UPDATES

ട്രെന്‍ഡിങ്ങ്

സിപിഐയിൽ അടിപൊട്ടുന്നു; സുനിൽ കുമാറിനെതിരെ കിസാൻസഭ, തിലോത്തമനെതിരെ ദിവാകരൻ പക്ഷം

സുനില്‍കുമാറിന് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ മാത്രമാണ് താത്പര്യമെന്ന് ആരോപണം

കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനമുയർത്തി സിപിഐയുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭ. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ മാത്രമാണ് മന്ത്രി ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ കൃഷിയുടെ അഭിവൃദ്ധിക്കായി യാതൊന്നും ചെയ്യുന്നില്ലെന്നും പാർട്ടിക്ക് നൽകിയ പരാതിയില്‍ കിസാൻസഭ പറയുന്നതായി വിശ്വസ്ത വൃത്തങ്ങള്‍ അഴിമുഖത്തോട് വ്യക്തമാക്കി.

കൃഷി വകുപ്പിനായി ബജറ്റില്‍ വകയിരുത്തിയ തുക പോലും ഫലപ്രദമായി ഉപയോഗിക്കുന്നില്ല തുടങ്ങിയ രൂക്ഷവിമര്‍ശനങ്ങളാണ് മന്ത്രിക്കെതിരെ ഉന്നയിക്കുന്നത്. കൃഷി വകുപ്പിന് അനുവദിച്ച 817 കോടി രൂപ ഉപയോഗിച്ചില്ലെന്നാണ് പരാതി. ഇതില്‍ 600 കോടി സംസ്ഥാന സര്‍ക്കാരും 217 കോടി കേന്ദ്രസര്‍ക്കാരുമാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 600 കോടിയില്‍ 200 കോടി കൃഷിവകുപ്പിന് അടിയന്തിര ടോക്കണ്‍ ആയി നല്‍കിയിരുന്നു. ഈ തുക പോലും സംസ്ഥാനത്തെ കൃഷിയുടെ വികസനത്തിനായി വിനിയോഗിച്ചില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നതെന്ന് അറിയുന്നു.

മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള തരിശ് ഭൂമികളില്‍ കൃഷിയിറക്കിയ നേട്ടങ്ങള്‍ ഉള്ളപ്പോള്‍ തന്നെ വകുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മന്ത്രിക്ക് സാധിക്കുന്നില്ലെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസ്താവനകളിലൂടെയും മറ്റും വാര്‍ത്തകളിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കാന്‍ മാത്രമാണ് മന്ത്രിക്ക് താല്‍പര്യം. പച്ചക്കറിയ്ക്ക് ദിനംപ്രതി വില കുതിച്ചുയരുന്നതും മന്ത്രിയുടെ പിടിപ്പുകേടായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നതെന്ന് അറിയുന്നു.

ജലസ്രോതസുകളുടെ സംരക്ഷണത്തിനായി പോലും വകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. വരാനിരിക്കുന്നത് കൊടിയ വരള്‍ച്ചയാണെന്ന് പല റിപ്പോര്‍ട്ടുകളും വന്നിട്ടും വരള്‍ച്ചയെ അതിജീവിക്കാന്‍ വേണ്ട ഒരു പദ്ധതി പോലും വകുപ്പ് തയ്യാറാക്കിയിട്ടില്ലെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. അതേസമയം സിപിഐയ്ക്കുള്ളിലെ തന്നെ ആഭ്യന്തര കലഹങ്ങളാണ് മന്ത്രിക്കെതിരെ പോഷക സംഘടനയെക്കൊണ്ട് പരാതി എഴുതിച്ചതെന്നാണ് അറിയുന്നത്.

ഇതിനിടെ മന്ത്രി തിലോത്തമനെതിരെയും സിപിഐയില്‍ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ ഭക്ഷ്യമന്ത്രി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സി ദിവാകരന്‍ പക്ഷമാണ് രംഗത്തെത്തിയത്. നാളെ ചേരുന്ന പാര്‍ട്ടി നിര്‍വാഹകസമിതി യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ദിവാകരന്‍ പക്ഷം ലക്ഷ്യമിടുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ പാര്‍ട്ടി തന്നെ മന്ത്രിക്ക് ഉപദേശിച്ച് കൊടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതിനും തയ്യാറാകുന്നില്ലെങ്കില്‍ മന്ത്രിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണം.

മുമ്പ് തിലോത്തമനും സുനില്‍കുമാറും തങ്ങളുടെ പാര്‍ട്ടിയിലെ മുന്‍ മന്ത്രിമാരെ കണ്ട് പിടിക്കണമെന്ന് സിപിഎം മന്ത്രിയായ എം എം മണി ആവശ്യപ്പെട്ടിരുന്നു. മണി മന്ത്രിയാകുന്നതിന് മുമ്പായിരുന്നു ഇത്. അന്ന് മണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഐ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ അതേ മന്ത്രിമാരെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ കലഹമുണ്ടായിരിക്കുന്നത് എന്നത് കൗതുകമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍