UPDATES

കശ്മീരിലെ ‘തീവ്രവാദികള്‍’; ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍ അനുഭവം

രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും 76 ദിവസം ജയില്‍ കഴിയേണ്ടി വരികയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസ് തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും 76 ദിവസം ജയില്‍ കഴിയേണ്ടി വരികയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസ് തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. കശ്മീര്‍ ലൈഫ് എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ  സ്വതന്ത്ര പരിഭാഷ. 

2016 സെപ്തംബര്‍ നാലിന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ കടലാസുകള്‍ ശരിയാക്കിയ എനിക്ക് പെട്ടെന്ന് ഒരു ലുക്ക് ഔട്ട് നോട്ടീസ് ലഭിച്ചു. ഐക്യരാഷ്ട്ര സംഘനടയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ജനീവയിലേക്ക് പുലര്‍ച്ചെ 3.30-നുള്ള വിമാനം കയറാനൊരുങ്ങുകയായിരുന്നു ഞാന്‍. എന്നോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

പിറ്റേദിവസം വൈകിട്ട് ശ്രീനഗറില്‍, രാം മുന്‍ഷി ബാഗ് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഏതാനും പോലീസുകാര്‍ എന്നെ അന്വേഷിച്ചെത്തി. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ചുമതലയുള്ള എസ്പി ഷെയ്ഖ് ഫൈസലിനെ ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ പിറ്റേ ദിവസം രാത്രി പത്തുമണിക്ക് ഹാജരാകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പക്ഷെ അന്നു രാത്രിയില്‍ തന്നെ വീണ്ടും പോലീസുകരെത്തുകയും ‘എസ്പി എന്നെ കാണാന്‍ ആഗ്രഹിക്കുന്നു,’ എന്ന് പറയുകയും ചെയ്തു. ഞാന്‍ എന്റെ കാര്‍ ഓടിച്ചെത്തി. എന്നാല്‍ തടവിലാക്കി. അതൊരു കെണിയായതിനാല്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. പിറ്റേ ദിവസം ‘വൈദ്യപരിശോധന’യ്ക്കായി എന്നെ ആശുപത്രിയില്‍ എത്തിച്ചു. എനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും എന്റെ രക്തസമ്മര്‍ദവും ഹൃദയവും സാധാരണഗതിയിലാണെന്നും ഒരു കടലാസില്‍ എഴുതുന്നതായിരുന്നു ‘പരിശോധന’.

അവരെന്ന തടവിലാക്കുകയാണെങ്കില്‍ എന്റെ കാലിന്റെ അവസ്ഥയെ കുറിച്ചും എനിക്ക് യൂറോപ്യന്‍ ക്ലോസറ്റ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നതും എഴുതണമെന്ന് ഞാന്‍ വനിത ഡോക്ടറോട് ആവശ്യപ്പെട്ടു.

‘എനിക്കെങ്ങനെ പറ്റും?’ അവര്‍ ചോദിച്ചു. ‘ഞാന്‍ ഓര്‍ത്തോപീഡിക് ഡോക്ടര്‍ അല്ല. തല്‍ക്കാലം ഇവിടൊരാളെ ലഭ്യവുമല്ല.’ പിന്നീട് എന്താണ് താന്‍ എഴുതേണ്ടതെന്ന് അവര്‍ പോലീസുകാരോട് ചോദിച്ചു.

ഒരു പരിശോധനയും കൂടാതെ എഴുതപ്പെട്ട വെറും ഒരു കടലാസ് കഷ്ണം മാത്രമായ ‘മെഡിക്കല്‍ റിപ്പോര്‍ട്ടി’ല്‍ കാലുമുറിച്ചു മാറ്റിയ ആളാണ് ഞാന്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. ആകെ കളിയാക്കുന്ന തരത്തില്‍ ഒരു ഡിഎസ്പി ഇടയ്ക്ക് ഞങ്ങളോട് പറഞ്ഞു: ‘നൂറു ശതമാനം എന്ന് പേപ്പറില്‍ രേഖപ്പെടുത്താം.’

വൈദ്യപരിശോധനയക്ക് ശേഷം ‘തഹസില്‍ദാറെ കാണുന്ന’തിനായി, എന്നെ ഡിസി ഓഫീസിലേക്ക് കൊണ്ടുപോയി. അദ്ദേഹം അവിടെയില്ലെന്ന് അവര്‍ പറഞ്ഞു. ഇരുപത് മിനിട്ടിന് ശേഷം എന്നെ കസ്റ്റഡിയില്‍ സൂക്ഷിക്കാനുള്ള ഉത്തരവ് പോലീസ് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ടില്‍ നിന്നും സമ്പാദിച്ചു. സ്വയം വാദിക്കുനുള്ള എന്റെ അടിസ്ഥാന അവകാശം എനിക്ക് നിഷേധിക്കപ്പെട്ടു. എന്റെ വക്കീലായ ശ്രീമയി നന്ദിനി ഘോഷിന് പോലും എഫ്‌ഐആര്‍ നമ്പര്‍ നല്‍കിയില്ല. എന്തെങ്കിലും നിയമപരമായ പരിഹാരം കാണാന്‍ എനിക്ക് അവസരം നല്‍കാതെ സെപ്തംബര്‍ 16-ന് അര്‍ദ്ധരാത്രിയില്‍ എന്നെ കുപ്വാരയിലേക്ക് കൊണ്ടുപോയി.

കുപ്വാര ജയിലില്‍ അഞ്ച് ബാരക്കുകളാണ് ഉള്ളത്. അന്തേവാസികള്‍ പൂന്തോട്ടത്തിലിരുന്ന് സംസാരിക്കുകയും പത്രങ്ങള്‍ വായിക്കുകയും ടിവി കാണുകയും അസ്വസ്ഥതകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

ജമാ അത്-ഇ-ഇസ്ലാമിയുടെ പ്രായമായ പ്രവര്‍ത്തകന്‍ മുഹമ്മദ് യൂസഫ് ഷെയ്ഖ് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ അല്‍താഫ് രണ്ട് വര്‍ഷം മുമ്പ് സോപൂരില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. പിഎസ്എ (പൊതു സുരക്ഷാ ചട്ടം) പ്രകാരം തടവിലാക്കപ്പെട്ട തെഹ്‌രീക്-ഇ-ഹുറിയത്തിന്റെ കുപ്വാര അദ്ധ്യക്ഷന്‍ മുഹമ്മദ് യൂസഫ് ലോണെയും ഹുറിയത്ത് നേതാവും 80-കാരനുമായ വാലി മുഹമ്മദ് ഷായും ഏപ്രില്‍ മുതല്‍ അവിടെയുണ്ട്. പത്താനില്‍ നിന്നും പിഎസ്എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഏകദേശം 17 യുവാക്കളും അവിടെയുണ്ടായിരുന്നു. ഇവരുടെ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് പോലും ലഭ്യമായിരുന്നില്ല. നിരാശരായി അവര്‍ മിക്കപ്പോഴും നിലവിളിക്കുന്നതാണ് ഞാന്‍ കണ്ടത്. ഞാനും മറ്റു മുതിര്‍ന്ന ആളുകളും മണിക്കൂറുകളോളം അവരെ ആശ്വസിപ്പിക്കുന്നതിനായി ചെലവിട്ടു.
പ്രായപൂര്‍ത്തിയാവാത്ത ചിലരും അവിടെയുണ്ടായിരുന്നു. ലോലാബില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ നിരാശനായി എപ്പോഴും കരഞ്ഞുകൊണ്ടേയിരുന്നു. ഇയാളെ പിന്നീട് പിഎസ്എ ചുമത്തി കോട്ട് ബല്‍വാലിലേക്ക് അയച്ചു. ഒടുവില്‍ കോട്ട് ബല്‍വാലില്‍ വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ ആവേശഭരിതനായി ഇങ്ങനെ പറഞ്ഞു, ‘നിങ്ങളുടെ സാന്നിധ്യത്തില്‍ ഇവിടം എന്റെ വീടുപോലെ തോന്നുന്നു.’ കോട്ട് ബല്‍വാലില്‍ മുതിര്‍ന്നവര്‍ ക്ലാസുകള്‍ എടുക്കുകയും കൂട്ട പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ഹതാശയരായ യുവാക്കള്‍ക്കായി വോളിബോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

എന്താണ് നിങ്ങള്‍ ചെയ്ത ‘കുറ്റ’മെന്ന് ഒരു ഞാന്‍ ആ കുട്ടികളോട് ചോദിച്ചു. കല്ലേറ് ആണെന്ന് അവരെല്ലാം മറുപടി നല്‍കി.

‘എനിക്കൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. അവളെ ഞാന്‍ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് അവളുടെ പിതാവ് എനിക്കെതിരേ പരാതി നല്‍കി. ഞാന്‍ അവളെ വിവാഹം കഴിച്ചിരുന്നു,‘ എന്ന് ഒരു യുവാവ് പറഞ്ഞു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് യുവാക്കള്‍ അവിടെയുണ്ടായിരുന്നു. ലോലാബിലെ സൈനിക സ്‌കൂളില്‍ നിന്നുളള ഒരു ചെറിയ കുട്ടിയും ഒരു സൈനിക തൊഴിലാളിയും. അവരെന്നെ വളരെയേറെ സഹായിച്ചു. ‘നിങ്ങള്‍ക്കെന്നെ അറിയാമോ?’ ഒരു ദിവസം ഒരാള്‍ എന്നോട് ചോദിച്ചു. ‘നിങ്ങള്‍ കാരണമാണ് ഞാന്‍ തടവിലായിരിക്കുന്നത്.’

2016 ജൂലൈയില്‍ അവരെ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീര്‍ പൗരാവകാശ മുന്നണി (ജെകെസിസിഎസ്)യില്‍ വച്ച് ഞങ്ങള്‍ക്ക് വിവരം ലഭിക്കുകയും തുടര്‍ന്ന് മന്‍സൂറിനെയും ജാഫറിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നയാളെ തന്റെ ഭാര്യയെ കൊന്നു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യം പോലും ലഭിക്കാതെ കഴിഞ്ഞ ആറുവര്‍ഷമായി അയാള്‍ ജയിലില്‍ കിടക്കുന്നു. അയാള്‍ക്കെതിരെ ആദ്യമായി കേസ് നല്‍കിയ വ്യക്തിക്ക് അയാളുടെ ജാമ്യം ദോഷം ചെയ്യുന്ന സാഹചര്യത്തിലല്ലാത്ത പക്ഷം കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കേണ്ടതാണ്.

ജഡ്ജി ശ്രദ്ധിക്കാന്‍ പോലും തയ്യാറായില്ലെ’ന്ന്, ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കും അറസ്റ്റിലായ ഒരു യുവാവ് ഇടയ്ക്കിടയ്ക്ക് എന്നോട് പറയുമായിരുന്നു. ‘ആ കുട്ടി ആത്മഹത്യ ചെയ്യുമ്പോള്‍ ഞാന്‍ ശ്രീനഗറില്‍ ജോലി ചെയ്യുകയായിരുന്നു. എന്നെ കുറ്റവിമുക്തനാക്കാന്‍ പോന്ന ശക്തമായ തെളിവുകളുണ്ട്. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. ഞാന്‍ ജയില്‍ മോചിതനായാലും ആരെയും വിവാഹം കഴിക്കില്ല. കല്ലെറിയുന്നതാണ് ഭേദം. തെറ്റായ കുറ്റാരോപണവും പിഎസ്എയും ഉണ്ടെങ്കിലും നിങ്ങള്‍ ആറു മാസം ലഭിക്കും. പക്ഷെ ഗാര്‍ഹിക പീഢനത്തിന് നിങ്ങള്‍ക്ക് ഒരിക്കലും തടവില്‍ നിന്നും രക്ഷപ്പെടാനാവില്ല. അതുകൊണ്ട് കല്ലെറിയുന്നതാണ് ഭേദം.’

khuram-2

ഒരു പാകിസ്താനിയെ വിവാഹം കഴിച്ച ബര്‍മ്മക്കാരിയായ മുസ്ലിം സ്ത്രീ അതിര്‍ത്തി കടക്കുന്നതിനിടയില്‍ അറസ്റ്റിലായി. ഗര്‍ഭിണിയായിരുന്ന അവര്‍ ജയിലില്‍ വച്ചാണ് പ്രസവിച്ചത്. നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന അവര്‍ക്ക് അന്താരാഷ്ട്ര അഭയാര്‍ത്ഥിക്കുള്ള പരിഗണന ലഭിച്ചില്ല. അതുപോലെ തന്നെ നൂര്‍ മുഹമ്മദ് തല്‍വാലിന്റെ കേസിലും പിഎസ്എ അതേ കളി തന്നെ കളിക്കുന്നു. നിയമപരമായി തന്നെ അവസാനിപ്പിച്ച ഒരു തട്ടിക്കൊണ്ടുപോകല്‍ കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്‌.

സെപ്തംബര്‍ 20ന് എന്നെ മോചിപ്പിക്കുമ്പോള്‍, കുപ്വാര പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഒരു കാര്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അറസ്റ്റ് വാറണ്ടൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കുപ്വാരയില്‍ ആയിരിക്കുമ്പോള്‍ എന്റെ വക്കീലിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചു. എന്നെ തടവിലാക്കിയിരിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നെ മോചിപ്പിക്കണമെന്നുമായിരുന്നു ഉത്തരവില്‍ ഉണ്ടായിരുന്നത്. പ്രതിഷേധത്തിനിടയില്‍ എന്നെ കുപ്വാര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

അവിടെ പോലീസിന് എന്തെങ്കിലും നിയമപരമായ രേഖകള്‍ നല്‍കാന്‍ സാധിച്ചില്ല. ‘ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീനഗറില്‍ നിന്നും വരുന്നുണ്ട്. അവരുടെ കൈയില്‍ എന്തെങ്കിലും ഉണ്ടാവും,’ എന്ന് ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വിശ്വാസ്യതയില്ലായ്മയും നിയമത്തോടുള്ള ബഹുമാനക്കുറവും എന്നെ രോഷാകുലനാക്കി. ഒരു ഡിഎസ്പി എത്തി എന്നോട് പറഞ്ഞു: ‘ഇത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങളെ മോചിപ്പിച്ചാല്‍ എന്നെ സസ്‌പെന്റ് ചെയ്യും.’

‘എന്നെ അറസ്റ്റ് ചെയ്തിരിക്കുകയാണോ?’ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. ഞാന്‍ വാതിലിലേക്ക് നടക്കാന്‍ തുടങ്ങി. ഒരു കാവല്‍ക്കാരന്‍ പാഞ്ഞെത്തി വാതില്‍ പൂട്ടി. അവരുടെ ആശയവിനിമയ രീതി അങ്ങനെയായിരുന്നു.

ഈ വാദപ്രതിവാദങ്ങളെല്ലാം നടക്കുന്നതിനിടയില്‍ ഏകദേശം അര്‍ദ്ധരാത്രിയോടെ ശ്രീനഗറില്‍ നിന്നുള്ള സംഘം എത്തി. എനിക്കെതിരേ അറസ്റ്റ് വാറണ്ട് തരാന്‍ കഴിയാതിരുന്ന അവര്‍ എന്നെ ബലംപ്രയോഗിച്ച് കൂടെ കൂട്ടി.

രാത്രി ഏകദേശം 1.45 ഓടെ ഒരു പോലീസ് കാറില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു. എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടായാലോ എന്നു ഭയന്ന എന്റെ അഭിഭാഷക ശ്രീമോയി എന്നോടൊപ്പം വരുമെന്ന് വാശിപിടിച്ചു. എന്റെ ഭാര്യയും മകനും മറ്റൊരു കാറില്‍ എന്നെ പിന്തുടര്‍ന്നു. എല്ലായിടത്തും സൈന്യമായിരുന്നു. സോപൂരില്‍ ആപ്പിള്‍ നിറച്ച ട്രക്കുകള്‍ സഞ്ചരിക്കാന്‍ സൈന്യം അനുവദിച്ചിരുന്നില്ല. യാത്രയില്‍ ഉടനീളം കണ്ണീര്‍ വാതകത്തിന്റെ കത്തിച്ച ടയറുകളുടെയും ഗന്ധം എന്നെ പിന്തുടര്‍ന്നു.

ജനീവയിലേക്ക് പോകുന്നതില്‍ നിന്നും അവരെന്നെ എന്തിനാണ് തടഞ്ഞതെന്ന് കോട്ടിബാഗില്‍ വച്ച് എനിക്ക് മനസ്സിലായി. എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലും രാജ്‌നാഥ് സിംഗിനെ കാണാതിരിക്കാന്‍ ഹൂറിയത്തിനെ പ്രേരിപ്പച്ചത് ഞാന്‍ ആണെന്നുമൊക്കെള്ള വ്യാജ ഗൂഢാലോചനകളായിരുന്നു എനിക്കെതിരെ ഉന്നയിച്ചത്. ഇത്തരം ആരോപണങ്ങള്‍ എത്രോളം സത്യവിരുദ്ധമാണെന്ന് എനിക്ക് തെളിയിക്കാന്‍ സാധിക്കുമായിരുന്നു.

വീണ്ടും എന്നെ ‘വൈദ്യ പരിശോധന’യ്ക്ക് കൊണ്ടുപോയി. ബഷീര്‍ എന്ന് പേരായ ഒരു സബ് ഇന്‍സ്‌പെക്ടര്‍ എന്നോട് വഴക്കിടാന്‍ തുടങ്ങി. ശരിയായ വൈദ്യ പരിശോധന നടപടികള്‍ സ്വീകരിക്കുന്നത് അയാള്‍ തടഞ്ഞു. ‘നിങ്ങള്‍ എന്തൊക്കെ ചെയ്താലും ആരും നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല,’ എന്നയാള്‍ പറയുകയും മുറിച്ച കാല് കാണിച്ച് തടവില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിക്കുകയും ചെയ്തു.

പിഎസ്എ രേഖകള്‍ കാണണമെന്ന് പോലീസ് സ്‌റ്റേഷനില്‍ വച്ച് ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ അത് നിഷേധിച്ചു. രാത്രി ഏകദേശം ഒമ്പത് മണിയോടെ എന്നെ കോട്ട് ബല്‍വാലയിലേക്ക് കൊണ്ടുപോവുകയാണെന്ന് അവര്‍ പറഞ്ഞു.

വകുപ്പ് 107 പ്രകാരം എനിക്കെതിരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സെപ്തംബര്‍ 18ന് എന്റെ ഭാര്യ ജില്ല കോടതിയെ സമീപിച്ചു. അദ്ദേഹം പരാതി രേഖപ്പെടുത്തുകയും അഡീഷണല്‍ ജില്ല കോടതിയിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നെ നിയമവിരുദ്ധമായാണ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സെപ്തംബര്‍ 18ന് ജില്ല കോടതിക്ക് അറിയാമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം പിഎസ്എ ഒപ്പിട്ടത്?

സെപ്തംബര്‍ 21ന് അര്‍ദ്ധരാത്രിക്ക് വാതിലുകളും സീറ്റുകളും ഇല്ലാത്ത ഒരു മിനി ബസില്‍ എന്നെ കോട്ട് ബല്‍വാലിലേക്ക് കൊണ്ടുപോയി. ആ വാഹനത്തില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. ആ വാഹനത്തില്‍ സഞ്ചരിക്കാന്‍ എന്നെ സൂക്ഷിച്ചിരിക്കുന്ന പോലീസുകാര്‍ വിസമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നു.

ദീര്‍ഘനേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം, രണ്ട് തടവുകാരായ നാസര്‍ അഹമ്മദ് മാലിക് എന്ന ഒരു വയോധികനെയും പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയത ആദില്‍ റഷീദ് എന്ന വിഷാദരോഗിയെയും വഹിച്ചുകൊണ്ട് മറ്റൊരു ബസ് നോവ്ഹാട്ട പോലീസ് സ്‌റ്റേഷനില്‍ നിന്നും എത്തി. രണ്ടുപേരെയും പിഎസ്എ പ്രകാരം അറസ്റ്റ് ചെയ്തതായിരുന്നു.

ഈ ബസിലും ജനാലകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇരിക്കാന്‍ സ്ഥലമുണ്ടായിരുന്നു. ഞാന്‍ ബസില്‍ കയറി. ലോഹങ്ങളെ പോലും ഘനീഭവിപ്പിക്കുന്ന രീതിയിലുള്ള കൊടും തണുപ്പായിരുന്നു. ദിവസങ്ങളായി ഞാന്‍ ഉറങ്ങിയിട്ടില്ലെന്ന് അറിയാമായിരുന്ന എന്റെ കുടുംബം ഭാഗ്യത്തിന് ഒരു കരിമ്പടം കൊണ്ടുവന്നിരുന്നു. ഞാനിരുന്നു കഴിഞ്ഞയുടനെ എന്റെ വെപ്പുകാല് ഞാന്‍ അഴിച്ചുമാറ്റി.

യൂണിഫോമിന് ഉള്ളിലെ മനുഷ്യരെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്റെ വെപ്പുകാല്‍ ഊരിമാറ്റിയപ്പോള്‍ അവരില്‍ ചിലര്‍ കരയുന്നത് ഞാന്‍ കണ്ടു. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു.

17 പോലീസുകാരോടൊപ്പം ഏകദേശം ഉച്ചയോടെ ഞങ്ങള്‍ കോട്ട് ബല്‍വാലില്‍ എത്തി. എന്റെ ‘വൈദ്യപരിശോധന റിപ്പോര്‍ട്ട്’ അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. ലോകത്തിന്റെ ഈ ഭാഗത്ത് നിയമം കൂടുതല്‍ വിശ്വാസ്യമാണെന്ന് എനിക്ക് പറയാന്‍ സാധിക്കും.

kashmir

ജമ്മു പോലീസ് ആശുപത്രിയില്‍ എന്നെ ഡോ. ഷെഹ്ലയുടെ അടുത്തേക്ക് കൊണ്ടുപോയി. ശരിയായ പരിശോധനയോ ടെസ്റ്റുകളോ കൂടാതെ ഒരു കടലാസില്‍ എന്തെങ്കിലും എഴുതി നല്‍കിയാല്‍ മതിയെന്ന് പോലീസുകാര്‍ അവരോട് പറയുന്നുണ്ടായിരുന്നു. ‘പിന്നീട് ഒരു നിയമപോരാട്ടത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍, നിയമം അനുശാസിക്കുന്ന രീതിയില്‍ എന്റെ വൈദ്യപരിശോധന നടത്താന്‍ നിങ്ങള്‍ തയ്യാറാവണം. അതെന്റെ അവകാശമാണ്,’ എന്ന് ഞാന്‍ അവരോട് പറഞ്ഞു.

തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ അവര്‍ എല്ലാ പരിശോധനകളും നടത്തി. ആശുപത്രി വരാന്തയില്‍ കൂടി നടക്കുമ്പോള്‍, ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ എല്ലാവര്‍ക്കും ആശ്ചര്യമുണ്ടായിരുന്നു. ‘വെറും കല്ലേറ് നടത്തിയന്നതിന്റെ പേരില്‍ എങ്ങനെയാണ് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുക?’

കശ്മീരില്‍ നിന്നും വരുന്ന തടവുകാരെല്ലാം കല്ലേറ് നടത്തിയവരാണ് എന്ന പൊതുബോധമാണ് ജമ്മുവിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ളത്. പിന്നീട് ഒരു ഓര്‍ത്തോപീഡിക് ഡോക്ടറെ കാണുന്നതിനായി എന്നെ ഗാന്ധി നഗറിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അംഗവൈകല്യം ഉള്ളവരെ തടവില്‍ നിന്നും ഒഴിവാക്കാനാവില്ല എന്നായിരുന്നു അദ്ദേഹം എന്നോട് ആദ്യം പറഞ്ഞ കാര്യം. എന്റെ അവസ്ഥയെക്കുറിച്ചും എനിക്കാവശ്യമുള്ള പരിതസ്ഥിതിയെ (ഒരു വെസ്റ്റേണ്‍ കമ്മോഡ്) കുറിച്ചും എഴുതുകയാണ് അദ്ദേഹത്തിന്റെ ജോലിയെന്ന് ഞാന്‍ പറഞ്ഞു.

ഗേറ്റിലെത്തിയപ്പോള്‍ എന്നെ കൈവിലങ്ങ് അണിയിച്ചിട്ടില്ലെന്ന് ശ്രദ്ധിച്ച അവര്‍, എന്നെ കൈവിലങ്ങ് ധരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. നിന്ദയും ആക്രണോത്സുകതയും കലര്‍ന്നതായിരുന്നു അവരുടെ പെരുമാറ്റം. ഞാന്‍ ശ്രീനഗറില്‍ വച്ച് അണിഞ്ഞിരുന്നില്ലെന്നും ഇനി ജമ്മുവില്‍ വച്ച് അണിയില്ലെന്നും ഞാന്‍ അവരോട് പറഞ്ഞു.

‘അത്തരം കാര്യങ്ങള്‍ കശ്മീരില്‍ നടക്കും, ഇവിടെ നടക്കില്ല,’ എന്ന് ജയിലര്‍ എന്നോട് പറഞ്ഞു. അദ്ദേഹം ആഗ്രഹിക്കുന്നത് കൊണ്ടു മാത്രം ഒരേ സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളില്‍ വ്യത്യസ്ത നിയമങ്ങളാണോ പാലിക്കപ്പെടുന്നത് എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നതെന്ന് ഞാന്‍ ചോദിച്ചു.

കോമ്പൗണ്ടിനകത്ത് ഏകദേശം 75 വയസുവരുന്ന ഒരു വൃദ്ധന്‍ കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ചു. പക്ഷെ ഏഴുന്നേറ്റ് നില്‍ക്കാന്‍ അവര്‍ അദ്ദേഹത്തോട് ആക്രോശിച്ചു.

അകത്ത്, പിന്നീട് അപമാനിക്കുന്ന തരത്തിലുള്ള പരിശോധന പ്രക്രിയയായിരുന്നു. എന്റെ പക്കല്‍ ഒരു സ്യൂട്ട്‌കേസും (എന്നാല്‍ വിദേശവസ്ത്രങ്ങള്‍ കുത്തിനിറച്ച മൂന്ന് സ്യൂട്ട്‌കേസുകള്‍ എന്റെ പക്കലുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം) എന്റെ വെപ്പുകാലും ഒരു ക്രച്ചസുമാണ് ഉണ്ടായിരുന്നത്.

എന്റെ സ്യൂട്ട്‌കേസ് തുറക്കുകയും സാധാനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തു. വസ്ത്രങ്ങള്‍ കെട്ടിവെക്കുന്ന കയറുവരെ പരിശോധിക്കുകയും പേപ്പറുകള്‍ പുറത്തെടുക്കുകയും ചെയ്തു. അത്യാവശ്യത്തിന് മാത്രം തുറക്കാന്‍ കഴിയുന്ന എന്റെ ക്രച്ചസുകള്‍ വേര്‍പ്പെടുത്തി നോക്കി. പരിശോധിക്കാനായി എന്റെ വെപ്പുകാല്‍ അഴിച്ചുമാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനുള്ള ഫോം ഇളക്കി മാറ്റി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തുകൊണ്ട് അതിന്റെ എക്‌സ്-റേ എടുത്തുകൂടെന്ന് ഞാന്‍ ചോദിച്ചു. ഒമ്പത് ലക്ഷം രൂപ വിലവരുന്ന വെപ്പുകാലായിരുന്നു അത്. യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

എന്തിനാണ് ഞാന്‍ കല്ലെറിയാന്‍ പോയതെന്ന് ചോദിക്കാനുള്ള ധാര്‍ഷ്ട്യവും പരിശോധനയുടെ അവസാനം അദ്ദേഹം പ്രകടിപ്പിച്ചു. എന്റെ ഷൂസും വസ്ത്രങ്ങളും പരിശോധിക്കലാണ് അദ്ദേഹത്തിന്റെ ജോലിയെന്നും അല്ലാതെ ഞാന്‍ എന്തിനിവിടെ എത്തിയെന്ന് അന്വേഷിക്കലല്ലെന്നും ഞാന്‍ അദ്ദേഹത്തെ രോഷത്തോടെ ഓര്‍മ്മിപ്പിച്ചു.

ഞാന്‍ എന്റെ ക്രച്ചസില്‍ ഊന്നിനില്‍ക്കെ ഒരു കസേരയില്‍ ഇരിക്കാന്‍ ഒരു കാവല്‍ക്കാരന്‍ എന്നോട് ആവശ്യപ്പെട്ടു. ആ വൃദ്ധനും ഒരു കസേര കൊടുക്കാതെ ഞാന്‍ ഇരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഇരിക്കേണ്ട ആവശ്യമില്ലെന്ന് അവര്‍ എന്നെ അറിയിച്ചു. എന്തായാലും അദ്ദേഹത്തെ ഞാന്‍ ഒരു കസേരയില്‍ ഇരുത്തിച്ചു. ഷാഫി ഖാനായിരുന്നു ആ വൃദ്ധന്‍.

കശ്മീരില്‍ നിന്നും കല്ലേറ് നടത്തുന്നവരെ കൊണ്ടുവന്ന്‍ നഗ്നരാക്കി കാലുകള്‍ വലിച്ചകത്തി ടോര്‍ച്ച് തെളിയിച്ച് അവരുടെ പിന്‍ഭാഗം പരിശോധിക്കുന്നത് ഈ പരിശോധന സ്ഥലത്തു വച്ചാണ്. ഈ ലൈംഗിക അപമാനത്തിനെ കുറിച്ച് ഞാന്‍ പിന്നീട് എസ്പിയോട് സംസാരിച്ചു.

നിങ്ങള്‍ കല്ലെറിയുന്ന ഒരാളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ എന്തിനാണ് അയാളെ ഒരു തീവ്രവാദിയായി മാറ്റുന്നതെന്ന്,’ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

അവിടെവെച്ച് ആദ്യമായി എനിക്കെതിരായ കുറ്റപത്രത്തിന്റെ ഒരു പകര്‍പ്പ് എനിക്ക് ലഭിച്ചു. എന്നെ കുറ്റക്കാരനാക്കുന്ന അവ്യക്തമായ വിശദീകകരണങ്ങളും എന്റെ ‘കുറ്റങ്ങളും’ ആയിരുന്നു അതില്‍. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പാകിസ്ഥാനുമായി ചേര്‍ന്ന് അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയതിനെ കുറിച്ച് ഞാന്‍ അതില്‍ വായിച്ചു.

ഞാന്‍ ഹുറിയത്തിനെ തടഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. കശ്മീരില്‍ നേതാവില്ലെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. പക്ഷെ അവര്‍ നേതാക്കന്മാരില്ലാത്തവരായതിന് എങ്ങനെ ഹുറിയത്തിനെയും എന്നെയും കുറ്റക്കാരാക്കാന്‍ സാധിക്കും?

2004ല്‍ ഹ്യൂമണ്‍ റിസോഴ്‌സസ് എന്നൊരു സംഘടനയ്ക്ക് ഞാന്‍ തുടക്കം കുറിച്ചതായി പിഎസ്എ അവകാശപ്പെടുന്നു. അങ്ങനെയൊന്ന് ഞാന്‍ രൂപീകരിച്ചിട്ടില്ല. 2000 ജൂണ്‍ 20 മുതല്‍ ഞാന്‍ ജെകെസിസിയുമായി സഹകരിച്ചുവരികയാണ്.

ഷെയ്ഖ് പര്‍വേസ് അഹമ്മദിന്റെ പുത്രന്‍ ഖുറാം പര്‍വേസാണ് ഞാന്‍.

പക്ഷെ മന്‍സൂര്‍ അഹമ്മദിന്റെ പുത്രന്‍ ഖുറാം മന്‍സൂര്‍ എന്ന് എക്‌സിക്യൂട്ടീവ് മജിസ്ട്രറ്റ് എനിക്ക് പുനര്‍നാമകരണം ചെയ്തു. എന്റെ എഫ്‌ഐആര്‍ രേഖകളില്‍ ഇതേ പേര് തന്നെയാണ് ഉള്ളത്. അതുപോലെ എനിക്ക് 34 വയസുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ നിന്നും തന്നെ എന്നെക്കുറിച്ചുള്ള അവരുടെ അറിവ് വ്യക്തമാണ്. എന്നിട്ടും എന്നെ സര്‍ക്കാര്‍ ഭാഷയില്‍ ‘കൈകാര്യം’ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളയാള്‍ എന്ന് വിശേഷിപ്പിക്കുന്നു.

കോട്ട് ബല്‍വാലില്‍ കശ്മീര്‍ മുസ്ലിങ്ങള്‍ക്ക് ദിവസം നേരത്തെ ആരംഭിക്കും. എണ്‍പത് തടവുകാര്‍ക്ക് വെറും നാലെണ്ണം മാത്രമുള്ള കുളിമുറികളുടെ മുന്നില്‍ അവര്‍ രാവിലെ മൂന്ന് മണിമുതല്‍ ക്യൂ നില്‍ക്കേണ്ടി വരും. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും നിര്‍ബന്ധിത തലയെണ്ണലിനുമായി അതിരാവിലെ തന്നെ ലോക്കപ്പുകള്‍ തുറക്കപ്പെടും. രാവിലെ ആറുമണിക്ക് ഞങ്ങള്‍ കശ്മീര്‍ മുസ്ലീങ്ങള്‍ പൂന്തോട്ടത്തിലെത്തി ദിവസത്തിന് തുടക്കം കുറിക്കും. ‘എന്റെ ജയിലില്‍ കശ്മീര്‍ മുസ്ലീങ്ങള്‍ കൂടുതലുണ്ടെങ്കിലും എനിക്ക് പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുണ്ട്,’ എന്നു ജയില്‍ സൂപ്രണ്ട് ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘അവര്‍ അച്ചടക്കമുള്ള മനുഷ്യരാണ്.’

ഓരോ തടവ് ബ്ലോക്കുകളിലും രണ്ട് കെട്ടിടങ്ങള്‍ വീതമുണ്ട്. അതില്‍ ഓരോന്നിലും നാല് ബാരക്കുകള്‍ വെച്ച് മൊത്തം എട്ട് ബാരക്കുകള്‍. ഞങ്ങളുടെ ബ്ലോക്കില്‍ രണ്ട് ബാരക്കുകളാണുള്ളത്. ഒരു കെട്ടിടത്തിലെ രണ്ട് ബാരക്കുകള്‍ കശ്മീര്‍ മുസ്ലീങ്ങള്‍ക്ക് മാത്രമുള്ളതാണ്. മറ്റ് രണ്ടെണ്ണം പൂര്‍ണമായും ഹിന്ദുക്കള്‍ക്കും. ഓരോ ബാരക്കുകളിലും നാല് മുറികള്‍ വീതമാണുള്ളത്. എന്നാല്‍ തടവറയുടെ കോമ്പൗണ്ട് പൊതുവാണ്. ഓരോ ബ്ലോക്കിലും നാല്‍പതു പേര്‍ക്കാണ് താമസിക്കാന്‍ സാധിക്കുക. എന്നാല്‍ 80 പേര്‍ എത്തിയതോടെ തടവറയില്‍ തീരെ ഇടമില്ലാത്ത അവസ്ഥയിലായിരിക്കുന്നു.

രാവിലെ താമസിച്ചെഴുന്നേല്‍ക്കുന്ന ഹിന്ദുക്കള്‍ ഒരു ദിവസം കുപിതരായി. കൂട്ടംകൂടി വന്ന അവര്‍ മുന്നറിയിപ്പില്ലാതെ മുസ്ലീം തടവുകാരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ജയില്‍ അധികാരികള്‍ ഇടപെട്ടു. വിചിത്രമെന്ന് പറയട്ടെ, കശ്മീരി യുവാക്കളെയാണ് ഏകാന്ത തടവിന് ശിക്ഷിച്ചത്. അവരുടെ തടവറകള്‍ ദിവസത്തില്‍ രണ്ടു മണിക്കൂര്‍ മാത്രം തുറക്കുന്നു. തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം അവരെ മറ്റ് ബാരക്കുകളിലേക്ക് മാറ്റി.

മൂന്നാം ബ്ലോക്കിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഈ ബ്ലോക്കില്‍ ‘ഞങ്ങള്‍’ക്കായി രണ്ട് ബാരക്കുകളാണ് ഉണ്ടായിരുന്നത്. എനിക്കും പിന്നെ തെഹ്‌രീക്-ഇ-ഹൂറിയത്തുകാര്‍ക്കും. എനിക്ക് ഉറങ്ങാനായി ഒരു ഡണ്‍ലപ് മെത്ത തന്നിരുന്നു. പക്ഷെ തടവ് മുറിയുടെ നിലത്ത് ഉറുമ്പും പാറ്റയും തേളും കൂടുകെട്ടിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറായി.

സംവാദങ്ങള്‍ ഒഴിവാക്കുന്ന തരത്തില്‍ ഞങ്ങളെയും യുവ പ്രതിഷേധക്കാരെയും അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി ബോധപൂര്‍വമാണ് മാറ്റിപ്പാര്‍പ്പിക്കല്‍ നടത്തിയതെന്ന് പിന്നീട് ഞാന്‍ മനസിലാക്കി.

ജയിലിലെ ഭക്ഷണത്തിന് പോഷണത്തിന്റെ അഭാവം പ്രകടമാണ്. ഒരിക്കല്‍ ഉറക്കത്തില്‍ എന്റെ രക്തസമ്മര്‍ദം വല്ലാതെ താഴുകയും വിരലുകള്‍ മരവിച്ചപ്പോള്‍ ഞാന്‍ വല്ലാതെ ഭയപ്പെടുകയും ചെയ്തു. എനിക്ക് സ്പര്‍ശസംവേദനം നഷ്ടമായി. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. വളരെ വില കൂടിയ വൈറ്റമിന്‍ ഗുളികളാണ് ആശുപത്രിയില്‍ നിന്നും എനിക്ക് ലഭിച്ചത്. തടവറയിലെ ഭക്ഷണത്തില്‍ പോഷകക്കുറവുണ്ടെന്നും ആരോഗ്യകരമായ നിലനില്‍പ്പിന് അത് മതിയാവില്ലെന്നും ഡോക്ടര്‍ എന്നോട് പറഞ്ഞു.

അവര്‍ ഞങ്ങള്‍ക്ക് വളരെ വിലക്കൂടിയ മരുന്നുകള്‍ നല്‍കും, എന്നാല്‍ മര്യാദയ്ക്കുള്ള ഭക്ഷണം തരില്ല എന്നതാണ് അതിലെ വിരോധാഭാസം. വൈറ്റമിന്‍ ഗുളികള്‍ക്ക് വലിയ പരസ്യ ആകര്‍ഷണം ഉണ്ടെന്നതാണ് ഇതിന് കാരണം.

എന്നാല്‍ ജയിലിലെ ഡോക്ടര്‍ സര്‍ക്കാരിനോട് പരാതിപ്പെട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ജയിലിലെ അന്തേവാസികളുടെ ചെലവില്‍ അദ്ദേഹം നിശബ്ദത പാലിച്ചു.

ബ്ലോക്കിന്റെ മറുവശത്ത്, 2013-ല്‍ ലേയില്‍ ഉദ്യോഗസ്ഥര്‍ക്കതിരേ സൈനിക കലാപം നടത്തിയതിന് കോര്‍ട്ട് മാര്‍ഷല്‍ നടത്തി ശിക്ഷിക്കപ്പെട്ട നാല്‍പതുപേരില്‍ രണ്ടു സൈനികരെ പാര്‍പ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു പീഢന സംഭവത്തില്‍ പ്രതിഷേധിക്കുകയായിരുന്നു അവര്‍. ഒരു വര്‍ഷത്തെ ഏകാന്ത തടവില്‍ അവരുടെ ആരോഗ്യം വല്ലാതെ ക്ഷയിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ട മിക്കവരെയും അവരുടെ ജില്ലകളിലേക്ക് അയച്ചു. അവശേഷിച്ച രണ്ടുപേരില്‍ ഒരാളെ സമീപകാലത്ത് തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു. എന്നാല്‍ പീഡന ആരോപണം പിന്നീട് തെറ്റായിരുന്നു എന്ന് തെളിഞ്ഞു.

ബനാറസില്‍ നിന്നുള്ള സതീന്ദര്‍ സിംഗ് അവരില്‍ ഒരാളാണ്. തൊണ്ടയില്‍ പൊള്ളല്‍ പോലെയുള്ള വികാരം ഉണ്ടായ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം ഒരു ദിവസം വല്ലാത വര്‍ദ്ധിച്ചു. ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന് കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് ആ ബ്ലോക്കില്‍ മുഴുവന്‍ നിശബ്ദത നിറഞ്ഞുനിന്നു. പിന്നീട് ഞാന്‍ അദ്ദേഹവുമായി വളരെ അടുത്തു. ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ തന്റെ ഒരു സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മഞ്ഞിലേക്ക് വലിച്ചെറിയുകയും അവിടെ കിടന്ന് മരവിച്ച് മരിച്ചുപോവുകയും ചെയ്തായി അദ്ദേഹം ആരോപിച്ചു. ദേഹം മുഴുവന്‍ മുറിവ് പറ്റിയ മനുഷ്യനെ പ്രത്യേകിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായി.

kuram-4

കോട്ട് ബല്‍വാലയിലെ പകുതിയും തെഹ്രീക്-ഇ-ഹുറിയത്തുകാരാണ്. രണ്ട് പിതാക്കന്മാരെ അവരുടെ പുത്രന്മാരോടൊപ്പം ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. സാദേര്‍കോട്ടില്‍ നിന്നുള്ള 78-കാരനായ ഗുലാം നബി ദാറിനൊപ്പം പുതന്‍ സഹൂര്‍ അഹമ്മദ് ദാറും ഉണ്ട്. റായീസ് അഹമ്മദ് മിര്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. ദുര്‍ഗുണ പരിഹാര കേന്ദ്രത്തിലേക്ക് അയാളെ മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പോരാടുകയും, കോടതി ഉത്തരവ് ലംഘിച്ചതിനെ ചോദ്യം ചെയ്തു എന്ന ഒറ്റ കുറ്റത്തിന്റെ പേരില്‍ അയാളുടെ പിതാവ് ബഷീറിനെ കോട്ട് ബല്‍വാല്‍ ജയിലില്‍ തടവിലാക്കിയിരിക്കുകയാണ്.

ബരാമുള്ളയില്‍ പകീസ ഹോട്ടല്‍ നടത്തിയിരുന്ന സഹോദരന്മാരായ ബഷീര്‍ അഹമ്മദും ഫറൂഖ് അഹമ്മദ് സൗലിഹും അവിടെയുണ്ട്.

തങ്ങള്‍ കല്ലേറ് നടത്തിയിട്ടില്ലെന്നാണ് ഞാന്‍ സംസാരിച്ച പലരും എന്നോട് പറഞ്ഞത്. അവര്‍ അത് തടയാന്‍ ശ്രമിച്ചതായി അവരുടെ പിഎസ്എകള്‍ പറയുന്നു. ചരാര്‍ ഷെരീഫില്‍ നിന്നുള്ള ഹുറിയിത്ത് നേതാവായ ഗുലാം അഹമ്മദ് ഹബ്ബി, കല്ലെറിയരുതെന്നും ലഷ്‌കര്‍-ഇ-തോയിബയെ പിന്തുണയ്ക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ അന്യാദൃശ്യങ്ങളാണ്. ഏകാന്ത തടവില്‍ ആളുകളെ പാര്‍പ്പിക്കുന്നതിനെതിരേയും തടവുകാരുടെ ആസനം പരിശോധിക്കുന്നത് നിരോധിക്കുന്നതിന് വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി.

തങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ജയിലില്‍ എത്തിയിതെന്നാണ് മിക്ക തടവുകാരുടെയും പരാതി എന്നതാണ് അത്ഭുതകരം. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടയ്ക്കുന്നത് അപമാനമാണെന്നും അവജ്ഞ സൃഷ്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

സോപോരില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അവാമി ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗുലാം നബി സാക്കിയെ 20-25 ദിവസം സോപൂരിലെ പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചു. അതിന് ശേഷം അദ്ദേഹത്തിന് അവിടെ ആവശ്യത്തിന് ഇടമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവിടെ നിന്നും കോട്ട് ബല്‍വാലയിലേക്ക് കൊണ്ടു വന്ന അദ്ദേഹത്തോട് അദ്ദേഹത്തിനെതിരെ പിഎസ്എ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു കുറ്റപത്രവും അദ്ദേഹത്തിന് നല്‍കിയിട്ടില്ല. സ്വന്തം കുടുംബത്തിനെ കാണാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ല.

ഉപദേശക സമിതി വളരെ അപൂര്‍വമായി മാത്രമാണ് യോഗം ചേരുന്നത്. കുറ്റാരോപിതര്‍ കുറ്റവാളികളാണെന്ന് പ്രഖ്യാപിക്കുന്ന ഒരു വിധിയും വരാറില്ല. ഇത് കണക്കുകള്‍ പ്രകാരമുള്ള ഒരു അസാധാരണത്വമാണ്. ഒരു രാഷ്ട്രീയ തടവുകാരന്‍ കുറ്റവാളിയാവുന്നില്ല. എന്നാല്‍ പിഎസ്എ പ്രകാരം കസ്റ്റിഡിയിലാവുന്നവര്‍ തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി തരംതാണ ജോലികള്‍ ചെയ്യേണ്ടി വരുന്നു.

ഏകദേശം 250 ആളുകളോട് ഞാന്‍ സംസാരിച്ചു. ഇവരില്‍ ഒരാളെ പോലും തഹസില്‍ദാറിന്റെ അടുത്തേക്കോ ജില്ല കോടതിയിലേക്കോ കൊണ്ടുപോയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കെയാണ് മിക്കവര്‍ക്കെതിരെയും പിഎസ്എ ചുമത്തിയിരിക്കുന്നത്. നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ എങ്ങനെയാണ് പിഎസ്എ ചുമത്താന്‍ സാധിക്കുക?

നവംബര്‍ 29ന് കോടതി എന്ന സ്വതന്ത്രനാക്കി. കോടതി ഉത്തരവിനെ നഗ്നമായി ലംഘിച്ചുകൊണ്ട് എന്നെ ജെഐസിക്ക് കൈമാറുകയായിരുന്നു. മീരാന്‍ സാഹിബ് ഒരു വാനില്‍ എന്നെ ജെഐസിയിലേക്ക് കൊണ്ടുപോവുകയും ആ രാത്രി ഞാന്‍ അവിടെ ചിലവഴിക്കുകയും ചെയ്തു.

പിറ്റേന്ന് പ്രഭാതത്തില്‍ എന്നെ സ്വതന്ത്രനാക്കാനുള്ള നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് എസ്എസ്പി സിഐഡിയും ഡിഎസ്പിയും അറിയിച്ചു.

ജെഐസിയില്‍ ചിലവഴിച്ച ദിവസം, ദീര്‍ഘ മണിക്കൂറകള്‍ നീളുന്ന ജോലിക്ക് ശേഷം അവിടുത്തെ ജീവനക്കാര്‍ക്ക് കിടക്കാന്‍ പോലുമുള്ള സൗകര്യങ്ങളില്ലെന്ന് ഞാന്‍ കണ്ടു. ഇതൊക്കെയായിട്ടും അവര്‍ എന്നോട് മാന്യമായി പെരുമാറി. അവരുടെ സ്വന്തം കരിമ്പടം എനിക്ക് നല്‍കി. അവരെന്നെ നന്നായി സംരക്ഷിക്കുകയും ചെയ്തു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍