UPDATES

സിനിമ

നെറികെട്ട കാലത്തെ കിസ്മത്ത്‌

Avatar

ധന്യ ശ്രീ

‘അനന്തരം അവരെല്ലാം ദീര്‍ഘകാലം സുഖമായി ജീവിച്ചു’ എന്നൊരു ലളിത സമവാക്യത്തിന് പ്രസക്തിയില്ലാത്ത, യാഥാര്‍ഥ്യത്തിന്റെ വേദനിപ്പിക്കുന്ന മുഖം കാട്ടി തരുന്നുവെന്നതാണീ കിസ്മത്തിനെ ശ്രദ്ധേയമാക്കുന്നത്. ഏകദേശം സമാന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതിനാലാവണം തിയേറ്റര്‍ വിട്ടു കഴിഞ്ഞിട്ടും ഇര്‍ഫാനും അനിതയും ഉള്ളു പൊള്ളിക്കുന്നതും.

ജാതി, മതം, പ്രായം, സൗന്ദര്യം ഇവയെ സംബന്ധിച്ച പൊതുബോധ ധാരണകള്‍ പൊളിച്ചെഴുതിയ, ദുരന്തപര്യവസായിയായ പ്രണയം എന്നൊരൊറ്റ വാക്കില്‍ പറയാമെങ്കിലും കിസ്മത് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ദളിത്, മുസ്ലിം സ്വത്വങ്ങള്‍ ഈ കാലഘട്ടത്തില്‍ ഏറെ നിര്‍ണായകമാണ്. ഇരുപക്ഷങ്ങളും വേട്ടയാടപ്പെടുന്നവരുംസവര്‍ണാധികാരത്താല്‍ മുറിവേല്‍പ്പിക്കപ്പെട്ടവരും ആണ്. പല തീവ്രവലതു പക്ഷ മുസ്ലിം സംഘടനകളും ദളിത് മുസ്ലിം ഐക്യം വിഭാവനം ചെയ്യുന്ന കാലത്തിലാണ് ഇര്‍ഫാനും അനിതയും ഇവിടെ ഉണ്ടായതും അവരുടെ പ്രണയത്തെ ഇല്ലായ്മ ചെയ്തതും.

തേയ്ച്ചാലും മായ്ച്ചാലും മാറാത്ത ജാതിയെന്ന അശ്ലീലത്തെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട് കിസ്മത്ത്.

ഈ ചെറുമിപ്പെണ്ണായിട്ടു നിനക്കെന്താ ബന്ധം?’
നിനക്കിവളെയല്ലാതെ മറ്റാരെയും കിട്ടിയില്ലേ?

ചോദ്യങ്ങള്‍ പൊതുബോധത്തിന്റെയാണ്.

നീയിവളെ മതം മാറ്റുമോ?’ ,  ‘ഓരുടെ മതത്തിലേക്ക് ആളെ കൂട്ടാനാ ‘ എന്നീ സ്വാഭാവിക വിചാരധാരകളും …

‘ഇറച്ചിയും മീനും തിന്നു നടക്കുന്ന മാപ്പിളര്‍ക്കു കയറിക്കൂടാനുള്ളതല്ല നമ്മുടെ വീടുകള്‍’ എന്ന് നമ്പൂരി മുതല്‍ നായാടി വരെ ഐക്യപ്പെടണമെന്ന ബോധം നായികയുടെ ആങ്ങള പ്രകടമാക്കുന്നത് ആ നിമിഷം തന്നെ തീയേറ്ററില്‍ പരിഹാസ്യമാക്കപ്പെടുന്നുണ്ട്. ഒരു ദളിതന്റെ ഐക്യപ്പെടല്‍  തമാശ മാത്രമാണ്. അത് കൊണ്ടാണ്  നീയവവളെ മതം മാറ്റുമോ? എന്ന ചോദ്യത്തിന്റെ പിന്തുടര്‍ച്ചയായി ‘നിനക്ക് വേറെയാരെയും കിട്ടിയില്ലേ?‘എന്ന് നായര്‍ പോലീസ് ചോദിക്കുന്നത്. നായര്‍ എന്നത് ഒരു പ്രിവിലേജ് ആണെന്ന് ജാമ്യത്തില്‍ പോകുന്ന കഥാപാത്രവും ശെരി വെയ്ക്കുന്നുണ്ട്.

ഒരു പോലീസ് സ്‌റ്റേഷനില്‍ തുടങ്ങുന്ന കാഴ്ചകളാണ് കിസ്മത്തിന്റേത്. കാണിയുടെ മൂന്നാം കണ്ണ് എന്ന സങ്കേതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. കാല്പനികതയും അതിഭാവുകത്വവും ഇല്ലാത്ത മിനിമലിസ്‌റ് ശൈലിയിലാണ് കഥ പറച്ചില്‍.

ഒരു വാണിജ്യ സിനിമയിലേക്കാവശ്യമായ ചേരുവകളൊന്നും ചേര്‍ത്തിട്ടില്ല യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ളത്‌ എന്ന് പറയുമ്പോഴും കഥയ്ക്കാധാരമായവരുടെ ഐഡന്റിറ്റി വെളിവാക്കാത്തതു  രാഷ്ട്രീയ പക്വതയാണ്. കാഞ്ചനമാലയുടെ ജീവിതം കേവലം വിപണന സാധ്യതകളുള്ള ഒരു ഉല്‍പനം മാത്രമായതെങ്ങനെയെന്നു നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. ഒരിക്കല്‍ ജീവിച്ചിരുന്നവരോടും അവരനുഭവിച്ച ജീവിതത്തോടും അത് ദൃശ്യ ഭാഷയിലാക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. അവര്‍ കടന്നു പോയ അനുഭവങ്ങളെ വില്പനച്ചരക്കായി മാത്രം കാണുന്നത് നീതികേടാണ്.

ഏറെ ഘോഷിക്കപ്പെട്ട മൊയ്ദീനിലെ പോലെ പഞ്ച് ഡയലോഗുകളും ഭാവുകത്വത്തിന്റെ അതിപ്രസരവും കൊണ്ട് കിസ്മത് ചെടിപ്പിക്കുന്നില്ലെന്നു മാത്രവുമല്ല, അത് പ്രസരിപ്പിക്കുന്നത് നൈസര്‍ഗികതയുടെ അനുഭവതലവുമാണ്. ഇടയ്ക്കിടെ അമേച്വര്‍ ഷോര്‍ട് ഫിലിം സ്വഭാവങ്ങളിലേക്കു വഴുതിപ്പോവുന്നതൊഴിച്ചു നിര്‍ത്തിയാല്‍ കിസ്മത് ഒരു സുഘടിതമായ (well-knit) പടം തന്നെയാണ്.

ഇരുവഴിഞ്ഞിപ്പുഴ, അറബിക്കടല്‍ രൂപകങ്ങളൊന്നും സിനിമയിലെ നായകന്‍ ഇര്‍ഫാനറിയില്ല. വിറയ്ക്കുന്ന ചുണ്ടുകളോടെ അവന്‍ പറയുന്നത് ‘ജാതീം മതവുമൊന്നും നോക്കീട്ടല്ല , ഞങ്ങള്‍ക്കൊരുമിച്ചു ജീവിക്കണം സാര്‍, ഞങ്ങളെ സഹായിക്കണമെന്നാണ് ‘.

‘ഇല്ല,വേറെയാരെയും കിട്ടിയില്ല, നിങ്ങള്‍ക്കെന്താ?‘ എന്നുള്ള ധാര്‍മിക രോഷം കൊള്ളലാണവന്റെ ഹീറോയിസം. തികച്ചും impulsive ആയ നായകനെ ഷാന്‍ നിഗത്തിന്റെ ശരീരഭാഷ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കഥാപാത്രത്തോട് നൂറു ശതമാനവും ഷാന്‍ നീതി പുലര്‍ത്തിയിട്ടുണ്ട്. ശ്രുതി മേനോനും അമിതാഭിനയ പ്രകടനങ്ങളില്ലാതെ പക്വമായി അനിതയെ അവതരിപ്പിച്ചു. അനിത കുറെ കൂടി കാര്യശേഷിയുള്ളവളും പക്വമതിയുമാണ്. subtle ആയ ശരീര ഭാഷ കൊണ്ടാണ് ഇരുവര്‍ക്കുമിടയില്‍ നില്‍ക്കുന്ന പ്രണയത്തിന്റെ തീവ്രത നമുക്കറിയാന്‍ പറ്റുന്നത്. നിനക്ക് വേറെയാരെയും കിട്ടീലെ എന്ന് നായര്‍ പോലീസ് ചോദിക്കുമ്പോള്‍ ഇര്‍ഫാന്‍ അനിതയുടെ അടുത്തേക്ക് കുറേക്കൂടി നീങ്ങിയിരിക്കുന്നതു മനോഹരമായ ഉദാഹരണമാണ്. ‘വെള്ളം വല്ലതും കുടിക്കണാ?’ എന്ന് സ്‌റ്റേഷനിലെ കാത്തിരിപ്പു നിമിഷങ്ങളില്‍ ഇര്‍ഫാന്‍ നിഷ്‌കളങ്കമായ സ്‌നേഹാന്വേഷണം നടത്തുമ്പോള്‍ അതിലവന്റെ പ്രണയം മുഴുവനുമുണ്ട്.

അവള്‍ ഉമ്മച്ചിക്കുട്ടിയാണെങ്കില്‍ ഞാന്‍ നായാരാടാ എന്ന അഹങ്കാരധ്വനികളെ നിശബ്ദമാക്കുന്നുണ്ട് ഇര്‍ഫാന്റെ ‘ഓളാ ജാതിയായത് ഓള്‍ടെ കൊഴപ്പം കൊണ്ടാ? ഞാനീ ജാതിയായതു എന്റെ ഗുണാ?’ എന്ന കണ്ണീര്‍വാക്കുകള്‍.

പൊന്നാനിയെന്ന സ്‌പെയ്‌സ് ഏറെ നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. അതിനേക്കാള്‍ പ്രധാനമായി പോലീസ് സ്‌റ്റേഷനെന്ന ക്‌ളോസ്ഡ് സ്‌പെയ്‌സും. നായകനെയുംനായികയെയും ഒരുമിപ്പിക്കുന്ന ജനമൈത്രി പോലീസ് ഒരു കെട്ടുകഥയും അധികാരമില്ലാത്തവന് അരക്ഷിതാവസ്ഥ സമ്മാനിക്കുന്ന പോലീസ് യാഥാര്‍ഥ്യവുമാവുന്നു. അവിടെ അശക്തരായ ബംഗാളിയും ഷിഹാബും ഇര്‍ഫാനും അനിതയും നീതി പ്രതീക്ഷിക്കേണ്ടതില്ല.

ഇര്‍ഫാനും അനിതയും കുറേക്കൂടി സുതാര്യമായ, ലളിതമായ ജീവിതം സ്വപ്നം കണ്ടവരാണ്. രണ്ടു പകലുകളുടെ ഇടവേളയില്‍ അതിനവര്‍ വില കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതമാണ്. ദുരഭിമാനഹത്യ എന്നൊരു വാക്ക്‌ നമ്മുടെ ഓര്‍മയില്‍ നിന്നുമിതു വരെ പടിയിറങ്ങിപ്പോയിട്ടില്ല; ദിവ്യയുടെയും ഇളവരശന്റെയും ചുട്ടുകരിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ കഥയും.

നായകന്റെ മരണശേഷം രംഗത്ത് നിന്ന് തിരോഭവിക്കുന്ന നായികമാരെയാണ് നമുക്ക് പരിചയം. നായകനൊപ്പമുള്ള ഒരു ബൈനറി ഓപ്പോസിറ് മാത്രമാണ് നായിക. നായകനെന്ന entity ഇല്ലാതാവുന്നതോടെ അവളുടെ സ്വത്വമില്ലാതാവുന്നു. കിസ്മത് തിരുത്തിക്കുറിക്കുന്നത്‌
ഈ മുന്‍വിധികളെല്ലാമാണ്. 

സിനിമ അവസാനിക്കുന്നത് അനേകായിരം മൃതദേഹങ്ങളേറ്റു വാങ്ങിയ കടല്‍ പോലെ നിസ്സംഗയായിത്തീര്‍ന്ന നായികയിലാണ്. അതിജീവനമല്ലാതെ മറ്റൊരുപാധികളും അവള്‍ക്കില്ല. അതിജീവിക്കുക എന്നത് ഒരിക്കലുമൊരു triumph അല്ല, അതൊരു inescapable fate ആണ്. 

നെറികെട്ട കിസ്മത്ത്.

(പത്തനംതിട്ട മല്ലപ്പിള്ളി ഐ.എച്ച് ആർ ഡിയിൽ അധ്യാപികയാണ് ധന്യ ശ്രീ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍