UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയപ്പെട്ട ക്രിമിനലുകളെ, ഈ മുഖ്യമന്ത്രിയെ സ്തുതിക്കുക. അദ്ദേഹം നിങ്ങളുടെ രക്ഷകന്‍!

വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിനോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാട്ടിയ കൊടിയ അനീതി കേരളീയ സമൂഹം അകപ്പെട്ടിരിക്കുന്ന ഗുരുതരമായ വിപത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണ്. പിന്നോക്ക ജില്ലയാണ് വയനാട് എന്നതിനാല്‍ അവിടുള്ളവര്‍ക്ക് അര്‍ഹിക്കുന്ന നീതി കിട്ടാറേയില്ല. അതുകൊണ്ടാണല്ലോ, എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാളത്തൊപ്പി ധരിച്ച് ഡാന്‍സ് കളിച്ചശേഷം ഒപ്പിട്ട കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 10 വര്‍ഷത്തിനുശേഷം ആദിവാസികള്‍ ചുരംകടന്ന് തിരുവനന്തപുരത്തെത്തി ആറുമാസത്തോളം സെക്രട്ടേറിയറ്റിനുമുന്നില്‍ നില്‍പ്പുസമരം നടത്തേണ്ടിവന്നത്. ഐ.എ.എസുകാരനായാലും വയനാട്ടുകാര്‍ക്ക് നീതി ലഭിക്കില്ലെന്ന് അവിടത്തെ കളക്ടറോട് അന്യായം പ്രവര്‍ത്തിച്ച് ഈ സര്‍ക്കാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ കുട്ടിപ്പട്ടാളമായ കെ.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഓഫീസില്‍ ഔദ്യോഗിക ചുമതലയിലിരിക്കെ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്‍റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത് കേരളീയ സമൂഹത്തെ നടുക്കിയിരുന്നു. ആ കേസ് പിന്‍വലിക്കാനാണ് നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ആണയിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പുമന്ത്രിയായ പി.കെ.അബ്ദുറബ്ബിനോ ഈ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിക്കോ മാത്രമായിരിക്കെ അത് നടപ്പാക്കാന്‍ ചുമതലപ്പെട്ട ഒരു  ഉദ്യോഗസ്ഥന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുക എന്നത് കാടത്തമാണെന്ന് അന്ന് പൊതു അഭിപ്രായം ഉണ്ടായിരുന്നു. കരിഓയില്‍ ഒഴിച്ചേ തീരൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയോ അബ്ദുറബ്ബോ ആയിരുന്നു അതിനര്‍ഹര്‍. കാരണം, അവരാരെങ്കിലും ‘വേണ്ട’ എന്ന് പറഞ്ഞിരുന്നെങ്കില്‍ കേശവേന്ദ്ര കുമാറല്ല, അതിനുമുകളിലുള്ള പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ, എന്തിന് ചീഫ് സെക്രട്ടറിയോ വിചാരിച്ചാല്‍പോലും ഹയര്‍സെക്കന്‍ഡറിക്കാരുടേതല്ല ആരുടേയും ഫീസ് കൂട്ടാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ട് ചുടുചോറുവാരിപ്പിച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവരാണെന്നതാണ് കരിഓയില്‍ ഒഴിച്ചതിനെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍നിന്ന് വ്യക്തമാവുന്നത്.

കേശവേന്ദ്ര കുമാര്‍ പാവപ്പെട്ട ഒരു ബീഹാറി കുടുംബത്തില്‍നിന്ന് കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തെ ഏറ്റവും അഭിജാതമായ ഉദ്യോഗസ്ഥനിരയിലേക്ക് നടന്നുകയറിയതാണ്. വ്യവസ്ഥാപിതമായ പ്‌ളസ്ടു പഠനം നടത്താന്‍ നിവൃത്തിയില്ലാതിരുന്ന ദരിദ്രനാരായണന്‍മാരില്‍ ഒരാള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലൂടെ പളസ്ടുവിന് തുല്യമായ കോഴ്‌സ് പഠിച്ച് പശ്ചിമബംഗാളില്‍ റെയില്‍വേയുടെ ബുക്കിംഗ് ക്‌ളാര്‍ക്ക് ആയിരിക്കേ കുടുംബച്ചെലവുകള്‍ നോക്കിയശേഷം സ്വന്തം അദ്ധ്വാനത്തില്‍നിന്നുള്ള ചില്ലിക്കാശുകള്‍ സമാഹരിച്ച് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നൊ)യില്‍നിന്ന് ഹിന്ദിയില്‍ ബിരുദമെടുത്തശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. അതുവരെയുള്ള 27 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ‘ഇഗ്നോ’യില്‍നിന്നുള്ള ഒരു ബിരുദധാരിക്ക് ഐ.എ.എസ് ലഭിച്ചിരുന്നില്ല. ഇരുപത്തിരണ്ടാം വയസ്സില്‍ കേശവേന്ദ്ര കുമാര്‍ ‘ഇഗ്‌ഗ്നോ’യുടെ അതുവരെയുള്ള തലവര മാറ്റിയെഴുതി. 2008ല്‍ ഐ.എ.എസ് ലഭിച്ച കുറഞ്ഞ പ്രായക്കാരില്‍ രണ്ടാമനായിരുന്നു. നാല്പത്തൊന്നാം റാങ്കുകാരനായ കേശവേന്ദ്ര കുമാര്‍ വളരെപ്പെട്ടെന്ന് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് വിദ്യാഭ്യാസമന്ത്രിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചു. അബ്ദുറബ്ബിന്റെ വകുപ്പില്‍ തലയാട്ടല്‍മാത്രം ശീലിച്ച് ചടഞ്ഞുകൂടുന്ന സീനിയര്‍മാര്‍ക്കിടയില്‍ ഈ ജൂനിയര്‍ ഐ.എ.എസുകാരന്‍ വേറിട്ടുനിന്നു. പാവപ്പെട്ടവരുടെ കണ്ണീര് മറന്നുപോവാനുള്ള പ്രായവും സീനിയോറിറ്റിയുമൊന്നും ആവാത്തതുകൊണ്ടാവണം, പണമില്ലാത്തവര്‍ക്ക് അപ്രാപ്യമായ എയ്ഡഡ് സ്‌കൂള്‍ നിയമനത്തിലെ അഴിമതി അംഗീകരിച്ചുകൊടുക്കാന്‍ കേശവേന്ദ്ര കുമാര്‍ തയ്യാറായില്ല. സ്‌കൂള്‍ മാനേജരായിരുന്ന വിദ്യാഭ്യാസമന്ത്രി ചക്കരക്കുടം കൈവിടാന്‍ ഒരുങ്ങുമോ? മന്ത്രിപ്പണി പോയാലും പണം വാരാനുള്ള മാര്‍ഗമല്ലേ അത്? അതാണ് കേശവേന്ദ്ര കുമാറിനെ വയനാട് കളക്ടറായി നാടുകടത്തല്‍ വിധിക്കാന്‍ ഇടയാക്കിയത്.

മഹാനഗരങ്ങളിലെ വമ്പന്‍ കോച്ചിംഗ് സെന്ററുകള്‍ അടവച്ചു വിരിയിക്കുന്ന ഇപ്പോഴത്തെ ഐ.എ.എസുകാരില്‍ ബഹുഭൂരിപക്ഷത്തിനും വയനാട് ഒന്നോ രണ്ടോ ദിവസത്തെ സുഖവാസത്തിനേ പറ്റൂ എന്ന് രാഷ്ട്രീയനേതൃത്വത്തിനറിയാം. അതുകൊണ്ട് കേശവേന്ദ്ര കുമാറിന് ഒരു ശിക്ഷയായാവണം വയനാട്ടിലേക്ക് ‘തട്ടി’യത്. ഇതുവരെയുള്ള 28 കളക്ടര്‍മാരില്‍  എത്ര ഡയറക്ട് ഐ.എ.എസുകാരും അടുത്തൂണ്‍ പറ്റാറാവുമ്പോള്‍ ദാനം കിട്ടുന്ന (കണ്‍ഫേഡ്) ഐ.എ.എസുകാരും വയനാട്ടില്‍ കളക്ടര്‍മാരായി ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ വയനാടിന്റെ ‘ഗതി’ നമുക്ക് മനസ്സിലാക്കാം. കണ്‍ഫേഡുകാര്‍ക്ക് കളക്ടര്‍ എന്നത് ജന്മസായൂജ്യവും അത് കിട്ടാന്‍ വകയില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം വയനാടും ഇടുക്കിയും കാസര്‍കോടുമൊക്കെ സ്വര്‍ഗതുല്യമാവും. ബീഹാറിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച, പ്രതിബദ്ധതയുടെ ചോരയോട്ടം ഇപ്പോഴുമുള്ള കേശവേന്ദ്ര കുമാറില്‍നിന്ന് കളക്ടര്‍ എന്താണെന്ന് വയനാട് അറിയാനിരിക്കുമ്പോഴാണ് അദ്ദേഹത്തോടുള്ള  സര്‍ക്കാരിന്റെ കൊടും അപമാനം. ഒരു ജില്ലയുടെ തലപ്പത്തെ ഉദ്യോഗസ്ഥനോട് നേരത്തേ ഭരണകക്ഷിയുടെ കുട്ടിനേതാക്കള്‍ കാട്ടിയതിനെക്കാള്‍ വലിയ അപമാനമാണ് ഇപ്പോള്‍ ഭരണമുന്നണിയുടെ തലപ്പത്തെ മുഖ്യമന്ത്രി ചെയ്തത്.

സുപ്രീംകോടതി തടവിന് ശിക്ഷിച്ച ആളിന്റെ തടവുശിക്ഷ ഒരു ലക്ഷം രൂപ വാങ്ങി ഒഴിവാക്കിയ ഗുരുതരമായ വീഴ്ച മുഖ്യമന്ത്രിയില്‍നിന്നുണ്ടായിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. പതിവുപോലെ പ്രതിപക്ഷത്തിന്റെ ഇക്കാര്യത്തിലെ പ്രതികരണം വി.എസ്.അച്യുതാനന്ദന്റെ പ്രതിഷേധത്തില്‍ അവസാനിച്ചു. മറ്റുനേതാക്കള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല. പണമുള്ളവന് സുപ്രീംകോടതി വിധിച്ച ശിക്ഷയും അനുഭവിക്കേണ്ട എന്നുവരുമ്പോള്‍ നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ അവസ്ഥ എത്ര ഭീകരമാണെന്ന് തിരിച്ചറിയണം.

തിരുവനന്തപുരം എം.ജി കോളേജില്‍ ഒരു പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ബോംബെറിഞ്ഞ് ഒരുവര്‍ഷം ശയ്യാവലംബിയാക്കിയ കേസിലെ മുഴുവന്‍ പ്രതികളെയും  പൊലീസിന്റെ എതിര്‍പ്പ് തള്ളി കേസില്‍നിന്ന് ഒഴിവാക്കിയതിന് മുഖ്യമന്ത്രി നല്‍കിയ ന്യായീകരണം പ്രതികളിലൊരാളിന് പൊലീസില്‍ നിയമനം കിട്ടാന്‍ വേണ്ടിയാണ് എന്നാണ്. പൊലീസ് സി.ഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ആളെത്തന്നെ പൊലീസില്‍ എടുക്കണം!

പണവും സ്വാധീനവുമുണ്ടെങ്കില്‍ ക്രിമിനല്‍ കേസുകളിലെ ശിക്ഷപോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ട് ഒഴിവാക്കിക്കൊടുക്കുന്നു എന്നത് അത്ര നിസ്സാരമാണോ? അഴിമതിക്കേസില്‍ സുപ്രീംകോടതി കേരളത്തില്‍ ആദ്യമായി ശിക്ഷിച്ച മുന്‍മന്ത്രിയുടെ ശരീരത്തില്‍ ഇരുമ്പ് കൂടുതലാണെന്ന് പറഞ്ഞ് ശിക്ഷാ കാലാവധി ഇളവുചെയ്തുകൊടുത്ത കാരുണ്യവാരിധിയാണ് മുഖ്യമന്ത്രി. മാത്രമല്ല, ആ മാന്യദേഹത്തിന് കാബിനറ്റ് റാങ്കില്‍ നിയമനം നല്‍കാനും മറന്നില്ല. ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ടാവാം ആ മാന്യദേഹം ഇടക്കിടക്ക് മുഖ്യമന്ത്രിക്ക് നല്ല ‘പണി’ കൊടുക്കുന്നുണ്ട്.

വിവിധ കേസുകളില്‍ കോടതിയില്‍നിന്ന് തലങ്ങും വിലങ്ങും തല്ലുകൊള്ളുന്ന ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ പ്രതിയാവുമെന്ന് ഉറപ്പായപ്പോള്‍ കളിച്ച കളി കേരളീയര്‍ കണ്ടതാണ്. പി.സി.ജോര്‍ജിനെ ഉപയോഗിച്ച് വിജിലന്‍സ് ജഡ്ജി പി.കെ.ഹനീഫയെ അപമാനിച്ചുവിട്ടത് ഈ നാട്ടിലാണ്. അതിന് പി.സി.ജോര്‍ജുതന്നെ ഉമ്മന്‍ചാണ്ടിക്ക് ഇടക്കിടക്ക് ‘പണി ‘ നല്‍കുന്നുവെന്നത് വേറെ കാര്യം. 1997ല്‍ പാമൊലിന്‍ കേസ് തുടങ്ങിയപ്പോഴോ അതിനുശേഷം വി.എസ് – നായനാര്‍ സര്‍ക്കാരുകളുടെ കാലത്തോ തന്നെ പ്രതിയാക്കാന്‍ ഒരു തെളിവും ലഭിക്കാത്തതിനാല്‍ താന്‍ പ്രതിയല്ല എന്നാണല്ലോ മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, വി.എസ് സര്‍ക്കാരിന്റെ ഒടുവിലെ നാളുകളില്‍ കേസിലെ പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സക്കറിയാമാത്യു സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഒരു കാര്യം പറയുന്നുണ്ട് – ‘വിവാദ പാമൊലിന്‍ ഇറക്കുമതിക്ക് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പിട്ടു നല്‍കിയ അഡ്മിനിസ്‌ട്രേ്റ്റീവ് നോട്ടുപ്രകാരമാണ് ഭക്ഷ്യസെക്രട്ടറി എന്ന നിലയില്‍  നടപടി സ്വീകരിച്ചത്’. ഈ തെളിവ് പുറത്തുവന്നാല്‍ താന്‍ കുടുങ്ങുമെന്ന് കുശാഗ്രബുദ്ധിയായ ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം. അഴിമതി പരവതാനിക്ക് ചുവട്ടില്‍ ഒളിപ്പിക്കരുതെന്ന് പറഞ്ഞ് പാമൊലിന്‍ കേസ് തുടരണമെന്ന് വിധിച്ച സുപ്രീംകോടതിവിധി പരിഗണിക്കാതെയാണ് മുഖ്യമന്ത്രിയായിരുന്ന രണ്ടുവട്ടവും അത് എഴുതിത്തള്ളാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചതും കോടതികള്‍ അതനുവദിക്കാതെ നിശിതമായി വിമര്‍ശിക്കുന്നതും.

വിവിധ കേസുകളില്‍ പ്രതിയായും ഇനി പ്രതിയാകാനിരിക്കുന്നതുമായ ഉമ്മന്‍ചാണ്ടിക്ക് ക്രിമിനലുകളുടെ ബുദ്ധിമുട്ട് മനസ്സിലാവും. അതുകൊണ്ട്, പ്രിയപ്പെട്ട ക്രിമിനല്‍ കേസ് പ്രതികളേ, നിങ്ങള്‍ മുഖ്യമന്ത്രിയെ സ്തുതിക്കുക. അദ്ദേഹം നിങ്ങളുടെ രക്ഷകന്‍! ഒരു പൂവുചോദിച്ചാല്‍ മുഖ്യമന്ത്രി പൂക്കാലംതന്നെ തന്നേക്കും. അതിന്റെ കരിഓയില്‍ മുഖത്ത് മാത്രമല്ല ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മൊത്തം ശരീരത്തിലും  പുരണ്ടിരിക്കുകയാണ്…!

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍