UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷമിക്കുക, ഞാനെന്നെ സ്വയം കൊല്ലുന്നു; ഒരു ഭിന്നലിംഗ ഗെയിം ഡെവലപ്പറുടെ ആത്മഹത്യ

Avatar

മിഖായേല്‍. ഇ. മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘മരിച്ചെന്ന് തോന്നുന്നു. ഞാന്‍ എന്നെ കൊന്നു. സോറി.’ 

റേച്ചല്‍ ബ്രിക്കിന്റെ അവസാനവാക്കുകളാണിവ. മരണാനന്തരം ട്വിറ്റര്‍ മെസ്സേജായി 222 ഫോളോവര്‍മാര്‍ക്ക് പോസ്റ്റ് ചെയ്തതാണിത്.

മണിക്കൂറുകള്‍ക്കു മുമ്പ്, ഇരുപത്തിമൂന്നുകാരിയായ ഈ ഭിന്നലിംഗ വ്യക്തി അപ്പര്‍ മാന്‍ഹാട്ടനെ ന്യൂജേഴ്‌സിയുമായി ബന്ധിപ്പിക്കുന്ന ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തിലൂടെ നടന്നിരുന്നു. ട്രാഫിക് തിരക്കില്‍ ഡ്രൈവര്‍മാര്‍ പിങ്ക് തലമുടിയുള്ള ഒരു മെലിഞ്ഞ ശരീരം പാലത്തിന്റെ നടുക്ക് നില്‍ക്കുന്നത് കണ്ടിരുന്നു. ബ്രിക്ക് ഷൂസ് ഊരി. പിന്നീട് പാലത്തിന്റെ കൈവരിയില്‍ കയറിനിന്ന ശേഷം താഴേയ്ക്ക് ചാടി. 

ആത്മഹത്യയുടെ ആഴ്ചകള്‍ മുമ്പ് ബ്രിക്ക് എന്ന ഈ പ്രശസ്തയായ ഗെയിം ഡെവലപ്പര്‍ ഇന്റര്‍നെറ്റിലെ ‘സ്ഥിരം ട്രാന്‍സ്‌ഫോബിയ’യെപ്പറ്റി പരാതി പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ചാറ്റ്‌റൂമുകളില്‍ അനോണിമസ് ട്രോളുകള്‍ ബ്രിക്കിനോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ‘DO IT, if you’re such a weak willed thin skinned dips_ then f_ do it,’, ഒരു ശല്യക്കാരന്‍ എഴുതിയത് ഇങ്ങനെ. 

ഒടുവില്‍ അവള്‍ അത് ചെയ്തു. 

ബ്രിക്കിന്റെ മരണം അമേരിക്കന്‍ ഭിന്നലിംഗ സമൂഹത്തിന് ക്രൂരമായ ഒരടിയായിരുന്നു. പ്രശ്‌നത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ അറിവ് ഏറിവന്ന ഒരു കാലത്താണ് ഈ സംഭവം. ഇത്തരം ആത്മഹത്യകള്‍ ഒഹായോ കൗമാരക്കാരി ലീല ആല്‍കോതണിന്റെ പോലെ ഇരകള്‍ക്ക് മേല്‍ കൂടുതല്‍ പിന്തുണ എത്തിച്ചിരുന്നു. ബ്രൂസ് ജെന്നര്‍ താന്‍ ഒരു സ്ത്രീയായി മാറുകയാണ് എന്ന് വെളിപ്പെടുത്തിയതൊക്കെ ഭിന്നലിംഗ സമൂഹത്തെപ്പറ്റി ആളുകളെ ബോധവത്ക്കരിക്കാന്‍ ഏറെ ഉപകരിച്ചിരുന്നു. 

എന്നാല്‍ ഭിന്നലിംഗ വ്യക്തികള്‍ അനുഭവിക്കുന്ന വേദനയ്ക്ക് സെലിബ്രിറ്റി അഭിമുഖങ്ങള്‍ പകരമാകുന്നില്ല എന്നാണു ബ്രിക്കിന്റെ ആത്മഹത്യ സൂചിപ്പിക്കുന്നത്. പുരോഗതി ഏറെ പതിയെയാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഗെയ്മര്‍ഗേറ്റ് വിവാദസമയത്ത് ചര്‍ച്ച ചെയ്യപ്പെട്ട ഓണ്‍ലൈന്‍ ഗെയ്മിംഗ് രംഗത്തെ സ്ത്രീവിരുദ്ധത വീണ്ടും ചോദ്യമായി ഉയര്‍ന്നു വരികയാണ്. 

‘അടുത്തതവണ നിങ്ങള്‍ ഒരു ഭിന്നലിംഗ വ്യക്തിയെ കളിയാക്കിക്കളയാം എന്ന് കരുതുമ്പോള്‍ നിങ്ങള്‍ ആരെയാണ് വേദനിപ്പിക്കുന്നത് എന്നുകൂടി ഓര്‍ത്തുനോക്കുക.’, റേച്ചലിന്റെ അമ്മ ലിസ ബ്രിക്ക് മകളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ എഴുതി. 

റേച്ചല്‍ ബ്രിക്ക് വേദനാജനകമായ ഒരു ചെറിയ ജീവിതമാണ് നയിച്ചത്. ദൈനംദിനജോലികള്‍ ക്ലേശകരമാക്കിയിരുന്ന റുമാറ്റോയിഡ് ആര്‍ത്രൈറ്റിസും ഫിബ്രോമൈലാഗിയയും അവര്‍ക്കുണ്ടായിരുന്നു. ‘ഏഴുവര്‍ഷമായി.’ ആത്മഹത്യയ്ക്ക് കുറച്ചുനാള്‍ മുമ്പ് അവര്‍ എഴുതി. ‘കാലം കഴിയുംതോറും വഷളാകുന്നതേയുള്ളൂ.’ 

‘എല്ലാ ദിവസവും അവള്‍ വേദനിച്ചാണ് കഴിഞ്ഞത്’, അമ്മ പറഞ്ഞു. 

അസുഖങ്ങള്‍ കൊണ്ടാണോ ഏകാന്തത കൊണ്ടാണോ എന്നറിയില്ല, ബ്രിക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചും ഗെയിമുകള്‍ വികസിപ്പിച്ചും മണിക്കൂറുകള്‍ ചെലവഴിച്ചു. ആളുകളെ നിന്റെണ്ടോ വീയും ഗെയിം ക്യൂബും ഒക്കെ പേഴ്സണണല്‍ കമ്പ്യൂട്ടറില്‍ ഹൈഡെഫനിഷനില്‍ കളിക്കാന്‍ സഹായിക്കുന്ന ഡോള്‍ഫിന്‍ എന്ന സോഫ്റ്റ്‌വെയറില്‍ റേച്ചല്‍ ഒരുപാട് സമയം ചെലവഴിച്ചിരുന്നു. ‘ആരും ചെയ്യാത്ത ഒരുപാട് ചെറിയ ജോലികള്‍ അവള്‍ ചെയ്തിരുന്നു, ആര്‍ക്കും പരീക്ഷിക്കാന്‍ സമയമില്ലാത്ത തരം ഫീച്ചറുകള്‍ അവള്‍ പരീക്ഷിച്ചുനോക്കിയിരുന്നു,’ ബ്രിക്കിനെ ഓര്‍മ്മിച്ചുകൊണ്ടുള്ള ഒരു ഡോള്‍ഫിന്‍ കമ്യൂണിറ്റി പോസ്റ്റില്‍ പറയുന്നു. 

ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഈ നാണംകുണുങ്ങി കുട്ടി ഒരു ഓണ്‍ലൈന്‍ സമൂഹമുണ്ടാക്കി. സദാസമയവും സഹ ഗെയിമര്‍മാരുമായി ഡോള്‍ഫിന്‍ തന്ത്രങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ചിലപ്പോഴോക്കെ ട്രാന്‍സ്‌ജെന്‍ഡറായിരിക്കുന്നതിനെപ്പറ്റിയും അവള്‍ സംസാരിച്ചിരുന്നു. ‘മൂന്ന് എയര്‍പോര്‍ട്ടുകളില്‍ ഞാന്‍ ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നുകൂടി. എന്റെ (പുരുഷ) ഐഡി കണ്ടവരും എന്റെ പേര് കണ്ടവരും ഒന്നും എന്നെപ്പറ്റി സംശയങ്ങള്‍ ഉന്നയിച്ചില്ല, ബ്രിക്ക് ഏപ്രില്‍ ആദ്യമെഴുതി. അവളുടെ ട്വിട്ടര്‍ അകൗണ്ടില്‍ പുരുഷസ്ത്രീ ചിഹ്നങ്ങള്‍ കാണാം. ഒപ്പം ഒരു പ്രൊനൗണ്‍ ഗൈഡും: ‘ഷീ/ഹെര്‍ (അവള്‍/അവളുടെ). 

എന്നാല്‍ കമ്യൂണിറ്റിക്കൊപ്പം തന്നെ ബ്രിക്ക് ഇന്റര്‍നെറ്റില്‍ പീഢയും കണ്ടെത്തി. 4chan എന്ന അജ്ഞാത ഇന്റര്‍നെറ്റ് മെസ്സേജ് ബോര്‍ഡിലെ തെറിവിളി സഹിക്കാന്‍ വയ്യാതെ അവള്‍ അതുപേക്ഷിച്ച് reddit ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 

‘ഞാന്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം റെഡ്ഡിറ്റില്‍ ട്രാന്‍സ്‌ഫോബിയയില്ല. ചിലപ്പോള്‍ ആരെങ്കിലും അത് പറയും എന്ന് മാത്രം.’4chan ല്‍ തിരികെയെത്തിക്കൊണ്ടു അവള്‍ എഴുതി. 

അതേ പോസ്റ്റില്‍ ബ്രിക്ക് ആത്മഹത്യാപരമായും സംസാരിക്കുന്നുണ്ട്. 

‘ബാക്കിയുള്ളവര്‍ പേടിക്കേണ്ട. ഞാന്‍ വേഗം തന്നെ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്, എന്റെ ശല്യം ഇനി ഉണ്ടാകില്ല.’ അവള്‍ എഴുതി. 

ചിലയാളുകള്‍ അവളോട് അരുതെന്ന് അപേക്ഷിച്ചു. ‘ഈ ദുഷ്ടരായ മനുഷ്യര്‍ നിന്നെ ഇങ്ങനെ ബാധിക്കാന്‍ അനുവദിച്ചുകൂടാ’, ഒരാള്‍ എഴുതി. ‘ഇതല്ലെങ്കില്‍ മറ്റൊന്ന്, 4chan അങ്ങനെയാണ്.’ 

എന്നാല്‍ മറ്റുള്ളവര്‍ അവളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. ‘അടഞ്ഞ പെട്ടിയുള്ള ശവമടക്കുകളെപ്പറ്റി എന്താണ് തോന്നുന്നത്?’ ഒരു അജ്ഞാതന്‍ ചോദിച്ചു. ‘ഒരു പാലത്തില്‍ നിന്ന് ചാടുക റോക്കറ്റ് സയന്‍സ് ഒന്നുമല്ല’ എന്ന് മറ്റൊരാള്‍ എഴുതി. 

‘നിങ്ങളെ തന്നെ അനുനയിപ്പിക്കല്‍ എളുപ്പമല്ല’, ബ്രിക്ക് മറുപടി പറഞ്ഞു. ‘സൂയിസൈഡ് പെട്രോള്‍ നടത്തുന്ന പോലീസുകാരുമുണ്ട്, അവര്‍ എന്നെ വല്ലാതെ പേടിപ്പിച്ചു. എന്നെ കണ്ടാല്‍ ആര്‍ക്കും സംശയം തോന്നരുത് എന്നൊന്നും ഞാന്‍ മുമ്പ് ചിന്തിച്ചിരുന്നില്ല’, ബ്രിക്ക് മറുപടിയെഴുതി. 

‘ഈ നാടകത്തിന്റെ ആനന്ദത്തോടെ’ ബ്രിക്ക് കുറച്ചുദിവസത്തിനുള്ളില്‍ ഓണ്‍ലൈനില്‍ തിരിച്ചുവരും എന്നാരോ പറഞ്ഞപ്പോള്‍ അവള്‍ ‘നാഹ്’ എന്ന് മറുപടി എഴുതി. 

വാക്ക് പാലിച്ചുകൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ ബ്രിക്ക് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഒമ്പത് ദിവസങ്ങള്‍ക്കിടെ ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ വെച്ച് ആത്മഹത്യ ചെയ്യുന്ന നാലാമത്തെയാളാണ് ബ്രിക്ക്. കഴിഞ്ഞ വര്‍ഷം ഒമ്പതടി ഉയരമുള്ള കൈവരികള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി അധികാരികള്‍ പദ്ധതിയിട്ടിരുന്നെങ്കിലും അവ ഇതുവരെ സ്ഥാപിക്കപ്പെട്ടില്ല. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ ജീവിതകാലത്തിനിടെയെന്ന പോലെ ബ്രിക്കിന്റെ മരണവും ഇന്റര്‍നെറ്റിന്റെ നന്മകളും തിന്മകളും പുറത്തുകൊണ്ടുവന്നു. അമ്മയുടെ ഫേസ്ബുക്ക് പേജില്‍ അനുകൂലിക്കുന്നവര്‍ ബ്രിക്കിനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടവരെ വിമര്‍ശിച്ചു. ‘ഈ ഭൂമിയില്‍ വിധി പറയാന്‍ ആര്‍ക്കും അവകാശമില്ല’ ഒരു കുടുംബസുഹൃത്ത് എഴുതി. ‘ആളുകള്‍ കമ്പ്യൂട്ടറുകളുടെ പിന്നില്‍ ഒളിച്ചിരുന്ന് വിഷം വമിക്കുന്നു. ആളുകള്‍ക്ക് സ്‌ക്രീനിനുപിന്നില്‍ ‘ധൈര്യം’ ഉണ്ട്, എന്നാല്‍ സത്യത്തില്‍ അവര്‍ ദുഖിതരും അറിവില്ലാത്തവരുമാണ്.’

മകളുടെ രോഗവും ഓണ്‍ലൈന്‍ പീഢനവും ഒരേപോലെ മകളുടെ മരണത്തിന് കാരണമായി എന്ന് ലിസ ബ്രിക്ക് പറയുന്നു. ‘റേച്ചല്‍ ഇന്റര്‍നെറ്റില്‍ ഒരുപാട് പീഢയനുഭവിച്ചിരുന്നു എന്നത് നേരാണ്, എന്നാല്‍ അതല്ല അവളുടെ ആത്മഹത്യയുടെ കാരണം’ അവര്‍ എഴുതുന്നു. ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് തന്നെയാണ്, എന്നാല്‍ ഓരോ നിമിഷവും വേദനയില്‍ കഴിയുന്നതിനെപ്പറ്റിക്കൂടി ആളുകളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇതെല്ലാം അവളുടെ മരണത്തിന് കാരണമായിട്ടുണ്ടാകാം.’ 

എന്നാല്‍ 4chan ആളുകള്‍ ഒട്ടും സമയം പാഴാക്കിയില്ല. 

‘പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവര്‍ ‘ഷീ’ എന്നാണോ ‘ഹീ’ എന്നാണോ എഴുതുക?’ ഒരാള്‍ ചോദിച്ചു. 

മറ്റൊരാള്‍ എഴുതി, ‘നന്നായി.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍