UPDATES

വിദേശം

അബ്ദുള്ള രാജാവിന്‍റെ മരണം; ഗള്‍ഫ് കരുത്തിനെ ബാധിക്കുമോ?

Avatar

വിന്നി ഡേവിസ്

അബ്ദുള്ള രാജാവിന്റെ വിയോഗം ആഗോള ബന്ധങ്ങളില്‍ എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സൗദിയ്ക്ക് അറബ് സമൂഹത്തില്‍ ഇപ്പോഴും അലങ്കരിച്ചു പോരുന്ന പ്രമാണിത്വം നഷ്ടപ്പെടില്ലായിരിക്കാം. എന്നാല്‍ പഴയതുപോലുള്ള അപ്രമാദിത്വത്തിന് ഇളക്കം സംഭവിച്ചേക്കാം. നേതൃത്വം കൂടുതല്‍ ദുര്‍ബലമാകുന്നതിന്റെ സൂചനകളാണ് വെളിയില്‍ വരുന്നത്. അത് ഗള്‍ഫ് സമൂഹത്തിന്റെ മൊത്തത്തിലുള്ള കരുത്തിന് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഇവിടെയാണ് അന്തരിച്ച അബ്ദുള്ള രാജാവിന് പ്രസക്തി. സൗദിയിലെ പുതിയ ഭരണാധികാരിയായ അദ്ദേഹത്തിന്റെ സഹോദരന്‍ ഷേഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ പ്രസ്താവിച്ചിട്ടുള്ളത് ശ്രദ്ധിക്കേണ്ടതാണ്. വന്‍തോതിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നും പഴയ നയങ്ങളും, പദ്ധതികളും മാറ്റമില്ലാതെ തുടരുമെന്നുമാണ് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന ശക്തിയായ സൗദി അറേബ്യയും സൗദിയുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റ് എണ്ണ ഉല്‍പാദന രാജ്യങ്ങളും നൂറുശതമാനം ഒരുമയോടെ നില്‍ക്കുകയും, പാശ്ചാത്യശക്തികളുടെ വെല്ലുവിളികളെ മാത്രമല്ല, അറബ് രാജ്യങ്ങളിലെ അനൈക്യങ്ങളും, ആഭ്യന്തരസംഘര്‍ഷങ്ങളും തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുകയും ചെയ്തില്ലായെങ്കില്‍, പുതിയ സമവാക്യങ്ങള്‍ക്ക് തിരക്കഥ ഒരുക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങേണ്ടിവരും.

എണ്ണ ഉല്‍പാദകശക്തികളുടെ കൂട്ടായ്മയായ ഒപെക് സംഘടനയിലെ 12 രാജ്യങ്ങളിലെ പ്രബലശക്തിയായ സൗദി അറേബ്യ നിലവിലെ ഉല്‍പാദനം ഒരു കാരണവശാലും വെട്ടിക്കുറയ്ക്കാന്‍ തയ്യാറാവാത്തത് കൊണ്ട് ക്രൂഡോയില്‍ വിലയില്‍ അനിയന്ത്രിതമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഭരണാധികാരി ഒരു ഭരണസ്ഥിരതയ്ക്ക് വേണ്ടിയായിരിക്കും ആദ്യം ശ്രമിക്കുക. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന് പുറത്ത് നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളാവും അവരെ കൂടുതല്‍ ഉലയ്ക്കുക. ഐ.എം.എഫിന്റെ കണക്കുകള്‍ പറയുന്നത്, ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള എണ്ണ വിലയിടിവ് മൂലം സൗദിയുടെ മൊത്തം വരുമാനത്തില്‍ 300 മില്യണ്‍ ഡോളര്‍ കുറവുവരുമെന്നാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ഈ സ്ഥിതി ഗുരുതരമായി ബാധിക്കും.  ഈയവസ്ഥയില്‍ സൗദിയുടെ സമ്പദ് വ്യവസ്ഥിതിയില്‍ ശക്തമായ ഉലച്ചില്‍ ഉണ്ടാവാനും നിലവിലുള്ള എല്ലാ സബ്‌സിഡികളിലും വെട്ടിക്കുറവുകള്‍ സംഭവിക്കാനും കാരണമാകും എന്ന് മാത്രമല്ല, എണ്ണ ഉല്‍പാദനരംഗത്ത് സ്ഥംഭനാവസ്ഥയ്ക്കും സാധ്യത നിലനില്‍ക്കുന്നു.

ഷെയില്‍ ഗ്യാസിന്റെ ആവിര്‍ഭാവം എണ്ണ ഉല്‍പാദകരാജ്യങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അമേരിക്കന്‍ എണ്ണ കമ്പനികള്‍ അറബ് രാജ്യങ്ങളിലെ പ്ലാന്റുകള്‍ ഡികമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഷെയില്‍ ഗ്യാസിനെ നേരിടാനായി എണ്ണ ഉല്‍പാദനം ഇരട്ടിപ്പിച്ച അറബ് രാജ്യങ്ങളുടെ തന്ത്രമാണ് എണ്ണ വിലയെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചതെന്ന് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ എണ്ണയുല്‍പാദനം ഇരട്ടിയായി വര്‍ദ്ധിച്ചു.

എണ്ണ കമ്പോളത്തിലെ  സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കരകയറാന്‍ സൗദി മറ്റ് മേഖലകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. സേവനരംഗത്തിനും അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള പഞ്ചവത്സരപദ്ധതികള്‍ അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതിലൊന്നും കൃത്യമായ ദിശാബോധം കൊണ്ടുവരുവാനോ വേണ്ടത്ര പുരോഗതി കൈവരിക്കാനോ രാജ്യത്തിന് ഇനിയും സാധിച്ചിട്ടില്ല.

1950 മുതല്‍ സൗദിയുടെ വിദേശനയത്തില്‍ പ്രാദേശിക സുരക്ഷ, അറബ് ദേശീയത, ഇസ്ലാമിസം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തിരുന്നു. പലപ്പോഴും അത് പരാജയമായിരുന്നുതാനും. വിരുദ്ധ താല്‍പര്യങ്ങള്‍ കെട്ടുപിണഞ്ഞു കിടന്ന അവസ്ഥയില്‍, മേല്‍പ്പറഞ്ഞ ആശയങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതില്‍ ദൗര്‍ബല്യങ്ങളുണ്ടായി. ഉദാഹരണമായി പറഞ്ഞാല്‍, കയറ്റുമതി, രാജ്യസുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം അമേരിക്കയുമായുള്ള ബന്ധം ശക്തപ്പെടുത്തി. എന്നാല്‍ സൗദിയുടെ വളര്‍ന്നു വരുന്ന അമേരിക്കന്‍ ബന്ധം പ്രദേശത്തെ മറ്റ് അറബ് രാജ്യങ്ങള്‍ളുടെ ആശങ്ക പകര്‍ന്നു. പലസ്തീനില്‍ സംഘര്‍ഷം കത്തിനില്‍ക്കുന്ന അവസ്ഥയില്‍, ഇസ്രായേലിന്റെ ഏറ്റവും വലിയ ചങ്ങാതിയായ അമേരിക്കയോടുള്ള സൗദിയുടെ ബന്ധം അറബ് മേഖലയില്‍ വലിയ ഉലച്ചിലുകള്‍ക്ക് കാരണമായി. ഈ സമീപനം, പശ്ചിമേഷ്യയിലുള്ള മുസ്ലിം ഭരണരാജ്യങ്ങള്‍ക്കിടയില്‍ പൊതുവില്‍ സൗദിയോടുള്ള എതിര്‍പ്പും അസഹിഷ്ണുതയും വര്‍ദ്ധിപ്പിച്ചു. ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളുടെ അവസാനവാക്കാകാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്കും ഇതുമൂലം ഉലച്ചിലുണ്ടായി. 

ഇറാനുമായിട്ടുള്ള അമേരിക്കന്‍ സമീപനം, പലസ്തീന്‍ വിഷയത്തിലുള്ള അമേരിക്കയുടെ ഇസ്രായേല്‍ പക്ഷപാതം തുടങ്ങിയവ  ലോകമെമ്പാടുമുള്ള മുസ്ലീം ജനസമൂഹത്തിനിടയില്‍ എതിര്‍പ്പുണ്ടാക്കി. എന്തിന് മനുഷ്യത്വരഹിതമായ ഇസ്രായേല്‍-അമേരിക്കന്‍ നടപടികള്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലും, ലാറ്റിനമേരിക്കന്‍ സമൂഹത്തിലും, മറ്റ് ജനാധിപത്യ രാജ്യങ്ങളിലും ഉടലെടുത്ത എതിര്‍പ്പുകളും പ്രക്ഷോഭങ്ങളൊക്കെ സൗദിയെ ഇരുത്തിചിന്തിപ്പിച്ചിട്ടുണ്ട്.  ഇറാനുമായിട്ടുള്ള ബന്ധത്തില്‍ കൂടതല്‍ വിട്ടുവീഴ്ച ഉണ്ടായതിനും പലസ്തീനില്‍ ഇപ്പോഴുള്ള സമാധാനം അന്തരീക്ഷം നിലനില്‍ക്കുന്നതിനും പ്രധാന കാരണം സൗദിയുടെ ഈ പുനര്‍വിചിന്തനമാണ്.  എന്നാല്‍,  ഇങ്ങനെയൊക്കെയുള്ള സ്ഥിതിഗതികള്‍ നിലനില്‍ക്കുമ്പോഴും അമേരിക്കയുമായുള്ള ബന്ധത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. യെമനിലെ സ്ഥിതിഗതികളും ഐ.എസ് ഉയര്‍ത്തുന്ന വെല്ലുവിളികളും തീര്‍ച്ചയായും പുതിയ ഭരണകൂടത്തിന്റെ മുന്നിലുള്ള വെല്ലുവിളികള്‍ക്ക് ആക്കം കൂട്ടുക തന്നെ ചെയ്യും. പ്രത്യേകിച്ചും ഐഎസുമായുള്ള ഭിന്നത തീര്‍ത്തും പ്രത്യയശാസ്ത്ര പ്രശ്‌നമായ സ്ഥിതിക്ക്. രണ്ട് തരത്തിലുള്ള ലോകമാണ് ഇസ്ലാമിനുള്ളില്‍ തന്നെ ഇരുകൂട്ടരും വിഭാവന ചെയ്യുന്നത്.

1981 ല്‍ ജിസിസിയുടെ ആരംഭമായി. സൗദിയുടെ ജനസംഖ്യയിലും എണ്ണയുല്‍പാദന ശേഷിയിലുമുള്ള മേല്‍ക്കോയ്മ അവരെ ജിസിസിയുടെ തലപ്പത്തെത്തിച്ചു. ഇക്കാര്യത്തില്‍ അബ്ദുള്ള രാജാവ് വഹിച്ച പങ്ക് നിര്‍ണായകമായി. ജിസിസി യോഗം കൂടുകയും അബ്ദുള്ള രാജാവ് തീരുമാനം എടുക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം വരെ നിലവില്‍ വന്നു. സുന്നി മേധാവിത്വമുള്ള സൗദിയുടെ ഈ മേല്‍ക്കോയ്മ, ഷിയാക്കളായ ഇറാന്റെ മേലുള്ള ശത്രുത തീര്‍ക്കുന്നതിനുള്ള ഉപാധിയായി ചിലപ്പോഴെങ്കിലും ഉപയോഗിക്കപ്പെട്ടെങ്കിലും, ഖത്തര്‍, ബഹറിന്‍, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനായത് ജിസിസിയുടെ പ്രഥമസ്ഥാനിയനായ അബ്ദുള്ള രാജാവിന്റെ പാടവം കൊണ്ടായിരുന്നു.

പക്ഷേ 2011 അറബ് വസന്തത്തിന് ശേഷം, സൗദി ഏറ്റവും പ്രാധാന്യം കൊടുത്തത് ആഭ്യന്തരപ്രശ്‌നങ്ങളെ നേരിടാനായിരുന്നു. പ്രതിഷേധശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിനായിരുന്നു പ്രധാന്യം നല്‍കിയതെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ജനാധിപത്യ മുസ്ലീം രാഷ്ട്രം എന്ന സ്വപ്നത്തെ തന്നെയാണ് ഈ നീക്കങ്ങള്‍ ഇല്ലാതാക്കിയത്. സൗദി രാജകുടുംബത്തിലെ അന്തര്‍നാടകങ്ങള്‍ അബ്ദുള്ള രാജാവിന്റെ മരണശേഷം ലോകം അറിഞ്ഞിരിക്കുന്നു. അന്തരിച്ച രാജാവ് നിര്‍ദ്ദേശിച്ച അവകാശിയെ അവരോധിക്കാതെ, സ്വന്തം മകനെ പുതിയ പ്രതിരോധതലവനായി സല്‍മാന്‍ രാജാവ് അവരോധിച്ചു. അടുത്ത കിരീടാവകാശിയെ പ്രഖ്യാപിക്കുന്നതും ഇതാദ്യമാണ്.

സൗദിയില്‍ നിലനില്‍ക്കുന്ന സുസ്ഥാപിത മത നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള അടിച്ചമര്‍ത്തലുകളും, പ്രത്യേകിച്ചും ഖാത്തിഫ് മേഖലയിലെ ഷിയ വിഭാഗങ്ങളെ, ജന്മിത്തവും അടിമത്തവുമൊക്കെ തുടരുമെന്ന കാര്യത്തില്‍ പുതിയ ഭരണകൂടവും വ്യത്യസ്തമാവാന്‍ ഇടയില്ല. പുതിയ ഭരണാധികാരി വന്നാല്‍ പോലും നിലവിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുമില്ല.

വഹാബിസം (പശ്ചിമേഷ്യയില്‍ വഹാബി ഭീകരപ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി സൗദിക്കെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്)  ഉള്‍പ്പെടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ മുങ്ങിനില്‍ക്കുന്ന അറബ്  ലോകത്തെ ജനാധിപത്യം ഇല്ലാത്ത,  ഒരു രാഷ്ട്രീയ പ്രസ്ഥാനമില്ലാത്ത നാട്ടില്‍, വാര്‍ദ്ധക്യസഹജമായ രോഗങ്ങളില്‍ (അംനീഷ്യ) ഉഴലുന്ന സല്‍മാന്‍ രാജാവിന്, പുതിയ എന്തെല്ലാം കാര്യങ്ങളാവും ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിയുക എന്ന കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

പ്രഭുജനാധിപത്യത്തിന്റെ കായും ഫലവും ആവോളം സ്വായത്തമാക്കിയ സൗദിയില്‍ പുതിയ ഭരണാധികാരി സല്‍മാന്‍ രാജാവ് സാരഥ്യമേറ്റപ്പോള്‍ തന്നെ കീഴ്‌വഴക്കങ്ങളെ കാറ്റില്‍ പറത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും, രാജ്യം നേരിടുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങളില്‍ പ്രകടായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ജന്മിത്വ മാനസികാവസ്ഥയുടെ ഫലമായി നടപ്പിലാക്കപ്പെട്ട നയങ്ങളെല്ലാം തുടരാനും പുതിയ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ അന്തരിച്ച അബ്ദുള്ള രാജാവ് ചില രംഗങ്ങളില്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങള്‍ പുതിയ സര്‍ക്കാരും തുടരും എന്ന് വേണം കരുതാന്‍. അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് 26 പുതിയ സര്‍വകലാശാലകളാണ് രാജ്യത്ത് സ്ഥാപിതമായത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ വനിത സര്‍വകലാശാലയായ നൂറാ ബിന്ദ് അബ്ദുള്‍റഹ്മാന്‍ അല്‍ സൂദ സ്ഥാപിച്ചതും അദ്ദേഹമാണ്. കിംഗ് അബ്ദുള്ള ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കിയതാവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തപ്പെടുക. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുകയും, ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുകയും ചെയ്തുകൊണ്ട് സ്ത്രീശാക്തീകരണ രംഗത്ത് ചില ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും യാഥാസ്ഥിതി കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ദൗര്‍ഭാഗ്യവശാല്‍ അതില്‍ വേണ്ടത്ര വിജയിക്കാന്‍ അബ്ദുള്ള രാജാവിന് സാധിച്ചില്ല. ഇത്തരം മേഖലകളിലും ഒരു വലിയ മാറ്റം രാജ്യത്തുണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

അബ്ദുള്ള രാജാവിന്‍റെ നിര്യാണവുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
അബ്ദുള്ള രാജാവ്: ജനപ്രിയനായ പരിഷ്ക്കര്‍ത്താവ്; പക്ഷേ എല്ലാം പടിപ്പുറത്താണെന്നുമാത്രം
സൌദി രാജാവിന്‍റെ മരണം: അധികാര കൈമാറ്റം സുഗമമാകാം; പക്ഷേ സൌദിയെ കാത്തിരിക്കുന്നത് പ്രക്ഷുബ്ധമായ ഭാവി
സൗദി ഭരണത്തില്‍ മൂന്നാം തലമുറയുടെ പ്രതിനിധികളും
സൗദി അറേബ്യന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് അന്തരിച്ചു

അവസാനമായി, ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോള്‍, പാകിസ്ഥാനുമായുള്ള ബന്ധങ്ങളില്‍ പുനപരിശോധനയ്ക്ക് സൗദി മടിയ്ക്കുന്നതാണ് ഇന്ത്യയുമായി സൗഹൃദത്തിലാവാനുണ്ടായിരുന്ന ഏറ്റവും വലിയ തടസം. എന്നാല്‍ അബ്ദുളള രാജാവിന്റെ കാലത്ത് ഇക്കാര്യത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായത്. സൗദി വിദേശനയത്തിന്റെ ഊര്‍ജ്ജസ്വലതയുടേയും പരിഷ്‌കരണത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു 2006 ലെ ഡല്‍ഹി പ്രഖ്യാപനം. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളില്‍ ഉറച്ച കാല്‍വെപ്പുകള്‍ക്ക് തീരുമാനിക്കുകയായിരുന്നു ആ പ്രഖ്യാപനത്തിലൂടെ. 2010 ലെ റിയാദ് പ്രഖ്യാപനത്തിലാവട്ടെ, സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. പുതിയ രാജാവ് സല്‍മാനാവട്ടെ, 2014 ല്‍ ഉപപ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ഒരു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളില്‍ തമ്മിലുള്ള സൗഹൃദം ശക്താമായി തന്നെ മുന്നോട്ട് പോകുമെന്നതിന്റെ സൂചനയാണിതെല്ലാം. അതായത്, സൗദി അറേബ്യയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ ഭരണമാറ്റം പ്രത്യേകിച്ച് ആശങ്കകള്‍ക്ക് വക നല്‍കുന്നില്ല എന്ന് വേണം വിലയിരുത്താന്‍.

*Views are Personal

 (കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അന്താരാഷ്ട്ര പഠന വിഭാഗത്തിലെ എംഫില്‍ വിദ്യാര്‍ത്ഥിയാണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍