UPDATES

ഡല്‍ഹിയില്‍ കിരണ്‍ ബേദി തന്നെ ബിജെപിയെ നയിക്കും

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് കിരണ്‍ ബേദിയെ മുന്‍നിര്‍ത്തി നേരിടാന്‍ ഒടുവില്‍ ബിജെപി തീരുമാനം. കിഴക്കന്‍ ഡല്‍ഹിയിലെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നും അവര്‍ ജനവിധി തേടും. നേരത്തെ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവുമായി സഹകരിച്ചു കൊണ്ട് പൊതുരംഗത്തെത്തിയ ഈ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഇക്കഴിഞ്ഞ പതിനഞ്ചിനാണ് ബിജെപിയില്‍ അംഗത്വം നേടിയത്. 

ആദ്യ അഭിപ്രായ സര്‍വെ ഫലങ്ങള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നതിനിടയിലാണ് ബേദിയുടെ കാര്യത്തില്‍ ബിജെപി അന്തിമ തീരുമാനം എടുത്തിരിക്കുന്നത്. ഫെബ്രുവരി ഏഴിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സീ ന്യൂസ് നടത്തിയ അഭിപ്രായ സര്‍വെ പറയുന്നത്. എഎപി 29 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും പ്രവചിക്കപ്പെട്ടുന്നു. കോണ്‍ഗ്രസിന് വെറും നാല് സീറ്റുകളില്‍ മാത്രമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 

ഇതിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധം സജീവമായിട്ടുണ്ട്. തുറന്ന സംവാദം നടത്താനുള്ള കെജ്രിവാളിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി അറിയിച്ചു. നിയമസഭയ്ക്കുള്ളില്‍ വച്ച് തുറന്ന സംവാദത്തിന് അവസരമുണ്ടാകുമെന്നും എന്നാല്‍ കെജ്രിവാള്‍ സംവാദങ്ങളില്‍ മാത്രം വിശ്വസിക്കുമ്പോള്‍ താന്‍ പ്രവൃത്തിക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ബേദി പറയുന്നു. ഇതിനിടെ സ്വയം അരാജകവാദി എന്ന് വിശേഷിപ്പിച്ച കെജ്രിവാളിനെ അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 

കെജ്രിവാളിനെതിരെ യുവ വനിത നേതാവ് നൂപുര്‍ ശര്‍മയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. എഎപി വിട്ടെത്തിയ വിനോദ് കുമാര്‍ ബിന്നി പട്പട് ഗഞ്ച് മണ്ഡലത്തിലും എം എസ് ധിര്‍ ജാങ്പുര മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥികളാവും. എന്നാല്‍ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യയ്ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. വൈദ്യുതി വതരണ കമ്പനികളുമായി സതീഷ് ഉപാധ്യയ്ക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് അടുത്തിട കെജ്രിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍