UPDATES

സിനിമ

കിസ്മത്ത്: അവസാനിക്കാത്ത വേദനകളില്‍ ബാക്കിയാവുന്നത്

Avatar

നാസിര്‍ കെ.സി

ജീവിതവുമായി ബന്ധമുള്ള സിനിമകള്‍ എന്നൊക്കെ പറയുന്നതിനു മുമ്പ് ഞാന്‍ രണ്ടുവട്ടം ആലോചിക്കും. ജീവിതത്തിന് തന്നെ ജീവിതവുമായി എന്താണ് ബന്ധം.

 

ജീവിതത്തില്‍ നിന്ന് തന്നെ സിനിമയുണ്ടാകണം എന്ന് നിര്‍ബന്ധമൊന്നുമില്ല. ജീവിതത്തെ കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന സിനിമകള്‍ക്ക് സാധാരണ ജീവിതുമായി എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകണമെന്നില്ല. ഉണ്ടായാല്‍ വിരോധവുമില്ല. ചില സിനിമകള്‍ ക്ലാസ്സിക് സിനിമകളോ റിബല്‍ സിനിമകളോ ആകുന്നത് അങ്ങനെയാണ്.

 

ഗൊദാര്‍ദിന്റെ സിനിമകള്‍ കണ്ടിട്ട് ഇത് ജീവിതഗന്ധിയാണ് എന്ന് ആരും പറയാത്തത് അതുകൊണ്ടാണ്. അത് നമുക്ക് പരിചിതമായ ഗന്ധങ്ങളെ കുപ്പിയിലാക്കി നമുക്ക് സമ്മാനിക്കുകയല്ല, ജീവിതത്തിന് ഉണ്ടാകണമെന്ന് കലാകാരന്‍ ആഗ്രഹിക്കുന്ന ഗന്ധങ്ങളെ നമ്മുടെ നാസികയിലെത്തിക്കുകയാണ് ചെയ്യുന്നത്.

 

മലയാളത്തില്‍ അടുത്ത കാലത്ത് ഉണ്ടായ പല സിനിമകളും ആ അര്‍ത്ഥത്തില്‍ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തതാണ്. മലയാളത്തിലെ വലിയ സിനിമാക്കാരനായ മമ്മൂട്ടിയുടെ അടുത്ത കാലത്തിറങ്ങിയ രണ്ട് സിനിമകള്‍, കസബയും വൈറ്റും ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവയാണ് എന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല.

 

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് കിസ്മത് എന്ന ചെറു സിനിമ. കിസ്മത് ചെറു സിനിമയാകുന്നത് അതിന്റെ സമയ ദൈര്‍ഘ്യം മാത്രം മാനദണ്ഡമാക്കിയല്ല. അതില്‍ പ്രയോഗിച്ചിരിക്കുന്ന മൂലധനത്തിന്റെ വ്യാപ്തി, കഥ പറച്ചിലിന്റെ ലാളിത്യം, മുഖ്യധാരാ സിനിമകളുടെ പതിവ് ക്ലീഷേകളില്‍ നിന്നുള്ള വിടുതല്‍ എന്നിവയുടെ കൂടെ അടിസ്ഥാനത്തിലാണ്. മാത്രമല്ല ചുരുക്കം ചിലരൊഴിച്ച് മറ്റ് അഭിനേതാക്കളെല്ലാം ഷോര്‍ട്ട് മൂവികളില്‍ മാത്രം മുഖം കാണിച്ചിട്ടുള്ളവരാണ്. എന്നാല്‍ അഭിനയചാതുരി കൊണ്ട് അവര്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുക തന്നെ ചെയ്തു.

 

കഥയിങ്ങനെ
യാദൃശ്ചികമായി കണ്ടുമുട്ടാനിടയായ അനിതയും ഇര്‍ഫാനും പ്രണയബദ്ധരാകുന്നു. അസാധാരണമോ അത്ഭുതകരമോ ആയ പ്രണയമായിരുന്നില്ല അവരുടേത്. എന്നാല്‍ അതിന് ചില വ്യത്യസ്തതകളുണ്ടായിരുന്നു. അനിത ഇരുപത്തെട്ടുകാരിയും പട്ടികജാതിക്കാരിയുമായിരുന്നു.
സമ്പന്നവും യാഥാസ്ഥിതികവുമായ ഒരു മുസ്ലിം കുടുംബത്തിലെ കുടുംബത്തിന് ചേരാത്ത ഇര്‍ഫാന്‍ എന്ന പയ്യന് ഇരുപത്തൊന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ആര്‍ജവവും സത്യസന്ധതയും അവനുണ്ടായിരുന്നു.

 

 

തന്നേക്കാള്‍ പതിനഞ്ചു വയസ്സു കൂടുതലുള്ള ഖദീജയെയാണ് പ്രവാചകനായ മുഹമ്മദ് തന്റെ ആദ്യ ഭാര്യയാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുകരണീയമായ ഈ മാതൃക മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. പകരം പ്രവാചകന്‍ ആയിഷയെ കല്യാണം കഴിച്ച രീതിയാണ് അവര്‍ക്ക് പഥ്യമായിത്തോന്നിയത്. പ്രായത്തിന്റെ അനുപാതത്തില്‍ ഇക്കാലത്ത് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നല്ല. എന്നാല്‍ പെണ്ണിന്റെ പ്രായം ആണിനേക്കാള്‍ കൂടുന്നത് അവര്‍ക്ക് ഒരു കാലത്തും സഹിക്കാനാവില്ല. അവര്‍ക്കെന്നല്ല ഒരു ജാതിക്കും ഒരു മതത്തിനും.

 

ഒരുമിച്ച് ജീവിക്കാന്‍ പോലീസ് സഹായം തേടി അനിതയും ഇര്‍ഫാനും പോലീസ് സ്‌റ്റേഷനിലെത്തുന്നു. ഒടുവില്‍ അത് തന്നെ അവര്‍ക്ക് കുരിശായിത്തീരുന്നു. ചേര്‍ച്ചയില്ലെന്ന് ഇരു കുടുംബവും സമുദായവും നിശ്ചയിക്കുന്ന ബന്ധത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ആദ്യം ശ്രമിക്കുന്നത് പോലീസാണ്. കസബയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പോലീസല്ല കിസ്മത്തിലെ പോലീസ്.

 

പോലീസ് നായകനും വില്ലനും ആയിട്ട് ഒരേ സിനിമയില്‍ തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ രണ്ടിനും യാഥാര്‍ത്ഥ്യവുമായി പുലബന്ധമുണ്ടാകാറില്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ അവതരിപ്പിക്കുന്ന വീരനായകനായ പോലീസിനും ഭീമന്‍ രഘുവും അബ്ബാസലിയും ഒക്കെ അവതരിപ്പിക്കുന്ന നികൃഷ്ടന്‍മാരായ പോലീസിനും ഇടയ്‌ക്കെവിടെയോ ആണ് കേരള പോലീസെന്ന് കിസ്മത്ത് കാണിച്ചു തരുന്നുണ്ട്.

 

പോലീസ് ഒരു വ്യവസ്ഥയുടെ ഭാഗമാണ്. വ്യവസ്ഥയ്ക്കുളള നന്മതിന്മകളേ പോലീസിനുമുള്ളൂ എന്ന് ഈ ചെറു സിനിമ മലയാള സിനിമയെ പഠിപ്പിക്കുന്നുണ്ട്.

 

അത്യന്തം നൂതനമായ ഒരു പ്രമേയമല്ല ഈ സിനിമയുടേത്. എന്നാല്‍ പ്രമേയത്തെ സമകാലികമായി ഒരുക്കിയെടുക്കുന്നതില്‍ ഈ സിനിമ വിജയിച്ചിട്ടുണ്ട്. അതിഭാഷണം കൊണ്ട് മൊയ്തീന്‍ പ്രണയത്തില്‍ നിന്ന് ചോര്‍ന്നു പോയ യാഥാര്‍ത്ഥ്യബോധത്തെ ഈ സിനിമ തിരിച്ചുപിടിക്കുന്നുണ്ട്. പുതിയ കാലത്തെ ഒരു ഇരുപത്തൊന്നുകാരന്‍ പ്രണയത്തിലും പ്രണയത്തിനു പുറത്തും സൂക്ഷിക്കുന്ന ടെമ്പറമെന്റ് കൃത്യമായ അളവില്‍ തന്റെ അഭിനയത്തിലേക്ക് കൊണ്ടുവരാന്‍ ഇര്‍ഫാനെ അവതരിപ്പിച്ച നടന് കഴിഞ്ഞിട്ടുണ്ട്. അനിതയുടെ ആങ്ങള ചന്ദ്രനെ അവതരിപ്പിച്ച നടനും ശ്രദ്ധേയരായ ഒട്ടേറെ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് നല്‍കിയ വിനയ് ഫോര്‍ട്ടിന്റെ എസ് ഐ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും സിനിമാശരീരത്തില്‍ എത്ര ഉചിതമായി ചേര്‍ന്നു നില്‍ക്കുന്നു എന്നറിയാന്‍ സിനിമ കാണുകയാണ് നല്ല വഴി.

 

 

സിനിമയിലെ സ്ത്രീ
വ്യവസ്ഥ പുരുഷന്റെതാണ്. എന്നാല്‍ വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ സ്ത്രീയെക്കൂടി അത് ഉപകരണമാക്കുന്നുണ്ട്. ഇര്‍ഫാന്റെ പെങ്ങള്‍ അതിന് നല്ല ഉദാഹരണമാണ്. ഇരയോടൊപ്പം ഓടാനും വേട്ടക്കാരനോടൊപ്പം വേട്ടയാടാനും അവര്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. മകനോടുള്ള വാത്സല്യം കൊണ്ടും ഭര്‍ത്താവിനോടുള്ള ഭയം കൊണ്ടും നിസ്സഹായയായിപ്പോകുന്ന ഉമ്മ അസാധാരണമായ ഒരു മുസ്ലിം അനുഭവമല്ല.

 

എന്നാല്‍ കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന സ്ത്രീ, വ്യവസ്ഥയെ എങ്ങനെ കബളിപ്പിക്കാം എന്നാണ് ഇര്‍ഫാനും അനിതയ്ക്കും പറഞ്ഞു കൊടുക്കുന്നത്. പുരുഷന്റെ വ്യവസ്ഥയെ എങ്ങനെ അവഗണിക്കാം എന്ന് അനിതയുടെ ചെറിയമ്മയും അവളെ പഠിപ്പിക്കുന്നു. എന്നാല്‍ ചില പാഠങ്ങള്‍ വൈകിയാണ് നാം പഠിക്കുക. ഇര്‍ഫാന്റെ ഉമ്മയ്ക്കും അനിതയ്ക്കും ഇര്‍ഫാനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്നതു വരെ അത് വൈകിപ്പോയിരുന്നു. കബളിപ്പിച്ചും അവഗണിച്ചും ചെറുത്തു നിന്നും ഒടുവില്‍ സ്തീ പുരുഷന്റെ വ്യവസ്ഥയെ കീഴടക്കുകയോ തകര്‍ക്കുകയോ ചെയ്യുമായിരിക്കാം. അതു വരെ അനിതയ്ക്കും ഇര്‍ഫാനും ഒരുമിച്ച് ജീവിക്കാനാവുകയില്ല എന്നു ചുരുക്കം.

 

തകര്‍ന്നു പോയ പ്രണയത്തിന്റെ അവസാനിക്കാത്ത വേദനകളാണ് ഈ വ്യവസ്ഥയുടെ ഉല്‍പ്പന്നം. ഈ തിരിച്ചറിവ് നല്‍കിയാണ് സിനിമ അവസാനിക്കുന്നത്.

(അധ്യാപകനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍