UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട്‌ ഫോണിനു സമീപം കുട്ടികളെ ഉറക്കല്ലേ …

Avatar

ഡോണി ബ്ളൂംഫീല്‍ഡ്
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)

അവധി ദിവസങ്ങളില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാറുണ്ടോ? എങ്കില്‍ അവരുടെ ഉറക്ക സമയത്തെ പറ്റിയുള്ള പുനര്‍ചിന്തനത്തിനു സമയമായിരിക്കുന്നു. ജേര്‍ണല്‍ പീഡിയാട്രിക്സ്‌ കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണഫലം സൂചിപ്പിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ചെറിയ സ്ക്രീനുള്ള ഉപകരണങ്ങള്‍ വച്ചിരിക്കുന്ന മുറിയില്‍ ഉറങ്ങുന്ന കുട്ടികള്‍ക്ക് അവയില്ലാത്ത മുറികളില്‍ ഉറങ്ങുന്ന കുട്ടികളെക്കാള്‍ ഉറക്കം ഇരുപത്തിയൊന്നു മിനിട്ട് കുറവായിരിക്കും എന്നാണ്. പഠനം നടത്തിയ രണ്ടു പ്രായക്കാരില്‍- ഒന്‍പതും പന്ത്രണ്ടും വയസ്സ്- ഉറങ്ങുമ്പോള്‍ അടുത്ത് ഫോണുള്ള കുട്ടികള്‍ക്ക് (സ്നാപ് ചാറ്റുകളും ടെക്സ്റ്റ് മെസ്സേജുകളും അടിക്കടി വരുന്നത് മൂലം) മറ്റുള്ളവരേക്കാള്‍ ഉറക്കം കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരം ഗാഡ്ജെറ്റുകൾ, ശരീരഭാരം കൂടുന്നത് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ഹ്രസ്വവും അശാന്തവുമായ രാത്രികള്‍ കൂടി പ്രദാനം ചെയ്യുന്നുവെന്ന കണ്ടെത്തലിലെത്തിച്ചേര്‍ന്ന, വളര്‍ന്നു വരുന്ന ഒരു ഗവേഷണ വിഭാഗത്തെ ഈ പ്രബന്ധം പിന്‍താങ്ങുന്നു. ഉറങ്ങുന്നതിനു മുന്പ് സാധാരണ പുസ്തകം വായിക്കുന്നവരേക്കാള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഇ-ബുക്ക് റീഡര്‍ വായിക്കുന്ന മുതിര്‍ന്നവരില്‍ അസുഖകരമായ ഉറക്കവും മന്ദതയും ഉണ്ടാകുന്നുവെന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. പ്രകാശ പൂരിതമായ, മിന്നിക്കത്തുന്ന സ്ക്രീനുകള്‍ നമ്മുടെ ജൈവിക സമയമാപിനിയെ (ബയോളജിക്കൽ/സിര്‍ക്കെഡിയന്‍ ക്ലോക്ക്) ബാധിക്കുന്നുവെന്ന് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. പീഡിയാട്രിക്സ്‌ പഠനം ഫോണ്‍ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന നിഗമനത്തിലെത്തുന്നില്ലെങ്കിലും അതിന്റെ മുഖ്യ കര്‍ത്താവായ ജെനിഫര്‍ ഫാല്ബ് പറയുന്നത് കുട്ടികള്‍ സ്ക്രീന്‍ ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കുക എന്ന വാദം ശക്തപ്പെട്ടു വരുന്നുവെന്നാണ്.

“അടുത്ത കാലത്തുള്ള കണ്ടുപിടുത്തങ്ങള്‍, കുട്ടികളുടെ കിടപ്പുമുറിയില്‍ മീഡിയയുടെ അനിയന്ത്രിതമായ ലഭ്യതക്കെതിരെ കരുതല്‍ വേണമെന്ന്‍ നിര്‍ദേശിക്കുന്നു. ഉറക്കകുറവും ഗുണമേന്മയില്ലാത്ത ഉറക്കവും കാരണം മോശം അക്കാദമിക പ്രകടനം, പെരുമാറ്റ പ്രശ്നങ്ങൾ, ശരീരഭാരം കൂടാനുള്ള സാധ്യതകള്‍, രോഗ പ്രതിരോധ ശേഷിക്കുറവ് എന്നിങ്ങനെയുള്ള പ്രതിസന്ധികളുണ്ടാവാം.”, ബെർക്കലെയിലെ കാലിഫോർണിയ സർവകലാശാലയിൽ ഗവേഷകയായ ഫാല്ബ് ഒരു ഫോൺ അഭിമുഖത്തിൽ പറഞ്ഞു.

സിര്‍ക്കെഡിയന്‍ റിഥത്തെ സ്വാധീനിക്കാന്‍ (ശാരീരിക, മാനസിക, പെരുമാറ്റ വ്യത്യാസങ്ങൾ) ഒരു 24 മണിക്കൂർ ചക്രത്തിൽ മനുഷ്യ ശരീരം വെളിച്ചവും ഇരുട്ടും ഉപയോഗിക്കുന്നു. തലച്ചോറിന്റെ ആന്തരിക സമയസൂചി വെളിച്ചത്തിന്റെ അളവനുസരിച്ചാണ് ഉറക്കം നല്‍കുന്ന ഹോര്‍മോണായ മേലാടോനിന്‍ പുറപ്പെടുവിക്കുന്നത്. ഹാവാര്‍ഡ്‌ മെഡിക്കൽ സ്കൂളിൽ സ്ലീപ്‌ മെഡിസിൻ പ്രൊഫസറായ ചാൾസ്. എ. ഷീസ്ലെര്‍ പറയുന്നത്  വൈദ്യുതി മൂലമുള്ള പ്രകാശം വന്നതിനു ശേഷം ജനങ്ങളുടെ ആന്തരിക ഉറക്കം ആറു മണിക്കൂറായി ചുരുക്കപ്പെട്ടു എന്നാണ്.

രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങളും നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഹെല്‍ത്തും ഫണ്ട് ചെയ്ത പീഡിയാട്രിക്സിലെ പഠനത്തില്‍, കുട്ടികളിലെ പൊണ്ണത്തടി ആസ്പദമാക്കിയുള്ള വിശാലമായ അന്വേഷണത്തിന്റെ ഭാഗമായി മസാചുസെറ്റ്സിലെ നാലും ഏഴും ഗ്രേഡില്‍ പഠിക്കുന്ന രണ്ടായിരത്തിലധികം കുട്ടികളെ സര്‍വേ ചെയ്തതില്‍ നിന്നും മിക്ക കുട്ടികളും ഒരു ചെറിയ സ്ക്രീന്‍ ഉപകരണത്തിനടുത്താണ് ഉറങ്ങിയിരുന്നത് എന്ന് വ്യക്തമായതായി പറയുന്നു.

ചെറിയ സ്ക്രീന്‍ മൂലമുണ്ടാകുന്ന ഇരുപത്തിയൊന്നു മിനിട്ട് ഉറക്കനഷ്ടത്തിനെ അപേക്ഷിച്ച് ടി.വി.യുള്ള മുറിയില്‍ ഉറങ്ങിയിരുന്ന കുട്ടികളില്‍ പതിനെട്ടു മിനുട്ടിന്റെ ഉറക്ക കുറവാണുണ്ടാകുന്നത്. ചെറിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുഖത്തിനടുത്തായിരിക്കുന്നതിനാല്‍ അവയുടെ പ്രകാശം ടി.വി.യുടെ പ്രകാശത്തെക്കാള്‍ മേലാടോനിന്റെ ഉത്പാദനത്തെ തടയുന്നതാവാം എന്ന് ഗവേഷകര്‍ പറയുന്നു.

ടി.വി.യും വീഡിയോ ഗെയിമും ഉറക്കക്കുറവിന് കാരണക്കാരാണ്.പഠനത്തില്‍ പങ്കെടുത്ത എഴുപത്തി അഞ്ച് ശതമാനം കുട്ടികളും പറഞ്ഞത് അവരുടെ കിടപ്പ് മുറിയില്‍ ടി.വി ഉണ്ടായിരുന്നുവെന്നാണ്. ഒരു ദിവസത്തില്‍ ഒരു മണിക്കൂര്‍ ടി.വി/ഡി.വി.ഡി കാണുന്നത് ഒരാളുടെ ഉറക്കത്തിലെ നാല് മിനിട്ട് കുറയ്ക്കും; ഗെയിം കളിക്കുന്നവരില്‍ അഞ്ചു മിനുട്ടും.

ഉറക്കക്കുറവുമൂലമുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘ്യാതങ്ങളെ കരുതി രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ സ്ക്രീനില്‍ ചിലവിടുന്ന സമയത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ഫാല്ബ് പറയുന്നു. “മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി വാസ്തവികവും ഉറച്ചതുമായ നിയമങ്ങൾ ആവശ്യമുണ്ട്.” അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍