UPDATES

രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍; കിരണ്‍ ബേദി വെട്ടില്‍

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചത് വിവാദമായി. രണ്ട് വ്യത്യസ്ത വിലാസങ്ങളില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് ബേദിക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തില്‍ കൂടുതല്‍ വിശാലമായ അന്വേഷണമാണ് അവശ്യമെന്ന് എഎപിയും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ കിരണ്‍ ബേദി തയ്യാറായിട്ടില്ല.

ഉദയ് പാര്‍ക്കിലെയും തല്‍ക്കത്തോറ ലെയ്‌നെയിലെയും വ്യത്യസ്ത വിലാസങ്ങളിലാണ് ബേദിക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൂക്ഷിക്കുന്നത് നിയമലംഘനമാണെന്നും ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തല്‍ക്കത്തോറ വിലാസത്തില്‍ നിന്നും ആദ്യ അപേക്ഷയില്‍ അനുവദിച്ച കാര്‍ഡ് റദ്ദാക്കാന്‍ ബേദി അപേക്ഷ നല്‍കിയിരുന്നോ എന്നും പരിശോധിക്കും. തന്റെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്ന് റദ്ദാക്കാന്‍ ബേദി അപേക്ഷ നല്‍കിയിട്ടില്ലെങ്കില്‍ അവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരും.

ബേദിയുടെ ഉദയ് പാര്‍ക്ക് വിലാസത്തിലെ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ TZD1656909 ആണ്. തല്‍ക്കത്തോറയിലേതാവട്ടെ SJE0047969 ഉം. ഉദയ് പാര്‍ക്കിലെ വിലാസമാണ് ഔദ്ധ്യോഗികമായി അവര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബേദിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡല്‍ഹി പിസിസി വക്താവ് മുകേഷ് ശര്‍മ ആവശ്യപ്പെട്ടു. എഎപി വോട്ടര്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി ബിജെപി പ്രസിഡന്റ് അമിത് ഷാ ആരോപിച്ച കാര്യം എഎപി വക്താവ് ചൂണ്ടിക്കാട്ടി. സ്വന്തം പാളയത്തിലെ കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം വേണം മറ്റുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിക്കാനെന്നും എഎപി വക്താവ് ബിജെപിയെ ഉപദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍