UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈബീരിയയില്‍ സ്കൂള്‍ തുറന്നു; പക്ഷേ ‘എബോള സ്കൂളി’ലേക്ക് കുട്ടികള്‍ വന്നില്ല

Avatar

കെവിന്‍ സീഫ്
(വാഷിംഗ്ടൺപോസ്റ്റ്)

ക്ലാസ് റൂമില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റി, എബോള രോഗികളുടെ രക്തവും ഛര്‍ദിയുമെല്ലാം കഴുകി കളഞ്ഞു. എങ്കിലും എബോള ഐസോലേഷന്‍ കേന്ദ്രമായി ഉപയോഗിക്കപ്പെട്ട സ്കൂളിലേക്ക് തന്റെ നാലാം തരത്തില്‍ പഠിക്കുന്ന മകനെ അയക്കണോ എന്ന് ഇപ്പോള്‍ ടെടെ ജോണ്‍സന്‍ ചിന്തിക്കുകയാണ്.

അണുവിമുക്തമാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം നല്‍കിയിരുന്നു. അധികാരികള്‍ സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പും നല്‍കി. എങ്കിലും വെസ്റ്റ്‌ പോയിന്‍റ് ചേരിയിലെ മറ്റേതൊരു രക്ഷകര്‍ത്താവിനെയുമെന്ന പോലെ ജോണ്‍സനും ‘നതാനീല്‍ വി മാസക്വോയി’ എലിമെന്ററി സ്കൂളിനെ എബോളാ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഉണ്ടായിരുന്ന പോലെ രോഗം നിറഞ്ഞു നില്‍ക്കുന്ന ഒരു കെട്ടിടമായാണ് കാണുന്നത്.

“എന്റെ മകന്‍ എന്തെങ്കിലും ഭക്ഷണ വസ്തു അവിടെ നിലത്തു വീണത് കഴിച്ചാല്‍? അവനു രോഗം വരില്ലേ?” അവര്‍ ചോദിക്കുന്നു.

ആഴ്ചയില്‍ പത്തില്‍ കുറവ് മാത്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് എബോള പകര്‍ച്ചവ്യാധിയുടെ ക്രൂര പ്രഭാവം മങ്ങുമ്പോള്‍, ലൈബീരിയയിലെ ജനങ്ങള്‍ മുഴുവനും ജീവിതം വീണ്ടും പഴയത് പോലെ ആക്കുന്നതിനുള്ള തന്ത്രപ്പാടിലാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ മിക്കവാറുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സാമ്പത്തിക മേഖല തളര്‍ച്ചയിലാണ്. 3,600-ല്‍പ്പരം ലൈബീരിയക്കാര്‍ അസുഖം മൂലം മരണമടഞ്ഞു.

ആ പ്രതിസന്ധിയിലൂടെ കടന്നു പോയവര്‍ ഇപ്പോള്‍ മറ്റു കുറെ ധര്‍മസങ്കടങ്ങളിലാണ്; ബന്ധുക്കള്‍ മരിച്ച മുറികളില്‍ കിടക്കാമോ, എബോള രോഗികളെ ചികിത്സിച്ച ആശുപത്രിയില്‍ പ്രസവിക്കാമോ എന്നിങ്ങനെ നിരവധി സംശയങ്ങള്‍. എബോളയെ ഭയക്കാന്‍ മാത്രം ശീലിച്ച ഒരു രാജ്യത്ത് അതിന്റെ ആഘാതത്തില്‍ നിന്നും രക്ഷപെടാന്‍ ജനങ്ങള്‍ കുറെ കാലം കൂടിയെടുക്കും.

പ്രശ്നം ലൈബീരിയയില്‍ മാത്രമൊതുങ്ങുന്നതല്ല. സിയേറ ലിയോണിലും സ്കൂളും മറ്റു പൊതുസ്ഥാപനങ്ങളും എബോളാ കേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നു. എബോള വ്യാപിച്ച മറ്റൊരു അയല്‍രാജ്യമായ ഗിനിയയില്‍ അടുത്തിടെ സ്കൂള്‍ തുറന്നിട്ടും കുട്ടികള്‍ എത്തിയില്ല. അവിടെ സ്കൂളുകള്‍ എബോളാ കേന്ദ്രമായി ഉപയോഗിച്ചിട്ടേയില്ല. എങ്കിലും രോഗം പകരുമോ എന്ന് പേടിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ ആളുകള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ വിടുവാന്‍ ഭയമാണ്.

ലൈബീരിയയില്‍ സ്കൂളുകള്‍ കഴിഞ്ഞ ആഴ്ച തുറക്കാനിരുന്നതാണ്. എങ്കിലും സൌകര്യങ്ങളെ പറ്റി ആശങ്കാകുലരായിരുന്നതിനാല്‍ വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി വക്കുകയായിരുന്നു.

മാസക്വോയി എലിമെന്ററി സ്കൂള്‍ മറ്റു സ്കൂളുകളെ പോലെ രാജ്യത്തിന്റെ പ്രതിസന്ധി കടന്നു മുന്നോട്ടു പോകാനുള്ള ശേഷിയുടെ ഒരു പരീക്ഷണമായിരുന്നു. ആഗസ്തില്‍ ആശുപത്രിക്കിടക്കകള്‍ക്ക് ക്ഷാമം വന്നപ്പോള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളില്‍ കുറെ കിടക്കകള്‍ സ്ഥാപിച്ച് എബോള സംശയിക്കുന്ന രോഗികളെ പാര്‍പ്പിക്കുന്ന ഇടമാക്കി മാറ്റി രോഗികള്‍ക്ക് ടെസ്റ്റുകളും പ്രാഥമിക സംരക്ഷണവും നല്‍കി. എന്നാല്‍ ശരിക്കുമുള്ള ഒരു ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാനാകും മുന്‍പ് നിരവധി രോഗികള്‍ മരിച്ചു.

രോഗികളെ കൊണ്ട് വരികയും മൃതദേഹങ്ങള്‍ കൊണ്ട് പോവുകയും ചെയ്യുന്ന ആംബുലന്‍സുകള്‍ സ്കൂള്‍ പരിസരത്ത് കാണുമ്പോള്‍ നാട്ടുകാര്‍ ക്രുദ്ധരായി. ഒരു ദിവസം രാത്രിയില്‍ നാട്ടുകാര്‍ അതിക്രമിച്ചു കടന്നു കിടക്കകള്‍ വലിച്ചെറിയുകയും 17 രോഗികളെ ആട്ടിപ്പായിക്കുകയും ചെയ്തു. എന്നാല്‍ അവരെ പിന്നെയും തിരികെ കൊണ്ടു വന്നു. അങ്ങനെ സ്കൂള്‍ “എബോള സ്കൂളെ”ന്നു അറിയപ്പെട്ടു തുടങ്ങി.

“സ്കൂളിനെ എബോള ചികിത്സക്കുപയോഗിക്കുക എന്നത് ആര്‍ക്കും സ്വീകാര്യമായിരുന്നില്ല. ഇനി കുട്ടികളെ തിരികെ കൊണ്ട് വരിക എന്നത് വലിയ ജോലിയാവും”, പ്രിന്‍സിപ്പല്‍ എം.ഗ്ലെന്‍ ജോണ്സന്‍ അഭിപ്രായപ്പെട്ടു.

എബോള രോഗികളുടെ ശരീര സ്രവങ്ങള്‍ അത്യന്തം അപകടകരമാണ്. എങ്കിലും ശാസ്ത്രജ്ഞര്‍ പറയുന്നത് വൈറസുകള്‍ക്ക് ഇരുപത്തിയൊന്നു ദിവസത്തില്‍ കൂടുതല്‍ പുറത്ത് വിഹരിക്കാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ തൊടാന്‍ സാദ്ധ്യതയുള്ള എല്ലായിടത്തും അദൃശ്യമായ ഒരു പടലം പോലെ പറ്റിപ്പിടിച്ചിരിക്കുന്ന രോഗാണുക്കളെ മനസ്സില്‍ സങ്കല്‍പ്പിക്കുന്ന വെസ്റ്റ്‌ പോയിന്റിലെ രക്ഷകര്‍ത്താക്കള്‍ക്ക് ഇതൊന്നും ആശ്വാസത്തിന് വക നല്‍കുന്നില്ല.

“മുറിവുകള്‍ ആഴമുള്ളതാണ്”, യൂണിസെഫിന്റെ രാജ്യനിര്‍ദേഷ്ടാവ് ഷെല്‍ഡന്‍ യെറ്റ് പറഞ്ഞു. ലൈബീരിയന്‍ അധികൃതര്‍ ജനങ്ങളെ സമാധാനിപ്പിക്കാനായി അസുഖ സമയത്ത് ഉപയോഗിച്ച സ്കൂള്‍ ഉപകരണങ്ങളെല്ലാം തീയിട്ടു കത്തിച്ചു കളയാനുദ്ദേശിക്കുന്നു. സ്കൂളുകളുടെ സുരക്ഷിതത്വത്തെ പറ്റി റേഡിയോ വാര്‍ത്തകളിലൂടെ നിരന്തരം സംസാരിച്ച് രക്ഷകര്‍ത്താക്കളുടെ വിശ്വാസ്യത നേടാനും ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ട്. എല്ലാ സ്കൂളുകളിലും ക്ലോറിന്‍ വെള്ളവും തെര്‍മോമീറ്ററുകളും ലഭ്യമാക്കുമെന്നും വൈറസിനെ തടയാനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മോന്രോവിയയുടെ മധ്യത്തില്‍ ഏകദേശം 75,000 ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന വെസ്റ്റ്‌ പോയിന്‍റ് എന്ന ചേരിയിലെ ഒരേയൊരു ഗവണ്‍മെന്റ് എലിമെന്ററി മിഡില്‍ സ്കൂളാണ് മാസക്വോയി. സ്കൂള്‍ ഇനി ഒരിക്കലും തുറക്കില്ല എന്നാണ് പലരും കരുതിയത്. ചിലര്‍ സ്കൂള്‍ കത്തിച്ചു കളയണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജനുവരിയില്‍, അവസാന രോഗിയും പോയതിനു കുറെ ആഴ്ചകള്‍ക്ക് ശേഷം, സ്കൂളില്‍ കുട്ടികളെ തിരിച്ചെടുക്കുന്നുവെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.

“അവര്‍ പറയുന്നത് സ്ഥലം വൃത്തിയാക്കുമെന്നാണ്, പക്ഷെ ഞാന്‍ സംതൃപ്തനല്ല. ഞങ്ങള്‍ ആംബുലന്‍സ് കണ്ടതാണ്. ശവശരീരങ്ങള്‍ പ്ലാസ്റിക് കവറുകളില്‍ കൊണ്ട് പോകുന്നത് കണ്ടതാണ്”, നാലാം തരത്തില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവായ അഗസ്റിന്‍ കുമെ പറഞ്ഞു.

കുമെ തന്റെ വീടിനു പുറത്തുള്ള ഇടുങ്ങിയ നിരപ്പല്ലാത്ത വഴിയില്‍ നില്‍ക്കുകയാണ്. ഈ ചേരി ലൈബീരിയയുടെ ഏറ്റവും ദരിദ്രമായ ഇടമാണ്; മാസക്വോയി അതിന്റെ ഹൃദയ ഭാഗവും. “ഇത് ഞങ്ങളുടെ ഒരേയൊരു പൊതുവിദ്യാലയമാണ്. ഞങ്ങള്‍ക്കുള്ളത് ഏറ്റവും മികച്ച രീതിയിലാക്കാന്‍ ശ്രമിക്കണം” ‘വെസ്റ്റ്‌ പോയിന്‍റ് വിമെന്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ്’ എന്ന ലാഭേച്ചയില്ലാത്ത ഗ്രൂപ്പിന്റെ പ്രസിഡന്റ്റ് നെല്ലി കൂപ്പര്‍ പറയുന്നു.

അടുത്തിടെ സ്കൂളിന്റെ രെജിസ്ട്രാര്‍ മാസക്വോയിക്കു പുറത്തുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ഒരു തടി ബെഞ്ചില്‍ വന്നിരുന്നു. രക്ഷകര്‍ത്താക്കളും കുട്ടികളും ക്ലാസിന് രെജിസ്റ്റര്‍ ചെയ്യാനായി മുന്‍ ഗേറ്റിലൂടെ ഒഴുകിയെത്തി. പ്രാദേശിക, അന്താരാഷ്‌ട്ര എബോള റെസ്പോണ്‍സ് ഗ്രൂപ്പുകള്‍ വിതരണം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് മിക്കവരും വന്നത്. “എബോളയെ വെസ്റ്റ്‌ പോയിന്റിലും ലൈബീരിയയിലും നിന്ന് തുടച്ചു മാറ്റുക” എന്ന് ഒരു മാതാവിന്റെ ഷര്‍ട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നു. 

പൊതുമരാമത്ത് മന്ത്രാലയം തങ്ങളുടെ ജോലി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും, സ്കൂള്‍ വൃത്തിയാക്കാമെന്ന ഗവണ്‍മെന്റ് വാഗ്ദാനത്തില്‍ പല രക്ഷകര്‍ത്താക്കളും വിശ്വാസമര്‍പ്പിക്കുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മന്ത്രാലയ ജീവനക്കാര്‍ മുറികള്‍ അണുവിമുക്തമാക്കാന്‍ ക്ലോറിനും, മേശയും കസേരയുമെല്ലാം കത്തിക്കാന്‍ ഗാസോലിനും കൊണ്ട് വരുന്നതും കാത്ത് പ്രിന്‍സിപ്പല്‍ ജോണ്സന്‍ പുറത്ത് നിന്നു. പിന്നെ കൌതുകത്തോടെ തനിയേ കതകു തുറന്നു സ്കൂള്‍ കെട്ടിടത്തിനുള്ളിലേക്കു നോക്കി.

“ഒന്നിലും തൊടരുത്”, ഒരു സന്ദര്‍ശകന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കെട്ടിടത്തിനകത്ത് വൈദ്യുതി ഇല്ലായിരുന്നു. ക്ലാസ് റൂമുകള്‍ തമ്മില്‍ ഡസ്കും ബഞ്ചും വലിച്ചു വാരിയിട്ടിരിക്കുന്ന ഇടുങ്ങിയ ഹാളിനാല്‍ ബന്ധപ്പെടുത്തിയിരിക്കുകയാണ്. ഷെല്‍ഫില്‍ നിരന്നിരിക്കുന്ന പുസ്തകങ്ങള്‍. ബോര്‍ഡുകളില്‍ പാഠങ്ങള്‍ ചോക്ക് കൊണ്ട് കോറിയിട്ടിരിക്കുന്നു. ക്ലാസ് നിയമങ്ങള്‍ ചുമരില്‍ ഒട്ടിച്ചു വച്ചിരിക്കുന്നതില്‍ ആദ്യത്തേത്: “എല്ലാദിവസവും കൃത്യമായി കൃത്യ സമയത്ത് സ്കൂളില്‍ വരിക.”

ഒരു എബോളാ കേന്ദ്രമായി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തിലില്ല. “ഞങ്ങള്‍ക്ക് ആകെ പറയാനുള്ളത്, അധികൃതര്‍ സ്കൂള്‍ വൃത്തിയാക്കുമെന്നു പറഞ്ഞിട്ടുണ്ട് എന്നതാണ്”, അസിസ്റ്റന്റ് പ്രിന്‍സിപല്‍ സാം ഫാരിസന്‍ പറഞ്ഞു.

കുറെ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കൊണ്ടു വന്നു ചേര്‍ത്തിട്ടുണ്ടെങ്കിലും, മറ്റു പലരും “എബോള സ്കൂളി”ലേക്ക് കുട്ടികളെ വിടുന്നത് ഉത്തരവാദിത്തപരമാണോ എന്ന് ഇപ്പോഴും ആശങ്കയിലാണ്. 

“ആളുകള്‍ ഭയന്നിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് കിട്ടിയ വിവരം എബോളക്ക് എക്കാലവും ഒരു വസ്തുവില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ്”, മാസക്വോയില്‍ തന്റെ അഞ്ചാം തരത്തില്‍ പഠിക്കുന്ന മകനെ വീണ്ടും ചേര്‍ക്കാന്‍ തീരുമാനിച്ച സിസ്കോ നിമ്ലി പറയുന്നു.

സ്കൂളിനടുത്തുള്ള ചെറിയ വയല്‍ പ്രദേശത്ത് ഫുട്ബോള്‍ കളികാണാന്‍ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ഒത്തു ചേര്‍ന്നു. അവരെല്ലാം മാസക്വോയിലെ വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ജൂലൈയില്‍ സ്കൂള്‍ അടച്ചതിനുശേഷം കുടുംബത്തെ സഹായിക്കാന്‍ അവര്‍ മീന്‍ വില്‍ക്കുകയാണ്. ഇടയ്ക്കിടെ അവര്‍ തങ്ങളുടെ സ്കൂളില്‍ എത്തി നോക്കി അവശരായ രോഗികളെ കാണാറുണ്ടായിരുന്നു.

“ഞങ്ങള്‍ക്ക് എല്ലാം കാണാമായിരുന്നു. ഞങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടേക്കിനി ഒരിക്കലും തിരിച്ച് പോകില്ലെന്ന് തമ്മില്‍ പറഞ്ഞിരുന്നു”, 14 വയസ്സുകാരന്‍ ജേക്കബ് ക്വാന്സ പറഞ്ഞു. ഇപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് തിരിച്ചു പോകുന്നത് സുരക്ഷിതമാണോ എന്നാണ്.

മിക്കവാറുമുള്ളവര്‍ തിരിച്ചു പോകാനുള്ള ധൈര്യം കാണിക്കാമെന്നാണ് കരുതുന്നത്. മീന്‍ വില്‍ക്കുന്നതിനേക്കാള്‍ എത്രയോ രസമാണ് സ്കൂള്‍ ജീവിതമെന്ന് അവര്‍ പറയുന്നു.

“അവര്‍ക്ക് വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍ കുഴപ്പമില്ല”, 15 വയസ്സുകാരന്‍ ജസ്റ്റിന്‍ പീറ്റേഴ്സ് പറയുന്നു. “എന്നാല്‍ ആദ്യത്തെ ദിവസം പേടിപ്പെടുത്തുന്നതായിരിക്കും”, ഒന്നു നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍