UPDATES

വിദേശം

നിരായുധരായ കറുത്തവര്‍ കൊല്ലപ്പെടുന്ന വിധം

Avatar

സന്ധ്യ സോമശേഖര്‍,വെസ്ലി ലൌറി, കെയ്ത്ത് എല്‍ അലക്സാണ്ടര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു ചെറിയ സംഭവത്തില്‍ നിന്നാണത് തുടങ്ങുന്നത്: ഒരു ഗതാഗതക്കുരുക്ക്. ഒരു ഭവനഭേദനം. ഒരു ബഹളം. പോലീസ് വരുന്നു, സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. നിരായുധനായ ഒരു കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിലാണ് ഒടുവില്‍ സംഭവങ്ങളെത്തുക.

ഗതാഗത മുന്നറിയിപ്പുകള്‍ ലംഘിച്ചതിന്റെ പേരില്‍ ഉണ്ടായ പൊലീസ് നടപടികള്‍  മാര്‍ച്ച് മാസത്തില്‍ മാഡിസണ്‍, വിസ്കോണ്‍സിന്‍, എന്നിവടങ്ങളില്‍ ഇതേ ക്രമത്തിലാണുണ്ടായത്.

വെനീസ് ബോഡ് വാക്കില്‍ കിടപ്പാടമില്ലാത്ത ഒരാള്‍ ആളുകളെ ശല്യം ചെയ്യുന്നു എന്ന് കടല്‍തീരത്ത് പോകുന്നവരില്‍ നിന്നും  പരാതി കിട്ടിയ ലോസ് ആഞ്ചലസിലും ഇതുതന്നെ സംഭവിച്ചു.

ഒരു കടയില്‍ മോഷണശ്രമം നടന്നെന്ന് പോലീസിന് വിവരം കിട്ടിയ ക്ലീവ് ലാന്‍ഡിലും ഇതാണ് നടന്നത്. ടാളഹസ്സിയില്‍ ആരുടെയോ വാതിലില്‍ ഒരാള്‍ ഉറക്കെ മുട്ടിയെന്ന വിവരം കിട്ടിയപ്പോള്‍. കഴിഞ്ഞ മാസം സിന്‍സിനാറ്റിയില്‍ 43-കാരനായ സാമുവല്‍ ദുബോസിന്റെ തല തുളച്ച് വെടിയുണ്ട പോയത് നമ്പര്‍ പ്ലേറ്റില്ലാതെ വണ്ടിയോടിച്ചതിനാണ്.

ഒരു വര്‍ഷം മുമ്പ്  ഫെര്‍ഗൂസനില്‍ ഒരു മോഷ്ടാവിനെ തിരഞ്ഞുകൊണ്ടിരുന്ന ഒരു വെള്ളക്കാരന്‍ പോലീസുകാരന്‍ നിരായുധനായ ഒരു കറുത്ത വര്‍ഗക്കാരന്‍ കൌമാരക്കാരനെ വെടിവെച്ചുകൊന്നു. ആ സംഭവം ആഫ്രിക്കന്‍-അമേരിക്കക്കാരോടുള്ള സമീപനത്തെക്കുറിച്ച് ദേശവ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചു.  18-കാരന്‍ മൈക്കല്‍ ബ്രൌണ്‍ അമേരിക്കയിലെ വര്‍ണ വിവേചനത്തിന്റെ പ്രതീകമായി.

ഈ വര്‍ഷം ഇതുവരെ നിരായുധരായ 24 കറുത്ത വര്‍ഗക്കാര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു- ഓരോ 9 ദിവസം കൂടുമ്പോഴും ഒരാള്‍. ഏപ്രിലില്‍ രണ്ടാഴ്ച്ചയില്‍ മൂന്ന്‍ പേരാണ് കൊല്ലപ്പെട്ടത്. ഈ മൂന്നു കൊലകളും ദൃശ്യങ്ങളായി പകര്‍ത്തി. ഒന്ന് പ്രാദേശിക ടെലിവിഷനില്‍ തത്സമയം കാണുകയും ചെയ്തു. 

പോലീസ് വെടിവീച്ചു കൊന്ന 585 പേരില്‍ ഈ 24 ചെറിയൊരു കണക്കാണ്. അവരില്‍ ഭൂരിഭാഗം വെള്ളക്കാരും ഹിസ്പാനിക്കുകളുമാണ്. ഇവരില്‍ മിക്കവരും ആയുധധാരികളുമായിരുന്നു.

എന്നാല്‍ നിരായുധരായി കൊല്ലപ്പെട്ടവരില്‍ 60 പേരില്‍ 40-ഉം കറുത്തവരാണ്. യു എസ് ജനസംഖ്യയുടെ വെറും 6% മാത്രമാണ് ഇവരെന്നു ഓര്‍ക്കണം. നിരായുധരായിരിക്കെ പോലീസ് വെടിയേറ്റ് കൊല്ലപ്പെടാനുള്ള സാധ്യത വെള്ളക്കാരെ അപേക്ഷിച്ച് കറുത്ത വര്‍ഗക്കാര്‍ക്ക് 7 മടങ്ങ് കൂടുതലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഡാറ്റാ ബേസ് വിശകലനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ സംഭവത്തില്‍ കൊല്ലപ്പെട്ടത് 19-കാരനായ ക്രിസ്റ്റ്യന്‍ ടെയ്ലരാണ്. സംഭവം അന്വേഷണത്തിലാണ്.

ഈ കണക്കുകള്‍ ഫെര്‍ഗൂസന് ഒരു വര്‍ഷത്തിന് ശേഷം പ്രതിഷേധം ഇപ്പൊഴും നീറാന്‍ കാരണമെന്തെന്ന് തെളിയിക്കുന്നു. മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെടുമായിരുന്ന വെടിവെപ്പുകള്‍ ഇപ്പോള്‍ പൊതുജന, നിയമ പരിശോധനക്ക് വിധേയമാകുന്നത് എന്തുകൊണ്ടെന്നും.

“ഫെര്‍ഗൂസന്‍ ഒരു വഴിത്തിരിവായിരുന്നു. തങ്ങളിപ്പോള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് പോലീസിനറിയാം,” പോലീസ് സേനയെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക് ലോമാക്സ് പറയുന്നു.

വഴിപോക്കരോ പോലീസ് തന്നെയോ രേഖപ്പെടുത്തിയ ദൃശ്യങ്ങള്‍ ചില സംഭവങ്ങളില്‍ അവരുടെ വിശ്വാസ്യതയെ ചോര്‍ത്തിക്കളഞ്ഞു. ഈ വര്‍ഷം ഇത്തരം വെടിവെപ്പ് നടത്തിയ മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ കൂറ്റം ചുമത്തി. ഇതെല്ലാം ദൃശ്യങ്ങളില്‍ പതിഞ്ഞ സംഭവങ്ങളാണ്.

“ഫെര്‍ഗൂസന് മുമ്പ് പോലീസ് രാഷ്ട്രീയമായി തൊട്ടുകൂടാത്തവരായിരുന്നു. ഫെര്‍ഗൂസന്‍ ആ നില മാറ്റി,” ജോര്‍ജ് ടൌണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ പോള്‍ ബട്ലര്‍ (The Chokehold: policing Black Men) എന്നു പറഞ്ഞു.

“ഇനി 5 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ പ്രമുഖമായ എല്ലാ പോലീസ് വകുപ്പുകളിലും ഉദ്യോഗസ്ഥര്‍ക്ക് ശരീരത്തില്‍ പിടിപ്പിക്കുന്ന ക്യാമറകള്‍ ഉണ്ടാകും. ഫെര്‍ഗൂസന്‍ മൂലം ഉണ്ടാകുന്ന മാറ്റമാണിത്.”

പൊലീസ് സേനയില്‍ ഇതല്‍പം മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. ജീവന്‍ പണയം വെച്ചു ജോലി നോക്കുന്ന പോലീസുകാരില്‍ നിന്നും കുറ്റവാളികളെന്ന് സംശയിക്കുന്നവരിലേക്ക് ജനങ്ങളുടെ സഹതാപം മാറുന്നതിന് ഇതിടയാക്കും എന്നവര്‍ ആശങ്കപ്പെടുന്നു. മൈക്കല്‍ ബ്രൌണിനെ വെടിവെച്ചുകൊന്ന കേസില്‍ സ്വയരക്ഷക്കാണ് വെടിവെച്ചതെന്ന വാദം ശരിവെച്ച് കോടതി വെറുതെ വിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഡാരന്‍ വില്‍സനെ ജനം മറക്കുമെന്ന് പോലീസിന് ആശങ്കയുണ്ട്. ഫെര്‍ഗൂസന് ശേഷം പോലീസുകാരുടെ ജീവാപായം കൂടുമെന്ന് അവര്‍ ഭയപ്പെടുന്നു.

ഇതുവരെയും അങ്ങനെ വലിയ വര്‍ധനവിനുള്ള സൂചനയൊന്നും ഇല്ല.  എന്നാലും ജോലിസമയത്തു ഈ വര്‍ഷം ഇതുവരെ 18 നിയമപാലകര്‍ കൊല്ലപ്പെട്ടു.

2015-ല്‍ നടന്ന ഇത്തരം വെടിവെപ്പുകളെ വിശകലനം ചെയ്ത വാഷിംഗ്ടണ്‍ പോസ്റ്റ് മരിച്ചവരെ നാല് വിഭാഗമായി തിരിക്കുന്നു.

പരിക്കേല്‍പ്പിക്കാവുന്ന തരത്തില്‍ എന്തെങ്കിലും ആയുധം കയ്യിലുള്ളവരെ ആയുധധാരികളായി കണക്കാക്കുന്നു. അപായപ്പെടുത്താനായി പൊലീസുകാര്‍ക്ക് നേരെയോ മറ്റുതരത്തിലോ വണ്ടിയോടിച്ചവരെയും ഈ വിഭാഗത്തില്‍ പെടുത്തുന്നു.

വെടിവെപ്പിന്റെ നേരത്ത് ആയുധമില്ലാത്തവരെയോ പരിക്കേല്‍പ്പിക്കാന്‍ കഴിയാത്ത വസ്തുക്കള്‍ കയ്യില്‍ പിടിച്ചവരെയോ നിരായുധരായാണ് കണക്കാക്കുന്നത്.

കളിത്തോക്കുകളോ മറ്റ് ആയുധമെന്ന് തോന്നിക്കുന്നവ കയ്യിലുള്ളവരെ മൂന്നാമതൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍ വിവിധ ഭാഷ്യങ്ങള്‍ ഉള്ളതിനാല്‍ ഏത് വിഭാഗത്തില്‍ പെടുത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

ആയുധമില്ലാത്ത ആളും അപകടമുണ്ടാക്കിയേക്കാം. ഏപ്രിലില്‍ ഡേവിഡ് ഫെലിക്സിനെ (24) ന്യൂ യോര്‍ക് സിറ്റി പോലീസ് വെടിവെച്ചുകൊന്നത് ഒരു സുഹൃത്തിനെ ആക്രമിച്ച് അവരുടെ സഞ്ചി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ്. മാനസിക പ്രശ്നമുള്ള ഫെലിക്സ് പൊലീസ് റേഡിയോ തട്ടിപ്പറിക്കുകയും ഒരു ഉദ്യോഗസ്ഥന്റെ തല തല്ലിപ്പൊളിക്കുകയും ചെയ്തു എന്നാണ്.

ഈ 24 വെടിവെപ്പുകളിലും കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള ഭീഷണി ഇത്ര മാരകമായ പ്രതികരണം ആവശ്യപ്പെടുന്നതായിരുന്നോ എന്നാണ് ചോദ്യം. മിക്ക കേസിലും അന്വേഷണം നടന്നുവരികയാണ്.

മരിച്ച 24 പേരും 18-നും 50-നും ഇടക്ക് പ്രായമുള്ളവരാണ്. വലുതും ചെറുതുമായ നഗരങ്ങളില്‍-ലോസ് ഏഞ്ചലസ്, മേരിലാണ്ട്,അര്‍കന്‍സാസ് അടക്കമുള്ളവ. കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള തെക്കന്‍ മേഖലയിലാണ് മിക്ക വെടിവെപ്പുകളും. ഫ്ലോറിഡയില്‍ മാത്രം 5 എണ്ണം.

വഴിമദ്ധ്യേയുള്ള പൊലീസ് പരിശോധനകള്‍, സംശയകരമായ പെരുമാറ്റങ്ങളെ തുടര്‍ന്നുള്ള വിളികള്‍ എന്നിവയാണ് ഈ വെടിവെപ്പുകളിലേക്ക് പലപ്പോഴും നയിച്ചത്. ചെറിയ മോഷണങ്ങള്‍, വാറണ്ട് നല്‍കാനുള്ള പൊലീസ് ശ്രമം എന്നിവയും കാരണങ്ങളായി. ഒളി ദൌത്യങ്ങള്‍ക്കിടക്കാണ്  രണ്ടു വെടിവെപ്പുകള്‍ നടന്നത്.

പൊതുവേ പൊലീസ് പറയുന്ന ന്യായം കൊല്ലപ്പെട്ടയാള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ്. കുറഞ്ഞത് 4 സംഭവങ്ങളില്‍ വെടിയേറ്റവര്‍ ആയുധമെടുക്കാന്‍ തുനിഞ്ഞു എന്നും പൊലീസ് പറയുന്നു.

ചില സംഭവങ്ങളില്‍ എന്തിന് വെടിവെച്ചു എന്നു പൊലീസ് വ്യക്തമാക്കുന്നില്ല. തട്ടിക്കൊണ്ടുപോകല്‍, കൊള്ള, പരോള്‍ ലംഘനം എന്നിവ  ആരോപിച്ചിരുന്ന  നൈഷെല്‍യസ് വിന്‍സന്‍റിനെ, 37, മാര്‍ച്ചിലാണ് വെടിവെച്ചുകൊന്നത്. കേസിപ്പോള്‍ അന്വേഷണത്തിലാണ്.

അഞ്ചു മാസം കഴിഞ്ഞിട്ടും എന്തിന്നാണ് വെടിവെച്ചുകൊന്നത് എന്നു പരസ്യമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ക്രിസ് ജാക്സന്റെ (22) മരണവും ഇതേപോലെ ദുരൂഹമായ കാരണങ്ങളാലാണ്. ജാക്സന്റെ അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ പോലും കാലിഫോര്‍ണിയ അധികൃതര്‍ വിസമ്മതിച്ചു.

ജാക്സന്റെ പെണ്‍സുഹൃത്ത്, അയാളുടെ അവസ്ഥയെ കുറിച്ചു വിവരം നല്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുന്നു എന്നു ഫെയ്സ് ബുകില്‍ സന്ദേശം നല്കിയപ്പോഴാണ് അഞ്ചേല അയിന്‍ലെ ജൂണ്‍ 15-ലെ സംഭവത്തെക്കുറിച്ച് അറിയുന്നതു തന്നെ. ഒരു മണിക്കൂര്‍ യാത്ര ചെയ്ത് സ്ഥലത്തെത്തി നിരവധി ശ്രമങ്ങള്‍ക്കൊടുവിലും വിവരം ലഭിക്കാതെ വന്നപ്പോഴാണ് തന്റെ മകന്‍ മരിച്ചു എന്നു അവര്‍ക്ക് മനസിലായത്.

“ആരും എന്നോടു പറഞ്ഞില്ല,” ഒരഭിമുഖത്തില്‍ അവര്‍ തേങ്ങിക്കരഞ്ഞു. “ എന്റെ മോന്‍ ഒറ്റയ്ക്ക് കിടന്നു മരിച്ചു.”

ജാക്സണ്‍ തന്റെ പെണ്‍സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു. രണ്ടു പേരും പുലര്‍ച്ചെ വഴക്കടിച്ചപ്പോള്‍ മറ്റുള്ള താമസക്കാരാണ് പൊലീസിനെ വിളിച്ചത്.

പൊലീസ് വന്നപ്പോള്‍ സ്ത്രീയാണ് വാതില്‍ തുറന്നത്. ഒരു  കൊക്കൈന്‍ കേസില്‍ പൊലീസ് തെരഞ്ഞിരുന്ന ജാക്സണ്‍ കുളിമുറിയിലേക്ക് ഓടുകയും ഒന്നാം നിലയിലെ ജനാല വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു.പിന്നെ അവര്‍ കേട്ടത് ഒരു വെടിയുടെ ശബ്ദമാണ്.  

ജോഷ്വ ക്ലിങ് എന്ന വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ജാക്സണെ വെടിവെച്ചത്.  ക്ലിങ് വെടിവെച്ചപ്പോള്‍, ജാക്സണ്‍ ഇരു കൈകളും ഉയര്‍ത്തി ‘വെടിറ്റി വെക്കരുത്’ എന്നു പറഞ്ഞെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പോലീസും ആദ്യം ഇതിനെ എതിര്‍ത്തില്ലെങ്കിലും പിന്നീട് ക്ലിങ്ങിന് ജീവന് ഭീഷണി തോന്നിയെന്ന് അവര്‍ പ്രതിരോധിച്ചു. ഷൂസും, ഷര്‍ടും ആയുധങ്ങളുമില്ലാതെയായിരുന്നു ജാക്സണ്‍ എങ്കിലും. ഭീഷണിയുടെ സ്വഭാവം എന്താണെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. അന്വേഷണം നടക്കുന്നു.

ജെറെമി ലേറ്റിന്‍റെ (28) മരണത്തെക്കുറിച്ച് പൊലീസ് കുറച്ചുകൂടി കാര്യങ്ങള്‍ പറയുന്നുണ്ട്. വെടിവെച്ച ഡേവിഡ് സ്റ്റിത്തിന്റെ മൊഴിയടക്കമുള്ള രേഖകള്‍ അവര്‍ പുറത്തുവിട്ടു.

എന്നാല്‍ ഫെര്‍ഗൂസന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാര്‍ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ടു.

രാത്രി 8 മണിക്ക് ഒരു പഴയ അയല്‍ക്കാരിയെ കാണാനാണ് ലെറ്റ് ചെന്നത്. മറ്റൊരു സമയത്ത് വരാന്‍ അവരുടെ കൂടെ താമസിക്കുന്ന സ്ത്രീ ആവശ്യപ്പെട്ടു. പക്ഷേ ലെറ്റ് നിര്‍ബന്ധം പിടിച്ച്. വാതിലിലും ജനലിലും മുട്ടിക്കൊണ്ടിരുന്നു. അവര്‍ പൊലീസിനെ വിളിച്ചു.

വിളി ലഭിക്കുമ്പോള്‍ സ്റ്റിത് ഒരു വാഹനാപകട സ്ഥലത്തായിരുന്നു എന്നു പൊലീസ് രേഖകള്‍ പറയുന്നു. ലെറ്റ് ഒരു കെട്ടിടത്തിന്റെ വശത്തുകൂടെ പോകുന്നത്തുകണ്ട സ്റ്റിത് വെളിച്ചം അയാള്‍ക്കുനേരെ അടിച്ചു. തുടര്‍ന്ന് പോലീസുകാരന് നേരെ ഓടിയ ലെറ്റ് ആക്രമിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തി. പല ശ്രമങ്ങള്‍ക്കൊടുവിലാണ് വെടിവെച്ചത്. ഒരു വെടികൊണ്ടിട്ടും ലെറ്റ് ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് വീണുകിടന്നിടത്തുനിന്നു സ്റ്റിത്, ലെറ്റിന്റെ നെഞ്ചിലേക്ക് തുടര്‍ച്ചയായി വെടിവെച്ചു. പൊലീസിന് വിളി വന്നു ഒരു മിനിറ്റിനും 57 സെക്കണ്ടിനും ഉള്ളിലാണ് ഇതൊക്കെ സംഭവിച്ചത്. അഞ്ചു തവണയാണ് ലെറ്റിന് വെടിയേറ്റത്.

സ്റ്റിത് കറുത്ത വര്‍ഗക്കാരനാണെങ്കിലും ട്രാവിയോണ്‍ മാര്‍ടിന്റെ കൊലപാതകത്തിന് ശേഷം രൂപം കൊണ്ട ഡ്രീം ഡിഫണ്ടേഴ്സ് എന്ന വിദ്യാര്‍ത്ഥി സംഘം ലെറ്റിന്‍റേത് വംശീയ കൊലയാണെന്ന് ആക്ഷേപിക്കുന്നു. സ്റ്റിത്തിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ലെറ്റിന്റെ ശരീരത്തില്‍ ഗണ്യമായ അളവില്‍ കൊക്കയിന്‍ കണ്ടെന്ന് വൈദ്യ പരിശോധനയില്‍ പറയുന്നു. വെടിവെപ്പ് ന്യായീകരിക്കാവുന്നതാണെന്ന് ഫെബ്രുവരിയില്‍ ഒരു ജൂറി വിധിച്ചതിനേ തുടര്‍ന്ന് പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു.

ടെലിവിഷനില്‍ തത്സമയം കാണവേയാണ് ഫ്രാങ്ക് ഷെപ്പേഡ് കൊല്ലപ്പെട്ടത്. ഹൂസ്റ്റണ്‍ പൊലീസിനെ വിവരങ്ങള്‍ക്കായി ആര്‍ക്കും ശല്യപ്പെടുത്തേണ്ടി വന്നില്ല. പക്ഷേ ഷെപ്പേഡിന്റെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ എന്തുകൊണ്ടായാള്‍ മരിച്ചു എന്നതിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തി.

ഏപ്രിലില്‍ ഒരു ഗതാഗത സൂചന ലംഘിച്ച് 41-കാരനായ ക്ഷുരകന്‍ വണ്ടിയോടിച്ചുപോയി. പോലീസ് അയാള്‍ക്ക് പിന്നാലെ നടത്തിയ അതിവേഗപ്പാച്ചില്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ തത്സമയം കാണിച്ചു. വാര്‍ത്താ ചാനല്‍ ഹെലികോപ്റ്ററുകള്‍ ആകാശത്തു വട്ടമിട്ടു. ഷെപ്പേഡിന്റെ കാര്‍ വേറെ രണ്ടു വണ്ടികളുമായി കൂട്ടിയിടിച്ചു.

അയാള്‍ കാറിന് പുറത്തിറങ്ങി. പിന്നെ നടന്നതായിരുന്നു ഞെട്ടിച്ചത്. ഷെപ്പേഡ് കാറിലേക്ക് തിരികെ പോകുന്നതിനിടയില്‍ പൊലീസ് വെടിയുതിര്‍ത്തു. അയാള്‍ കാറിന്റെ തുറന്നിട്ട വാതിലിനടുത്ത് മരിച്ചുവീണു.

അതിനുശേഷം ഷെപ്പേഡിന്റെ അമ്മ ചെറില്‍ ആ രംഗം പലതവണ കണ്ടു. അവരും മറ്റ് പലരും കരുതിയത് സീറ്റ് ബെല്‍ട്ട് കുരുങ്ങിയെന്നോ ഫോണെടുക്കാന്‍ ശ്രമിക്കുകയാണെന്നോ ആണ്.

കുറച്ചു നിമിഷങ്ങള്‍ക്ക് മുമ്പ് തന്റെ കാറില്‍ ഒരു കുഞ്ഞുണ്ടെന്ന് 911-ലേക്ക് വിളിച്ച് നുണ പറഞ്ഞു ജീവന്‍ രക്ഷിക്കാന്‍ അയാള്‍ ഒരു അവസാനശ്രമം നടത്തിയിരുന്നു. ആ മരണപ്പാച്ചിലില്‍ അമ്മയെ വിളിച്ച് യാത്ര പറയാനും അയാള്‍ മറന്നില്ല.

“അവര്‍ വെടിവെച്ചിടുകയാണ്,” കറുത്ത വര്‍ഗക്കാരോടുള്ള പൊലീസ് സമീപനത്തെക്കുറിച്ച് ചെറില്‍ ഷെപ്പേഡ് പറഞ്ഞു. “എന്റെ മകന്‍ മരിക്കുന്നതു ഞാന്‍ കണ്ടു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.”

വെടിവെച്ച രണ്ട് ഉദ്യോഗസ്ഥരും ജോലിയില്‍ തിരികെ പ്രവേശിച്ചു.

നിക്കോളസ് തോമസിന്റെ (23) മരണത്തെക്കുറിച്ചും കാര്യങ്ങള്‍ വ്യക്തമല്ല. നിരായുധരാണോ അല്ലയോ എന്നു വ്യക്തമായി പറയാനാകാത്ത 5 കറുത്തവരുടെ പട്ടികയിലാണ്  പോസ്റ്റ് ഇതിനെ പെടുത്തിയത്.

ഒരു മെക്കാനിക്കായിരുന്ന തോമസ് നന്നാക്കാന്‍ കൊണ്ടുവന്ന ഒരു സ്പോട്സ് കാറിന്റെ ചിത്രമെടുത്ത് അത് സെര്‍വീസ് ചെയ്യാനുള്ള ഇടത്തിലേക്ക് ഓടിച്ചു. പെട്ടന്നാണ് സ്മിര്‍നയിലെ 5 പോലീസുകാര്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ അയാളെ പിന്തുടര്‍ന്നത്. തുടര്‍ന്നുള്ള പാച്ചിലിലും വെടിവെപ്പിലും തോമസിന്റെ പിന്‍ഭാഗത്ത് വെടിയേറ്റു.

അയാളുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല.

എന്നാല്‍ അവിടെയുണ്ടായിരുന്ന മറ്റൊരു കാരുടമ ബ്രിട്ട്നി യൂസ്ടാഷ് പൊലീസ് വ്യാഖ്യാനം തള്ളുന്നു. “പോലീസുകാര്‍ എല്ലായിടത്തുമുണ്ടായിരുന്നു. സര്‍, കാറില്‍ നിന്നും പുറത്തിറങ്ങൂ എന്നവര്‍ പറഞ്ഞു. രണ്ടുതവണ. അയാള്‍ ഇറങ്ങിയില്ല. പിന്നീടവര്‍ വെടിവെച്ചു.”

തോമസിന്റെ മാതാപിതാക്കള്‍ കേസ് കൊടുക്കാന്‍ ആലോചിക്കുന്നു. സ്മിര്‍ന്ന പൊലീസ് മേധാവി ലീയും ഫെഡറല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുണ്ട്.

“എന്റെ ഉദ്യോഗസ്ഥര്‍ തെറ്റായെന്തെങ്കിലും ചെയ്തെന്ന് കണ്ടാല്‍ ഞാന്‍ ഉചിതമായ നടപടിയെടുക്കും.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍