UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിച്ചാല്‍ കുട്ടികള്‍ പഠിക്കുമോ?

Avatar

വില്യം സലേറ്റന്‍
(സ്ലേറ്റ്)

നാലുവയസുകാരന്‍ മകനെ മര്‍ദിച്ചതിന്റെ പേരിലാണ് എദ്രിയന്‍ പീറ്റേഴ്‌സണിന്റെ പേരില്‍ കേസെടുത്തത്. കുട്ടിയെ മരക്കൊമ്പുകൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ കക്ഷി മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അയാളുടെ വക്കീല്‍. എദ്രിയന്‍ ഒരു സ്‌നേഹമയിയായ അച്ഛനാണെന്നും കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിച്ചുവന്നേയുള്ളൂ എന്നും വക്കീല്‍ പറയുന്നു. ഈസ്റ്റ് ടെക്‌സാസിലെ കുട്ടിക്കാലത്ത് താന്‍ ശീലിച്ച അച്ചടക്കരീതി സ്വന്തം മകനോടും കാണിച്ചുവെന്ന് മാത്രം.

അതെ. പീറ്റേഴ്‌സണിന്റെ ലോകം എനിക്ക് നന്നായറിയാം. ഞാന്‍ വളര്‍ന്നത് ഈസ്റ്റ് ടെക്‌സാസില്‍ തന്നെയാണ്. എന്നാല്‍ എന്നെ ആരും അടിച്ചില്ല. എന്റെ മാതാപിതാക്കള്‍ അത്തരം ശിക്ഷാനടപടികളില്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ പബ്ലിക് സ്‌കൂളുകള്‍ അങ്ങനെ ചെയ്തിരുന്നു. അവിടെവെച്ചാണ് എനിക്ക് അടികിട്ടിയിട്ടുള്ളത്.

ഉച്ചഭാഷിണിയിലൂടെ എത്തുന്ന ക്രിസ്തീയപ്രാര്‍ത്ഥനയിലൂടെയാണ് എന്റെ പബ്ലിക് സ്‌കൂളിന്റെ ദിവസം തുടങ്ങുന്നത്. ആറാംക്ലാസ് മുതല്‍ കുട്ടികള്‍ക്ക് തല്ലുകിട്ടിത്തുടങ്ങിയിരുന്നു.

കുട്ടികള്‍ അടികിട്ടുമ്പോള്‍ പഠിക്കുന്നതെന്താണ്? അവര്‍ അടിക്കുന്നതിനെപ്പറ്റിയും നിങ്ങളെപ്പറ്റിയും പഠിക്കുന്നു.

ജൂനിയര്‍ ഹൈസ്‌കൂള്‍ എത്തുന്നതുവരെ എന്നെ ആരും അടിച്ചിട്ടില്ല. എന്റെ കുറ്റം എന്തായിരുന്നു എന്നോര്‍മ്മയില്ല. പ്രിന്‍സിപ്പല്‍ എന്നോട് ക്ലാസിനുവെളിയില്‍ നില്‍ക്കണോ അതോ അടിവേണോ എന്ന് ചോദിച്ചു. വെളിയില്‍ നില്‍ക്കല്‍ മണിക്കൂറുകള്‍ നീളും. അടി സെക്കന്റുകള്‍ക്കുള്ളില്‍ കഴിയും. ഞാന്‍ അടി തെരഞ്ഞെടുത്തു. പറഞ്ഞതുപോലെ കൈ നീട്ടിപ്പിടിച്ച് ഞാന്‍ നിന്നു. എന്തുകൊണ്ടാണ് അടിച്ചത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല, എത്ര തവണയെന്നോ പ്രിന്‍സിപ്പല്‍ തന്നെയാണോ അടിച്ചതെന്നോ ഓര്‍ക്കുന്നില്ല. ഞാന്‍ അത് നോക്കിയില്ല.

അത് സംഭവിച്ചപ്പോള്‍ അയാള്‍ എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ? എന്നെ എന്താണ് പഠിപ്പിക്കാന്‍ ശ്രമിച്ചത്? എനിക്കറിയില്ല. ആരെങ്കിലും നിങ്ങളെ അടിക്കുമ്പോള്‍ നിങ്ങള്‍ ആകെ ആലോചിക്കുന്നത് ആ അടിയെപ്പറ്റിയാണ്. അത്കഴിഞ്ഞും അതുമാത്രമാണ് ഓര്‍ക്കുന്നത്. ഓരോ കുട്ടിയും വേറിട്ടരീതിയില്ലാണ് ഇത് മനസിലാക്കുക. ചിലര്‍ തങ്ങള്‍ ഇതര്‍ഹിക്കുന്നുവെന്ന് കരുതും. മറ്റുള്ളവര്‍ അസ്വസ്ഥരാകും. എന്നെപ്പോലെ വേറെ ചിലര്‍ക്ക് വെറുപ്പ് തൊന്നും. എന്നാല്‍ എല്ലാവരും അടിയെപ്പറ്റി ആലോചിക്കും. നാം ഓര്‍ക്കുക ശിക്ഷയെയാണ്, കുറ്റത്തെയല്ല.


ട്ടികളുടെ വികാസത്തെപ്പറ്റി പഠിച്ചിട്ടുള്ള ആര്‍ക്കും ഇതൊരു അത്ഭുതമല്ല. കുട്ടിയെ ഒരു പാഠം പഠിപ്പിച്ചേക്കാം എന്ന് കരുതിയാണ് നിങ്ങള്‍ അടി തുടങ്ങുക. സംസാരമായാലും പ്രവര്‍ത്തിയായാലും അടിയായാലും നിങ്ങള്‍ ഒരു സന്ദേശമാണ് കുട്ടിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുട്ടി ഈ സന്ദേശത്തിളല്ല ശ്രദ്ധിക്കുന്നത്. അവന്റെ ശ്രദ്ധ നിങ്ങളിലാണ്. നിങ്ങളുടെ സംസാരം, നിങ്ങളുടെ പ്രവര്‍ത്തി, നിങ്ങള്‍ നല്‍കുന്ന അടി. അതാണ് അവന്‍ പഠിക്കുന്നത്. നിങ്ങള്‍ ഒരു അധ്യാപകനല്ല, നിങ്ങള്‍ ഒരു മാതൃകയാണ്.

പഠനങ്ങള്‍ എല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമായുള്ള എല്ലാ ഇടപെടലിലും ഇത് കാണാം. അത് സ്‌നേഹമായാലും സഹകരണമായാലും ചൂഷണമായാലും അക്രമമായാലും. മറ്റുകുട്ടികളെ അടിക്കുന്നതോ വളര്‍ന്നു വലുതാകുമ്പോള്‍ മറ്റുള്ള ആളുകളെ അടിക്കുന്നതിലോ തെറ്റില്ല എന്ന് ചിന്തിക്കാന്‍ ഈ അച്ചടക്കരീതി പ്രേരിപ്പിക്കും. ചെറിയ അടിയും മരക്കൊമ്പുകൊണ്ട് അടിക്കുന്നതും ഒരേപോലെയല്ല. എന്നാല്‍ അതൊരു തുടര്‍ച്ചയാണ്. ഒളിഞ്ഞിരിക്കുന്ന കരിക്കുലം എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

തിരിച്ചാണ് സംഭവിക്കുന്നത് എന്നാണ് പീറ്റര്‍സണിന്റെ വിചാരം. മറ്റൊരു കുട്ടിയെ ഉന്തിയതിനും മുറിവേല്‍പ്പിച്ചതിനുമാണ് അയാള്‍ കുട്ടിയെ ശിക്ഷിച്ചത്. കുട്ടിയോട് അതിനുമുന്‍പ് സംസാരിച്ചുവെന്നാണ് അയാള്‍ പറയുന്നത്. ‘കുട്ടികളെ അടിക്കുന്നതിനുമുന്‍പ് ഞാന്‍ അവരോട് സംസാരിക്കും, അടിച്ചതിനുശേഷവും സംസാരിക്കും.’ എന്നാണ് ഉദ്യോഗസ്ഥരോട് അയാള്‍ പറഞ്ഞത്.

എന്നാല്‍ മറ്റൊരു കുട്ടിയെ അടിച്ചതിന്റെ പേരില്‍ നിങ്ങള്‍ ഒരു കുട്ടിയെ അടിച്ചാല്‍ ആകെ സംസാരിക്കുന്നത് അടി മാത്രമാണ്. നൂറുകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഇടയില്‍ നടത്തിയ പഠനവും ഇതാണ് സൂചിപ്പിക്കുന്നത്. ഒരു കുട്ടിയെ അടിച്ചതിന്റെ പേരില്‍ ഇത്തരം ശിക്ഷ നടപ്പാക്കിയ ഓരോ മാതാപിതാക്കളും ഇതേ പാഠമാണ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയത്. അടികൊടുക്കല്‍ സ്ഥിരമായി നടക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന 79 ശതമാനം കുട്ടികളും ടിവി കാണാനും മറ്റുമായി സഹോദരങ്ങളെ അടിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. അടി സമ്പ്രദായം ഇല്ലാത്ത വീടുകളില്‍ നിന്നുള്ള ഒരു കുട്ടി പോലും പ്രശ്‌നപരിഹാരത്തിന് ദേഹോപദ്രവമാര്‍ഗം സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കുട്ടികള്‍ മാതൃകയാണ് മനസിലാക്കുന്നത്, ലെക്ചര്‍ അല്ല.


പീറ്റേഴ്‌സണ്‍ ഒരു ഭീകരനല്ല. കുട്ടികളെ ദിവസവും അടിക്കുന്ന കോടിക്കണക്കിന് മാതാപിതാക്കളും ഭീകരരല്ല. കുട്ടികളെ വളര്‍ത്തല്‍ അത്രമേല്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. അവരെ നന്നായി പെരുമാറുന്നവരാക്കാന്‍ നിങ്ങള്‍ പരിശ്രമിക്കും, പക്ഷെ അവര്‍ കേള്‍ക്കില്ല. ഒരു അടികൊണ്ടു അവര്‍ ശ്രദ്ധിക്കും എന്ന് നിങ്ങള്‍ കരുതും. അടിക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ വാക്കുകളല്ല. അവര്‍ ശ്രദ്ധിക്കുന്നത് വടിയെയൊ ബെല്‍റ്റിനെയോ നിങ്ങളുടെ കൈയുടെ ചൂടോ ആണ്. ഓരോ അടിയിലും നിങ്ങള്‍ക്ക് അവരുമായുള്ള ബന്ധമാണ് നഷ്ടപ്പെടുന്നത്. അടുത്ത തവണ കയ്യോങ്ങുമ്പോള്‍ ഇത് ഓര്‍ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍