ടീം അഴിമുഖം
രക്തപങ്കിലമായ പിറവി ഹിംസാക്തമായ കൗമാരത്തിലും തുടരുകയാണ് ബംഗ്ലാദേശില്‍.
ബംഗ്ലാദേശിലെ രാജ്ഷാഹി നഗരത്തില്‍ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറെ പൊതുനിരത്തിലിട്ട് അടിച്ചും കുത്തിയും കൊലപ്പെടുത്തിയിരിക്കുന്നു. രാജ്ഷാഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായ 58-കാരന്‍ റസഉല്‍ കരിം സിദ്ദീഖിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്യാമ്പസിലേക്കു പോകാന്‍ ബസ് കാത്തു നില്‍ക്കവെ മൂന്ന് പേര്‍ നടത്തിയ ആക്രമണത്തിനിടെ കുത്തേറ്റ സിദ്ദീഖി സംഭവ സ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. ബംഗാളി സംസ്‌കാരത്തിന്റെ പേരുകേട്ട മതേതര പാരമ്പര്യങ്ങളെ തീവ്ര മതഭ്രാന്തമാര്‍ പിച്ചിച്ചീന്തിക്കൊണ്ടിരിക്കുമ്പോള്‍ ഈയിടെ ബംഗ്ലാദേശില്‍ വര്‍ധിച്ചു വന്ന മതേതര എഴുത്തുകാരുടേയും പ്രസാധകരുടേയും കൊലപാതകങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണിത്.
നാസിമുദ്ദീന്‍ സമദ് എന്ന ബ്ലോഗറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അല്‍ ഖയ്ദയുടെ ബംഗ്ലാദേശ് ഘടകമായ അന്‍സാര്‍ അല്‍ ഇസ്ലാം ഏറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് സിദ്ദീഖിയും കൊല്ലപ്പെട്ടിരിക്കുന്നത്. തലസ്ഥാനമായ ധാക്കയില്‍ വച്ച് ആയുധ ധാരികളായ ആക്രമികളാല്‍ കൊല്ലപ്പെട്ട ബ്ലോഗറായ 26-കാരന്‍ സമദ് കഴിഞ്ഞ 14 മാസത്തിനിടെ ധാക്കയില്‍ കൊല്ലപ്പെടുന്ന ആറാമത്തെ സ്വതന്ത്ര എഴുത്തുകാരനാണ്.
പരിഷ്‌കരണവാദികളും വിവേകികളുമായ ഒരു സമൂഹത്തിന്റെ അടിവേര് വെട്ടുന്ന തരത്തില്‍ ഒരു പുതിയ ആക്രമണ തരംഗം ശക്തിപ്രാപിക്കുമ്പോള്‍ നമ്മുടെ ദക്ഷിണേഷ്യന്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഒറ്റ നോട്ടത്തില്‍ സമാധാനം കാണുന്നില്ല. നഷ്ടത്തിന്റെ വേദന അറിഞ്ഞിട്ടില്ലാത്ത ആരും തന്നെ ഇന്നത്തെ ബംഗ്ലാദേശ് സമൂഹത്തില്‍ ഇല്ല. 1971-ലെ രക്തപങ്കിലമായ സ്വാതന്ത്ര്യ സമരം തൊട്ട് രാജ്യം ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇവയിലേറെയും ഹിംസാത്മകവുമാണ്. എല്ലാവരേക്കാളും നന്നായി നഷ്ടത്തിന്റെ വേദന അറിയുന്ന ആളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 1975 ഓഗസ്റ്റ് 15- തന്റെ കുടുംബം കൊലചെയ്യപ്പെട്ടതുമുതല്‍ അവരത് അനുഭവിച്ചു വരികയും ചെയ്യുന്നു. 2013 ഫെബ്രുവരി 15-ന് കൊല്ലപ്പെട്ട യുക്തിവാദിയും ബ്ലോഗറുമായ റജിബ് ഹൈദറിന്റെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന അവരുടെ വാഗ്ദാനത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ആഴത്തില്‍ വേദനിക്കുകയും കുടുംബത്തെ സന്ദര്‍ശിച്ച് വ്യക്തിപരമായി ദുഖത്തില്‍ പങ്കുചേരുകയും ചെയ്ത ഒരാളുടെ സത്യസന്ധത ഉണ്ടായിരുന്നു. എന്നാല്‍ ആ വാഗ്ദാന പൂര്‍ത്തീകരണത്തിനായി ഇന്നും ബംഗ്ലാദേശികള്‍ കാത്തിരിക്കുകയാണ്.

നാസിമുദ്ദീന്‍ സമദ്
ഹസീനയുടെ ആ നാളുകള്‍ ഓര്‍മകളില്‍ വളരെ ദൂരെയാണ്. വിഷലിപ്തമായ മതമൗലികവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന ഒരു പുതിയ നേതാവിനെയാണ് ഇന്ന് കാണാന്‍ കഴിയുക. ഇന്ത്യയെ ഒരു ഹിന്ദു ഭൂരിപക്ഷ ദേശമാക്കണമെന്ന് വാദിക്കുന്നവര്‍ക്ക് വേണ്ടത്ര പാഠങ്ങള്‍ ബംഗ്ലാദേശില്‍ നിന്ന് പഠിക്കാനുണ്ട്. സമീപ കാലത്ത് ബംഗ്ലാദേശ് കോടതികള്‍ ദേശീയ മതമായി ഇസ്ലാമിനെ കണക്കാക്കിയതോടെ ഉണ്ടായ വൈരുധ്യങ്ങള്‍ ഭരണഘടനയെ നിഷ്പ്രഭമാക്കുകയാണുണ്ടായത്. 1972-ലെ യഥാര്‍ത്ഥ ബംഗ്ലാദേശ് ഭരണഘടന പ്രകാരം മതേതരത്വം രാജ്യത്തിന്റെ നാല് അടിസ്ഥാന തത്വങ്ങളില്‍ ഒന്നായിരുന്നു.
മതനിരപേക്ഷത എന്ന തത്വം 1977-ല്‍ സിയാഉര്‍ റഹ്മാനാണ് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തത്. ‘പകരം പരിപൂര്‍ണ വിശ്വാസവും ആശ്രയവും സര്‍വശക്തനായ അല്ലാഹുവാണ്’ എന്ന് എഴുതി ചേര്‍ത്തു. 1988-ല്‍ ഔദ്യോഗിക മതമായി ഇസ്ലാമിനെ പ്രഖ്യാപിച്ചു. 2010-ല്‍ സുപ്രീം കോടതി മതനിരപേക്ഷതയെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായി പുനസ്ഥാപിച്ചെങ്കിലും ഇസ്ലാം ദേശീയ മതമായി തന്നെ തുടര്‍ന്നു. ബംഗ്ലാദേശ് ജനസംഖ്യയുടെ 90 ശതമാനത്തിലെറെയും മുസ്ലിംകളാണ്. ബാക്കിയുള്ളവര്‍ ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍, മറ്റിതര മതവിശ്വാസികളുമാണ്.
വിട്ടുവീഴ്ച കൊണ്ട് ഒരു പ്രശ്‌നമുണ്ട്. അധികാരത്തില്‍ തുടരാന്‍ എതിരാളികളുടെ പിന്തുണ ആവശ്യമാണെന്നതിനാല്‍ അത് നേടിയെടുക്കാന്‍ ഈ വിട്ടുവീഴ്ച ഭരണത്തിലിരിക്കുന്നവര്‍ക്ക് സഹായകമാകുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ശരാശരി പൗരന്മാര്‍ക്കിടയില്‍ ദൂരവ്യാപകവുമാണ്. ഇസ്ലാമിനെ ദേശീയ മതമായി അംഗീകരിച്ചതിനെതിരെ ശബ്ദമുയര്‍ത്തുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്ന സമദിനെ ഏപ്രില്‍ ഏഴിന് ഇസ്ലാമിക് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സമദ് മതവികാരങ്ങളെ വ്രണപ്പെടുത്തിയോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയപ്പോള്‍ അന്നു നടന്ന ചര്‍ച്ചകളിലേറെയും വരാനിരുന്ന പൊഹ്ല ബൊയ്ശാഖ് ആഘോഷങ്ങള്‍ ഇസ്ലാമിക വിരുദ്ധമാകുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇരയെ കുറ്റപ്പെടുത്തിയും കൊലപാതകത്തെ ന്യായീകരിച്ചുമുള്ള മതമൗലിക വാദികളുടെ അസഹിഷ്ണുതാപരമായ ശബ്ദങ്ങള്‍ക്കൊപ്പം ചേരുകയാണ് സര്‍ക്കാര്‍ ചെയ്തത്. റജിബിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അടിച്ചമര്‍ത്തപ്പെട്ട മതേതരവാദികള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്ത ഇതേ പ്രധാനമന്ത്രി നാസിമുദ്ദീന്‍ സമദിന്റെ കൊലപാതകത്തിനു ശേഷം തന്റെ പൊഹ്ല ബൊയ്ശാഖ് പ്രസംഗത്തില്‍ ചരിത്രത്തിന്റെ എതിര്‍ ദിശയില്‍ നില്‍ക്കുകയാണ് ചെയ്തത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രേരണയാല്‍ അവര്‍ മതത്തെ കുറിച്ചുള്ള മാന്യമല്ലാത്ത പരാമര്‍ശങ്ങളെ തള്ളിപ്പറയുകയും അതിന്റെ മാരകമായ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സെന്‍സര്‍ഷിപ്പിനേയും അസഹിഷ്ണുതയേയും ഇടുങ്ങിയ ചിന്താഗതിക്കാരായ മതമൗലികവാദികളുടെ ഹിംസാത്മക കാവലിനേയും പ്രകടമായി തന്നെ പിന്തുണച്ചിട്ടുണ്ടെന്നതിനാല്‍ ഇതല്ലാതെ മറ്റെന്തെങ്കിലും അവര്‍ പറയുന്നതില്‍ കാര്യമൊന്നുമില്ല.
സ്വതന്ത്ര്യ ബംഗ്ലാദേശില്‍ ഇസ്ലാമിസത്തിന്റെ വിപത്ത് അവതരിപ്പിച്ചത് സൈനിക ഏകാധിപതികളായ സിയയും ഇര്‍ഷാദുമാണെന്ന അവാമി ലീഗിന്റെ വാദമാണ് തീര്‍ച്ചയായും ബംഗ്ലാദേശ് ചരിത്രത്തിന്റെ ശരിയായ ഒരു വശം കാണിക്കുന്നത്. എങ്കിലും ജമാഅത്തിന്റെ ചരിത്രപരമായ മൗലികവാദത്തെയും ആക്രമണങ്ങളേയും കുറിച്ചുള്ള വാദങ്ങളിലും കഴമ്പുണ്ട്.
രാഷ്ട്രീയത്തിലെ മതത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ പോര് സംഭവിച്ചതിനു കാരണം നുരഞ്ഞു കൊണ്ടിരിക്കുകയും രാജ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ചരിത്രപരമായ ഈ രാഷ്ട്രീയ ഭിന്നതകള്‍ 2013-ല്‍ അവാമി ലീഗ് പുറത്തെടുത്തതാണ്. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ മതേതരത്വവും രാജ്യസ്‌നേഹവും ആവശ്യമായി വന്നപ്പോള്‍ ആത്മാര്‍ത്ഥതയില്ലാതെ ഈ രണ്ടു മൂല്യങ്ങളേയും എടുത്ത് കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
റജിബിന്റേയും തന്റെ മകന്‍ സജീദ് വാസദ് ജോയിയുടേയും കൊലപാതകങ്ങള്‍ക്കു ശേഷമുണ്ടായ പ്രധാനമന്ത്രിയുടെ ഹൃദയംതൊട്ട നടപടികളും ഷാബാഗിലേക്കുള്ള യാത്രയുമെല്ലാം ആ സയമത്തെ ഓര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളാണ്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാഅത്തും പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്ത ഇസ്ലാമിസത്തിന്റെ ജ്വാലകളില്‍പ്പെട്ടുപോയ ബംഗ്ലാദേശിനു മുന്നില്‍ തടസമായി നില്‍ക്കുന്നത് അവാമി ലീഗ് മാത്രമാണെന്ന് ആവര്‍ത്തിച്ചു പറയുന്നതില്‍ വാസ്തവമുണ്ടെന്ന് ഇനി കരുതാന്‍ വയ്യ. സര്‍ക്കാര്‍ നോക്കി നില്‍ക്കെയാണ് നാസ്തികത എന്നത് ക്രൂരമായ ശിക്ഷകള്‍ക്ക് അര്‍ഹമായ ഒരു ആക്ഷേപ വാക്കായി മാറിയിരിക്കുന്നത്. മതനിരപേക്ഷത, സ്വതന്ത്രചിന്ത, മതവിരുദ്ധ വാദം എന്നിവയൊക്കെ പകരം ഉപയോഗിക്കാവുന്ന അതിന്റെ പര്യായങ്ങളായും മാറിയിരിക്കുന്നു.