UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഖാക്കി ഹാറ്റ്സ്; പോലീസിന് എത്തിക്കല്‍ ഹാക്കിംഗ് പരിശീലനവുമായി കേരള പോലീസ്

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയം ഫലപ്രദമാക്കുന്നതിനും പൊലീസ് വകുപ്പിലെ ഏതാണ്ട് മുഴുവന്‍ ജീവനക്കാര്‍ക്കും സിം കാര്‍ഡ് വിതരണം ചെയ്യാനുദ്ദേശിച്ചുള്ള ‘സംഹിത’ യാണ് മറ്റൊരു പദ്ധതി

സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് പോലീസിനെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ  സാങ്കേതിക പരിശീലന  പദ്ധതിയുമായി കേരള പോലീസ്. ഖാക്കി ഹാറ്റ്സ് എന്ന പുതിയ പദ്ധതിയുടെ ഭാഗമായി 300 പോലീസുകാര്‍ക്കാണ് എത്തിക്കല്‍ ഹാക്കിംഗില്‍ പരിശീലനം നല്‍കുക. കൂടാതെ പോലീസ് വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സിം കാര്‍ഡ് നല്‍കുന്ന ‘സംഹിത’ എന്ന പദ്ധതിക്കും തുടക്കമിറ്റിട്ടുണ്ട്.  പോലീസിനെ കാലികമായി നവീകരിക്കുക എന്നതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഇന്ത്യയിലെ മികച്ച പൊലീസ് സേനകളില്‍ ഒന്നെന്നറിയപ്പെടുന്ന കേരള പൊലീസിനെ കാലികമായി നവീകരിക്കുന്ന പ്രക്രിയയിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൊലീസിന്റെ സാങ്കേതികവിദ്യാ മുന്നേറ്റത്തിനു വഴിയൊരുക്കുന്ന മൂന്നു പദ്ധതികള്‍ക്ക് ഇന്ന് തുടക്കമായി. 

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയം ഫലപ്രദമാക്കുന്നതിനും പൊലീസ് വകുപ്പിലെ ഏതാണ്ട് മുഴുവന്‍ ജീവനക്കാര്‍ക്കും സിം കാര്‍ഡ് വിതരണം ചെയ്യാനുദ്ദേശിച്ചുള്ള ‘സംഹിത’ (Safe Mode of High Intensity Telecommunication Accessibility) എന്ന പദ്ധതിയാണ് ഇതിലൊന്ന്. 2009ല്‍ അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റാണ് ഇന്ത്യയില്‍ ആദ്യമായി പൊലീസ് സേനാംഗങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ വിതരണം ചെയ്തത്. പതിനയ്യായിരത്തോളം പേര്‍ക്ക് അന്ന് സിം കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ പൊലീസ് വകുപ്പിലെ മുഴുവന്‍ സേനാംഗങ്ങള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുമായി പദ്ധതി വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. അരലക്ഷത്തിലധികം പേര്‍ക്ക് ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ ലഭിക്കും. 

സൈബര്‍ കുറ്റവാളികളെ ഫലപ്രദമായി നേരിടുന്നതിനും നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനും പ്രാപ്തമായ ഒരു സൈബര്‍സേനയെ കേരള പൊലീസിന്റെ ഭാഗമായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ‘ഖാക്കി ഹാറ്റ്സ്’ എന്ന പദ്ധതി. രണ്ടുവര്‍ഷത്തിനകം കഴിവും അഭിരുചിയുമുള്ള 300ഓളം പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയും അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ‘എത്തിക്കല്‍ ഹാക്കിങ്’ (ethical hacking) ട്രെയിനിങ് നല്‍കുകൗയും ചെയ്യും. 

ഉദ്യോഗസ്ഥര്‍ക്കു ലഭിക്കേണ്ട ധനപരവും ഭരണപരവുമായ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വകുപ്പുദ്യോഗസ്ഥര്‍ക്കും ചിപ്പ് ഘടിപ്പിച്ച ‘ക്ലോണ്‍ ഫ്രീ ഹൈറ്റെക് സ്മാര്‍ട് കാര്‍ഡ്’ നല്‍കും. സി-ഡാക്കുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഇവയുള്‍പ്പെടെ പൊലീസില്‍ സാങ്കേതികവിദ്യാരംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം പൊലീസിന്റെ വൈബ്സൈറ്റ് സമഗ്രമായി പരിഷ്കരിക്കുകയും എല്ലാ ജില്ലകളുടെ സൈറ്റുകളും സംസ്ഥാന വെബ്സൈറ്റും ചേര്‍ന്ന വെബ് പോര്‍ടലായി മാറ്റുകയും ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളും ഓഫീസുകളും നേരത്തെ തന്നെ കമ്പ്യൂട്ടര്‍ ശൃംഖലയാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

ജനസൗഹൃദപരമായ ഒരു പ്രവര്‍ത്തനശൈലിയിലേക്ക് പൊലീസ് പൂര്‍ണമായി മാറണം. ഈ ലക്ഷ്യം നേടുന്നതിന് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇതിനുവേണ്ട പണവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍