UPDATES

വിദേശം

ലാദന്റെ കൊലപാതകം ഒബാമയുടെ നാടകമോ?; ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Avatar

ഒസാമ ബിന്‍ ലാദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്തര്‍ നാടകങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷ് ലണ്ടന്‍ ബുക്ക് ഓഫ് റിവ്യൂവില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. 

2011ല്‍ അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ യുഎസ് സേനാ വിഭാഗമായ സീല്‍ കൊലപ്പെടുത്തിയത്, പാകിസ്ഥാന്‍ സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും അറിവോടെയായിരുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷ് വെളിപ്പെടുത്തുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ യുഎസ് അധികൃതര്‍ നടത്തിയ പല വിശദീകരണങ്ങളും കല്ലുവച്ച നുണകളുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ബാരക് ഒബാമയ്ക്ക് രണ്ടാമതും പ്രസിഡന്റ് പദവിയില്‍ എത്തുന്നതിനുള്ള ഒരു നാടകമായിരുന്നു, രോഗബാധിതനും അവശനുമായിരുന്ന ലാദന്റെ കൊലപാതകമെന്ന് ലണ്ടന്‍ ബുക്ക് ഓഫ് റിവ്യൂസില്‍ എഴുതിയ പതിനായിരം വാക്കുകള്‍ വരുന്ന ലേഖനത്തില്‍, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രഗത്ഭ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഹെര്‍ഷ് തെളിവ് സഹിതം വെളിപ്പെടുത്തുന്നു.

2011ല്‍ ലാദനെ വധിച്ച് ഓപ്പറേഷന്‍ മുഴുവന്‍ അമേരിക്കയുടെ ഉത്തരവാദിത്വം ആയിരുന്നവെന്നും ഇക്കാര്യം പാകിസ്ഥാന്‍ സര്‍ക്കാരിനോ സൈന്യത്തിനോ അവരുടെ രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്‌ക്കോ അറിയില്ലെന്നായിരുന്നു എന്നാണ് അന്ന് അമേരിക്ക പറഞ്ഞിരുന്നത്. എന്നാല്‍ 2006 മുതല്‍ ലാദന്‍ പാകിസ്ഥാന്റെ തടവിലായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ സെയ്മര്‍ പുറത്തുവിട്ടു. ലാദനെ യുഎസ് സേന വധിച്ച പാകിസ്ഥാനിലെ അബോട്ടാബാദിലെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഐഎസ്‌ഐയ്ക്കായിരുന്നു ലാദന്റെ സുരക്ഷ ചുമതല. ഇക്കാര്യം 1990 കളില്‍ ഐഎസ്‌ഐ തലവനായിരുന്ന ആസാദ് ദുറാനി ശരിവയ്ക്കുന്നുണ്ട്. ശരിയായ സമയത്ത് ലാദന്‍െ ഒളിത്താവളം വെളിപ്പെടുത്തുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. അതായത് പാകിസ്ഥാന് അതില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന സമയമാണ് ശരിയായ സമയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ദുറാനി വെളിപ്പെടുത്തുന്നു.

ഇസ്ലാമബാദിലെ യുഎസ് എംബസിയില്‍ 2010 ഓഗസ്റ്റില്‍ ഒരു പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഒരു രഹസ്യ വിവരവുമായി അന്നത്തെ സിഐഎ സ്റ്റേഷന്‍ ചീഫായിരുന്ന ജോനാതന്‍ ബാങ്കിനെ സമീപിക്കുന്നതോടെയാണ് കഥ മാറുന്നത്. 2001ല്‍ അമേരിക്ക ലാദന്റെ തലയ്ക്ക് പ്രഖ്യാപിച്ച 25 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കുകയാണെങ്കില്‍ ലാദന്‍ എവിടെയുണ്ടെന്ന് വെളിപ്പെടുത്താമെന്നാണ് ചാരന്‍ ബാങ്കിനോട് പറഞ്ഞത്. ഇത്തരം വ്യക്തിഗത വിവരങ്ങള്‍ സിഐഎ മുഖവിലയ്ക്ക് എടുക്കാത്തതിനാല്‍ ബാങ്ക് വിവരം തന്റെ ആസ്ഥാനത്തേക്ക് അയച്ചു, വിവരം തന്ന ആളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാനായിരുന്നു നിര്‍ദ്ദേശം. ഈ പരീക്ഷ അയാള്‍ കൃത്യമായി പാസാവുകയും ചെയ്തു. എന്നാല്‍ ലാദന്‍ അബോട്ടാബാദിലെ ഒരു കെട്ടിടത്തില്‍ താമസിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചെങ്കിലും അത് ലാദനാണെന്ന് എങ്ങനെ ഉറപ്പിക്കും എന്നതായിരുന്നു സിഐഎയുടെ പിന്നത്തെ സംശയമെന്ന് ഈ വിവരം സെയ്മറിനോട് വെളിപ്പെടുത്തിയ യുഎസിന്റെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

മാത്രമല്ല, വിവരം രഹസ്യമാക്കി വെക്കാനും സിഐഎ തീരുമാനിച്ചു. തങ്ങള്‍ക്ക് വിവരം കിട്ടിയെന്നറിഞ്ഞാല്‍ പാകിസ്ഥാന്‍ ലാദനെ മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റുമോ എന്നായിരുന്നു അവരുടെ ആശങ്ക എന്ന് വിരമിച്ച രഹസ്യന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പിക്കാനായി പിന്നെ അവരുടെ ശ്രമം. ഇതിനായി ഒരു വിനോദസഞ്ചാര കേന്ദ്രമായ അബോട്ടാബാദില്‍ അവര്‍ ഒരു ഓഫീസ് തുടങ്ങുകയും അവിടെ കൂടുതല്‍ പാകിസ്ഥാനികളെ ജോലിക്കാരാക്കുകയും ചെയ്തു. കുറച്ച് വിദേശികളെയും വച്ചു. അബോട്ടാബാദില്‍ ഇങ്ങനെ ചുരുങ്ങിയ കാലത്തേക്ക് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത് സാധാരണമായതിനാല്‍ ഇത് സംശയത്തിന് ഇടനല്‍കിയില്ല. (ഇതിനിടയില്‍ വിവരം നല്‍കിയാളെയും കുടുംബത്തെയും വാഷിംഗ്ടണിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ ഇപ്പോള്‍ സിഐഎയുടെ ഉപദേശകരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നു.)

ലഭ്യമായ വിവരങ്ങള്‍ ലാദനിലേക്ക് വിരല്‍ചൂണ്ടിയതിനെ തുടര്‍ന്ന് സാധ്യമായ സൈനീക നടപടിയെ കുറിച്ച് സൈനീക, രഹസ്യാന്വേഷണ വൃത്തങ്ങളില്‍ ചര്‍ച്ച ആരംഭിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ഈ സംശയം പ്രസിഡന്റ് ഒബാമയെ അറിയിച്ചെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അബോട്ടാബാദില്‍ ബിന്‍ ലാദന്‍ രഹസ്യമായി താമസിക്കുന്നു എന്ന് വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ‘അത് ബിന്‍ ലാദന്‍ ആണെന്ന് പൂര്‍ണമായും വ്യക്തമാകാതെ ഇനി ഇതിനേക്കുറിച്ച് എന്റടുത്ത് സംസാരിക്കരുത്’എന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. അതോടെ ലാദന്റെ ഡിഎന്‍എ സാമ്പിള്‍ ലഭിക്കാതെ പ്രസിഡന്റിനെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ആവില്ലെന്ന് സിഐഎയ്ക്ക് വ്യക്തമായി.

പക്ഷെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇക്കാര്യം നിര്‍വഹിക്കുക അസാധ്യമായിരുന്നു. ഇതിനിടെ ലാദനെ കുറിച്ചുള്ള ഔദ്ധ്യോഗിക അന്വേഷണങ്ങള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമ്പോഴെല്ലാം തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടില്‍ പാകിസ്ഥാന്‍ കരസേനയുടെ ചീഫ് സ്റ്റാഫ് ജനറല്‍ അസ്ഫഖ് പര്‍വേസ് കായാനിയും ഐഎസ്‌ഐ തലവന്‍ ജനറല്‍ അഹമ്മദ് സുജ പാഷായും ഉറച്ചു നിന്നു. ഇവരെ എങ്ങനെ കൈയിലെടുക്കാം എന്നതായിരുന്നു പിന്നീടുള്ള ചര്‍ച്ച.

ലാദനെ കുറിച്ച് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ കൈമാറുകയും കെട്ടിടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവരില്‍ നിന്നും സ്വീകരിക്കുകയുമായിരുന്നു ഒരു വഴി. 2001 മുതല്‍ 2006 വരെ ലാദന്‍ ഹിന്ദുക്കുഷ് മലനിരകളില്‍ തന്റെ ഏതാനും ഭാര്യമാരും കുട്ടികളുമായി ഒളിവില്‍ പാര്‍ക്കുകയായിരുന്നു എന്നാണ് വിവരം ചോര്‍ത്തിയ ആള്‍ ബാങ്കിനോട് പറഞ്ഞത്. 2006ല്‍ ഐഎസ്‌ഐ ചില പ്രദേശവാസികളുടെ സഹായത്തോടെ ലാദനെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. ലാദന്‍ വളരെ ക്ഷീണിതനായിരുന്നുവെന്നും രോഗബാധിതനായിരുന്നുവെന്നും ബാങ്കിനോട് അയാള്‍ പറഞ്ഞിരുന്നു. അബോട്ടാബാദിലെ വീട്ടിലെത്തി ലാദനെ ചികിത്സിക്കാന്‍ പാകിസ്ഥാന്‍ സേനയിലെ ഒരു ഡോക്ടറായ അമീര്‍ അസീസിനെ ഐഎസ്‌ഐ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ലാദന്റെ ഡിഎന്‍എ സാമ്പിള്‍ ലഭിക്കാന്‍ ഐഎസ്‌ഐയുടെ സഹായത്തോടെ സാധിക്കില്ലെന്ന് മനസിലാക്കിയ സിഐഎ ഒടുവില്‍ അത് നേടിയെടുത്തു. പാകിസ്ഥാനുള്ള സൈനീക സഹായങ്ങള്‍ തടഞ്ഞുവച്ചുകൊണ്ട് സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രമാണ് സിഐഎ സ്വീകരിച്ചത്. സ്വകാര്യ സുരക്ഷയ്ക്ക് ധനസഹായം നല്‍കുന്ന ഭീകരവിരുദ്ധ ഫണ്ടുകളായിരുന്നു ഇതില്‍ അധികം. അതായത് പാകിസ്ഥാന്‍ സേനയിലെ ഉന്നതരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് ലിമോയിസ് കാറുകളും സുരക്ഷ ഗാര്‍ഡുകളും അതീവ സുരക്ഷയുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സഹായവും. ഇതോടെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വഴങ്ങുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഉറപ്പായിരുന്നു. അതോടൊപ്പം ഒരു അല്‍പം ബ്ലാക്‌മെയ്‌ലിംഗ് കൂടി നടത്തി. ബിന്‍ ലാദന്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നുള്ള വിവരം പുറത്തുവിടുമെന്ന ഭീഷണി. ഇത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള പാകിസ്ഥാന്റെ ശത്രുക്കളും മിത്രങ്ങളുമായ താലിബാന്‍ ഉള്‍പ്പെടെയുള്ള ജിഹാദി സംഘങ്ങളെ വെറുപ്പിക്കുമെന്നതിനാല്‍ അവര്‍ക്ക് വഴങ്ങാതെ തരമുണ്ടായിരുന്നില്ല. കൂടാതെ ലാദന്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നറിഞ്ഞാല്‍ സൗദിയുടെ അപ്രീതിക്ക് പാത്രമാവേണ്ടി വരും എന്നതും പാകിസ്ഥാനെ അലട്ടിയ മറ്റൊരു പ്രശ്‌നമായിരുന്നു.

കാശ്മീരില്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും ജിഹാദി ഗ്രൂപ്പുകളുടെ സഹായം ആവശ്യമായതിനാല്‍ ഈ ഭീഷണിക്ക് മുന്നില്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വഴങ്ങി. പാകിസ്ഥാന്‍ സൈനീക അക്കാദമിയില്‍ നിന്നും വെറും രണ്ട് മൈല്‍ അകലെയാണ് ലാദനെ പാര്‍പ്പിച്ചിരുന്ന വീട്. ഐഎസ്‌ഐയുടെ ഏറ്റവും പ്രധാനപ്പെട്ട ആസ്ഥാനങ്ങളില്‍ ഒന്നും, ആണവായുധങ്ങള്‍ സംരക്ഷിക്കുന്ന സേനയെ പരിശീലിപ്പിക്കുന്ന കേന്ദവുമായ താര്‍ബെല ഗാസിയില്‍ നിന്നും വെറും പതിനഞ്ച് മിനിട്ട് ഹെലിക്കോപ്ടറില്‍ പറന്നാല്‍ ഈ വീട്ടില്‍ എത്താന്‍ കഴിയും. ‘ലാദനെ കൃത്യമായി നിരീക്ഷിക്കാന്‍ ഇതിലും നല്ലൊരിടം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല,’ എന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ വാഷിംഗ്ടണിലും പിരിമുറുക്കം കൂടുന്നുണ്ടായിരുന്നു. 1980ല്‍ ഇറാനില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതാണ് അടുത്ത തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനോട് ജിമ്മി കാര്‍ട്ടര്‍ തോല്‍ക്കാനുണ്ടായ പ്രധാന കാരണം. ഇതേ ഗതി ഒബാമയ്ക്കും ഉണ്ടാവുമോ എന്ന സന്ദേഹം അകത്തളങ്ങളില്‍ വ്യാപകമായിരുന്നു.

അബോട്ടാബാദില്‍ താമസിക്കുന്നത് ലാദനാണെന്ന് ഉറപ്പിക്കാനുള്ള ഒരേ ഒരു വഴി ഡിഎന്‍എ പരിശോധനയായിരുന്നു. സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ട കായാനിയും പാഷയും തന്നെയാണ് സാമ്പിള്‍ സംഘടിപ്പിക്കാന്‍ അസീസിനോട് ആവശ്യപ്പെട്ടത്. അസീസ് സംഘടിപ്പിച്ച ഡിഎന്‍എ സാമ്പിള്‍ ലാദന്റെതാണെന്ന് ഉറപ്പായതിനെ തുടര്‍ന്ന് വാഗ്ദാനം ചെയ്യപ്പെട്ട 25 മില്യണ്‍ ഡോളറില്‍ ഒരു പങ്ക് അസീസിനും നല്‍കിയെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അസീസിന് ലാദനുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇതുവരെ പാകിസ്ഥാന്‍ അധികൃതര്‍ സമ്മതിച്ചിട്ടില്ല. (അസീസ് ലാദന്റെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിച്ചിരുന്നതെന്ന് റെയിഡിന് ശേഷം മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു).

പിന്നീട് നടപടിയുടെ രീതിയെ കുറിച്ചായി ചര്‍ച്ചകള്‍. ‘നിങ്ങള്‍ക്ക് ഒരു വലിയ വ്യോമാക്രമണം സംഘടിപ്പിക്കാനാവില്ലെന്ന് കായാനി ഞങ്ങളോട് പറഞ്ഞു. നിങ്ങളുടെ സേന ചെറുതും അവശ്യം ആയുധങ്ങള്‍ മാത്രമുള്ളതുമായിരിക്കണം. അതുപോലെ തന്നെ നിങ്ങള്‍ ലാദനെ വധിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം കരാര്‍ നിലനില്‍ക്കില്ല,’ എന്നും പറഞ്ഞതായി മുന്‍ഉദ്യോഗസ്ഥന്‍ സെയ്മറിനോട് വെളിപ്പെടുത്തുന്നു. നാല് അമേരിക്കക്കാര്‍ അടങ്ങുന്ന ഒരു ലെയ്‌സണ്‍ ഓഫീസ് താര്‍ബെല ഗാസിയില്‍ ആരംഭിക്കുന്നതിനും പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു.

ഇതിനിടെ സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി പാകിസ്ഥാന് നല്‍കാമെന്നേറ്റിരുന്ന പതിനെട്ട് എഫ്-16 യുദ്ധ വിമാനങ്ങള്‍ കൈമാറുന്ന നടപടി അമേരിക്ക വൈകിപ്പിച്ചു. അതുപോലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പടിയും മരവിപ്പിക്കാന്‍ തീരുമാനിച്ചു. 2011 ഏപ്രിലില്‍ പാഷ സിഐഎ തലവന്‍ ലിയോണ്‍ പാനേറ്റെയെ കണ്ട് യുഎസ് വ്യോമാക്രമണത്തിന് സഹായങ്ങള്‍ ചെയ്യാം എന്ന് സമ്മതിച്ചു. പകരം സഹായങ്ങള്‍ പുസ്ഥാപിക്കാമെന്ന് അമേരിക്കയും വാക്ക് കൊടുത്തു.

പനേറ്റയുമായുള്ള കൂടിക്കാഴ്ചയില്‍ നിങ്ങള്‍ ഒരു അല്‍ക്വയ്ദ, താലിബാന്‍ ചാരനായി പ്രവര്‍ത്തിക്കുകയോണോ എന്ന സംശയം ഒരു മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥന്‍ പാഷയോട് ചോദിച്ചതായി മുന്‍ സുരക്ഷ ഉദ്യോഗസ്ഥനും സിഐയെയിലെ തന്നെ ചില സ്രോതസുകളും സെയ്മറിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. അല്ല എന്നായിരുന്നു പാഷയുടെ ഉത്തരം. കായാനിയും പാഷയും ഒരു വിഭവസ്രോതസായാണ് ലാദനെ കണ്ടിരുന്നതെന്നും അവര്‍ക്ക് സ്വന്തം സുരക്ഷയെ കുറിച്ച് മാത്രമേ താല്‍പര്യം ഉണ്ടായിരുന്നുള്ളുവെന്നുമാണ് ഇതില്‍ നിന്നും സിഐഎ മനസിലാക്കിയതെന്നും ഈ ഉദ്യോസസ്ഥര്‍ വെളിപ്പെടുത്തുകയും ചെയ്തു.

മിഷന് വേണ്ടി ഉപയോഗിക്കുന്ന യുഎസ് ഹെലിക്കോപ്ടറുകള്‍ പാകിസ്ഥാന്‍ പട്ടാളമോ വ്യോമപ്രതിരോധ കമാന്റോ തടയില്ലെന്ന് ഉറപ്പോക്കേണ്ട ചുമതല പാഷയ്ക്കും കായാനിക്കുമായിരുന്നു. റെയ്ഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉടനടി പുറത്തുവിടരുതെന്നായിരുന്നു തുടക്കത്തിലുള്ള ധാരണ. ലാദനെ വധിച്ച വിവരം ഏഴ് ദിവസത്തേക്കെങ്കിലും പുറത്ത് പറയരുതെന്നും അതിന് ശേഷം ഹിന്ദുക്കുഷ് മലനിരകളില്‍ എവിടെയെങ്കിലും വച്ച് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാമെന്നുമായിരുന്നു ധാരണ. ഇതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അതുവരെ ലാദനെ വച്ച് വിലപേശി പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന്‍ ആക്രമണങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നു പാകിസ്ഥാന്‍ അധികൃതര്‍. ലാദനെ കൊല്ലാന്‍ തങ്ങള്‍ സഹായിച്ചു എന്ന് തീവ്രവാദികള്‍ അറിഞ്ഞാല്‍ അതിന് പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന തിരിച്ചറിവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. ഏതായാലും ഒരു കാര്യം ഉറപ്പായിരുന്നു. ഒസാമ ബിന്‍ ലാദന്‍ ഈ ആക്രമണത്തെ അതിജീവിക്കാന്‍ പോകുന്നില്ല!

ലാദനെ ആക്രമിക്കാന്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന സീല്‍ വിഭാഗത്തിലെ ഉദ്യോസ്ഥര്‍ക്കും അദ്ദേഹം പാകിസ്ഥാന്റെ നിയന്ത്രണത്തിലാണെന്ന് അറിയാമായിരുന്നുവെന്ന് മുന്‍ സുരക്ഷ ഉദ്യോസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. അല്ലാത്തപക്ഷം ഒരു വ്യോമ സംരക്ഷണം ഇല്ലാതെ ഇങ്ങനെ ഒരു ആക്രമണം നടത്താന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല.

അബോട്ടാബാദിലെ ലാദന്റെ വസതിയില്‍, അദ്ദേഹത്തെയും ഭാര്യമാരെയും മക്കളെയും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂര്‍ ഐഎസ്‌ഐ അംഗങ്ങള്‍ കാവല്‍ നിന്നിരുന്നു. യുഎസ് ഹെലിക്കോപ്ടറിന്റെ ശബ്ദം കേള്‍ക്കുന്ന സമയത്ത് സ്ഥലം വിടണമെന്ന് അവര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കപ്പെട്ടു. നഗരം ഇരുട്ടില്‍ മുങ്ങിക്കിടക്കുകയായിരുന്നു: റെയ്ഡ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഐഎസ്‌ഐ നിര്‍ദ്ദേശപ്രകാരം നഗരത്തിലെ വൈദ്യുതിബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. ഓപ്പറേഷനില്‍ ഏര്‍പ്പെട്ട കറുത്ത ഹ്വാക്ക്‌സ് ഹെലിക്കോപ്റ്റുകളില്‍ ഒന്ന് കെട്ടിടത്തിന്റെ മതില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. പക്ഷെ സമയം അതിപ്രധാനമായിരുന്നു. മാത്രമല്ല ഹെലിക്കോപ്ടര്‍ നശിപ്പിക്കാന്‍ ഗ്രെനേഡ് ഉപയോഗിക്കാനും കഴിയുമായിരുന്നില്ല. തുടര്‍ സ്‌ഫോടനങ്ങള്‍ക്കും മൈലുകള്‍ അകത്തോളം കാണാവുന്ന തരത്തില്‍ ഉയരുന്ന അഗ്നിബാധയും കണക്കിലെടുത്ത് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരം താര്‍ബെല ഗാസിയില്‍ നിന്നും മറ്റൊരു ഹെലിക്കോപ്ടര്‍ ഉടന്‍ തന്നെ അബോട്ടാബാദിലേക്ക് പറന്നു. 20 മിനിട്ട് നീണ്ടുനില്‍ക്കുന്ന ആ ആകാംഷാഭരിതമായ നിമിഷങ്ങള്‍ക്കിടയില്‍ സീലുകള്‍ തങ്ങളുടെ ദൗത്യത്തിലേക്ക് കടന്നു.

അവര്‍ കെട്ടിടത്തിലേക്ക് നടന്നടുത്തപ്പോള്‍ ഒരു എതിര്‍പ്പും എവിടെ നിന്നും ഉണ്ടായില്ല. കാരണം ഐഎസ്‌ഐ കാവല്‍ക്കാര്‍ നേരത്തെ പിന്മാറിയിരുന്നു. ‘പാകിസ്ഥാനില്‍ എല്ലാവരുടെ കൈയിലും തോക്ക് കാണും. മാത്രമല്ല, അത്യാവശ്യം കാശുളള ഉന്നത വര്‍ഗ്ഗക്കാര്‍ക്ക് സ്വന്തമായി സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാവും. പക്ഷെ ലാദന് ഇതൊന്നും ഉണ്ടായിരുന്നില്ല,’ എന്നും മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ സെയ്മറിനോട് വെളിപ്പെടുത്തുന്നു. എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ സംഘം കടുത്ത വിഷമവൃത്തില്‍ ആകുമായിരുന്നു. പ്രത്യേകിച്ചും ഒരു ഹെലിക്കോപ്ടര്‍ കേടാവുക കൂടി ചെയ്ത സാഹചര്യത്തില്‍. എന്നാല്‍ ഇവിടെ ഐഎസ്‌ഐ ലെയ്‌സണ്‍ ഓഫീസര്‍ സീലുകളെ ഇരുട്ടില്‍ അമര്‍ന്നു കിടന്ന കെട്ടിടത്തിലേക്ക് നയിക്കുകയായിരുന്നു. അവര്‍ക്ക് എല്ലാം വ്യക്തമായിരുന്നു. മൂന്നാമത്തെ നിലയില്‍ വലതുവശത്ത് രണ്ടാമത്തെ മുറിയില്‍ ലാദന്‍ ഉണ്ടെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പാകിസ്ഥാന്‍ അധികൃതര്‍ അവര്‍ക്ക് കൈമാറിയിരുന്നു. ഒന്നും രണ്ടും നിലകളിലേക്ക് കയറുന്ന കനത്ത സ്റ്റീല്‍ വാതിലുകള്‍ സീലുകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. മൂന്നാമത്തെ നിലയില്‍ വലതുവശത്ത് രണ്ടാമത്തെ മുറിയില്‍ കടന്ന് നിരായുധനും രോഗിയുമായിരുന്ന ഒസാമ ബിന്‍ ലാദനെ അവര്‍ വെടിവെച്ച് കൊന്നു. ലാദന്റെ ഭാര്യമാരില്‍ ഒരാള്‍ക്ക് അബദ്ധത്തില്‍ കാല്‍മുട്ടിന് വെടിയേറ്റതൊഴിച്ചാല്‍ മറ്റൊന്നും അവിടെ സംഭവിച്ചില്ല. ലാദന്റെ നേര്‍ക്കല്ലാതെ അവര്‍ക്ക് വെടിയുതിര്‍ക്കേണ്ടി വന്നില്ലെന്നും ഈ മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. അതായത്, പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ചെയ്യപ്പെട്ട വാഗ്ദാനങ്ങളെല്ലാം കൃത്യമായി പാലിക്കപ്പെട്ടു.

പക്ഷ, ബില്‍ ലാദന്‍ കൊല്ലപ്പെട്ടു എന്ന് ഉറപ്പായതോടെ അമേരിക്കയുടെ നിറം മാറി. വൈറ്റ് ഹൗസിലെ പിന്‍വാതില്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. നിറം പിടിപ്പിച്ച കെട്ടുകഥകളുടെ ഒരു പ്രവാഹമായിരുന്നു പിന്നെ വന്നത്. കായാനിക്കും പാഷയ്ക്കും നല്‍കിയ വാക്ക് പാലിക്കണോ അതോ ലാദന്‍ കൊല്ലപ്പെട്ട വിവരം ഉടനടി വെളിപ്പെടുത്തണോ എന്നതായിരുന്നു ആദ്യഘട്ട ചര്‍ച്ചകളുടെ കാതല്‍. എന്നാല്‍ കേടായ വിമാനം ഒബാമയുടെ ഉപദേശകര്‍ക്ക് കാര്യങ്ങള്‍ ന്യായീകരിക്കാനുള്ള നല്ല അവസരമായി. അത് ഒളിച്ചുവെയ്ക്കാന്‍ പറ്റില്ല എന്ന് മാത്രമല്ല മറ്റാരെങ്കിലും ഇത് വെളിപ്പെടുത്തിയാല്‍ ഒബാമയ്ക്ക് ഉണ്ടാകാവുന്ന രാഷ്ട്രീയ ലാഭത്തിന് അത് കുറവ് വരുത്തുമെന്നും അവര്‍ കണക്ക് കൂട്ടി. അതുകൊണ്ട് തന്നെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് ഒബാമ തിരക്കിട്ട് ലാദന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചു. ‘ഒരു പോരാട്ടത്തിന് ഒടുവില്‍ അവര്‍ ഒസാബ ബിന്‍ ലാദനെ വധിക്കുകയും അദ്ദേഹത്തിന്റെ ശവശരീരം കൈയ്യടക്കുകയും ചെയ്തു,’ എന്ന് ഒബാമ പ്രസ്താവിച്ചു.

എഴുതി തയ്യാറാക്കിയ ഒരു സന്ദേശത്തിന് പകരം ഒരു രാഷ്ട്രീയ പ്രസംഗമായി മാറിയ ആ പ്രസ്താവനയില്‍ രണ്ട് പ്രത്യക്ഷ അബദ്ധങ്ങള്‍ സംഭവിച്ചു. ഒന്നു പാകിസ്ഥാന്റെ ‘ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണമാണ് ലാദനെ കണ്ടെത്താന്‍ സഹായിച്ചത്’ എന്ന ഒബാമയുടെ പരാമര്‍ശമായിരുന്നു. അത്, ഒപ്പറേഷനില്‍ കായാനിയുടെ പാഷയുടെയും സഹകരണം വെളിച്ചത്താക്കാന്‍ സഹായിക്കുമെന്ന ആശങ്ക ഉയര്‍ന്നു. ഇതിന് പരിഹാരമായി ഒബാമയുടെ ഈ പരാമര്‍ശം തമസ്‌കരിക്കുക എന്ന ആശയമാണ് പിന്നീട് അദ്ദേഹത്തിന്റെ ഉപദേശകര്‍ക്ക് സ്വീകരിച്ചത്. പിന്നീട് പത്രമാധ്യമങ്ങളെ കണ്ട എല്ലാവരും പാകിസ്ഥാന്റെ പങ്ക് നിഷേധിച്ചു എന്ന് മാത്രമല്ല അബോട്ടാബാദിലെ കെട്ടിടത്തില്‍ ബിന്‍ ലാദന്‍ തന്നെയാണ് താമസിച്ചിരുന്നത് എന്ന് ഒബാമയ്ക്കും സംഘത്തിനും ഉറപ്പില്ലായിരുന്നു എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ശവശരീരത്തില്‍ നിന്നും ലഭിച്ച സാമ്പിളിന്റെ ഡിഎന്‍എ ടെസ്റ്റ് വഴിയാണ് കൊല്ലപ്പെട്ടത് ഒസാമയാണെന്ന് സ്ഥിരീകരിച്ചതെന്ന വലിയ നുണ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടു.

രണ്ടാമത് ബിന്‍ ലാദന്റെ ശവശരീരം സംബന്ധിച്ച ഒബാമയുടെ പരാമര്‍ശമായിരുന്നു. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ലാദനെ വെടിവെച്ച് ഛിന്നഭിന്നമാക്കി കളഞ്ഞതായി സീല്‍ സംഘത്തിലുണ്ടായിരുന്ന ചിലര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വീരവാദം മുഴക്കിയിരുന്നു. ഇത് ശരിയാവാനാണ് സാധ്യത എന്ന് മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇനി ലാദന്റെ ശവശരീരത്തിന്റെ എന്തെങ്കിലും അംശങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അത് ഹിന്ദുകുഷ് മലനിരകളില്‍ എവിടെയങ്കിലും വലിച്ചെറിയപ്പെട്ടിട്ടുണ്ടാവണം.

എന്നാല്‍ ശവശരീരം തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ട് എന്ന് ഒബാമ പറഞ്ഞ സ്ഥിതിക്ക് അത് പ്രദര്‍ശിപ്പിക്കപ്പെടുമെന്ന് മാധ്യമങ്ങള്‍ കരുതി. അവരുടെ വായടയ്ക്കാനാണ് ഇസ്ലാം മതാചാര പ്രകാരം കടലില്‍ ലാദന്റെ മൃതദേഹം കബറടക്കി എന്ന കഥ. അതിന് വൈറ്റ് ഹൗസ് മെനഞ്ഞ കഥ ഇങ്ങനെയായിരുന്നു. നേവി സീലുകള്‍ ലാദനെ വധിച്ച ശേഷം അദ്ദേഹത്തിന്റെ മൃതദേഹം അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള അമേരിക്കന്‍ എയര്‍ഫീല്‍ഡിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വടക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ പട്രോള്‍ നടത്തുന്ന യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന യുദ്ധക്കപ്പലില്‍ എത്തിച്ചു. ലാദന്‍ മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം മുസ്ലീം ആചാര പ്രകാരം കടലില്‍ കബറടക്കിയെന്നും ഒബാമയുടെ ഭീകരവിരുദ്ധ ഉപദേശകനായ ജോണ്‍ ബ്രഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കടലില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള തീരുമാനം പദ്ധതിയുടെ ഭാഗമായിരുന്നോ? ഇതൊരു നല്ല ആശയമായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഒരു മുസ്ലീം പണ്ഡിതനെ ഇക്കാര്യത്തിനായി നിങ്ങള്‍ സമീപിച്ചിരുന്നോ? സംസ്‌കാരത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണോ? തുടങ്ങിയ മറുചോദ്യങ്ങളുമായി മാധ്യമ പ്രതിനിധികള്‍ രംഗത്ത് വന്നതോടെ ഒബാമയുടെ പ്രസ് സെക്രട്ടറി ജെയ് കാര്‍നെ ബ്രഹ്മാന്റെ രക്ഷയ്‌ക്കെത്തി. ‘ഇവിടെയുള്ള മറ്റുള്ളവര്‍ക്കും അവസരം നല്‍കണം,’ എന്ന അഭ്യര്‍ത്ഥനയോടെ വിഷയം തിരിച്ചുവിട്ടു. ചോദിച്ച ചോദ്യങ്ങളെല്ലാം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു.

മുസ്ലീം മതാചാരപ്രകാരമാണ് സംസ്‌കാരം നടന്നതെന്നും അതിനായി വിദഗ്ധരെയും മതപണ്ഡിതരെയും സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലീം മതാചാരപ്രകാരം ഒരു ഇമാമിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസ്‌കാരം നടത്താവൂ എന്നും കാള്‍ വിന്‍സണില്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടായതിന് തെളിവില്ല എന്ന കാര്യവും ബ്രഹ്മാന്‍ മറന്നുപോയിരുന്നു. ആരാണ് സംസ്‌കാര സമയത്ത് ഖുറാന്‍ വചനങ്ങള്‍ ഓതിയതെന്ന കാര്യവും.

ലാദന്റെ ഭാര്യമാരെയും മക്കളെയും പാകിസ്ഥാന്‍ സേന കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും സെയ്മറോട് ഈ മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്ക നടപ്പിലാക്കിയ നാടകത്തിനിടയില്‍ ഉണ്ടായ ഒരു ദുരവസ്ഥയും സെയ്മര്‍ വിശദമാക്കുന്നുണ്ട്. ലാദന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം രഹസ്യമായി നടപ്പിലാക്കേണ്ടിയിരുന്നു. അതിനായി സിഐഎ ഒരു അബോട്ടാബാദില്‍ ഒരു വ്യാജ വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കി. വന്‍പണക്കൊഴുപ്പില്‍ നടന്ന പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് സിഐഎ സഹായിയും 48കാരനുമായ പാകിസ്ഥാന്‍ ഡോക്ടര്‍ ഷാക്കില്‍ അഫ്രീദിയാണ്. സൗജന്യമായി ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ കുത്തിവയ്പ്പായിരുന്നു നടന്നത്. ഈ ശ്രമത്തിലൂടെ ലാദന്റെ രക്തസാമ്പിള്‍ ലഭ്യമായില്ലെങ്കിലും മറ്റൊന്ന് സംഭവിച്ചു. സിഐഎ നടത്തിയ ഈ വ്യാജ വാക്‌സിനേഷന്‍ പരിപാടിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ പാകിസ്ഥാനിലെ മറ്റ് അന്താരാഷ്ട്ര വാക്‌സിനേഷന്‍ പരിപാടികളും ഉപേക്ഷിക്കപ്പെട്ടു.

കായാനിയും പാഷയും ഇപ്പോള്‍ അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുകയാണെന്ന കാര്യവും സെയ്മര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒബാമയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടന്ന അരുംകൊലയാണ് ലാദന്റെ മരണമെന്നും ആ സമയത്ത് അദ്ദേഹം നിരായുധനും ദുര്‍ബലനും രോഗഗ്രസ്ഥനുമായിരുന്നുവെന്നും സെയ്മര്‍ എം ഹെര്‍ഷ് വ്യക്തമാക്കുന്നു. ആരാണ് യഥാര്‍ത്ഥ ഭീകരവാദി എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.


കൂടുതല്‍ വായിക്കാന്‍

http://www.lrb.co.uk/v37/n10/seymour-m-hersh/the-killing-of-osama-bin-laden

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍