UPDATES

കായികം

കിവീസിനെ കറക്കി വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ കേശവ് ആത്മാനന്ദ് മഹാരാജ്

പരമ്പരാഗത ഇടങ്കൈയ്യന്‍ സ്പിന്നറായ കേശവ് വാലറ്റത്ത്, മുതല്‍ കൂട്ടാവുന്ന ഒരു വലംകൈയ്യന്‍ ബാറ്റ്‌സ്മാനുമാണ്

സ്വന്തം നാട്ടില്‍ നടക്കുന്ന പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം വീണത് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ കേശവ് ആത്മാനന്ദ് മഹാരാജ് എന്ന സ്പിന്നറുടെ മുമ്പിലായിരുന്നു. മൂന്നാം ദിനത്തില്‍ തന്നെ കിവികളെ കൂട്ടത്തോടെ കൂടാരം കയറ്റിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് 27-കാരനായിരുന്നു. 40 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് കേശവ് വീഴ്ത്തിയത്.

ഇന്ത്യയില്‍ നിന്ന് കുടിയേറിയവരാണ് കേശവിന്റെ മാതാപിതാക്കള്‍. കേശവിന്റെ പിതാവ് ആത്മാനന്ദ് ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. കൂടാതെ ആത്മാനന്ദ് നതാല്‍ പ്രവിശ്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി കളിച്ചിരുന്നു. വംശീയ വിവേചന കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കിയതിനാല്‍ ആത്മാനന്ദിന്റെ രാജ്യാന്തര ക്രിക്കറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ആത്മാനന്ദിന്റെ പിതാവും നല്ലൊരു ക്രിക്കറ്റ് താരമായിരുന്നു.

1990-ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ജനിച്ച കേശവ് ബൗളിംഗ് ഓള്‍റൗണ്ടറാണ്. പരമ്പരാഗത ഇടങ്കൈയ്യന്‍ സ്പിന്നറായ കേശവ് വാലറ്റത്ത്, മുതല്‍ കൂട്ടാവുന്ന ഒരു വലംകൈയ്യന്‍ ബാറ്റ്‌സ്മാനുമാണ്. 2006-07, 16-ാം വയസില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു തുടങ്ങിയ താരം 2009-10 ദക്ഷിണാഫ്രിക്കയിലെ ഡോള്‍ഫിന്‍ ക്ലബിനുവേണ്ടി കളി തുടങ്ങി. പിന്നീട് ബംഗ്ലദേശിലെ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് അക്കാദമിയുടെ ടൂര്‍ണമെന്റിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

ചെറുപ്പം മുതല്‍ സ്പോര്‍ട്സില്‍ താല്‍പര്യം കാണിച്ചിരുന്ന കേശവിന്റെ ഇഷ്ടയിനം ഫുട്ബോള്‍ ആയിരുന്നു. 13-ാം വയസ്സ് മുതലാണ് കേശവ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. പേസ് ബൗളറായിട്ടായിരുന്നു കേശവ് പ്രൈമറി സ്‌കൂളുകള്‍ക്കുള്ള ക്രിക്കറ്റ് പ്രോഗ്രാമില്‍ മികച്ച പേസ് ബൗളര്‍ എന്ന് പേരെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേശവ് സ്പിന്‍ ബൗളറായി മാറുകയായിരുന്നു.

ഫിറ്റ്‌സിന്റെ കാര്യത്തില്‍ അലസത കാണിച്ച കേശവിന്റെ അന്തരാഷ്ട്ര കരിയറിന് തടസ്സമായത് ഈ മടിയായിരുന്നു. അണ്ടര്‍ 19 ലോകകപ്പിലേക്കുള്ള അവസരം കേശവിന് നിഷേധിച്ചത് തടികൂടിയതായിരുന്നു. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ചടുലമായ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് കേശവിനെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടര്‍മാര്‍ വിമുഖത കാണിച്ചത് അദ്ദേഹത്തിന്റെ ഫിറ്റ്‌സ് ഇല്ലായ്മയായിരുന്നു.


ഫിറ്റ്നസ് വീണ്ടെടുത്ത മഹാരാജ് 2014-15 സീസണില്‍ 6 വിക്കറ്റുമായി ഡോള്‍ഫിന്‍സിനു വേണ്ടി തിളങ്ങിയപ്പോള്‍ സിലക്ടര്‍മാര്‍ക്ക് അവഗണിക്കാന്‍ കഴിഞ്ഞില്ല.ആ സീസണില്‍ 32 വിക്കറ്റാണ് കേശവ് കറക്കിയിട്ടത്. 2016 നവംബറിലെ ഓസിസ് പര്യടനത്തിന് കേശവിന്റെ പേര് പരിഗണിക്കപ്പെട്ടു.

വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ (വാക്ക) സ്റ്റേഡിയത്തിലായിരുന്നു അരങ്ങേറ്റം. വാക്കയില്‍ അരങ്ങേറിയ ആദ്യ സ്പിന്നറാണ് കേശവ് മഹാരാജ്. പിന്നെ ഇപ്പോഴത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ താരത്തിന് ടീമില്‍ ഇനി സ്ഥിരം സ്ഥാനം ഉറപ്പിക്കാം. കിവീസിനെതിരായ 6/40 എന്ന കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ കേശവ് 24 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ വെറും 171 റണ്‍സിനു പുറത്തായ ന്യൂസിലാഡിനെതിരെ 81 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് സമനിലയായിരുന്നതിനാല്‍ അടുത്ത മത്സരം കൂടി ജയിച്ചാല്‍ മൂന്നു മത്സര പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കക്ക് മുമ്പിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍