UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

സോമി സോളമന്‍

വിദേശം

ജനാധിപത്യം തന്നെയാണ് വലുത്; പേടിയുടെ ഒരു ടാന്‍സാനിയന്‍ തിരഞ്ഞെടുപ്പുകാലം

ടാന്‍സാനിയയില്‍ വന്നിട്ട് നാലാം കൊല്ലം. അമാനിഗ്രാമത്തില്‍ രണ്ടാമത്തെ വര്‍ഷം. കഴിഞ്ഞ വര്‍ഷം കിച്ചങ്കനി ലൈബ്രറി എന്ന ആശയവുമായി ഗ്രാമത്തലവനെ ആദ്യമായി കാണാന്‍ പോകുമ്പോള്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നു. ക്യാംപെയിന്‍ സ്ഥലത്ത് വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും ലൈബ്രറിക്ക് കെട്ടിടം അനുവദിക്കാമെന്ന്‍ വാക്കാല്‍ പറയുന്നതും. തിരഞ്ഞെടുപ്പ് പ്രചരണം കാണാന്‍ നല്ല രസമായിരുന്നു. പ്രസംഗങ്ങള്‍ എല്ലാം കാണികളുമായി സംവദിച്ചുള്ളതാണ്. ചോദ്യങ്ങളും ഉത്തരങ്ങളും. പ്രസംഗങ്ങള്‍ക്ക് ശേഷം കലാപരിപാടി ഉണ്ടാകും. കാണികള്‍ മുഴുവന്‍ ആടിപ്പാടും. കുട്ടികളും മുതിര്‍ന്നവരും ഒപ്പത്തിനൊപ്പം. ഒരു ഉത്സവമേളം പോലെയാണത്. ഉത്സവത്തിനോ പെരുന്നാളിനോ പോലും ഇത്രയും പങ്കാളിത്തം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഇതായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കാഴ്ച.

 

ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിനായിരുന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ടാന്‍സാനിയ തിരഞ്ഞെടുപ്പിലേക്ക് ഇളകി മറിയുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. ഒരു ജനാധിപത്യ രാജ്യത്തെ എല്ലാ പൌരന്മാരും ജനവിധിയില്‍ പങ്കാളികളാകുന്ന കാഴ്ച. ഗ്രാമങ്ങളിലും നഗരങ്ങളിലും തിരഞ്ഞെടുപ്പ് ഒരു വികാരമായി മാറുന്നത് കാണാമായിരുന്നു. 

 

Chama Cha Mapinduzi (Party of the Revolution) അഥവാ CCM (1977-ല്‍ Tanganyika African National Union (TANU) ഉം  Afro-Shirazi Party (ASP) ചേര്‍ന്ന് രൂപീകരിക്കപ്പെട്ടത്‌) ആണ് സ്വാതന്ത്ര്യാനന്തര ടാന്‍സാനിയയില്‍ തുടര്‍ച്ചയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. Chadema എന്ന റൈറ്റ് വിംഗ് പാര്‍ട്ടിയാണ് CCM-ന്റെ എതിര്‍പക്ഷം. എന്നാല്‍ 2015-ലെ ഈ തിരഞ്ഞെടുപ്പില്‍ CUF (Civil United Front), NLD (National League for Democracy) എന്നീ പാര്‍ട്ടികള്‍ Chadema-യുമായി ചേര്‍ന്ന് NCCR-Mageuzi Umoja wa Katiba ya Wananchi (UKAWA)- ‘ഉകവ’- രൂപീകരിച്ചു. CCMല്‍ നിന്നും പ്രസിഡണ്ട്‌ സ്ഥാനാര്‍ഥി പദം ലഭിക്കാതെ ഇറങ്ങി വന്ന ലൊവസ്സയെ അവര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. CCM ‘ബുള്‍ഡോസര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോണ്‍ മഗുഫുലിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി.

 

 

സംഘര്‍ഷഭരിതമായ ഒരു തിരഞ്ഞെടുപ്പ് കാലാവസ്ഥയെ അന്താരാഷ്ട്ര സംഘടനകള്‍ മുന്‍പില്‍ കണ്ടു. പാര്‍ട്ടികളില്‍ നിന്നും അടിയൊഴുക്കുകള്‍ ശക്തമായി. ലോവസ്സയെ പിന്താങ്ങുന്ന ഒരുപാടുപേര്‍ CCM-ല്‍ നിന്നും chadema-യിലേക്ക് കൂറുമാറിത്തുടങ്ങി. ചാടെമയ്ക്ക് സാധ്യതകള്‍ പ്രവചിച്ചു തുടങ്ങി. ജനങ്ങള്‍ സി.സി.എമ്മില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ മാറ്റം ചാടെമയ്ക്ക് മാത്രമേ കൊണ്ടുവരാന്‍ കഴിയൂ എന്നും പ്രചാരണങ്ങള്‍ ശക്തമായി. അധികാരനഷ്ടം അക്രമത്തിലേക്ക് വഴിവയ്ക്കുമെന്നും ടാന്‍സാനിയയില്‍ ഭരണ അസ്ഥിരത വരുമെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങി. തിരഞ്ഞെടുപ്പ് അടുക്കുംതോറും സംഘര്‍ഷസാധ്യത വര്‍ദ്ധിച്ചു. അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സംഘടനയും മറ്റു എജന്‍സികളും തങ്ങളുടെ ആളുകളോട് ദാര്‍ എസ് സലാം നഗരം ഒഴിവാക്കാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ നല്കി. കടകളില്‍ സാധനങ്ങള്‍ കിട്ടാതെയായിത്തുടങ്ങി.
തിരഞ്ഞെടുപ്പിന് ശേഷം കടകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുമെന്നും മോഷണവും പിടിച്ചുപറിയും കലാപവും ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പരന്നു തുടങ്ങി. ഭക്ഷണ സാധങ്ങളും കുടിവെള്ളവും എണ്ണയും മറ്റു അവശ്യസാധനങ്ങളും ശേഖരിച്ചു വെയ്ക്കാന്‍ നിര്‍ദേശങ്ങള്‍ വന്നു. ജനറേറ്ററുകള്‍ക്കും വണ്ടികള്‍ക്കും വേണ്ട എണ്ണ വാങ്ങി വെയ്ക്കണമെന്നും നിര്‍ദേശങ്ങള്‍ വന്നു.

 

വോട്ടിടുന്ന അന്ന്. പോളിംഗ് കേന്ദ്രത്തിന്റെ 200 മീറ്ററിനുള്ളില്‍ കൂട്ടംകൂടി നിന്നാല്‍ വെടിവെയ്ക്കും എന്ന് ഓര്‍ഡര്‍ വന്നു. ദാര്‍-എസ്-സലാം നഗരത്തിന്റെ സുരക്ഷാ ഉത്തരവാദിത്തം സൈന്യം ഏറ്റെടുത്തു. തിരക്കേറിയ റോഡുകള്‍ ശൂന്യമായി. ഭയം എവിടെയൊക്കെയോ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. അരക്ഷിതാവസ്ഥ പിടിമുറുക്കുന്നുണ്ടായിരുന്നു.

 

തിരഞ്ഞെടുപ്പ് ദിനത്തില്‍ സാന്‍സിബാറില്‍ നിന്നും വെടിവയ്പ്പ് വാര്‍ത്തകള്‍ വന്നുതുടങ്ങി. ഭയം എല്ലാവരെയും ബാധിച്ചിരുന്നു. പക്ഷെ ടാന്‍സാനിയ ഇതിനെയും തരണം ചെയ്യുമെന്നും സുരക്ഷിതത്വബോധം തിരിച്ചുവരുമെന്നും ഉറപ്പുണ്ടായിരുന്നു.

 

സാന്‍സിബാര്‍ ലക്ഷദ്വീപ് പോലെയുള്ള പ്രദേശമാണ്. ടാന്‍സാനിയ മെയിന്‍ ലാന്‍ഡില്‍ നിന്നും അകലെ. അവിടെ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനു മുന്‍പ് തന്നെ പ്രതിപക്ഷം പത്രസമ്മേളനം വിളിച്ചു ജയിച്ചതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാന്‍സിബാറിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി. മെയിന്‍ ലാന്‍ഡ് ടാന്‍സാനിയയിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പല വാര്‍ത്തകളും വാട്സാപ്പില്‍ പ്രചരിച്ചു. ഔദ്യോഗിക വിശദീകരണവും ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലവുമല്ലാതെ വേറെ ഒന്നും വിശ്വസിക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

 

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി കിച്ചങ്കനി ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ സുരക്ഷാഭടന്മാര്‍ ചുറ്റുന്നുണ്ടായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന അമാനിയിലേക്ക് ഒരുപക്ഷെ ആക്രമണമുണ്ടായേക്കാം എന്നും മോഷണശ്രമങ്ങള്‍ ഉണ്ടായേക്കാം എന്നുമുള്ള മുന്‍വിധികളില്‍ മുന്‍കരുതല്‍ എടുത്തു തുടങ്ങി. ഒരുപക്ഷെ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും അത്യാവശ്യ ചിലവിനുള്ള പൈസയും മാറ്റിവയ്ക്കാമെന്നും പിന്നെ അവര്‍ക്ക് എടുക്കേണ്ടത് ഒക്കെ എടുക്കുമ്പോള്‍ പ്രശ്നമുണ്ടാകില്ല എന്നും സ്വയം ധരിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ച് എന്തെങ്കിലും അടിയന്തിരഘട്ടമുണ്ടായാള്‍ ബന്ധപെടാനുള്ളതൊക്കെ ശരിയാക്കി. 

 

ഭയം മുറുകുമ്പോള്‍ യാഥാര്‍ഥ്യത്തേക്കാള്‍ കൂടുതല്‍ മുന്‍വിധികള്‍ ആയിരുന്നു മനസിനെ ഭരിച്ചിരുന്നത്. ആഫ്രിക്കയെ സ്ഥിരമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന കലാപങ്ങളും അക്രമങ്ങളും വന്നുനിറയുകയായിരുന്നു മനസ്സില്‍. ഭയത്തെ അതിജീവിക്കാനും സുരക്ഷിതത്വം ഉറപ്പിക്കാനുമായി കിച്ചങ്കനി ഗ്രാമത്തലവനെ കണ്ടു; ഒന്നും സംഭവിക്കില്ല എന്നും ഗ്രാമവാസികള്‍ ഒപ്പമുണ്ടെന്നും അവര്‍ ഉറപ്പുതന്നു.

 

ആ ഉറപ്പ് സത്യമായിരുന്നു. മെയിന്‍ ലാന്‍ഡില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. സി.സി.എം സ്ഥാനാര്‍ഥി മഗുഫുലി ജയിച്ചു. രാജ്യം സമാധാനത്തോടെ ജനവിധി നേരിടണം എന്ന് പരാജയപ്പെട്ട പ്രതിപക്ഷ കഷികള്‍ പ്രഖ്യാപിച്ചു. ടാന്‍സാനിയന്‍ ജനതയുടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഊട്ടി ഉറപ്പിച്ചു കൊണ്ട്  ‘ഹാപ്പ കാസി റ്റൂ’ (We’re here to work) എന്ന ലക്ഷ്യവുമായി വന്ന കര്‍ഷകനും കെമിസ്ട്രി പ്രൊഫസറുമാരുന്ന ജോണ്‍ മഗുഫുലി ടാന്‍സാനിയയുടെ അഞ്ചാമത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടാന്‍സാനിയയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് സുലുഹു ഹസ്സനും അധികാരത്തിലെത്തി. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ റോബര്‍ട്ട് മുഗാബെയും കെനിയയില്‍ നിന്നും ഉഹ്രു കെനിയാത്തയും റുവാണ്ടയില്‍ നിന്നും പോള്‍ കഗമയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

അധികാരത്തിലേറിയ അന്നുമുതല്‍ പുതിയ മാറ്റങ്ങളുമായി ടാന്‍സാനിയ മുന്നേറിക്കൊണ്ടിരിക്കുന്നു. ഭരണ സംവിധാനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശയാത്രകള്‍ എല്ലാം ഒഴിവാക്കി. വിദേശ കാര്യങ്ങള്‍ എല്ലാംതന്നെ അതാത് രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങള്‍ വഴി നടത്തണമെന്നും ഒഴിവാക്കാന്‍ കഴിയാത്ത വിദേശയാത്രകള്‍ എകണോമി ക്ലാസ്സുകളില്‍ ആയിരിക്കണമെന്നുമുള്ള മാറ്റങ്ങള്‍ വന്നു. സര്‍ക്കാര്‍ സമ്മേളനങ്ങള്‍ക്ക് എല്ലാംതന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കണമെന്നും സ്വകാര്യ ഹോട്ടലുകളോ മറ്റു സ്ഥാപനങ്ങളോ അനാവശ്യമായി ഉപയോഗിക്കരുത് എന്നും മഗുഫുലി നിര്‍ദേശിച്ചു. മഗുഫൂലിയുടെ നേതൃത്വത്തില്‍ വളരെ കുറച്ച് അംഗങ്ങളുമായി കാബിനറ്റ് നിലവില്‍ വരികയും നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങിയവയില്‍ കാബിനറ്റ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

 


പ്രസിഡണ്ട് പദമൊഴിയുന്ന ജാക്കായ കിക്വെഡെ, മഗുഫുലിക്കും സുലുഹു ഹസ്സനുമൊപ്പം

 

ഡിസംബര്‍ 9-ന് ടാന്‍സാനിയന്‍ സ്വാന്തന്ത്ര്യദിന ആഘോഷങ്ങള്‍ വേണ്ട എന്നുവച്ച് ആ പണം കോളറ നിര്‍മാര്‍ജനത്തിനായി മാറ്റിവെച്ചു. സ്വാതന്ത്ര്യദിനം ശുചിത്വദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. പൊതുജനങ്ങള്‍ക്കൊപ്പം മഗുഫുലിയും ശുചീകരണ പ്രവര്‍ത്തങ്ങളില്‍ പങ്കുചേരുകയും ഗ്രാമങ്ങളും നഗരങ്ങളും പൊതുജനങ്ങളുമെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. ടാന്‍സാനിയയുടെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തെ ‘റുവാണ്ടൈസേഷന്‍ ഓഫ് ടാന്‍സാനിയ’ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ടാന്‍സാനിയ മഗുഫുലിയുടെ നേതൃത്വത്തില്‍ മുന്നോട്ടു പോവുകയാണ്.

 

ടാന്‍സാനിയയ്ക്കൊപ്പമുള്ള യാത്രകള്‍ പൊളിച്ചെഴുത്തുകളാണ്. ധാരണകളെ, മുന്‍വിധികളെ, വാര്‍പ്പുമാതൃകകളെ തിരുത്തി ടാന്‍സാനിയയ്ക്കൊപ്പം മുന്‍പോട്ട്.,, 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍