UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

സോമി സോളമന്‍

ന്യൂസ് അപ്ഡേറ്റ്സ്

കിച്ചങ്കനി ഗ്രാമം സ്വപ്നം കാണാന്‍ തുടങ്ങുകയാണ്; നമുക്കും സഹായിച്ചുകൂടേ?

ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ടാന്‍സാനിയയിലെഒരു കുഞ്ഞുഗ്രാമമാണ് കിച്ചങ്കനി. നീലക്കടലും തൂവെള്ളമണല്‍പരപ്പും അതിനോട് ചേര്‍ന്ന് കിടക്കുന്ന കണ്ടല്‍ക്കാടുകളും കടന്നാല്‍ കിച്ചങ്കനി ഗ്രാമം തുടങ്ങും. റോഡ് വഴി വരികയാണെങ്കില്‍ ദാര്‍ എസ് സലാമില്‍ നിന്നും കിഗംബോണി ഫെറി കടന്ന് മുപ്പത് കിലോമീറ്റര്‍ മണ്‍വഴി താണ്ടിയാല്‍ കിച്ചങ്കനി ഗ്രാമത്തിലെത്തും. മണ്‍റോഡുകളിലൂടെ വന്നാല്‍ ഇരുവശങ്ങളിലുമായി കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്ന കൃഷി ചെയ്യാത്ത കൃഷി ഭൂമികള്‍ കാണാം. ഇടതിങ്ങി നില്കുന്ന കശുമാവുകള്‍ക്കിടയില്‍ കുലച്ചുകിടക്കുന്ന മാവില്‍ നിന്നും മാങ്ങ എറിഞ്ഞിടുന്ന കുട്ടികളെ കാണാം. പുല്ലു തിന്നിട്ടു മടങ്ങി പോകുന്ന പശുക്കൂട്ടങ്ങള്‍, ആട്ടിന്‍പറ്റങ്ങള്‍… ഇവര്‍ക്കിടയിലൂടെ ചീറിപ്പാഞ്ഞുവരുന്ന പിക്കി പിക്കികള്‍ കാണാം .

 

പിക്കി പിക്കി (ബൈക്ക്) ആണ് ഇവിടുത്തെ പ്രധാന ഗതാഗതമാര്‍ഗം. നമ്മുടെ നാട്ടിലെ സ്വകാര്യബസ്സുകള്‍ പോലെ ആളുകളെ ഇറക്കിയും കേറ്റിയും വളഞ്ഞും പുളഞ്ഞും ചീറിപ്പാഞ്ഞുപോകുന്ന പിക്കി പിക്കികള്‍. മിക്കവാറും പിക്കി പിക്കികളില്‍ പാട്ട് പെട്ടിയുണ്ടാകും . മുന്‍വശത്ത് തോരണങ്ങള്‍ തൂക്കിയിട്ടിട്ടുണ്ടാകും .ഉച്ചത്തില്‍ പാട്ടും വെച്ച് പിറകില്‍ ആളെയും കൊണ്ടാകും ചീറിപ്പാഞ്ഞു പോകുന്നത്.

 

കൃഷിയിടങ്ങള്‍ തീരുമ്പോഴേക്കും കിച്ചങ്കനി സെന്‍ട്രലില്‍ എത്തിയിരിക്കും. ‘എയര്‍ടെല്‍’ ബോര്‍ഡുകള്‍ തൂങ്ങുന്ന, മണ്ണുകൊണ്ടുണ്ടാക്കിയ കടകളില്‍ തക്കാളിയും ഉരുളക്കിഴങ്ങും ഉള്ളിയും മധുരക്കിഴങ്ങും കാബ്ബേജും തണ്ണിമത്തനും കൈതച്ചക്കയും വാഴപ്പഴവും ഒക്കെ നിരന്നിരിക്കുന്നത് കാണാം.

 

അവിടവിടെയായി നിലത്തിരുന്ന് സ്ത്രീകള്‍ കനലടുപ്പില്‍ ചപ്പാത്തി ചുടുന്നുണ്ടാകും. മീന്‍ എണ്ണയിലിട്ട് പൊരിക്കുന്നത് കാണാം ഇതാണ് ഇവിടുത്തെ റെസ്‌റ്റൊറന്റുകള്‍. കിച്ചങ്കനി സെന്റെറില്‍ യാത്രക്കാരെ കാത്തു കിടക്കുന്ന പിക്കി പികികളില്‍ നിന്ന് ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാം.

 

ഉടുപ്പിട്ടും ഉടുപ്പിടാതെയും മണ്‍വഴികളിലൂടെ ഓടിക്കളിക്കുന്ന കുട്ടികള്‍. പേരറിയാത്ത ഒരു വലിയ മരത്തിന്റെ തണലില്‍ ഫുട്ബാള്‍ കളിക്കുന്ന ആണ്‍കുട്ടികള്‍. മണ്‍വീടുകള്‍ക്ക് മുന്‍പിലായി നിലത്ത് വട്ടത്തില്‍ ഇരുന്ന് സംസാരിച്ച് മുടി മെടയുന്ന സ്ത്രീകള്‍. കിച്ചങ്കനിയിലെ ബ്യുട്ടി പാര്‍ലറുകള്‍ ആണ് ഈ പെണ്‍കൂട്ടങ്ങള്‍.

 

മണ്‍വീടുകള്‍ക്കിടയില്‍ നിന്നും അകത്തേക്കുള്ള വഴികളിലൂടെ നടന്നാല്‍ കിച്ചങ്കനി ഗ്രാമത്തിന്റെ ഉള്ളിലേക്ക് എത്താം. സ്‌കൂളുകള്‍ ഇല്ലാത്ത, ആശുപത്രികള്‍ ഇല്ലാത്ത, കുടിവെള്ളമില്ലാത്ത കിച്ചങ്കനി ഗ്രാമം. നിറയെ പച്ചപ്പാണ്, മരങ്ങള്‍ക്കിടയില്‍ മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകള്‍. വൈദ്യതി എത്തിയിട്ടില്ലാത്തത് കൊണ്ട് ഇരുട്ട് തന്നെയാകും. മുറ്റത്തെ കനലടുപ്പിന്റെ വെളിച്ചവും. ചില വീടുകളില്‍ ചൈന വിളക്കുകള്‍ തെളിയുന്നണ്ടാകും.

 

കിച്ചങ്കനി ഗ്രാമവാസികളുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയും മത്സ്യബന്ധനവും ആയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രതീരത്തെ വെള്ള മണല്‍പ്പരപ്പുകളും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കണ്ടല്‍വനങ്ങളും വിദേശികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ ടൂറിസം തഴച്ചുവളരാന്‍ തുടങ്ങി. ഗ്രാമങ്ങളുടെ സ്വന്തമായിരുന്ന കടല്‍ത്തീരങ്ങള്‍ എല്ലാം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിലായി. ഫലഭൂയിഷ്ടമായ മണ്ണ്, കച്ചവടതന്ത്രങ്ങള്‍ ഒന്നും അറിയാത്ത ഗ്രാമീണരെ തുച്ചമായ തുകയ്ക് സമ്മതിപ്പിച്ച് കെട്ടിട നിര്‍മാണലോബികള്‍ സ്വന്തമാക്കി. നിലനില്‍പ്പിന് മണ്ണും ജീവിതമാര്‍ഗങ്ങളും ഗ്രാമവാസികള്‍ അറിയാതെ അവര്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

 

ദാര്‍ എസ് സലാം നഗരത്തില്‍ നിന്നും അകലെ അല്ലാത്ത കിച്ചങ്കനി ഉള്‍പ്പെടുന്ന കിഗംബോണി മേഖലയിലാണ് ഇനി ‘വികസനം’ വരാന്‍ പോകുന്നത്. കൃഷിഭൂമികള്‍ നികത്തി അപ്പാര്‍ട്ട്‌മെന്‍റുകളുടെയും വില്ലകളുടെയും നിര്‍മാണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന് വരുന്ന കെട്ടിടസമുച്ചയങ്ങളിലൂടെ വരുന്ന ‘വികസനം’ ഗ്രാമീണരെ പങ്കാളികളാക്കുന്നില്ല. ഗ്രാമവാസികളുടെ കയ്യില്‍ നിന്നും തുച്ചമായ വിലയ്ക് കയ്യേറിയ ഭൂമിയെല്ലാം തന്നെ കമ്പിവേലികള്‍ കൊണ്ട് തിരിച്ച് അവര്‍ക്ക് യാത്രാനുമതി പോലും നിഷേധിച്ചിരിക്കുന്നു. ടാന്‍സാനിയയിലെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരെ മാത്രം ലക്ഷ്യംവെച്ചുള്ള ‘വികസന’ പ്രവര്‍ത്തങ്ങള്‍ വില്ലകളുടെയും അപ്പാര്‍ട്ട്മെന്‍റുകളുടെയും രൂപത്തില്‍ മുന്നേറുമ്പോള്‍ ഒരു വേലിക്കപ്പുറം ഒരു ഗ്രാമം കുടിവെള്ളത്തിനായി, ജീവിതാവസരങ്ങള്‍ക്കായി വഴികള്‍ തേടുകയാണ്.

 

ഗ്രാമവാസികളുടെ ജീവിതമാര്‍ഗമായിരുന്ന കൃഷിഭൂമിയില്‍ ഭൂമാഫിയ പിടിമുറുക്കിയതോടു കൂടി ഗ്രാമത്തിലേക്ക് അരക്ഷിതാവസ്ഥയും കടന്നു കൂടുന്നുണ്ട്. ജോലിയില്ലായ്മയും പട്ടിണിയും ജലജന്യ രോഗങ്ങളും ഗ്രാമത്തില്‍ തുടര്‍സംഭവങ്ങളാകുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കിച്ചങ്കനി ഗ്രാമവാസികള്‍ക്ക് ഇനി വരാനിരിക്കുന്ന ‘വികസനം’ നല്കാന്‍ പോകുന്നത് കൂടുതല്‍ അരക്ഷിതാവസ്ഥയാണ്. സാമുഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ കൊണ്ട് ജീവിതവസരങ്ങള്‍ നിഷേധിക്കപെട്ട കിച്ചങ്കനിയിലെ കുട്ടികള്‍ ഉയര്‍ന്നുവരുന്ന അപ്പാര്‍ട്ട്മെന്‍റുകളിലെയും വില്ലകളിലേയും വീട്ടുജോലിക്കാരായി തീരും. മറുവശത്ത് അവരുടെ ജീവിതോപാധിയായിരുന്ന കൃഷിയിടങ്ങള്‍ നികത്തപെട്ട് ഉയര്‍ന്ന് വരുന്ന കെട്ടിടങ്ങളിലൂടെ വികസനം സാമ്പത്തികമായി ഉയര്‍ന്നവരിലൂടെ മുന്‍പോട്ടു പോകുമ്പോള്‍ അടിസ്ഥാന ജീവിതാവശ്യങ്ങളായ കുടിവെള്ളം, വിദ്യാഭ്യാസം എന്നിവ നിഷേധിക്കപെട്ട് ഒരു ഗ്രാമവും അവിടുത്തെ തലമുറകളും ഒരു ദുരന്തത്തിലേക്ക് അടുക്കുകയാണ്ന്നു. അധികം ദൂരത്തല്ലാത്ത ഈ സാമൂഹിക ദുരന്തം ഒഴിവാക്കാന്‍ കിച്ചങ്കനി ഗ്രാമത്തിന് വളരാന്‍ അവസരങ്ങള്‍ ആവശ്യമാണ്.

 


കിച്ചങ്കനിക്കാര്‍ കുടിക്കുന്നത് ഈ കുഴിയിലെ വെള്ളമാണ്

 

 

 

കലക്കവെള്ളം നിറയുന്ന മണ്‍ക്കുഴികളാണ് കിച്ചങ്കനിയില്‍ ഇപ്പോള്‍ ഉള്ളത്. ജലജന്യ രോഗങ്ങള്‍ കിച്ചങ്കനിയില്‍ ഇപ്പോള്‍ തന്നെ വ്യാപകമാണ്. ശുദ്ധജലം ഗ്രാമവാസികള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടി ഒരു കുഴല്‍ക്കിണര്‍ കുത്തണം. ഭാരിച്ച നിര്‍മാണ ചെലവ് കാരണം ഇതുവരെ കിച്ചങ്കനിയില്‍ കിണര്‍ കുത്താന്‍ സാധിച്ചിട്ടില്ല. ഗ്രാമത്തിനു വേണ്ടി നിര്‍മിക്കാന്‍ പോകുന്ന പൊതുകിണറില്‍ തുടങ്ങുന്നു, ജീവിതാവസരങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തിന്റെ ആദ്യ ചുവട്.

 

കിച്ചങ്കനി ഗ്രാമതലവന്‍ സൈദി ജുമാ പാസിയുടെ നേത്രത്വത്തില്‍ ഗ്രാമസഭ കൂടി കിണര്‍ കുത്തുന്നതിന് തീരുമാനം എടുത്തു. സാമ്പത്തികമായ സഹായം ലഭിച്ചു കഴിഞ്ഞാല്‍ ഗ്രാമവാസികളുടെ കായികമായ സഹായത്തോടു കൂടി കിച്ചങ്കനിയില്‍ കിണര്‍ കുത്താന്‍ സാധിക്കും. വിദ്യാഭ്യസ അവസരങ്ങള്‍ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു സ്‌കൂള്‍ നിര്‍മിക്കുന്നതിന് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടും അധ്യാപകര്‍ ലഭ്യമല്ലാത്തത് കൊണ്ടും ഒരു ലൈബ്രറി തുടങ്ങാന്‍ തീരുമാനമായി.

 

‘ലൈബ്രറി ‘ ഒരു പഠനകേന്ദ്രമായിട്ട് നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. സ്വാഹിലി പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ലഭ്യമാകണം. പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും ലഭ്യമാക്കണം. പുറംലോകത്തെക്കുറിച്ച് അറിയാന്‍ ഗ്രാമവാസികള്‍ക്ക് അവസരമുണ്ടാക്കുന്നതിനും കാര്‍ട്ടൂണുകളിലൂടെയും പാട്ടുകളിലൂടെയും മറ്റും കുട്ടികള്‍ക്ക് അറിവ് എത്തിക്കുന്നതിനും ടെലിവിഷന്‍ ഉണ്ടാകണം.

 

ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിനും കമ്പ്യൂട്ടര്‍ പരിശീലനത്തിനും ഗ്രാമത്തില്‍നിന്നും യുവാക്കള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ലൈബ്രറിയുടെ നടത്തിപ്പിനും ഗ്രാമസഭ കൂടി ലൈബ്രറി കമ്മറ്റിയെ തിരഞ്ഞെടുത്തുകഴിഞ്ഞു. തിരഞ്ഞെടുക്കപെട്ടവരെ പരിശീലിപ്പിക്കാന്‍ കിഗംബോണി കമ്മ്യൂണിറ്റി സെന്‍റര്‍ എന്ന സംഘടന മുന്നോട്ടു വന്നിട്ടുണ്ട്.

 


ലൈബ്രറി തുടങ്ങാനുള്ള കെട്ടിടം

 


ലൈബ്രറി കമ്മിറ്റി അംഗങ്ങള്‍

 


ഉള്‍വശം

 

ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടങ്ങേണ്ടത്. സാമ്പത്തികമായി വളരെ അവശത അനുഭവിക്കുന്ന ഗ്രാമവാസികള്‍ക്ക് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനും ലൈബ്രറി നിര്‍മിക്കുന്നതിനും കായികമായി സഹയിക്കാമെന്നല്ലാതെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയില്ല. ഗ്രാമവാസികള്‍ പിരിവിട്ടു നിര്‍മിച്ച ഗ്രാമസഭാ കാര്യാലയത്തിന്റെ പകുതി പണിത രണ്ടു മുറികള്‍ ലൈബ്രറിക്കായി ഗ്രാമവാസികള്‍ വിട്ടുനല്കിയിട്ടുണ്ട്.

 

പകുതി പണിത ഈ മുറികളുടെ അരികിലായി ഒരു കിണര്‍ ഉണ്ടാക്കിക്കൊണ്ട് ഒരു ഗ്രാമത്തിന്റെ അതിജീവനത്തിന്റെ സ്വപ്നം പണിതു തുടങ്ങണം.

 

കിച്ചങ്കനി ഗ്രാമവാസികള്‍ ശുദ്ധജലം കുടിക്കുന്ന ഒരു നാളെ, കുട്ടികള്‍ പഠിക്കാന്‍ തുടങ്ങുന്ന, സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്ന, ജീവിതത്തിലെ അവസരങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്ന ഒരു നല്ല നാളെ കിച്ചങ്കനി ഗ്രാമവാസികളുടെ സ്വപ്നമാണ്.

 

ഈ സ്വപ്നം യാഥാത്ഥ്യമാകണമെങ്കില്‍ നല്ല മനസ്സിനുടമകളുടെ സഹായം ആവശ്യമാണ്. ഒരു ഗ്രാമത്തിനൊപ്പം വളരാന്‍, ചൂഷണങ്ങളെ അതിജീവിക്കാന്‍ സ്വപ്നങ്ങളുടെ അടിത്തറയില്‍ സുരക്ഷിതമായ ഒരു ജീവിതം കെട്ടിയുണ്ടാക്കാന്‍ ഗ്രാമവാസികള്‍ക്കൊപ്പം ഞാനും കൂടുന്നു; നിങ്ങളും ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയില്‍.

 

കിച്ചങ്കനിയുടെ സ്വപ്നത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടുക.  സോമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഴിമുഖവും പിന്തുണ പ്രഖ്യാപിക്കുന്നു. 

 

 

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍