UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ വരേണ്യവര്‍ഗത്തിന് കാര്യങ്ങള്‍ മനസിലാകുമെന്ന്‍ വാശിപിടിക്കരുത്

Avatar

ടീം അഴിമുഖം

ഈ തിങ്കളാഴ്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് യഥാര്‍ഥ നാഗരിക ഇന്ത്യ എന്താണെന്ന് മനസിലാക്കാനുള്ള നല്ല അവസരമാണ് ലഭിച്ചത്, നമ്മള്‍ ഇന്ത്യക്കാര്‍ക്കാകട്ടെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിയെക്കുറിച്ച് ഒരു വസ്തുതാപരിശോധന നടത്താനുള്ള അവസരവും.

 

ഡല്‍ഹിയിലെ വമ്പന്‍ ട്രാഫിക് ബ്ലോക്കുകളിലൊന്നില്‍ ഇന്നലെ കുരുങ്ങിക്കിടന്നത് ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ വ്യക്തികളിലൊരാളാണ്. വെള്ളക്കെട്ട് മൂലം കെറി റോഡില്‍ കുടുങ്ങിയതോടെ നമ്മുടെ സോഷ്യല്‍ മീഡിയയും വാര്‍ത്താ ചാനലുകളുമെല്ലാം ഉന്മാദം പിടിച്ച അവസ്ഥയിലായിരുന്നു പെരുമാറിയത്. രണ്ടാം Indo-US Strategic and Commercial (S&C) ചര്‍ച്ചകള്‍ക്കായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം.

 

ഇന്ത്യന്‍ തലസ്ഥാനത്തു നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഉത്തര്‍ പ്രദേശ്, കുറച്ചുകൂടി ദൂരമുണ്ടാകും ബിഹാറിലേക്ക്. എന്നാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും, ഒപ്പം അടുത്തു കിടക്കുന്ന മറ്റു സംസ്ഥാനങ്ങളിലുമായി വെള്ളപ്പൊക്കവും തുടര്‍ ദുരിതങ്ങളും മൂലം 150-ലേറെ പേര്‍ മരിക്കുകയും ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടും അതൊരു വലിയ പ്രശ്‌നമായി നമ്മുടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്താ ചാനലുകളിലും എത്ര പേര്‍ കണ്ടു? ഇന്നലെ കെറിയായിരുന്നു, കെറി മാത്രമായിരുന്നു നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ താരം.

 

രാത്രി എട്ടുമണിക്ക് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ കെറി അവിടെ നിന്ന് മധ്യ ഡല്‍ഹിയിലെ ചാണക്യപുരിയിലേക്കുള്ള ഹോട്ടലിലേക്കുള്ള വഴിമധ്യേയാണ് തീര്‍മുര്‍ത്തി മാര്‍ഗില്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത്. സാധാരണ ഗതിയില്‍ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള 13 കിലോ മീറ്റര്‍ ദൂരം താണ്ടാന്‍ 20 മിനിറ്റ് മതിയാവും. എന്നാല്‍ ഇന്നലെ കെറിയുടെ വാഹനവ്യൂഹം ഹോട്ടലിലെത്താന്‍ എടുത്തത് രണ്ടു മണിക്കൂറാണ്.

 

 

നമ്മുടെ നഗരവത്ക്കരണ പ്രശ്‌നങ്ങള്‍
ഇന്ത്യന്‍ ജനത എല്ലാ ദിവസവും അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ കൂടിത്തന്നെയാണ് കെറി ഇന്നലെ, യാദൃശ്ചികമെങ്കിലും, കടന്നുപോയത്. ഇന്ത്യ ഇന്നും ഒരു ഗ്രാമീണ രാജ്യമാണ്. ജനസംഖ്യയുടെ 70 ശതമാനം വരുന്ന 80 കോടി വരുന്ന മനുഷ്യര്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഒരു രാജ്യം. എന്നാല്‍ 30 ശതമാനം വരുന്ന, നഗരങ്ങളില്‍ വസിക്കുന്ന മനുഷ്യരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. കൂട്ടമായി തന്നെ നഗരങ്ങളിലേക്കുള്ള കുടിയേറ്റവും ഒപ്പം പലായനവും നടന്നുവരുന്നു. കുത്തിനിറച്ച ട്രെയിനുകളില്‍ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേക്ക് ഇറക്കി വിടപ്പെടുന്ന ഈ അഭയാര്‍ഥികളുടെ ആദ്യ ദിവസങ്ങള്‍ മിക്കവാറും റോഡരികുകളില്‍ തന്നെയായിരിക്കും, ഉറപ്പിച്ചു പറയാം, ഒഴിഞ്ഞ വയറോടെ തന്നെ. 

 

1990-ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനമായിരുന്നു നഗരങ്ങളില്‍ വസിച്ചിരുന്നത്. ഇന്ത്യ മാത്രമല്ല, ചൈനയുടെ നഗരവത്ക്കരണവും ഏതാണ്ട് ഇതുപോലെയാണ്. അതായത്, 2025 ആകുമ്പോഴേക്ക് 250 കോടി ഏഷ്യക്കാരായിരിക്കും നഗരങ്ങളില്‍ വസിക്കാന്‍ പോകുന്നത്, നഗരങ്ങളില്‍ വസിക്കുന്ന ലോകജനസംഖ്യയുടെ 54 ശതമാനം വരും ഇത്. 2005 മുതല്‍ 2015 വരെയുളള സമയത്ത് ഏഷ്യന്‍ നഗരങ്ങളില്‍ വസിക്കുന്നവരുടെ 62 ശതമാനം ഇന്ത്യയിലും ചൈനയിലുമായിരിക്കും. ഒപ്പം ആഗോള നാഗരിക ജനസംഖ്യയുടെ 40 ശതമാനവും.

 

ഇരു രാജ്യങ്ങളും കടന്നുപോകുന്ന ചില യാഥാര്‍ഥ്യങ്ങള്‍ നോക്കുക. 1950-കളില്‍ ചൈനയേക്കാള്‍ നഗരവത്ക്കരിക്കപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യന്‍ ജനസംഖ്യയുടെ 17 ശതമാനം അന്ന് നഗരങ്ങളിലായിരുന്നെങ്കില്‍ ചൈനയിലേത് അത് 13 ശതമാനമായിരുന്നു. എന്നാല്‍ 1950 മുതല്‍ 2005 വരെയുള്ള സമയത്ത് ചൈനയിലെ നഗരവത്ക്കരണം അതിവേഗത്തിലായിരുന്നു- അതിന്റെ വളര്‍ച്ചാ തോത് 41 ശതമാനം. ഇന്ത്യയില്‍ ആകട്ടെ ഇത് 29 ശതമാനമവും.

 

നഗരവത്ക്കരണം നടത്തുമ്പോള്‍ ഏതു രീതിയിലാണ് നിക്ഷേപം നടത്തേണ്ടത് എന്നറിയണമെങ്കില്‍ ഏതെങ്കിലും ഒരു ചൈനീസ് നഗരം സന്ദര്‍ശിക്കുക തന്നെ വേണം. അതേ സമയം, ഇന്ത്യന്‍ നഗരങ്ങളുടെ യാഥാര്‍ഥ്യം നമ്മുടെ കണ്‍മുന്നിലുണ്ട്. അന്തരീക്ഷ മലിനീകരണം, ചേരികള്‍, ഘെട്ടോകള്‍, പ്രത്യേക അവകാശങ്ങളുള്ളവര്‍ താമസിക്കുന്നയിടങ്ങള്‍ അങ്ങനെ നമ്മുടെ നഗരങ്ങളെ വിശേഷിപ്പിക്കാവുന്നത് വൈരുദ്ധ്യങ്ങളുടെ യാഥാര്‍ഥ്യമെന്നാണ്.

 

 

മറ്റൊരിന്ത്യ
ഡല്‍ഹിയില്‍ ചെയ്ത മഴയുടെ ആധിക്യത്തെക്കുറിച്ച് കാതടപ്പിക്കുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും ടി.വി ചാനലുകളില്‍ നടക്കുന്നതിനിടെ, ചെറിയ സ്‌ക്രോളുകളായി മറ്റൊന്ന് കൂടി പോകുന്നുണ്ടായിരുന്നു, ബിഹാര്‍-യു.പി ബല്‍റ്റിലെ വെള്ളപ്പൊക്ക കെടുതിയായിരുന്നു അത്. അതാകട്ടെ, ആരും ശ്രദ്ധിക്കുന്നുമുണ്ടായിരുന്നില്ല. ബിഹാറിലെ പൂര്‍ണിയ, അരാരിയ, കിഷന്‍ഗഞ്ച് ജില്ലകളില്‍ മാത്രം 150 പേരോളമാണ് മരിച്ചതെന്നും കൂടി അറിയുക.

 

ഇവിടങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ബിഹാറിലെ 12 ജില്ലകളിലുള്ള 2029 ഗ്രാമങ്ങളിലെ 37 ലക്ഷം ജനങ്ങളെയാണ് അത് ബാധിച്ചത്. ഗംഗ കരകവിഞ്ഞതോട യു.പിയിലെ അലഹാബാദ്-വാരണാസി മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത് രണ്ടു ലക്ഷം പേരെയും.

 

എന്തായാലും അതൊന്നും നമുക്ക് വാര്‍ത്തകളല്ല, ജോണ്‍ കെറിയെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക് റോഡില്‍ രണ്ടു മണിക്കൂര്‍ കാത്തുകെട്ടി കിടക്കേണ്ടി വന്നു എന്നത് നേരാണ്. അതില്‍ അദ്ദേഹം അപമാനിതനും ആയിട്ടുണ്ടാവാം. നമ്മുടെ വരേണ്യവര്‍ഗത്തിന്, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ടി.വി സ്റ്റുഡിയോകള്‍ക്കും വെളുത്ത വര്‍ഗക്കാരന്റെ അപമാനങ്ങള്‍ എല്ലാക്കാലത്തും പ്രശ്‌നം തന്നെയാണ്. നൂറുകണക്കിന് പേര്‍ വെള്ളപ്പൊക്കത്തിലോ പകര്‍ച്ചവ്യാധിയിലോ കൊല്ലപ്പെട്ടാലും അവര്‍ക്കത് മനസിലാകണമന്നില്ല. അതാണ് നമ്മുടെ മറ്റൊരിന്ത്യ. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍