UPDATES

മതമില്ലാത്ത വൃക്ക’കൈമാറ്റങ്ങള്‍’

അഴിമുഖം പ്രതിനിധി

മതത്തിന്‍റെ അതിര്‍വരമ്പുകളില്‍ കെട്ടുപിണഞ്ഞു കിടന്നവയെ പൊട്ടിച്ചെറിയുകയാണ് രാജസ്ഥാനിലെ രണ്ടു കുടുംബങ്ങള്‍. ഈദുല്‍ അദ്ഹയുടെയും ഓണത്തിന്‍റെയും ആഘോഷങ്ങളില്‍ സാഹോദര്യത്തിന്‍റെയും സൌഹൃദത്തിന്‍റെയും പ്രതീകങ്ങളാവുകയാണിവര്‍. ജയ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ സമയത്ത് രണ്ടു കിഡ്നി ട്രാന്‍സ്പ്ലാന്‍റെഷന്‍ ശസ്ത്രക്രിയകളാണ് നടന്നത്. അപൂര്‍വ്വമായ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു ആ ശസ്ത്രക്രിയകള്‍ക്ക്. ഹിന്ദു സമുദായത്തില്‍ പെട്ട ഒരാള്‍ തന്‍റെ വൃക്ക ഒരു മുസ്ലിം വനിതയ്ക്ക് നല്‍കി. അതേസമയം, വൃക്ക സ്വീകരിച്ച വനിതയുടെ ഭര്‍ത്താവ് മറ്റേയാളുടെ ഭാര്യയുമായി വൃക്കകൈമാറ്റം ചെയ്തു.

ഹസന്‍പൂര്‍ സ്വദേശിയായ അനിതാ മെഹ്റ കഴിഞ്ഞ അഞ്ചുവര്‍ഷമായി വൃക്കസംബന്ധിയായ രോഗത്തിന് ചികിത്സയിലാണ്. അജ്മീര്‍ സ്വദേശിയായ തസ്ലിം ജഹാന്‍ നിരന്തരമായ വേദനസംഹാരികളുടെ ഉപയോഗം മൂലമാണ് വൃക്കരോഗത്തിനടിപ്പെടുന്നത്. ഡയാലിസിസിന് വേണ്ടി ഇരുവരും ഒരേ ആശുപത്രിയിലാണെത്തിയിരുന്നത്. എ പോസിറ്റിവ് രക്തത്തിനുടമയായ വിനോദ് മേത്തയുടെ വൃക്ക അതേ രക്തത്തിനുമയായ തസ്ലീമിനും ബി പോസിറ്റിവ് രക്തത്തിനുടമായ അന്‍വര്‍ അഹമ്മദിന്‍റേത് ബി പോസിറ്റിവുകാരിയായ അനിതയ്ക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ആശുപത്രി അധികൃതരാണ്. ഇരുവര്‍ക്കും കൌണ്‍സിലിങ് നടത്തിയതോടെ വൃക്ക വെച്ചു മാറുന്നതിന് ഇരുകുടുംബങ്ങളും സന്നദ്ധരായി. അതോടെ അപൂര്‍വ്വമായ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയൊരുങ്ങി. ഹ്യൂമന്‍ ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍റ് നിയപ്രകാരം വൃക്ക ദാനം ചെയ്യുന്നത് അടുത്ത ബന്ധുക്കള്‍ക്ക് വേണമെന്നാണ്. എന്നാല്‍ വൃക്കകൈമാറ്റ ശസ്ത്രക്രിയ നിയമവിധേയമാണ്.

ആശുപത്രിയില്‍ തന്നെ ഇരുകുടുംബങ്ങളും എത്തിച്ചേര്‍ന്നതും അപൂര്‍വമായ സംഭവത്തിന് കാരണക്കാരായതും അദ്ഭുതത്തോടെയാണ് ലോകമറിഞ്ഞത്. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബാംഗളൂരുവില്‍ ഹിന്ദുസമുദായത്തില്‍പ്പെട്ട രണ്ടു കുടുംബങ്ങളിലെ സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം വൃക്ക കൈമാറ്റം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍