UPDATES

സിനിമ

ചേതൻ ഭഗത്തിന്റെ ഒടുക്കത്തെ കിക്ക്

Avatar

എൻ. രവിശങ്കർ

2014ൽ ഏറ്റവും അധികം കളക്ഷൻ ആദ്യ ദിനത്തിൽ തന്നെ അടിച്ചെടുത്ത പടമാണത്രെ കിക്ക്. എന്നാല്‍ ആദ്യ ആഴ്ചയിലെ കളക്ഷൻ അത്ര വരാൻ സാധ്യതയില്ല. കാരണം, ആദ്യദിനത്തിൽ ആസനത്തിൽ വീഴുന്ന കിക്കിൽ നിന്നും രക്ഷപ്പെടാൻ കുറേ സമയം പിടിക്കും.

ഫുട്ബോൾ ജ്വരം മാറാതെ നില്ക്കുന്ന സമയത്ത് ഇറങ്ങുന്ന സിനിമ ആയതു കൊണ്ടാണോ ഈ പേര് ഇട്ടത് എന്നറിയില്ല. പക്ഷെ ഫുട്ബോളിലെ കിക്ക് അല്ല ഈ കിക്ക്. ഇത് ലഹരി എന്ന് അര്‍ത്ഥം വരുന്ന കിക്ക് ആണ്. എന്തിലും കിക്ക് തേടുന്ന നായകനാണ് ഇതിൽ സൽമാൻ ഖാൻ. ത്രില്‍ ഇല്ലാത്ത ഒരു പണിക്കും അയാളെ കിട്ടില്ല. ഇത് വരെ 32 തവണ ജോലി മാറിക്കഴിഞ്ഞു. ഒക്കെ, കിക്ക് ഇല്ലാത്ത ഒറ്റ കാരണത്താൽ. പിന്നെ, ആദ്യം പറഞ്ഞ കിക്കിലും അയാൾ നിപുണൻ ആണ്. വീട്ടുകാർ എതിര്‍ത്ത ഒരു കല്യാണം നടത്തിക്കൊടുക്കാൻ പിന്ഭാഗം ഒരു കാറ് പോലെയുള്ള തന്റെ ബൈക്കോറിക്ഷയിൽ (കോപ്പി റൈറ്റ് – ലേഖകൻ) പറക്കുന്ന ഒരാളായാണ് അയാള് പ്രത്യക്ഷപ്പെടുന്നത്. പിന്നെ, അയാൾ  തരളിതനായ കാമുകൻ ആവുന്നു. പിന്നെ,കൊച്ചുകുട്ടികളുടെ കാന്‍സർ ചികിത്സക്ക് ധന  ശേഖരണത്തിന് വേണ്ടി ഒരു മുഴുത്ത കള്ളൻ ആവുന്നു. അങ്ങിനെ ദേവി ലാൽ എന്ന അയാൾ, ദേവിയിൽ നിന്ന് ദെവിൽ അഥവാ ഡെവിൾ  ആയിമാറുന്നു. ഇത് ഇംഗ്ലീഷിൽ  എഴുതി നോക്കൂ. അപ്പോൾ ചിത്രം വ്യക്തമാവും.

ജക്വലിൻ ഫെര്‍ണാണ്ടസ് (മർഡർ 2) എന്ന ശ്രീലങ്കൻ നടിയാണ് കാമുകി. മുഖത്തെ ചെറു മസിലുകൾ പോലും ഇളകി തന്റെ സൌന്ദര്യം പോകാതിരിക്കാൻ ആ കുട്ടി കാണിക്കുന്ന ശുഷ്കാന്തി അനുമോദിക്കപ്പെടേണ്ടതാണ്. ഒരു നൃത്ത രംഗത്തിൽ മാത്രം അവളുടെ പാടവം പ്രദർശിക്കപ്പെടുന്നുണ്ട്.

തികച്ചും ആഗോളവല്കൃതമാണ് ചിത്രം അപ്പാടെ. നായിക ജോലി ചെയ്യുന്നത് പോളണ്ടിൽ ആണ്. അതും സൈക്യാട്രിസ്റ്റായി. നായകൻ ഒടുവിൽ എത്തുന്നതും പോളണ്ടിൽ. ഇന്ത്യയിൽ അയാൾ ദില്ലി നിവാസി ആണ്. ഓര്‍മ്മ നശിച്ചതിനെ തുടർന്ന് ചികിത്സയ്ക്കാണ് പോളണ്ടിൽ എത്തിയിരിക്കുന്നത്. ഈ രോഗത്തിന് പോളണ്ടിൽ എന്തെങ്കിലും പ്രത്യേക ചികിത്സ ഉണ്ടോ എന്നറിയില്ല. അതോ, പോളണ്ടിൽ കമ്മ്യൂണിസ്റ്റ്‌ ഭരണത്തെ തുടർന്ന് മാരകമായ തോതിൽ മറവി രോഗം പടര്‍ന്ന് പിടിച്ചിട്ടുണ്ടോ എന്നും അറിയില്ല. യഥാർത്ഥ ഉദ്ദേശം കക്കൽ തന്നെ. അയാളെ പിന്തുടർന്ന് പോലീസുകാരനും പ്രതിശ്രുത വരനുമായ മണ്ടനും പോളണ്ടിലാണ് എത്തുന്നത്‌. കുറെ മഞ്ഞല്ലാതെ പോളണ്ടിൽ വേറെ ഒന്നും കാണാനുമില്ല. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുത്‌ എന്ന് കല്പ്പന ഉള്ളത് കൊണ്ട് ഇനി മിണ്ടുന്നില്ല.

ദേവി ആണ് ഡെവിൾ അഥവാ ഡെവിൾ ആണ് ദേവി എന്ന് നമുക്കല്ലാതെ ആര്ക്കും മനസ്സിലാവുന്നുമില്ല. മഹാ വില്ലന് പോലും. അയാളോ, എന്തൊക്കെയോ പ്രതീക്ഷകൾക്ക് ഇടം നൽകിയിട്ട് ശൂ എന്ന് തീരുകയും ചെയ്യുന്നു. പക്ഷെ, ഇത്രയും കിക്കുകൾ സഹിച്ച നമുക്ക്  അവസാനത്തെ കിക്ക് വരാൻ പോകുന്നതേ ഉള്ളൂ.ഇന്ത്യയിലെ ആഭ്യന്തര മന്ത്രി നമ്മുടെ മണ്ടൻ പോലീസുകാരനെ ഡെവിളിനെ പിടിക്കാൻ കഴിയാത്തതിന് ശാസിക്കുന്നു. എന്നിട്ട് താൻ ആ ജോലി ഒരു അർപ്പണബോധമുള്ള പോലീസുകാരനെ എല്പ്പിക്കുകയാണെന്ന് പറയുന്നു. അതാ വരുന്നു നമ്മുടെ പോലീസുകാരൻ. നമ്മുടെ സ്വന്തം ദേവി ലാൽ അഥവാ ഡെവിൾ.

ഫയല് കൊണ്ടാണോ കള്ളനെ പിടിക്കുന്നത്‌ എന്നറിയില്ല. ഡെവിളിന്റെ ഫയലും വാങ്ങി ദേവി ലാൽ പോകുന്നു. കാമുകിയുടെ അടുത്തേക്കായിരിക്കാം. ഫയലും പെണ്ണും കൊണ്ട് ഡെവിൾ പോകുന്നത് മണ്ടൻ പോലീസുകാരൻ നോക്കി നില്ക്കുന്നു.

ഇനി, ഈ ചിത്രത്തിന്റെ മറ്റു കാര്യങ്ങൾ പറയേണ്ടതുണ്ടോ? സാജിദ് നദിയാദ് വാലയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും. തിരക്കഥ അഞ്ചു പേരുടെ വകയാണ്. അതിൽ ഒരാളെ മലയാളികള്ക്ക് അറിയാം – ചേതൻ ഭഗത്. ഈ അറിവാണ് എനിക്ക് കിട്ടിയ അവസാനത്തെ കിക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍