UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊടുങ്ങല്ലൂര്‍ വഴി ഖസാക്കിലേക്ക്; അതിരുകള്‍ ഭേദിക്കുന്ന അരങ്ങിന്റെ സഞ്ചാരം

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

‘മുസിരിസ്’ എന്ന വിസ്മൃതിയിലാണ്ട ഒരു പ്രാചീന കോസ്മോപോളിറ്റന്‍ നാഗരികതയുടെ ഭാഗമെന്ന് ചരിത്രകാരന്മാര്‍ കരുതുന്ന കൊടുങ്ങല്ലൂര്‍ നിരവധി ഇതിഹാസങ്ങള്‍ കുടികൊള്ളുന്ന മണ്ണാണ്. കൊടുങ്ങല്ലൂരമ്മയുടെയും തോമാശ്ലീഹയുടെയും ചേരമന്‍ പെരുമാളിന്റെയും ഇതിഹാസങ്ങള്‍. പെരിയാറും അറബിക്കലും സംഗമിക്കുന്ന ഈ തീരത്ത്, ഇസ്ലാമിക-ഹൈന്ദവ-ക്രിസ്തീയ സംസ്കാരങ്ങളുടെ സങ്കലനവും കാണാം. യൂറോപ്യന്‍മാരുടെ ഉച്ചാരണത്തില്‍ ‘ക്രാങ്ങനോര്‍’ ആയിരുന്ന ഈ തന്ത്രപ്രധാന കേന്ദ്രത്തിനു വേണ്ടി പോര്ച്ചുഗീസുകാരും ഡച്ചുകാരും ഒരു പോലെ പയറ്റി. അങ്ങനെ നിരവധി ഇതിഹാസങ്ങള്‍ ഉള്ളില്‍ പേറുന്ന കൊടുങ്ങല്ലൂരിന് ഇനി ഖസാക്കിന്റെ ഇതിഹാസങ്ങളും സ്വന്തം. ഒ.വി. വിജയന്‍റെ ‘ഖസാക്കിന്റെ ഇതിഹാസത്തിന്’ ദീപന്‍ ശിവരാമന്‍ നല്‍കിയ നാടകാവിഷ്കാരത്തിന് ഈ ചരിത്രഭൂമി വേദിയായത് കേവലം ആകസ്മികതയല്ല, ചരിത്രപരമായ ഒരു അനിവാര്യതയാണെന്ന് കരുതുന്നതാവും ഉചിതം.

മുസിരിസിന്റെ പോലെ ലോക സംസ്കാരത്തിലേക്ക് കണ്ണും കാതും തുറന്നു വെച്ചിരിക്കുന്നതല്ല ഖസാക്കിന്റെ സംസ്കൃതി. ചെതലിമലയുടെ അതിരുകള്‍ക്കുള്ളിലുള്ള ഒരു കൊച്ചു ലോകം ആണത്. എന്നിരുന്നാലും അവിടെയും പല സങ്കലനങ്ങളും സംഗമങ്ങളും ദര്‍ശിക്കാനാകും. ഇസ്ലാമിക മിത്തുകളും ഹൈന്ദവ ബിംബങ്ങളും തമിഴകവും മലയാളവും എല്ലാം ഇടകലര്‍ന്ന നിരവധി വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും ഉള്ള ഒരു സംസ്കാരപരിസരത്താണ് ഖസാക്ക് നിലകൊള്ളുന്നത്‌. സ്റ്റേറ്റിന്റെയും പോലീസിന്റെയും കൈപ്പിടിക്ക് വെളിയിലായ ആ ജനത അക്ഷരാര്‍ത്ഥത്തില്‍ സ്വയംഭരണമുള്ളവരാണ്. ഷെയ്ഖ് തങ്ങളും ഭഗവതിയും ഒക്കെ ഉള്‍പ്പെടുന്ന അവരുടെ വിശ്വാസങ്ങളും മിത്തുകളും മാത്രമാണ് അവരെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും.  അവിടെക്കാണ് മോക്ഷം തേടി രവി എത്തിപ്പെടുന്നത്. അസ്തിത്വദുഃഖം മാത്രം പ്രധാനം ചെയ്ത, തന്‍റെ ആസ്ട്രോഫിസിസ്റ്റിന്റെ ഗവേഷകയുക്തി ഉപേക്ഷിച്ച്, ആയാളും ഖസാക്കിന്റെ ആയുക്തികള്‍ ആഘോഷിക്കുന്നു. നാഗരിക സദാചാരമൂല്യങ്ങള്‍ സമ്മാനിച്ച പാപബോധത്തില്‍ നിന്ന്, എല്ലാ തരം ആരാജകത്വങ്ങള്‍ക്കും വളക്കൂറുള്ള ഖസാക്കിന്റെ മണ്ണ് അയാള്‍ക്ക്‌ മുക്തി നല്‍കുന്നു.

കൃത്യമായ കലാവൈഭവത്തോടെ പടുത്തുയര്‍ത്തിയ നാടകത്തിന്റെ രംഗപരിസരം, നമ്മുടെ സങ്കല്പങ്ങളിലെ ഖസാക്കിനെ അപനിര്മിക്കുകയും പുനനിര്‍മിക്കുകയും ചെയ്യും. ഒരു ഖബറിടത്തിന്റെയോ, അല്ലെങ്കില്‍ ഒരു എക്സ്കവേഷന്‍ സൈറ്റിന്റെയോ പ്രതീതി ജനിപ്പിക്കുന്ന രംഗവേദി. മുസിരിസിനെ തേടി ഖനനം നടക്കുന്ന കൊട്ടപ്പുറത്തെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കോട്ടപരിസരത്തോട് നാടകവേദിക്ക് സാമ്യം തോന്നിയത് മറ്റൊരു ആകസ്മികതയാകാം. മരണത്തെയും മറവിയെയും ഭേദിച്ചു കൊണ്ട്, ചരിത്രത്തിന്‍റെ ഭൂഗര്‍ഭത്തില്‍ നിന്നും ഖസാക്കിലെ കഥാപാത്രങ്ങള്‍ നമുക്ക് മുന്നില്‍ ഉദയം ചെയ്യുന്നു. കത്തിച്ചു പിടിച്ച ചൂട്ടുകളുമായി, ദിക്കറിയാതെ അലയുന്ന പരേതാത്മാക്കളുടെ ഒരു ഘോഷയാത്രയായാണ്‌ അവര്‍ നമുക്ക് മുന്നില്‍ അവതരിക്കപ്പെടുന്നത്. അതെ, വിസ്മൃതിയിലായ ഒരു ഭൂതകാലത്തില്‍ നിന്നുകൊണ്ടാണ് അവര്‍ നമ്മോടു സംവദിക്കുന്നത്. ജീവാഗ്നി അണയാതിരിക്കാന്‍ ക്ലേശിച്ചു കത്തുന്ന അലിയാരുടെ ചായക്കടയിലെ സമോവാറും, കാലപടത്തില്‍ ഖസാക്കുകാരുടെ ഏടുകള്‍ കൂടി തുന്നിചേര്‍ക്കാന്‍ ശ്രമിക്കുന്ന മാധവന്‍ നായരുടെ തയ്യല്‍ മെഷിനും വേദിയില്‍ സദാ സ്ഥിതി ചെയ്യുന്നു. എല്ലാത്തിനും മൂകസാക്ഷികളായി. ചൂട്ടുകളും, പന്തകളും,  റാന്തലുകളും, മണ്‍കലങ്ങളും, തീയും മണ്ണും പുകയും വെള്ളവും ചന്ദനത്തിരികളും ഒക്കെയുള്ള വളരെ ജൈവികമായ ഒരു പരിസരത്താണ് നാടകം അരങ്ങേറുക.

നോവലില്‍ നിന്ന് വ്യത്യസ്തമായി, രവിയുടെ മനോവ്യഥകള്‍ക്കല്ല നാടകത്തില്‍ പ്രാധാന്യം. രവി ഇവിടെ ഒരു കഥാപാത്രം മാത്രമാണ്. വളരെ ശ്രദ്ധേയമായി തോന്നിയത് നൈജാമലിക്കും കുപ്പുവച്ചനും നാടകത്തില്‍ ലഭിച്ചിരിക്കുന്ന പുനഃസൃഷ്ടിയാണ്. ഒരു നീഷേയന്‍(Nietzschean) അതികായനെ പോലെ, നിറഞ്ഞു നില്‍ക്കുകയാണ് നൈജാമലി. ഒരു അവധൂതനായി ഖസാക്കില്‍ പ്രത്യക്ഷപ്പെട്ട്, അള്ളാപിച്ച മൊല്ലാക്കയുടെ വത്സലനായി, പിന്നെ മൈമുനയുടെ കാമുകനായി, അവളെ നഷ്ടപ്പെട്ടു വിരഹിയായി, എന്നാല്‍ പരാജയം സമ്മതിക്കാതെ ബീഡി മുതലാളിയായി, ക്രമേണ കമ്മ്യുണിസ്റ്റ് ആയി, അവസാനം ഒരു മിസ്റ്റിക് അവധൂതനായി വീണ്ടും ഖസാക്കില്‍ പ്രത്യക്ഷപ്പെട്ട് ജീവിതചക്രം പൂര്‍ത്തിയാക്കിയ നൈജാമാലിയുടെ ജീവിതപരിണാമങ്ങളില്‍ നാടകീയത മുറ്റി നില്‍ക്കുന്നുണ്ട്. അത് പരമാവധി നാടകത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. പുക ചുറ്റിയ കണ്ണുകളുമായി നൈജാമലി ഒരു ജിന്നിനെ പോലെ പ്രേക്ഷകരുടെ ഉള്ളിലേക്ക് നടന്നു കയറുന്നു. അതുപോലെ, ഖസാക്കിലെ എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായ ചെത്തുകാരനായ കുപ്പുവച്ചന്‍. സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാവുക മാത്രമല്ല, അവയ്ക്ക് തന്റേതായ വ്യാഖ്യാനവും അര്‍ത്ഥവും നല്‍കി പുനസൃഷ്ടിക്കുന്ന കുപ്പുവച്ചന്റെ ഉള്ളിലെ നീറ്റലുകള്‍ക്കും നാടകത്തില്‍ പുതിയൊരു മാനം കൈവരുന്നു.

മരണവും രതിയും തമ്മില്‍ കാവ്യാത്മകാമായ ഒരു പാരസ്പര്യം ഉണ്ടെന്ന ദര്‍ശനം വിജയന്‍റെ നോവലില്‍ പ്രകടമാണ്. ആ ദര്‍ശനത്തിനു ദൃശ്യഭാഷ നല്‍കുന്നുണ്ട് നാടകം. നാടകത്തില്‍ സംഭവിക്കുന്ന മരണങ്ങള്‍ ഒരു ദൃശ്യവിരുന്നായി ആഘോഷിക്കപ്പെടുന്നുണ്ട്. ചക്രു റാവുത്തരുടെ കിണറ്റില്‍ ചാടിയുള്ള ആത്മഹത്യ, അയാളെ ജീവനോടെ കുഴിച്ചുമൂടുന്നതായാണ് അവതരിക്കപ്പെടുന്നത്. കുടല് പൊട്ടി നീലി മരിക്കുന്നത് വേദിയില്‍ കത്തുന്ന തീവൃത്തത്തിനുള്ളില്‍ പിടഞ്ഞു കൊണ്ടാണ്. നീലി മരിച്ചതില്‍ പിന്നെ അനാഥനായ അപ്പുക്കിളിയുടെ വേദന വിജയന്‍ വിവരിക്കുന്നത് ഇങ്ങനെയാണ് : “അപ്പുക്കിളി നാലഞ്ചു ദിവസം പണിക്കന്‍പോട്ടയില്‍(ശവപ്പറമ്പ്) കരഞ്ഞു കിടന്നു. രാത്രികാലങ്ങളില്‍ മുനിയിരപ്പകളിലും പാലകളിലും കാലന്‍കോഴികള്‍ പറന്നെത്തി. അവ അവനോടു സംസാരിച്ചു. രാത്രി, മഴ പെയ്തപ്പോള്‍, ചുളുക്കുന്ന കനല്‍തുള്ളികള്‍ അവന്റെമേല്‍ വീണു.” ഈ വരികള്‍ക്ക് നാടകത്തില്‍ നല്‍കിയ രംഗഭാഷ്യം അത്യന്തം ഹൃദ്യമായിരുന്നു. കാലന്‍കോഴികളായി പറന്നെതിയത്, പരലോകത്ത് നിന്ന് അപ്പുക്കിളിയുടെ നാല് അമ്മമാരുടെയും ആത്മാക്കള്‍ ആയിരുന്നു. അവര്‍ അവനെ തലോടുന്നു. താരാട്ട് പാടുന്നു. ആശ്വസിപ്പിക്കുന്നു. അവനോടൊപ്പം കരയുന്നു. പ്രേതങ്ങള്‍ക്കും ജിന്നുകള്‍ക്കും ആത്മാകള്‍ക്കും പൌരാവകാശം ഉള്ള ഖസാക്കില്‍ ജീവാതിര്ത്തികള്‍ ഭേദിക്കുന്ന അത്തരം സഞ്ചാരങ്ങള്‍ സാധ്യമാണ്.

അതുപോലെ ഖസാക്കില്‍ വസൂരി മരണത്തിന്റെ ക്രൂരമായ വിളയാട്ടം നടത്തുന്നുണ്ട്. പ്രദര്‍ശനത്തിനൊരുക്കിയ വലിയൊരു പൂന്തോട്ടം പോലെ ഖസാക്കുകാര്‍ കിടന്നു. ചലത്തിന്റെ മഞ്ഞപ്പൂക്കള്‍ കൊണ്ട് പൂക്കുടിലുകള്‍ പണിഞ്ഞു. പൂവിറുത്തു മുടിയില്‍ ചൂടി നല്ലമ്മ നടമാടി. സന്നിയില്‍, മയക്കത്തില്‍, ഖസാക്കുകാര്‍ അവളെ കണ്ടു. അവളെ കാമിച്ചു. സുരതക്രിയ പോലെ രോഗം ആനന്ദന്‍മൂര്‍ച്ച്ഛയായി. അങ്ങിനെ അവര്‍ മരിച്ചു. വിജയന്‍ വിവരിക്കുന്ന മരണത്തിന്റെ ഈ കൂട്ടഭോഗം വേദിയില്‍ വന്യതയോടെയും ഭയാത്മകതയോടെയും ആവിഷ്കരിച്ചിരിക്കുന്നു. മരണത്തിന്റെ കറുത്ത കുപ്പായവും മുഖംമൂടിയും ധരിച്ചു വന്ന നല്ലമ്മ ഖസാക്കുകാരെ തൂത്ത്കൂട്ടി ചിതയിലെക്കിടുന്നു. പായില്‍ പൊതിഞ്ഞു കെട്ടപ്പെട്ട് നടന്നു വരുന്ന മനുഷ്യക്കോലങ്ങള്‍, ഓരോന്നോരോന്നായി അഗ്നിക്കിരയാകുന്നു. തീയും പുകയും ചന്ദനത്തിരികള്‍ കത്തുന്ന മണവും എല്ലാം മരണത്തിന്റെ സാന്നിദ്ധ്യം പ്രേക്ഷകരുടെ ഇടയില്‍ സൃഷ്ടിക്കുന്നു.

രതിയും മരണവും തമ്മിലുള്ള സമന്വയവും നമുക്ക് നാടകത്തില്‍ കാണാവുന്നതാണ്. തന്‍റെ കാമവികാരങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് രവിയുടെ ആന്തരികസംഘര്‍ഷങ്ങള്‍ക്ക് കാരണം. ചിറ്റമ്മയുമായുള്ള ബന്ധം. അത് മൂലം അച്ഛനോട് ചെയ്യുന്ന വഞ്ചന. അത് സൃഷ്ടിക്കുന്ന ഈഡിപ്പല്‍ പ്രതിസന്ധി. തത്ഫലമായി കാമുകി പത്മ നല്‍കുന്ന സ്നേഹവും സ്വീകരിക്കാന്‍ കഴിയാതെ വരുന്നു. ആരംഭത്തില്‍ തന്നെ പ്രതീകാത്മകമായി ഇത് ചിത്രീകരിക്കുന്നുണ്ട്. മനസ്സിന്‍റെ അധോതലത്തില്‍ നിന്ന് ഉദയം ചെയ്യുന്ന ചിറ്റമ്മയുടെ രൂപം അയാളെ വേട്ടയാടുന്നു. പശ്ചാത്തലത്തില്‍ പത്മ അവനെ വിളിക്കുന്നു. പക്ഷെ അവന്‍ എല്ലാം വിട്ടെറിഞ്ഞ്‌ ഖസാക്കില്‍ എത്തുന്നു. സ്ത്രീയില്‍ നിന്നും പ്രണയത്തില്‍ നിന്നും കാമത്തില്‍ നിന്നും എല്ലാം ഉള്ള ഒരു ഒളിച്ചോട്ടമായി രവിയുടെ പലായനത്തെ കാണാവുന്നതാണ്. പക്ഷെ അരുതുകളും വിലക്കുകളും ഇല്ലാത്ത ഖസാക്കിന്റെ ലോകത്ത് അയാള്‍ക്ക് തന്‍റെ കാമാനകളോട് നിസ്സംഗത പുലര്‍ത്താനാകുന്നില്ല. ചാന്തുമ്മ, കേശി, മൈമുന്ന- ഇവരൊക്കെ അത്യധികം ലാഘവത്തോടെ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വേഴ്ചയ്ക്കായി രവി ഇറങ്ങുന്നത് കല്ലറയിലേക്കാണ്. അള്ളാപിച്ചമൊല്ലാക്കയെ പിന്നീട് ഖബറടക്കുന്ന കല്ലറയിലേക്ക്. നൈജാമലി നീലിയെ പ്രാപിക്കുന്നതും ഇതേ കല്ലറയില്‍ ആണ്. രവി മൈമുനയെ പ്രാപിക്കുന്നത് കലാപരതയോടെ അവതരിക്കപ്പെടുന്നുണ്ട്. വേദിയില്‍ സൃഷ്ടിക്കപെടുന്ന മഴയില്‍, കൃത്രിമമെങ്കിലും പുതുമഴയുടെ മണം ഉണര്‍ത്തുന്ന ആ മഴയില്‍, രവി ആനന്ദമൂര്‍ച്ച്ഛ പ്രാപിക്കുകയും തന്‍റെ സ്വത്വം വീണ്ടെടുക്കുകയും ചെയ്യുന്നു. പിന്നീട്, തന്‍റെ ഉള്ളിലെ പാമ്പിന്റെ അസ്ഥി പുല്‍കി മരണത്തെ പുല്കുമ്പോഴും, രവിയുടെ മുഖത്ത് അതെ ഭാവങ്ങളാണ്- ആനന്ദമൂര്‍ച്ച്ഛയുടെ. സര്‍പ്പദംശനവും പെണ്ണിന്‍റെ ചുംബനവും ഒരേ നിര്‍വൃതി ഉളവാക്കുന്നു രവിയില്‍.

രേഖീയമായ രീതിയില്‍, ഒരു സമയത്ത് ഒരു സംഭവം എന്ന നിലയില്‍ അല്ല രംഗസംവിധാനം നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. പശ്ചാത്തലത്തില്‍ പലതും അരങ്ങേറുന്നു. എല്ലാത്തിനെയും കൂട്ടിയിണക്കിയ ഒരു ഭാവമാണ് പ്രേക്ഷകമനസ്സില്‍ സൃഷ്ടിക്കപ്പെടുക. കഥാപാത്രങ്ങളുടെ ബോധ-അബോധ മനസ്സില്‍ അരങ്ങേറുന്ന പല ചിന്തകളും കാമനകളും അങ്ങനെ സമര്‍ത്ഥമായി സമന്വയിപ്പിക്കാന്‍ ഈ അവതരണരീതി കൊണ്ട് സാദ്ധ്യമാകുന്നു. ഉദാഹരണത്തിനു രവിയും പത്മയും തമ്മില്‍ കണ്ടുമുട്ടുന്ന രംഗം. ഖസാക്ക് വിട്ടു തന്‍റെ കൂടെ വരികയില്ലേ എന്ന് പത്മ ചോദിക്കുന്നു. അവരുടെ സംഭാഷണത്തിന് സമാന്തരമായി നമ്മള്‍ നൈജാമലിയെയും കാണുന്നുണ്ട്. മൊല്ലാക്കയെ ഖബറടക്കിയതിനു ശേഷം അയാള്‍ ചന്ദനത്തിരികള്‍ കത്തിച്ചു ഭ്രാന്തമായി അന്ത്യക്രിയകള്‍ ചെയ്യുകയാണ്. കാമുകിയുമായി സംസാരിക്കുമ്പോഴും രവിയുടെ അബോധത്തില്‍ ഖസാക്ക് ആണ്. നൈജാമാലിയും മൊല്ലാക്കയും മൈമുനയും എല്ലാം ഉള്ള ഖസാക്ക്. പിന്നെ എങ്ങനെ ഖസാക്ക്‌ വിട്ടു പോരും. പരേതാത്മാക്കളുടെ ഘോഷയാത്ര വന്നു രവിയും തങ്ങളുടെ കൂടെ കൂട്ടി കൊണ്ട് പോവുകയാണെന്ന് അവസാനം.

ചന്ദ്രന്‍ വേയാട്ടുമ്മല്‍ ക്രമപ്പെടുതിയ നാടകത്തിന്റെ സംഗീതത്തെ പറ്റി എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് നാടകത്തിന്റെ തീം സോംഗ്. ബാങ്ക് വിളിയുടെ താളത്തിലുള്ള സംഗീതം നമ്മുടെ അന്തരംഗങ്ങളെ ആകമാനം ഉലയ്ക്കുന്നു. അഭൌമികമായ ഒരു അനുഭൂതി ജനിപ്പിക്കുന്നു. പരേതാത്മാക്കളുടെ ഘോഷയാത്രയ്ക്ക് ഉചിതമായ വാദ്യഅകമ്പടി. ബാങ്ക് വിളിയും വെളിച്ചപ്പാടിന്റെ അരമണികിലുക്കവും മാപ്പിളതാളവും ചെണ്ടമേളവും എല്ലാം ചേര്‍ന്ന് സങ്കലിക്കുന്ന പശ്ചാത്തലസംഗീതം ഖസാക്കിന്റെ സറിയല്‍ അന്തരീക്ഷത്തെ അനുഭവവേദ്യമാക്കുന്നു.

കേവലം ഒരു നാടകാവിഷ്കാരം എന്നതില്‍ ഉപരി ഇതൊരു പുനരാഖ്യാനമാണ്. നാടകം കണ്ട ഒരാള്‍ക്ക്‌ ദീപന്‍ ശിവരാമന്റെ സങ്കല്‍പത്തിലൂടെയല്ലാതെ ഇനി ഖസാക്കിനെ സമീപിക്കാനാവില്ല. ഖനനത്തിലൂടെ ചരിത്രത്തില്‍ നഷ്ടപ്പെട്ടതൊക്കെ അന്വേഷിച്ചു കണ്ട് പിടിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്ന മുസിരിസിന്റെ മണ്ണില്‍ ഖസാക്ക് അവതരിക്കുമ്പോള്‍, പ്രേക്ഷകരും ഖനനം നടത്തുന്നു. തങ്ങള്‍ അറിഞ്ഞ ഖസാക്കില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന്. അവനവന്റെ ഉള്ളിലേക്കും, അതുപോലെ ചരിത്രത്തിന്‍റെ പിന്നിലേക്കും ഒരു അന്വേഷണത്തിന് ആ  ഖനനം കാരണമാകുന്നു. കാരണം ഖാസക്ക് പോലെയുള്ള ഒരു മായഭൂമിയില്‍ അകപ്പെടാന്‍ നാമും കൊതിക്കുന്നുണ്ട്‌. കാലചക്രത്തിന്റെ നിര്‍ദ്ദയ കറക്കത്തില്‍ ഖസാക്കും മുസിരിസ് പോലെ വിസ്മൃതിയില്‍ മറയാന്‍ നാം താല്പര്യപ്പെടുന്നില്ല. പുസ്തകത്താളുകളിലൂടെ മാത്രം പരിചിതമായ ഖസാക്കിന്റെ അമൂര്‍ത്ത ലോകത്തിനു, ഒരു സമൂര്‍ത്ത രൂപം ലഭിച്ചതോടെ, സ്മൃതിപടത്തില്‍ ഖസാക്കിന്റെ ആയുസ് നീട്ടപ്പെട്ടിരിക്കുകയാണ്.

പണ്ട് ലോകാരംഭത്തില്‍ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളുടെ കഥ നോവലില്‍ പറയുന്നുണ്ട്. നാടകത്തില്‍ അത് ആവര്‍ത്തിക്കുന്നുമുണ്ട്. അസ്തമയത്തിന്റെ താഴ്വരയില്‍ നിന്ന് മുന്നോട്ട് നീങ്ങിയ ചെറിയ ബിന്ദ വലിയ ബിന്ദുവിനോട് പറയുന്നു. ഇതിന്റെ അപ്പുറം കാണണ്ടേ? ഏട്ടത്തി പറയുന്നു, ഞാന്‍ ഇവിടെ തന്നെ നില്‍ക്കട്ടെ. മുന്നോട്ട് പോയ ചെറിയ ബിന്ദുവിനോട് ഏട്ടത്തി പറയുന്നു. അനുജത്തി നീ ഏട്ടത്തിയെ മറക്കുമോ. ഇല്ലെന്നു അനുജത്തി വാഗ്ദാനം ചെയ്യുന്നു. യുഗങ്ങളുടെ പരിണാമാന്തരം, ഒരു പെണ്‍കുട്ടി ഒരു ചെമ്പകത്തിന്റെ പൂ നുള്ളിയെടുതപ്പോള്‍, ചെമ്പകം പറഞ്ഞു, അനുജത്തി നീ എന്നെ മറന്നുവല്ലോ. അങ്ങനെ യുഗങ്ങള്‍ക്കു മുന്‍പ് നടന്നകന്ന രണ്ടു ജീവ ബിന്ദുക്കള്‍ ആണ് മുസിരിസും ഖസാക്കും എന്ന് നമുക്ക് സങ്കല്‍പ്പിക്കാം. ഒന്നിന്റെ യാത്ര ചരിത്രത്തിന്‍റെ വീഥികളില്‍; മറ്റൊന്നിന്റെ ഭാവനയുടെ ഭ്രമണപഥത്തില്‍. ജന്മങ്ങളുടെ പരിണാമങ്ങള്‍ക്കൊടുവില്‍ മുസിരിസും ഖസാക്കും കണ്ടു മുട്ടി. പക്ഷെ, ഇത്തവണ ആരും തിരിച്ചറിയാതിരുന്നില്ല. കാരണം രണ്ടു പേര്‍ക്കും പറയാനുള്ളത് കര്മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌. 

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍