UPDATES

വിദേശം

‘ഞാനിപ്പോള്‍ ഓണ്‍ ഏയറല്ല’ -അസര്‍ബൈജാന്‍ തടവറയില്‍ നിന്നും ഒരു മാധ്യമപ്രവര്‍ത്തകയുടെ കത്ത്

Avatar

ഖദീജ ഇസ്മായിലോവ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഖദീജ ഇസ്മായിലോവ ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയാണ്(റേഡിയോ ഫ്രീ യൂറോപ്/റേഡിയോ ലിബെര്‍ടീസ് അസെര്‍ബൈജാനി). അസര്‍ബൈജാന്‍ പ്രസിഡണ്ട് ഇല്‍ഹം അലിയെവിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അവര്‍ വിശദമായി വാര്‍ത്തകള്‍ നല്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇതിനുള്ള പ്രതികാരനടപടിയെന്ന നിലക്ക്, ഒരു സഹപ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമത്തിന് കാരണക്കാരിയായി എന്നാരോപിച്ച് വിചാരണക്ക് മുമ്പായി സര്‍ക്കാര്‍ ഇവരെ രണ്ടു മാസം തടവിലിട്ടു. ഈയിടെ സര്‍ക്കാര്‍ അവര്‍ക്കുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തടവറയില്‍നിന്നും അവര്‍ പുറത്തെത്തിച്ചതാണ് ഈ കത്ത്.

എന്‍റെ നീണ്ട നിശ്ശബ്ദതയോട് പൊറുക്കുക. ഈ തടവറയഴികളിലൂടെ എന്‍റെ കഴിഞ്ഞ കത്ത് പുറത്തെത്തിച്ചു  പ്രസിദ്ധീകരിച്ചതോടെ എന്നെ ഏകാന്ത തടവിലേക്ക് മാറ്റി. എന്‍റെ അറ പരിശോധിക്കുകയും എന്‍റെ കുറിപ്പുകളും വീട്ടില്‍ നിന്നും ഞാന്‍ ആവശ്യപ്പെട്ട സാധനങ്ങളടക്കം എടുത്തുമാറ്റുകയും ചെയ്തു. അവയൊന്നും തിരിച്ചുകിട്ടിയില്ല. ഇവിടെ എന്‍റെ കുറിപ്പുകള്‍ വായിക്കാന്‍ നിരവധി വായനക്കാര്‍ കാണും. അവര്‍ ഊഴമിട്ട് വായിക്കുന്നതുകൊണ്ടാകും തിരിച്ചെത്താന്‍ കാലതാമസം.

കുടുംബത്തെ കാണാനും എനിക്കനുവാദമില്ല. ആഴ്ചയില്‍ രണ്ടു തവണ മാത്രമാണ് ഫോണ്‍ വിളിക്കാന്‍ അനുവാദം. ഞാന്‍ അപ്പോള്‍ അമ്മയുമായി സംസാരിക്കും. എന്നാല്‍ അവര്‍ക്കും എന്റെ അഭിഭാഷകനും ഇടക്കിടെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നില്ല. വളരെ കുറച്ചു വിവരങ്ങളെ എനിക്കു ലഭിക്കുന്നുള്ളൂ. കൂട്ടിന് കുറച്ചു പുസ്തകങ്ങളെങ്കിലുമുണ്ട്. അതിലൊരെണ്ണം ഞാന്‍ തര്‍ജ്ജമ ചെയ്യുന്നുമുണ്ട്. സഹര്‍ ദെലീജാനി എഴുതിയ “Children of the Jacaranda Tree”-ഇറാനില്‍ തടവില്‍ കഴിയുന്ന മൂന്ന് സ്ത്രീകളുടെ പരസ്പരബന്ധിതമായ കഥകള്‍ക്ക് ചുറ്റും നെയ്ത ചരിത്രത്തിന്റെയും ഓര്‍മ്മകളുടേയും  അവരെ പിന്തുണക്കുന്നവരേയും അവര്‍ പിന്തുണക്കുന്നവരേയും കുറിച്ചുള്ള ഒരു നോവല്‍. 

എന്‍റെ അതേ അറയില്‍ എനിക്കൊപ്പമുള്ള അഞ്ചു തടവുകരുടെ കഥകളും  അവരുടെ ശിക്ഷ ഈ രാജ്യത്തെയും അതിന്റെ ഭാവിയേയും കുറിച്ച്  എന്താണ് പറയുന്നതെന്നും ഞാന്‍ ഇതിനൊരു തുടര്‍ച്ച എഴുതിയേക്കാം. ഞങ്ങള്‍ക്കിടയില്‍ ഞങ്ങളൊരു കുടുംബം ഉണ്ടാക്കിയിരിക്കുന്നു. ഞങ്ങള്‍ക്ക് ശക്തി പകരാനും ഉറച്ചുനില്‍ക്കാനും സഹായിക്കുന്ന ഒരു ജൈവവ്യവസ്ഥിതി. എന്റെ സഹതടവുകാര്‍ എന്റെ പുതിയ ശ്രോതാക്കള്‍ കൂടിയാണ്. ഓരോ മാധ്യമപ്രവര്‍ത്തകയ്ക്കും ലഭിക്കേണ്ട ഏറ്റവും വിലപ്പെട്ട ഒന്ന്. സര്‍ക്കാര്‍ നിശബ്ദയാക്കാനും പുറന്തള്ളാനും ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് പോലും. ഞാന്‍ ഇപ്പോള്‍ പ്രക്ഷേപണം ചെയ്യാറില്ല. പക്ഷേ, ഈ ചുമരുകള്‍ക്കുളില്‍ അസീറികളുടെ സമരങ്ങളുമായി കൂടുതല്‍ നേരിട്ടും, വ്യക്തിപരമായും ഞാന്‍ ബന്ധപ്പെടുന്നു.

“എന്തുകൊണ്ടാണ് ഞാനിവിടെ?” ജയിലിലുള്ള എലാവരും അവരോടുതന്നെ ചോദിക്കുന്ന ചോദ്യമാണത്, കുറ്റം എന്തുമാകട്ടെ. അഴിമതിയാണ് എന്നെ അകത്താക്കിയത്. പക്ഷേ സര്‍ക്കാരിന്റെ അഴിമതിയാണത്, എന്‍റെയല്ല. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ തെറ്റാണെന്നു തെളിയിക്കാനുള്ള ഏകമാര്‍ഗം അഴിമതി തുറന്നുകാട്ടുക എന്നതാണ്. ഞാന്‍ 2015-ല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും പറഞ്ഞിരുന്നു. ശരിയാണ്, അതിന് വില കൊടുക്കണം, പക്ഷേ അത് അത്രയും അര്‍ഹിക്കുന്നുണ്ടോ? സത്യം തുറന്നു പറയാന്‍ ധൈര്യം ആവശ്യമില്ലാത്ത ഒരു പുതിയ യാഥാര്‍ത്ഥ്യം നാം സൃഷ്ടിക്കേണ്ടതുണ്ടെന്ന്, എന്‍റെ തടവ് ഒരു തവണകൂടി തെളിയിക്കുന്നു.

പക്ഷേ, യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ കുറിച്ചോ- മോഷണം, നിയമത്തോടുള്ള അവജ്ഞ? എന്താണ് ആളുകളെ ഈ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?

ശിക്ഷിക്കപ്പെടാത്ത കുറ്റകൃത്യങ്ങളുടെ എണ്ണം എക്കാലത്തേക്കാളും കൂടുതലായ, സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും അത് ആണ്ടിറങ്ങിയ  ഒരു രാജ്യത്ത് കുറ്റം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ലളിതയുക്തിയുണ്ട്. “അത് കൊള്ളാമെങ്കില്‍ എന്തുകൊണ്ട് എനിക്കു ചെയ്തുകൂട? അത് മോശമാണെങ്കില്‍ അവരെന്തുകൊണ്ട് ചെയ്യുന്നു?” പിന്നെ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തുന്നു: “അവര്‍ക്ക് ചെയ്യാമെങ്കില്‍ ഞാനും ചെയ്യും.” എന്റെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ഒരു അഴിമതിയന്ത്രമാക്കി മാറ്റിയ, ധാര്‍മികമായി പാപ്പരായ ഒരു സര്‍ക്കാര്‍ വളര്‍ത്തിയെടുത്ത മനോഭാവമാണിത്.

എന്നാല്‍ പ്രശ്നത്തിന്റെ കാതല്‍ ഇതിനേക്കാള്‍ ആഴത്തിലാണ്. രാജ്യത്തിന്റെ പ്രസിഡണ്ടില്‍  തുടങ്ങി അഴിമതിയുടെയും അതിനുള്ള സര്‍വസ്വാതന്ത്ര്യത്തിന്റെയും നാടകീയമായ ഉദാഹരണങ്ങള്‍ നമുക്ക് കാഴ്ചവെക്കുന്ന ഇങ്ങ് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ നിറഞ്ഞൊരു രാജ്യത്ത് അത്അധികാരവും ആര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. പണത്തിനും അധികാരത്തിനും ഏത് കുറ്റകൃത്യത്തെയും മായ്ക്കുവാന്‍ കഴിയുന്ന, സത്യവും കാപട്യവും വെച്ചുമാറിയ ഒരു രാജ്യമാണിത്. അതിന്റെ ഫലമായി അസര്‍ബൈജാന്‍ തടവറകളില്‍ നൂറോളം രാഷ്ട്രീയ തടവുകാരുണ്ട്.റഷ്യയും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വളരെ ചെറുതെങ്കിലും സംഘര്‍ഷ സാധ്യതയുള്ള ഈ രാജ്യത്തെ പൌരസമൂഹത്തിലെ ഊര്‍ജസ്വലരും അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്നവരും സജീവമായി പ്രവര്‍ത്തിക്കുന്നവരുമായ ഏറ്റവും മികച്ചവരായ നൂറു പേരെയാണ് മാന്യതയും തുല്യനീതിയും ആവശ്യപ്പെട്ടതിന്റെ പേരില്‍ തുറുങ്കിലടച്ചിരിക്കുന്നത്.

ഞങ്ങള്‍ അവനവനോടുതന്നെ നിരന്തരം  ചോദിക്കുകയാണ്; നമ്മളെങ്ങോട്ടാണ് പോകുന്നത്, ഒടുവില്‍ നമുക്കെന്താണ് ലഭിക്കുക? ഞാനിപ്പോള്‍ കഴിയുന്ന കുര്‍ദാഖാനി തടവറയില്‍ അതിനുള്ള ഉത്തരം മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ അല്ലെങ്കില്‍ അഞ്ചു മുതല്‍ പന്ത്രണ്ട് കൊല്ലം വരെ എന്നാണ്. പക്ഷേ എന്റെ ഉത്തരം അതിന് അവസാനമില്ലെന്നാണ്. നന്മയും തിന്‍മയും തമ്മിലുള്ള യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കും. നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ധാരണകളെ തളിക്കളയാനും മനുഷ്യരുടെ ആത്മാഭിമാനം വില്‍ക്കാനുള്ളതല്ലെന്ന് പറയാനും നമുക്ക് കഴിഞ്ഞാല്‍  നമ്മള്‍ ജയിക്കും; തടവറക്കകത്തും പുറത്തുമുള്ള നമ്മുടെ പീഡകര്‍ തോല്‍ക്കുകയും ചെയ്യും.

ശരികള്‍ക്ക് വേണ്ടി പോരാടുന്നവരെ തടവറകള്‍ ഭയപ്പെടുത്തുന്നില്ല. ഞങ്ങളെന്തിനുവേണ്ടിയാണ് പൊരുതുന്നതെന്ന് ഞങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്.

ജീവിതം വളരെ സങ്കീര്‍ണമാണ്. പക്ഷേ ചിലപ്പോഴൊക്കെ നമ്മള്‍ സത്യം അല്ലെങ്കില്‍ നുണ, ഇതിലൊന്ന് തെരഞ്ഞെടുക്കാനുള്ള  വ്യക്തമായ ഒരു വഴി ലഭിക്കും വിധത്തില്‍ ഭാഗ്യം ചെയ്തവരാകും. സത്യത്തെ തെരഞ്ഞെടുത്ത് ഞങ്ങളെ സഹായിക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍