UPDATES

ഗോവ, മണിപ്പൂര്‍: കോണ്‍ഗ്രസ്സ് കണ്ണാടി നോക്കണം

1998ല്‍ അദല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപിയെ ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ വിളിക്കാതെ കെആര്‍ നാരായണന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഈ ‘ജനാധിപത്യ കൊലപാതകം’

ഗോവയിലും മണിപ്പൂരിലും സര്‍ക്കാരുകളുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ കശാപ്പ് ചെയ്ത അതേ ജനാധിപത്യഹിംസയാണ് ബിജെപി പിന്തുടരുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ‘ഭൂരിപക്ഷം നടപ്പിലാക്കുക’ എന്ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെആര്‍ നാരായണന്‍ വിശേഷിപ്പിച്ച അതേ നയം തന്നെയാണ് ബിജെപി ഇപ്പോള്‍ പിന്തുടരുന്നത് എന്ന് റഷീദ് കിദ്വായി ദി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

1998ല്‍ അദല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി 240 എംപിമാരുടെ പിന്തുണയോടെ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പക്ഷെ വാജ്‌പേയിയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കാനാണ് അന്നത്തെ രാഷ്ട്രപതിയും അതിന് മുമ്പ് കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയുമായിരുന്ന കെആര്‍ നാരായണന്‍ ശ്രമിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിക്കപ്പെട്ട ഏതെങ്കിലും സഖ്യത്തിനോ രാഷ്ട്രീയ കക്ഷിക്കോ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് 1998 മാര്‍ച്ച് 12ന് ഇറക്കിയ ഒരു വിശദീകരണത്തില്‍ അന്നത്തെ രാഷ്ട്രപതി അഭിപ്രായപ്പെട്ടത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്‍ ഒരാളെ പ്രധാനമന്ത്രിയായി നിയമിക്കുകയാണെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന കീഴ്വഴക്കത്തെയും അന്നത്തെ രാഷ്ട്രപതി ചോദ്യം ചെയ്തു. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലാത്തവരുടെ പാര്‍ട്ടിയോ സഖ്യമോ സഭയില്‍ മറിച്ച് തെളിയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു കീഴ്വഴക്കമായി അംഗീകരിക്കാനാവില്ലെന്നും കെആര്‍ നാരായണന്‍ പറഞ്ഞുവെച്ചു.

കോണ്‍ഗ്രസും സഖ്യ കക്ഷികളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാവാതിരിക്കുകയും എന്‍ഡിഎയുടെ പിന്തുണ 264 ആക്കി ഉയര്‍ത്തിക്കൊണ്ട് ജെ ജയലളിത രാഷ്ട്രപതിക്ക് ഔദ്ധ്യോഗിക ഫാക്‌സ് സന്ദേശം അയയ്ക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് വാജ്‌പേയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ കെആര്‍ നാരായണന്‍ തയ്യാറായത്. തങ്ങള്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് 12 എംപിമാരുള്ള ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്‌ദേശവും പ്രഖ്യാപിച്ചു. അതോടെ 537 അംഗ ലോക്‌സഭയില്‍ 270ന് പകരം 264 അംഗങ്ങള്‍ ഉണ്ടെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവും എന്ന സ്ഥിതി വന്നു.

കെആര്‍ നാരായണന്‍ പിന്തുടര്‍ന്ന മാനദണ്ഡം തന്നെ ഉപയോഗിച്ചാണ് ഇപ്പോള്‍ മണിപ്പൂരിലെ ഗവര്‍ണറായ നജ്മ ഹെപ്ത്തുള്ളയും ഗോവയിലെ ഗവര്‍ണറായ മൃദുല സിന്‍ഹയും ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെ തന്നെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കെല്‍പ്പുള്ളവരെ ക്ഷണിച്ചാല്‍ മതിയെന്നുമുള്ള കീഴ്വ്‌ഴക്കം കോണ്‍ഗ്രസ് തന്നെ സൃഷ്ടിച്ചതാണെന്ന് സാരം.

തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കപ്പെടുന്ന സഖ്യങ്ങളെ കുറിച്ചും വലിയ വീരവാദങ്ങള്‍ പറയാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 1999ല്‍ മഹാരാഷ്ട്രയില്‍ പരസ്പരം മത്സരിച്ച കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നാണ് പിന്നീട് ബിജെപി-ശിവസേന സഖ്യത്തെ പുറത്താക്കി മന്ത്രിസഭ രൂപീകരിക്കാന്‍ കൈകോര്‍ത്തത്. 2004ല്‍ ജെഡിഎസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചപ്പോഴും കോണ്‍ഗ്രസ് ഈ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

1979ല്‍ ജനത പാര്‍ട്ടിയുടെ കീഴിലാണ് ഹരിയാനയില്‍ ഭജന്‍ലാല്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 1980ല്‍ ഇന്ദിര ഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരികെ എത്തിയപ്പോള്‍, ജനത പാര്‍ട്ടിയില്‍ നിന്നും 48 എംഎല്‍എമാരുമായി ഭജന്‍ലാല്‍ മറുകണ്ടം ചാടി. അന്ന് ഭജന്‍ലാലിനെ ഹരിയാന മുഖ്യമന്ത്രിയാക്കിക്കൊണ്ടാണ് ഇന്ദിര ഗാന്ധി പ്രത്യുപകാരം ചെയ്തത്. അധികാരത്തില്‍ ഇരിക്കുന്ന കക്ഷികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കപ്പെടാവുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം എന്നാണ് നാളിതുവരെയുള്ള ചരിത്രം സൂചിപ്പിക്കുന്നതെന്ന് സാരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍