UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരാഷ്ട്രീയ കൂറുമാറ്റത്തിന്‍റെ പുതിയ മുഖം

Avatar

സന്തോഷ് കെ ജോയ്

മാധ്യമ ചര്‍ച്ചകളില്‍ ശേഷി തെളിയിച്ച കിരണ്‍ ബേദി നമുക്കെല്ലാവര്‍ക്കും പരിചിതയാണ്. പഴയ ടെന്നീസ് താരമായ അവര്‍ അച്ചടക്കമുള്ള ഇടപെടലുകള്‍ കൊണ്ട് മാധ്യമശ്രദ്ധ നേടിയ വനിതയാണ്. എന്നാല്‍ ഇന്നവര്‍ ബി.ജെ.പിയുടെ വക്താവായിരിക്കുകയാണ്. വരുന്ന ഡല്‍ഹി അസബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുന്നത് അവരാണ്. അവരെ കുറിച്ചുള്ള കുറച്ചുകാര്യങ്ങള്‍. 

 

ബി.ജെ.പിയുടെ ഡല്‍ഹി പാര്‍ട്ടി അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യയ്ക്കെതിരെ വൈദ്യുതോര്‍ജ്ജ വിതരണ കമ്പനികളുമായുള്ള നിയമവിരുദ്ധ ബന്ധം ചൂണ്ടികാണിച്ചു കൊണ്ട് ആം ആദ്മിയുടെ അരവിന്ദ് കെജിരിവാള്‍ ശക്തമായ കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നരേന്ദ്ര മോദി നയിച്ച പ്രചരണയോഗത്തിന് പ്രതീക്ഷിച്ചത്രയും ജനസമ്മിതി ലഭിക്കുകയും ചെയ്തില്ല. ഈ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പുതിയ തന്ത്രങ്ങളിലൂടെ നേരിടാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി. ആം ആദ്മിയുടെ പല നേതാക്കളെയും പോലെ കിരണ്‍ ബേദിയും അന്നാ ഹസാരെ നയിച്ച പ്രസ്ഥാനത്തിന്‍റെ ഉല്‍പ്പന്നമാണ്. ബേദി അടക്കമുള്ള, ബി.ജെ.പിലേക്ക് പുതുതായി ചേര്‍ന്നിട്ടുള്ളവര്‍ക്കാണ് യഥാര്‍ത്ഥ ബി.ജെ.പി നേതാക്കളേക്കാളും ഇപ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത്. ആര്‍.എസ്സ്.എസ്സിനോട് ബന്ധമുള്ള അംഗങ്ങളുള്ള ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം ഇതൊരു വലിയ അപകടമാകുമോ എന്നത് ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രശ്നമാണ്. ഇതു പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്നത് തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരുന്നു കാണേണ്ടി വരും.

 

കിരണ്‍ ബേദിയുടെ കൂറു മാറ്റം ബി.ജെ.പിയെ എങ്ങനെ സഹായിക്കും എന്നത് പരിശോധിക്കുന്നതിനു മുന്‍പെ അവരുടെ ഈ തീരുമാനം തിരഞ്ഞെടുപ്പിന്‍റെ ഈ അവസാന മണിക്കൂറുകളില്‍ ആം ആദ്മി നേതാക്കളെ എങ്ങനെ പ്രശ്നത്തിലാക്കുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ട്. കിരണ്‍ ബേദിയും അരവിന്ദ് കേജ്രിവാളും തമ്മില്‍ ഒരുപാടു സാമ്യതകളുണ്ട്. രണ്ടു പേരും ഐ.ഐ.ടിയില്‍ നിന്നും വിദ്യാഭ്യാസം നേടിയവരാണ്. കിരണ്‍ ബേദി ഐ.ഐ.ട്ടി ഡല്‍ഹിയുടെയും കേജ്രിരിവാള്‍ ഐ.ഐ.ടി ഖരഗ്പുരിലെയും പൂര്‍വ്വ വിദ്യാര്‍ഥികളാണ്. രണ്ടുപേരും സിവില്‍ സര്‍വീസില്‍ പ്രവേശിച്ചവരാണ്. കിരണ്‍ ബേദി ആദ്യത്തെ വനിതാ ഐ.പി.എസ്സ് ഓഫീസര്‍ എന്ന രീതിയില്‍ പ്രശസ്തയായിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ സേവനമാനിഷ്ഠിച്ച വ്യക്തിയാണ് കേജ്രിവാള്‍. നിലനില്‍ക്കുന്ന സര്‍ക്കാര്‍ വ്യവസ്ഥകളിലെ പ്രശ്നങ്ങളോട് പൊരുതി, മാറ്റങ്ങള്‍ വരുത്താന്‍ രണ്ടുപേരും ശ്രമിച്ചിട്ടുണ്ട്. ഒരു കാലത്ത് മാറ്റം ആഗ്രഹിച്ച നിരവധി  ഇന്ത്യന്‍ യുവാക്കള്‍ ഇവര്‍ക്കു പിറകില്‍ അണിനിരന്നിരുന്നു. രണ്ടുപേരും മാഗ്സസേ അവര്‍ഡിനും അര്‍ഹരായിട്ടുണ്ട്.

 

 

ധാര്‍മികതയുടെയും ശക്തമായ നിലപാടുകളുടെയും പേരില്‍ കിരണ്‍ ബേദി പൊതുസമൂഹത്തില്‍ ഉന്നത സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മത്സരരാഷ്ട്രീയത്തിലിറങ്ങി തന്‍റെ കൈ മലിനമാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിയുന്നു അവരുടെ മറുപടി. ഡല്‍ഹിയിലെ സാധാരണക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് കിരണ്‍ ബേദി എന്നും ഒരു പ്രതീക്ഷയായിരുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കുടിയേറ്റക്കാര്‍ക്കും  ഈ പേര് അത്ര സുപരിചിതമല്ല. 1988-ല്‍ ഡല്‍ഹിയില്‍ നടന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടതില്‍ പല അഭിഭാഷകര്‍ക്കും ബേദിയോട് ശക്തമായ വിയോജിപ്പുണ്ട്.

 

“യോഗ്യതാ നിര്‍ണയത്തില്‍ വിട്ടുവീഴ്ച വരുത്തിരിക്കുകയാണ്. എനിക്ക് മറ്റാരെക്കാളും പരിചയസമ്പത്തുണ്ട്”; കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് ബേദി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, നാലു പ്രാവശ്യം പല മേഖലകളിലുമായി കാലാവധി പൂര്‍ത്തിയാക്കാതിരിക്കുകയും രണ്ടുതവണ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്ത ചരിത്രം അവരുടെ സര്‍വീസ് കാലയളവില്‍ ഉണ്ടായിട്ടുണ്ട്. മിസോറാമില്‍ ഡി.ഐ.ജി ആയിരുന്ന സമയത്ത് നിയമവിരുദ്ധമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ കൈമാറിയതില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് അവിടുത്തെ ഗവര്‍ണര്‍ ഔദ്യോഗിക കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

കിരണ്‍ ബേദി ശക്തമായ വ്യക്തിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മുന്നില്‍ നിന്നുകൊണ്ട് പോരാടുന്ന അവരെക്കുറിച്ച് പോലീകാര്‍ര്‍ക്കും നല്ല മതിപ്പാണ്. “കമ്മീഷണര്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുള്ള സമയത്ത് ഞാന്‍ ജോലി വിടുകയായിരുന്നു. ലഭിച്ച ജോലി ഒരു വെല്ലുവിളിയായി എനിക്ക് തോന്നിയില്ല”- മാധ്യമങ്ങളോട് അവര്‍ പ്രതികരിച്ചു.

 

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവും ബി.ജെ.പിയുടെ വിവിധ കക്ഷിമേഖലയിലെ പ്രവര്‍ത്തനവും ബേദിക്ക് വെല്ലുവിളിയായി തോന്നുണ്ടാകും. തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കട്ടെ ഈ കൂറുമാറ്റത്തിന്‍റെ പൊള്ളത്തരം.

 

അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: ട്രിസ്കാഡെകാഫോബിയ മോദിയെ വീഴ്ത്തുമോ?

 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കെ. ജോയ് ഇപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യയില്‍ പ്രോഗ്രാം ആന്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ആണ്)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍