പണം അനുവദിക്കുന്നതിന് തടസം ഉണ്ടാവില്ല
അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ല്ക്ഷ്യമിട്ടു രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) പ്രവര്‍ത്തനം താളം തെറ്റിയെന്ന മാധ്യമ വാര്‍ത്തകളെ നിരാകരിച്ചു ധനമന്ത്രി തോമസ് ഐസക്. ക്ഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും അനുവാദം നല്‍കിയ പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു വരുമ്പോള്‍ പണം അനുവദിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാവില്ലെന്നും ധനമന്ത്രി ഉറപ്പു പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ കിഫിബിയെ കുറിച്ചുള്ള നിലപാടുകള്‍ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മംഗളത്തില്‍ ഒന്നാംപേജ് സംഭ്രമജനകമായ വാര്‍ത്തയായിരുന്നു: കിഫ്ബി പാളി. പെന്‍ഷന്‍ പ്രായം കൂട്ടുമെന്നുള്ള കേരളകൗമുദിയുടെ സംഭ്രമജനകമായ വാര്‍ത്ത പോലെ മറ്റൊന്ന് എന്നുകരുതി അവഗണിക്കാനാണ് ആദ്യം ചിന്തിച്ചത്. അപ്പോഴാണ് സി.പി വിജയന്റെ ആശങ്കകള്‍ കണ്ടത്.
2016-17 ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ് ഇന്നു കാണുന്ന കിഫ്ബിക്ക് രൂപം നല്‍കുന്നതിനുള്ള നയം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തില്‍ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന 15,000 ല്‍പ്പരം കോടി രൂപയുടെ പ്രോജക്ടുകളും പ്രഖ്യാപിച്ചു. പുതുക്കിയ ബജറ്റ് അവതരണത്തിന് ശേഷമുള്ള ഏഴ് മാസക്കാലം എന്തെല്ലാം നടന്നു?
1) 2016 ജൂലൈ 26 ന് പുതുക്കിയ നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചു. പിന്നീട് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉയര്‍ന്നുവന്ന ഭേദഗതികള്‍കൂടി പരിഗണിച്ചുകൊണ്ട് നവംബര്‍ 5 ന് പുതുക്കിയ ആക്റ്റ് നിലവില്‍ വന്നു.
2) എല്ലാകൂടിയാലോചനകള്‍ക്കും നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം നവംബര്‍ ആദ്യവാരം പുതിയ ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നവംബര്‍ 7 ന് പുതിയ ബോര്‍ഡിന്റെ ഒന്നാമത് യോഗവും ചേര്‍ന്നു.
3) മുന്‍ സി.എ.ജി വിനോദ് റായ്, മുന്‍ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉഷാ തോറാട്ട്, മുന്‍ നബാര്‍ഡ് ചെയര്‍മാന്‍ ബക്ഷി തുടങ്ങിയവര്‍ ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷന്‍ അംഗങ്ങളാകാന്‍ സമ്മതിച്ചു. കിഫ്ബിയുടെ സ്‌കീം പ്രായോഗികവും നിയമപരവുമാണെന്നതിന് ഇതിനേക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?
4) കിഫ്ബി മുഖാന്തിരമുള്ള പദ്ധതി നടത്തിപ്പിന്റെ ചിട്ടകള്‍ രൂപീകരിക്കുകയെന്ന ക്ലേശകരമായ ജോലിയാണ് മുന്നിലുണ്ടായിരുന്ന മറ്റൊരു വെല്ലുവിളി. ആഗസ്റ്റ് മാസം ആയപ്പോഴേക്കും പദ്ധതി നടത്തിപ്പിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം രൂപപ്പെടുത്തി ഉത്തരവാക്കി പുറപ്പെടുവിക്കാന്‍ കഴിഞ്ഞു.
5) പദ്ധതി സമര്‍പ്പണവും പരിശോധനയുമെല്ലാം കമ്പ്യൂട്ടറധിഷ്ഠിതമാകണമെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ തീരുമാനിച്ചത്. ഇതിന് ആവശ്യമായിട്ടുള്ള കുറ്റമറ്റ സോഫ്ട് വെയര്‍ തയ്യാറാക്കി അത് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ പരിചയപ്പെടുത്തുകയെന്ന ദൗത്യവും അതീവ ക്ലേശകരമായിരുന്നു. അതും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
6) ആധുനിക ധനവിപണയില്‍ നിന്നും പുതിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ധനസമാഹരണം നടത്തി വിപുലമായ പശ്ചാത്തല സൗകര്യസൃഷ്ടി സാധ്യമാക്കുകയാണ് കിഫ്ബിയുടെ ദൗത്യം. പ്രവൃത്തികളുടെ കാര്യക്ഷമതയും ഗുണനിലവാരവുമെല്ലാം ഇത്തരത്തിലുള്ള ധനസമാഹരണത്തിന് ഏറെ പ്രധാനമാണ്. അതുകൊണ്ടാണ് കൂടുതല്‍ സുതാര്യമായതും കാര്യക്ഷമവുമായ ചിട്ടകള്‍ക്ക് ശാഠ്യം പിടിക്കുന്നത്.
7) സമാന്തരമായി ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പ്രത്യേക നിക്ഷേപ പദ്ധതികളുടെ ഡി.പി.ആര്‍ തയ്യാറാക്കലും പരിശോധനയുമെല്ലാം വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ മുന്‍പരിചയം ഇല്ലാത്ത ഒരു രീതിയാണ്. വകുപ്പുകള്‍ക്ക് വലിയ തോതില്‍ പിന്തുണ ആവശ്യമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ അഞ്ചു തവണ പ്രോജക്ട് വിലയിരുത്തല്‍ യോഗങ്ങള്‍ ചേര്‍ന്നു.
8) ഇതിന്റെയെല്ലാം ഫലമായിട്ടാണ് 4,004 കോടി രൂപയുടെ 48 പദ്ധതികള്‍ പുതുക്കിയ കിഫ്ബി ബോര്‍ഡിന്റെ ഒന്നാമത് യോഗത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ഇവ ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
9) ഈ മാസം ഒടുവില്‍ ചേരുന്ന കിഫ്ബി ബോര്‍ഡില്‍ പതിനായിരത്തിലധികം കോടി രൂപയുടെകൂടി പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിയും. അവയുടെ സാങ്കേതികമായ എല്ലാ പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്.
10) ഇത്രയും ഭാരിച്ച ചുമതലകള്‍ നിര്‍വ്വഹിച്ചത് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍പോയ ഒരു ഡസന്‍ ജീവനക്കാരാണ്. ഇവര്‍ക്ക് നബാര്‍ഡിലെയും മറ്റും ഉന്നത ഉദ്യോഗസ്ഥരുടെ കീഴില്‍ പ്രത്യേകം പരിശീലനം നല്‍കേണ്ടിവന്നു. കഴിഞ്ഞയാഴ്ച മാത്രമാണ് ധനവിദഗ്ദ്ധര്‍, എഞ്ചിനീയമാര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ 72 പോസ്റ്റുകള്‍ അംഗീകരിക്കപ്പെട്ടത്. ഏതെല്ലാം തരത്തിലുള്ള വൈദഗ്ദ്ധ്യം ആവശ്യമുണ്ടെന്ന് തീരുമാനിക്കുന്നതിന് ഒട്ടേറെ ചര്‍ച്ചകള്‍ വേണ്ടിവന്നൂ.
11) കിഫ്ബി വഴി നടപ്പിലാക്കുന്നത് സാമാന്യം വലിയ പ്രവൃത്തികളാണ്. നിര്‍മ്മാണം തുടങ്ങുന്നതിന് മിനിമം വേണ്ട സാവകാശമേ ഇപ്പോള്‍ എടുത്തിട്ടുള്ളൂ. നവംബര്‍ മാസത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയത്. ഈ പ്രക്രിയയുടെ വേഗത ഇനി കൂടുമെന്നത് നിശ്ചയമാണ്.
കിഫ്ബി വകുപ്പുകള്‍ വിഭാവനം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വായ്പ നല്‍കുന്ന ഒരു ധനകാര്യ സ്ഥാപനമല്ല. കിഫ്ബി ഏതെങ്കിലും പ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുകയല്ല ചെയ്യുന്നത്. അനുവാദം കിട്ടുന്ന പണികള്‍ പൂര്‍ത്തീകരിച്ചു വന്നാല്‍ ബില്ല് കാലതാമസം കൂടാതെ നല്‍കുകയാണ് ചെയ്യുന്നത്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിയമപ്രകാരം സര്‍ക്കാര്‍ കിഫ്ബിക്ക് കൈമാറേണ്ട പണം കൈമാറുന്നുണ്ട്. നബാര്‍ഡില്‍ നിന്നും 4,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. 2,000 കോടി രൂപയുടെ ബോണ്ടുകള്‍ പുറപ്പെടുവിക്കാനും തയ്യാറെടുക്കുന്നു. ഒരു സംശയവും വേണ്ട അനുവാദം നല്‍കിയ പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു വരുമ്പോള്‍ പണം അനുവദിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാവില്ല. ഒന്നും പാളിയിട്ടില്ല. ഇത്രയും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമാണുള്ളത്. ആശങ്കകളെല്ലാം 2017-18 ലെ അനുഭവം തിരുത്തിക്കൊള്ളും.