടെ പതിനേഴാമത് ടിക്കറ്റെടുത്തത്. എമിറേറ്റ്സ് വിമാനാപകടം നടന്ന് ആറാം ദിവസമാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തില്‍ കടന്നുവന്നത്. 

പെരുന്നാള്‍ അവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ കയറിയ ബഷീര്‍ വിമാനത്തിന്റെ മധ്യഭാഗത്തായാണ് ഇരുന്നിരുന്നത്. അകത്തു തീയും പുകയും ഒക്കെ കണ്ടെങ്കിലും എന്താണ് ശരിക്കും സംഭവിച്ചത് എന്ന് മനസ്സിലാകുന്നത്‌ എല്ലാവരോടൊപ്പം പുറത്ത് എത്തിയപ്പോള്‍ ആയിരുന്നു എന്ന് ബഷീര്‍ പറയുന്നു.

തന്നെ രക്ഷപ്പെടുത്തിയത് ദൈവം ആണെന്നും അതിനു ഒരു കാരണം ഉണ്ടാവാം എന്നും ഉറച്ചു വിശ്വസിക്കുന്നയാളാണ് അദ്ദേഹം. 

37 വര്‍ഷമായി ദുബായ് അല്‍ഖൂസിലെ അല്‍തായര്‍ മോട്ടോഴ്‌സിലെ ഫ്ലീറ്റ് സെയില്‍സ് കോ-ഓര്‍ഡിനേറ്ററാണ് ബഷീര്‍. വിരമിക്കാന്‍ നാലു മാസം കൂടി ബാക്കിയുള്ളപ്പോഴാണ് ബഷീറിനെത്തേടി ബമ്പര്‍ സമ്മാനം എത്തുന്നത്.

ഇനി നാട്ടിലേക്ക് തിരികെ വരാനാണ് ബഷീറിന്റെ പദ്ധതി. വെറുതേ വരാനല്ല. തനിക്ക് കിട്ടിയ പണം കൊണ്ട് കുറേയേറെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. സാമ്പത്തിക സഹായവും ചികിത്സ സഹായവും ആവശ്യമുള്ളവര്‍ക്ക് അതെത്തിക്കണം. സര്‍വ്വ പിന്തുണയോടെ മകനും മകളും കുടുംബവും ഒപ്പമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍