UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഷുമാക്കറുടെ അരങ്ങേറ്റം, ഇന്ത്യന്‍ സൈനികര്‍ക്ക് ബ്രിട്ടന്‍റെ അംഗീകാരം

Avatar

1917 ആഗസ്ത് 25 
ഇന്ത്യന്‍ പട്ടാളക്കാരെ ബ്രിട്ടന്‍ അംഗീകരിക്കുന്നു

ബ്രിട്ടീഷ് ആര്‍മിയിലെ കാലാള്‍ സൈന്യത്തിലും കുതിരപ്പടയിലും അംഗമായിരുന്ന ഏഴ് ഇന്ത്യന്‍ സൈനികരെ അവരുടെ സൈനിക സേവനത്തിന്റെ പേരില്‍ ഔദ്യോഗികമായി അംഗീകരിക്കാന്‍ കിംഗ്‌സ് കമ്മിഷന്‍ തയ്യാറാകുന്നത് 1917 ആഗസ്ത് 25 നാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ തുടങ്ങുന്നത് ഈ സംഭവത്തോടെയാണ്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ രണ്ടില്‍ കൂടുതല്‍ സൈനികരെക്കൂടി നിയമപരമായി ആര്‍മിയുടെ ഭാഗമാക്കാന്‍ കിംഗ്‌സ് കമ്മിഷന്‍ തീരുമാനിച്ചു. ആദ്യമായിട്ടായിരുന്നു ബ്രിട്ടീഷ് ആര്‍മിയില്‍ ഉയര്‍ന്ന റാങ്കിലേക്ക് എത്താന്‍ ഇന്ത്യന്‍ സൈനികര്‍ യോഗ്യരാകുന്നത്. ഇതിന് കാരണമായിത്തീര്‍ന്നത് ഒന്നാംലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ നടത്തിയ മഹനീയമായ സേവനമാണ്.

യുദ്ധത്തിലെ ഇന്ത്യന്‍ സൈനികരുടെ പ്രകടനം അവരില്‍ ബഹുമാനവും തുല്യമായ പരിഗണന നല്‍കണമെന്നുള്ള ആഗ്രഹവും ബ്രിട്ടീഷുകാരില്‍ സൃഷ്ടിച്ചു. അതിന്റെ ഭാഗമായുള്ള ഒരു ചെറിയ തുടക്കമായിരുന്നു ഏതാനും സൈനികര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. പിന്നീട് വലിയതോതില്‍ തന്നെ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് ബ്രിട്ടീഷ് ആര്‍മിയില്‍ പരിഗണന കിട്ടിത്തുടങ്ങി. കാലങ്ങളായി ബ്രിട്ടീഷുകാരുടെ മനസ്സില്‍ ഉണ്ടായിരുന്ന തോന്നല്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് നേതൃത്വഗുണം ഇല്ലെന്നായിരുന്നു. 

ഇന്ത്യക്ക് സ്വയംഭരണത്തിനുള്ള അവകാശത്തിനുള്ള അടിസ്ഥാനശില പാകിയ 1918 ലെ മെണ്ടേഗ്യു-ചെംസ്‌ഫോര്‍ഡ് റിപ്പോര്‍ട്ടോടുകൂടി ബ്രിട്ടീഷ് ആര്‍മി ഇന്ത്യന്‍ സൈനികോദ്യോസ്ഥരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങി.

1991 ആഗസ്ത് 25 
മൈക്കല്‍ ഷുമാക്കറുടെ അരങ്ങേറ്റം

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ ഇതിഹാസമായ മൈക്കല്‍ ഷുമാക്കര്‍ ഫോര്‍മുല വണ്ണിലെ തന്റെ കന്നി പോരാട്ടത്തിനായി സ്പാ ഫ്രാന്‍കോര്‍കമ്പസിലെ ബെല്‍ജിയം ഗ്രാന്റ് പ്രിക്‌സില്‍ ഇറങ്ങിയത് 1991 ആഗസ്ത് 25 നാണ്. എന്നാല്‍ ലോകത്തെ വേഗംകൊണ്ട് കീഴടക്കിയ ഈ താരം ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ്. 2013 ഡിസംബറില്‍ സ്‌കൈയിംഗിനിടെ വീണ് മാരകമായി പരുക്കേറ്റ ഷുമാക്കര്‍ 2014 ജൂണ്‍ വരെ കോമാ സ്‌റ്റേജിലായിരുന്നു. റേസിംഗ് ലോകം മുഴുവന്‍ ഷുമാക്കറിനുവേണ്ടി പ്രാര്‍ത്ഥിച്ച നാളുകളായിരുന്നു അത്.

ഷുമാക്കറിന്റെ ഗ്രാന്റ് പ്രിക്‌സ് സര്‍ക്യൂട്ടിലെക്കുള്ള കടന്നുവരവ് ഫോര്‍മുല വണ്‍ റേസിംഗിന്റെ ചരിത്രത്തില്‍ മഹത്തായൊരു അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തത്.പശ്ചിമ ജര്‍മ്മനിയിലെ ഹര്‍ത് ഹെര്‍മുലനില്‍ ജനിച്ച മൈക്കല്‍ ഷുമാക്കര്‍ ഏഴ് ഫോര്‍മുല വണ്‍ കിരീടങ്ങള്‍ നേടിയാണ് എന്നത്തേയും മികച്ച കായികതാരം എന്ന പെരുമ സ്വന്തമാക്കിയത്. ലോകം കണ്ട എറ്റവും മികച്ച കാറോട്ടക്കാരന്‍ എന്ന സ്ഥാനം ഇപ്പൊഴും നിലനിര്‍ത്തുന്ന ഷുമാക്കര്‍ തന്റെ 37-ആം വയസ്സില്‍ റേസ് ട്രാക്കില്‍ നിന്ന് വിരമിച്ചു.

91 കിരീടങ്ങളും ഏഴ് ഫോര്‍മുല വണ്‍ കിരീടങ്ങളും അടക്കം ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ഫോര്‍മുല വണ്‍ ഡ്രൈവര്‍ എന്ന ബഹുമതിയോടെയാണ് 2006 ല്‍ ഷുമാക്കര്‍ കളമൊഴിയുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അലന്‍ പ്രോസ്റ്റിന്റെ പേരില്‍ 51 വിജയങ്ങള്‍ മാത്രമാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍