UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജീവ് ഗാന്ധി വധം: എല്‍ടിടിഇയുടെ ഏറ്റവും വലിയ തെറ്റെന്ന്‌ ആന്റണ്‍ ബാലസിങ്കം

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് തമിഴ് പുലികള്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് എല്‍ടിടിഇ സൈദ്ധാന്തികന്‍ ആന്റണ്‍ ബാലസിങ്കം. മാര്‍ക്ക് സാള്‍ട്ടറിന്റെ ടു എന്‍ഡ് എ സിവില്‍ വാര്‍ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. എല്‍ടിടിഇയുടെ ഔദ്യോഗിക അവകാശവാദത്തിന് വിരുദ്ധമാണ് ബാലസിങ്കത്തിന്റെ അഭിപ്രായം. രാജീവിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് എല്‍ടിടിഇ ഒരിക്കലും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.

രാജീവിന്റെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനും എല്‍ടിടിയുടെ ഇന്റലിജന്‍സ് തലവനായ പൊട്ടുഅമ്മനും തുടക്കത്തില്‍ പറഞ്ഞിരുന്നതെന്ന് ബാലസിങ്കം ശ്രീലങ്കയിലെ മുന്‍ നോര്‍വീജ്യന്‍ പ്രതിനിധിയായ എറിക് സോള്‍ഹിമിനോട്‌ പറഞ്ഞു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം ഇരുവരും സത്യം പറഞ്ഞുവെന്ന് ബാലസിങ്കം വെളിപ്പെടുത്തുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതം പൂര്‍ണമായും ഒരു ദുരന്തമായിരുന്നുവെന്ന് അദ്ദേഹം സ്വകാര്യമായി എറിക്കിനോട് സമ്മതിച്ചു.

1987-90 കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ വിന്യസിച്ച ഇന്ത്യന്‍ സമാധാന സേനയിലെ അംഗങ്ങള്‍ തമിഴരോട് കാണിച്ച ക്രൂരതയ്ക്ക് പകരം ചെയ്യാനാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ പ്രഭാകരന്‍ തീരുമാനിച്ചിരുന്നതെന്നും രാജീവ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സൈന്യത്തെ വീണ്ടും അയക്കുമെന്ന് പ്രഭാകരന്‍ ഭയപ്പെട്ടിരുന്നുവെന്നും ബാലസിങ്കം എറിക്കിനോട് പറഞ്ഞു.

1991 മെയ് 21-ന് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂരില്‍ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

മൂന്ന് പതിറ്റാണ്ട് നീണ്ട ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് നോര്‍വേ മുന്‍കൈയെടുത്തിരുന്നു. ഇതേകുറിച്ച് വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

പ്രഭാകരനും പൊട്ടു അമ്മനും അടക്കമുള്ള മുഴുവന്‍ നേതൃത്വത്തേയും വധിച്ച് 2009 മേയില്‍ ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇയെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് ഈ യുദ്ധം അവസാനിപ്പിക്കുന്നത്.

ലണ്ടനില്‍ വസിച്ചിരുന്ന ബാലസിങ്കം 2006 ഡിസംബറില്‍ അര്‍ബുദ രോഗത്തിന് കീഴടങ്ങുകയായിരുന്നു. രാജീവ് വധത്തില്‍ ഇന്ത്യയോട് മാപ്പു പറയണം എന്ന ചിന്ത വരെ അവസാനകാലത്ത് ബാലസിങ്കത്തിനുണ്ടായിരുന്നുവെന്ന് എറിക് പറയുന്നു.

രാജീവിന്റെ വധത്തിനുശേഷം എല്‍ടിടിക്ക് ഇന്ത്യയുടെ സഹായം നിലയ്ക്കുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. കൂടാതെ പ്രഭാകരനേയും പൊട്ടു അമ്മനേയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു.

1999 ജൂലൈയില്‍ കൊളൊബോയില്‍ വച്ച് തമിഴ് മിതവാദിയും അക്കാദമീഷ്യനും എല്‍ടിടിഇ വിമര്‍ശകനുമായ നീലന്‍ തിരുചെല്‍വത്തെ വധിച്ചത് തമിഴ് പുലികളാണെന്ന് ബാലസിങ്കം സമ്മതിക്കുന്നു.

പ്രഭാകരനെ യുദ്ധപ്രഭുവെന്ന് ഒരിക്കല്‍ ബാലസിങ്കം വിശേഷിപ്പിച്ചതായി എറിക്കിനെ ഉദ്ധരിച്ച് പുസ്തകം പറയുന്നു. എല്‍ടിടിഇ ഒരു രാഷ്ട്രീയ സംഘടനയായി മാറേണ്ടിയിരുന്നുവെന്ന് ബാലസിങ്കത്തിന് അഭിപ്രായമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍