UPDATES

കേരളവര്‍മ്മയിലെ ക്ഷേത്രത്തിന് പിന്നില്‍ വെളിപ്പെടുന്ന സംഘി അജണ്ടകള്‍

Avatar

രശ്മി ആര്‍ നായര്‍

സംഘപരിവാര്‍ ഭീകരത എന്നും വളര്‍ന്നിട്ടുള്ളത് കൃത്യമായ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ചാണ്. വര്‍ഗീയ കലാപങ്ങളില്‍ കൂടിയും ധ്രുവീകരണത്തില്‍ കൂടിയും നേടിയ വോട്ടുകളാണ് ബിജെപിയെ ഇന്ന് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്തിയത്. അതിനവര്‍ ഉപയോഗിച്ച് പോരുന്ന മാര്‍ഗം ഹിന്ദു മതത്തിനു ഒരു പ്രഖ്യാപിത ശത്രുവിനെ ഉണ്ടാക്കുക അതിനു ശേഷം ആ ശത്രുവിനോട് പട പൊരുതാന്‍ സംഘപരിവാര്‍ കടന്നു വരിക എന്നതാണ്. മറ്റുള്ള സ്ഥലങ്ങളില്‍ ആ പ്രഖ്യാപിത ശത്രു മുസ്ലീം സമുദായം ആണെങ്കില്‍ താരതമ്യേനെ സെക്കുലര്‍ ആയ കേരളത്തിലേക്ക് കടന്നു വരുമ്പോള്‍ ഈ ശത്രു ഇടതുപക്ഷം ആണ്.

ഇടതുപക്ഷം തീര്‍ക്കുന്ന പ്രതിരോധം കാരണമാണ് വര്‍ഗീയ ഭീകരവാദം കേരളത്തില്‍ വളരാത്തത് എന്ന കൃത്യമായ നിരീക്ഷണം ഈ ശത്രുവിനെ ഉണ്ടാക്കുന്നതിനു മുന്‍പ് നടന്നിട്ടുണ്ട്. കേരളത്തില്‍ ആര്‍ എസ് എസിന് പലപ്പോഴും കഴിയാതിരുന്നത് ഹിന്ദു മതത്തിന്റെ സംരക്ഷക സ്ഥാനം ഏറ്റെടുക്കുക എന്നതാണ്. പൊതുവേ സെക്കുലര്‍ ആയ ഹിന്ദു മതവിശ്വാസികള്‍ ആര്‍ എസ് എസുമായി കൃത്യമായ അകലം പാലിച്ചിരുന്നു എന്നതാണ് സത്യം. കേരളത്തില്‍ ഹിന്ദു മതം ആക്രമിക്കപ്പെടുന്നു എന്നും അവര്‍ക്കൊരു സംരക്ഷകര്‍ ആവശ്യമുണ്ട് എന്നും ചിലരെ കൊണ്ടെങ്കിലും ചിന്തിപ്പിക്കാന്‍ കഴിയുന്നിടത്താണ് സംഘഭീകരത അതിന്റെ സാധ്യതകള്‍ തുറക്കുന്നത്.

ഇങ്ങനെ ഒരു വ്യാജ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന പ്രതീകങ്ങള്‍ ആണ് ലവ് ജിഹാദും ബീഫും ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി എന്ന ആരോപണവും എല്ലാം. ദൌര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഇക്കൂട്ടര്‍ ആദ്യം ചെയ്യുന്നത് ആ കുട്ടിക്ക് ഒരു മുസ്ലീം സുഹൃത്ത് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണ്. ഉണ്ടെങ്കില്‍ മാത്രമേ പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലും സംഘപരിവാര്‍ തയ്യാറാകൂ. മണിക്കൂറുകള്‍ക്കകം നിറം പിടിപ്പിച്ച ലവ് ജിഹാദ് കഥകളുമായി സംഘ അനുകൂല ഫേസ്ബുക്ക് പേജുകളും ന്യൂസ്‌ പോര്‍ട്ടലുകളും പ്രത്യക്ഷപ്പെടും. പക്ഷെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും ഇവിടെയുള്ള വത്യാസം ഹിന്ദു പെണ്‍കുട്ടിക്ക് സംഭവിച്ച “അപകടത്തിനെതിരെ” പ്രതികരിക്കാത്ത കപട മതേതരര്‍ എന്ന ടാര്‍ഗെട്ടില്‍ ആയിരിക്കും സംഘി ആക്രമണം. അങ്ങനെ ഹിന്ദുവിന് “ചോദിക്കുവാനും” പറയുവാനും” ഉള്ള ആള്‍ക്കാര്‍ ആയി ആര്‍ എസ് എസ് സ്വയം അവരോധിക്കും.

ഇതേ ലോജിക് തന്നെയാണ് ബീഫ് വിഷയത്തിലും ഉപയോഗിക്കുന്നത്. ബീഫ് നിരോധിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ നടത്തുന്ന ബീഫ് ഫെസ്റ്റിവല്‍ ഹിന്ദു ആചാരങ്ങളെയും ക്ഷേത്രങ്ങളെയും അപമാനിക്കാന്‍ ആണ് എന്ന് വരുത്തി തീര്‍ക്കുക, അതിനു ശേഷം ഹിന്ദു ആചാരങ്ങളെ അപമാനിച്ച ഇടതുപക്ഷത്തിനെതിരെ സംഘപരിവാര്‍ രംഗത്ത്‌ വരിക. മൃദു മതവാദികള്‍ സ്വാഭാവികമായും അവരെ പിന്തുണക്കും. അത് തന്നെയാണ് അവര്‍ക്കും വേണ്ടത്. ഒരിക്കലും ഒരു കടുത്ത മതേതര ജനാധിപത്യ വിശ്വാസിയുടെ പിന്തുണ തങ്ങള്‍ക്കു നേടിയെടുക്കാന്‍ കഴിയില്ല എന്ന ഉറച്ച ബോധ്യം അവര്‍ക്കും ഉണ്ട്. 

കേരളവര്‍മ്മ കോളേജിലെ ബീഫ് വിഷയത്തിലും പരീക്ഷിക്കുന്നത് ഇതേ മാതൃകയാണ്. അവിടെ ഒരു മഹത്തായ ക്ഷേത്രം ഉണ്ടെന്നും എസ് എഫ് ഐ ബീഫ് ഫെസ്റ്റ് നടത്തിയതിലൂടെ ക്ഷേത്രത്തെയും അതിന്റെ ആചാരങ്ങളെയും അപമാനിച്ചു എന്നും വരുത്തി തീര്‍ക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ കാലങ്ങളായി ഇവിടെ അങ്ങനെ ഒരു ക്ഷേത്രം ഇല്ല എന്ന് പൂര്‍വ വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. 1987 ല്‍ ചിത്രീകരിച്ച തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ കേരളവര്‍മ്മയിലെ ഈ ആല്‍ത്തറ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ക്ഷേത്രമോ സംരക്ഷണ വലയമോ ഇല്ല എന്ന് മാത്രമല്ല ഒരു വെറും കല്ലുകൊണ്ടുള്ള പ്രതിഷ്ഠ പോലും അതില്‍ കാണാനില്ല. 

ഇനി വിദ്യാലയം തന്നെ ക്ഷേത്രമാണ് എന്ന വാദം എടുത്താല്‍ പോലും നമ്മള്‍ കലാക്ഷേത്രം , സരസ്വതീ ക്ഷേത്രം എന്നൊക്കെ പ്രയോഗങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നതിനപ്പുറം ക്ഷേത്ര ആചാരങ്ങളോ അവിടെ പിന്തുടരുന സ്ത്രീവിരുദ്ധ, ദളിത്‌ വിരുദ്ധ പ്രവണതകളോ, അന്ധവിശ്വാസങ്ങളോ  ഒരു വിദ്യാലയത്തിന്റെയും പടി കടന്നു വരുന്നത് ആരോഗ്യകരമായ കാര്യമല്ല. മാത്രവുമല്ല നാനാമതസ്ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു കോളേജില്‍ ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

അങ്ങനെ “കെട്ടിച്ചമച്ച” ഒരു ക്ഷേത്രത്തെ അപമാനിച്ചു എന്ന ആരോപണവും ആയി ഹിന്ദു സമൂഹത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് ദിവസങ്ങളായി നടക്കുന്നത്. പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ പിന്തുണച്ച അധ്യാപികയായ ദീപയ്ക്ക് നേരെയും ഭീഷണി ഉണ്ടാകുന്നു. വീണ്ടും “അരക്ഷിതര്‍” ആയ ഹിന്ദു മത വിശ്വാസികളുടെ രക്ഷാധികാരികള്‍ ആയി ആര്‍ എസ് എസ് സ്വയം അവരോധിക്കുന്നു. കോളേജ് മാനേജ്മെന്റ് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയെണ്ടിയിരുന്ന ഈ ആരോപണവും പ്രചാരണവും അവര്‍ തന്നെ ഗൌരവമായി എടുക്കുകയും വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യുകയും അധ്യാപികക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്ത് മുന്‍പെങ്ങും സംഭവിക്കാത്ത തരത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ക്കുള്ളില്‍ സംഘപരിവാര്‍ അജണ്ടകള്‍ വിജയിക്കുകയാണ്. കേരളത്തിന്‍റെ മതേതര ജനാധിപത്യ സ്വഭാവം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളെയും ഭയപ്പെടുത്തുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.  

(പ്രശസ്ത മോഡലും കിസ് ഓഫ് ലവ് സംഘാടകയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍