UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ലെന്ന് പിണറായി മനസിലാക്കണം

Avatar

അഴിമുഖം പ്രതിനിധി

പേരില്‍ നായരുണ്ടെങ്കിലും വെളുത്തേടത്ത് നായര്‍ അഥവ വിളക്കിത്തല നായന്മാരെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ‘മേല്‍ത്തരം’ നായന്മാര്‍ക്ക് ജാസ്തി ബുദ്ധിമുട്ടുണ്ടായിരുന്ന കാലമുണ്ടായിരുന്നു. തൊട്ടു തിന്നില്ല. അതുകൊണ്ട് അങ്ങോട്ടുമിങ്ങേട്ടും കല്യാണിത്തിനോ മറ്റു ചടങ്ങിനോ വിളിയുമില്ല. എന്നാല്‍ ദാരിദ്ര്യം പിടിച്ച ചില നായന്മാരുണ്ട്. വല്ലോടത്തൂന്നൊക്കെ ഉണ്ടായാലും വയറു നിറയ്ക്കണോന്ന് കരുതുന്നവര്‍. അത്തരക്കാര്‍ ചിലപ്പോള്‍ വെളുത്തേടത്ത് കല്യാണം നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ വേലിക്കല്‍ ചെന്ന് പമ്മും. അകത്തു നിക്കുന്ന ആരെങ്കിലും കണ്ടാല്‍ ക്ഷണിക്കും. വിളിച്ചാ പോയുണ്ണും, ഇല്ലേല്‍ തിരിച്ചു പോരും; അത്രേയുള്ളൂ.

എന്നു കരുതി അങ്ങനെയാണോ ഉമ്മന്‍ ചാണ്ടിയും വിഎസും എകെ ആന്റണിയും? കേരളം എന്ന സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരാണവര്‍. കൊല്ലങ്ങളോളം ഈ മണ്ണില്‍ രാഷ്ട്രീയം പറഞ്ഞു നടക്കുന്നവരാണവര്‍. ഈ നാടിന്റെ മുന്നേറ്റത്തിനും മാറ്റത്തിനുമായി തങ്ങളെക്കൊണ്ട് ആവുന്നത് ചെയിതിട്ടുള്ളവര്‍. അങ്ങനെയുള്ള മൂന്നുപേരെ ഇന്നലെ നടത്തിയ കേരളപ്പിറവി ആഘോഷത്തിലേക്ക് ക്ഷണിക്കാതിരുന്നത് ഏതു കുന്നായ്മയുടെയും കുശുമ്പിന്റെയും പുറത്താണെങ്കിലും, മോശമായിപ്പോയി.

കേരളം പിറന്നിട്ട് അറുപതാണ്ട് തികഞ്ഞതിന്റെ ആഘോഷ പരിപാടികള്‍ നിയമസഭ വളപ്പില്‍ വളരെ ഗംഭീരമായി തന്നെ നടത്തി. വജ്രസമാനമായ (കരുത്തില്‍) മനസുള്ള ശ്രീമാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ കേരളത്തിന് അതിന്റെ വജ്രജൂബിലി ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതാണ് എടുത്തു പറയേണ്ടത്. കര്‍ക്കശക്കാരനായൊരു കാര്‍ന്നോരുടെ മേല്‍നോട്ടം ഏതാഘോഷത്തിനും ഉണ്ടായിരിക്കുന്നത് നല്ലതാണ്. പക്ഷേ ഇത്തരമൊരു ചടങ്ങിലേക്ക് ആദ്യം ക്ഷണിക്കേണ്ടവരുടെ ലിസ്റ്റില്‍പ്പെട്ട മുന്‍ മുഖ്യമന്ത്രിമാരെ അവഗണിച്ചത് ആരുടെ കൈപ്പിഴ മൂലമാണെങ്കിലും അത് കാരണവര്‍ക്കു ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുകയാണ്.

മുന്‍ മുഖ്യന്മാരെ മാത്രമല്ല, ഗവര്‍ണര്‍ സദാശിവത്തേയും വിളിച്ചിരുന്നില്ല. ഇങ്ങനെയൊരു ചടങ്ങ് നടക്കുമ്പോള്‍ കാലുകഴികിച്ചൂട്ടേണ്ട ആളാണ് ഗവര്‍ണര്‍ എന്ന് അറിയാത്തതുകൊണ്ടല്ല, മന:പൂര്‍വം വിളിക്കേണ്ടന്നു കരുതിയതാ. ഇതിപ്പോള്‍ ഇന്നലത്തോടെയങ്ങ് തീര്‍ന്നുപോയ ചടങ്ങൊന്നുമല്ലല്ലോ, വജ്രജൂബിലിയാഘോഷമല്ലേ, ഇക്കൊലം മുഴുവന്‍ ആഘോഷിക്കാം. അടുത്ത പിറവിയാഘോഷത്തിന് ഒരു സമാപന ചടങ്ങും വച്ച് അതിലേക്ക് ഗവര്‍ണറെ യഥാവിധിപ്രകാരം ക്ഷണിച്ചാദരിക്കാം! ദോഷൈകദൃക്കുകളൊഴിച്ച് ബാക്കിയെല്ലാ ഫാന്‍സുകാര്‍ക്കും മുഖ്യമന്ത്രിയുടെ ഈ ന്യായം മനസിലാകുന്നതേയുള്ളൂ. 

ഇതൊരു ജനകീയ സര്‍ക്കാരാണ്, കൊളോണിയല്‍ വിഴുപ്പുകള്‍ പരമാധി ചുമക്കാതിരിക്കാന്‍ നോക്കും. ജനങ്ങളാണ് വലുത്. അതുകൊണ്ട് വജ്രജൂബിലിക്ക് കല്ല് കരട് കാഞ്ഞിരം തൊട്ട് മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുവരെ പങ്കു ചേരണമെന്ന് ആഗ്രഹിച്ചെന്നിരിക്കും. പക്ഷേ ഇവിടെയുണ്ടാക്കിവച്ചിരിക്കുന്ന പ്രോട്ടോക്കോളുകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്, അതൊട്ടും പീപ്പിള്‍ ഫ്രണ്ട്‌ലി അല്ല. മറ്റേതെങ്കിലും സര്‍ക്കാരാണെങ്കില്‍ പ്രോട്ടോക്കോളുകളെ പ്രീണിപ്പിക്കാനേ നോക്കുമായിരുന്നുള്ളൂ, ഇതുപക്ഷേ വേറെമാതിരി ആളുകാണ് ഭരിക്കുന്നത്. അതുകൊണ്ട് ഗവര്‍ണര്‍ക്ക് ക്ഷണമില്ലാതിരുന്നതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ തൃപ്തരാകണം.

എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിധ വിശദീകരണമോ മറുപടിയോ വിഎസിനെയോ ഉമ്മന്‍ ചാണ്ടിയേയോ ആന്റണിയെയോ ഇന്നലെ നിയമസഭ വളപ്പില്‍ കെട്ടിയ പന്തലില്‍ കാണാതിരുന്നതിനു മുഖ്യമന്ത്രിയില്‍ നിന്നോ സ്പീക്കറില്‍ നിന്നോ ഉണ്ടായില്ല? ആന്റണിയെ ക്ഷണിച്ചിരുന്നതായാണ് പറയുന്നത്. അതിന്‍പ്രകാരം അദ്ദേഹം ഡല്‍ഹിയില്‍ നിന്നും ഇങ്ങ് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടി നോട്ടീസില്‍ ഒരിടത്തും കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡ് പേറുന്ന എകെ ആന്റണിയുടെ പേരില്ല. ചടങ്ങില്‍ പങ്കെടുത്ത് താന്‍ എന്തു ചെയ്യണമെന്നുപോലും പാവം ആന്റണിക്ക് മനസിലായില്ല. ഒടുവില്‍ ജഗതിയിലെ വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് തീരുമാനമെടുത്ത് കിട്ടിയ ക്ഷണം അദ്ദേഹം സൗമ്യപൂര്‍വം നിരസിച്ചു.

ജനകീയനായ മുഖ്യമന്ത്രിയെന്ന് കേരളത്തിലെ ഒരു വിഭാഗമെങ്കിലും വിളിക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. രണ്ടു തവണ കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ചയാള്‍. അദ്ദേഹത്തിന് ക്ഷണം കിട്ടുന്നത് പരിപാടിക്ക് അരമണിക്കൂര്‍ മുമ്പാണത്രേ! ആണും പെണ്ണും ചേര്‍ന്നു വീട്ടില്‍ വന്നു വിളിച്ചാലേ കല്യണത്തിനായാലും പുലകുളി അടിയന്തിരത്തിനായാലും ചെല്ലൂ എന്നു വാശിപിടിക്കുന്നവരുടെ നാട്ടിലാണ് ഒരു മുന്‍ മുഖ്യമന്ത്രിയോട് ഇപ്രകാരം കാണിച്ചത്. ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയ സ്പീക്കറുടെ ഓഫിസ് അത്രകണ്ട് മറന്നുപോയോ ഉമ്മന്‍ ചാണ്ടിയേ? അതോ പേരുവെട്ടിയവര്‍ വേറെയാണോ?

ഇതൊന്നുമല്ല രസം, പേരിനാണെങ്കിലും ഈ രണ്ടു കോണ്‍ഗ്രസ് മുന്‍ മുഖ്യന്മാരെ ക്ഷണിച്ചല്ലോ. അതേസമയം പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച, നിലവില്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനായ സഖാവ് വിഎസ് അച്യുതാനന്ദനോട് ഇങ്ങനെയൊരു പരിപാടി നടക്കുന്നുണ്ടെന്നുപോലും ആരും പറഞ്ഞില്ലെന്നാണ് കരക്കമ്പി. ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന നാട്ടില്‍, ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ അധികാരത്തിലിരിക്കുന്ന സമയത്ത്, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ഒരു കമ്യൂണിസ്റ്റ് നേതാവായ വിഎസ് അച്യുതാനന്ദനെ കേരളം അതിന്റെ ജൂബിലിയാഘോഷത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയത്. ബന്ധപ്പെട്ടവരാരും അതിലൊരു വിശദീകരണം തരാതിരിക്കുവോളം വിഎസിനെ ഒഴിവാക്കി എന്നു തന്നെ ജനം വിശ്വസിക്കും.

ഏതൊരു ചടങ്ങു കഴിഞ്ഞാലും ചില കുത്തുവാക്കുകള്‍ ഉണ്ടാകും. അതൊരു നാട്ടുരീതിയായിപ്പോയി. എന്നു കരുതി ഇന്നലത്തെ വജ്രജൂബിലിയാഘോഷത്തെക്കുറിച്ച് കുറ്റം പറയാന്‍വേണ്ടി കുറ്റം പറയുകയാണെന്നു കരുതരുത്. പുരോഹിതന്മാരെയും മാധ്യമപ്രവര്‍ത്തകരെയും ഓട്ടക്കാരെയുമൊക്കെ ക്ഷണിച്ച ഒരു ചടങ്ങിലേക്ക് മൂന്നു തിരി കൊളുത്താനുള്ള ഇടം മേല്‍പ്പറഞ്ഞ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കു കൂടി കണ്ടെത്താന്‍ കഴിയാതെ പോയതിനെ എത്ര സാമാന്യവത്കരിച്ചു കണ്ടാലും തെറ്റു തന്നെയാണ്.

ചില മര്യാദകളുണ്ട്. അത് പാലിക്കില്ലെന്നു പറയുന്നത് ഒരു തരത്തിലും വീരത്വമാകില്ല. പിണറായി വിജയന്‍ ഇന്നലെ രാവിലെ നിയമസഭയില്‍ നടത്തിയ പ്രസംഗം അദ്ദേഹം തന്നെ ഒന്നുകൂടി കേട്ടു നോക്കിയാല്‍ വിഎസിനെ പോലുള്ളവരെ ഒഴിവാക്കിയതിലെ നീതിയില്ലായ്മ മനസിലാക്കാവുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിയും എകെ ആന്റണിയും വെറും കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാത്രമല്ലെന്നകൂടി ഇതിനൊപ്പം ഓര്‍ത്തെടുത്താല്‍ നന്ന്. ഇനിയെങ്കിലും ഇത്തരം നാണക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍