UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു സമരചുംബന ഭടന്റെ അനുഭവം- അഡ്വ. ടി കെ സുജിത് എഴുതുന്നു

Avatar

അഡ്വ. ടി കെ സുജിത്

ആലപ്പുഴയില്‍ നടന്ന കിസ് എഗെയ്ന്‍സ്റ്റ് ഫാസിസം; സമരചുംബനം പരിപാടിയില്‍ പങ്കെടുത്തതിനെപറ്റി അനവധി ആളുകള്‍ അത്ഭുതത്തോടെ അന്വേഷിക്കുന്നു. ഇവര്‍ക്കിത് എന്തിന്റെ കേടാണ് ? ഇത്തരം കോപ്രായങ്ങള്‍ക്ക് മാന്യന്മാര്‍ ആരെങ്കിലും പോകുമോ?… എന്നൊക്കെയാണ് ചോദ്യങ്ങളുടെ പോക്ക്.

ആദ്യമേ പറയട്ടെ, സമരത്തില്‍ പങ്കെടുത്ത നാല്‍പ്പതില്‍പ്പരം ചങ്ങതിമാര്‍ ആണും പെണ്ണും മാന്യകളും മാന്യന്മാരും വിമര്‍ശിക്കുന്ന പലരേക്കാളും ‘കുടുംബത്തില്‍ പിറന്നവരും’ ‘കുലമഹിമയുള്ളവരും’ ‘ഉയര്‍ന്ന ജീവിതം നയിക്കുന്നവരും’ ആയിരുന്നു. എതിര്‍ക്കാന്‍ കുറുവടിയുമായി ഇറങ്ങിയവരുടെ നിലയും സമര ചങ്ങാതിമാരുടെ നിലയും അജഗജാന്തരമുണ്ടായിരുന്നുവെന്ന് ഇരുകൂട്ടരെയും നിരീക്ഷിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെടും. ലേഖകനൊപ്പം മറ്റ് പല സാമൂഹ്യ-രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ചങ്ങാതിമാരേക്കാളും ഉയര്‍ന്ന രാഷ്ട്രീയബോധവും അറിവും നിലപാടുമുള്ള, സമൂഹത്തിലെ ‘ക്രീം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്നവരായിരുന്നു അവരെന്നതായിരുന്നു സത്യം.

പലരും തിരിച്ചറിഞ്ഞിട്ടില്ലാത്ത സമര ചുംബന ചരിത്രം ഒരിക്കല്‍ കൂടി ഈ വിശദീകരണത്തിന്റെ ഭാഗമായി പറയാതിരിക്കാന്‍ വയ്യ. കോഴിക്കോട് ഡൗണ്‍ടൗണ്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തുന്ന കമിതാക്കള്‍ ചുംബിക്കുന്നുവെന്ന വാര്‍ത്ത ഒരു ദിവസം വരുകയും അതിനെ തുടര്‍ന്ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആ റെസ്‌റ്റോറന്റ് അടിച്ചു തകര്‍ക്കുകയും ചെയ്തതില്‍ നിന്നുമാണല്ലോ ഈ സമരത്തിന്റെ തുടക്കം. ആ റെസ്‌റ്റോറന്റില്‍ നടന്നത് ശരിയോ, തെറ്റോ എന്നതിന്റെ പോസ്റ്റ്മാര്‍ട്ടത്തേക്കാള്‍ അതീവ പ്രാധാന്യമുള്ള ഒന്ന് ഈ സംഭവത്തിലുണ്ട്.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍, പരസ്യമായി, ഇത്തരമൊരു വിഷയത്തില്‍ സ്ത്രീ പുരുഷന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ആക്രമണം നടത്തുന്നത്. സമാനമായ ആക്രമണങ്ങള്‍ കേരളത്തില്‍ പലയിടത്തും അതിനുമുന്‍പും ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ അവ മിക്കതും പ്രാദേശിക സമൂഹങ്ങളിലെ സദാചാര ഗുണ്ടകള്‍ മുന്‍െൈകയടുത്ത് നടത്തിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായിരുന്നു.

 

ഭാരത സംസ്‌കാരത്തിന് വിരുദ്ധമെന്നാക്രോശിച്ചുകൊണ്ട് കോഴിക്കോട് നടന്ന ആ കടന്നാക്രമണത്തിന് കൃത്യമായ ഒരു ദേശീയ പശ്ചാത്തലുമുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ സംഘപരിവാര്‍ സര്‍ക്കാരിന്റെ ബലത്തില്‍ ഭാരതമൊട്ടാകെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ ശക്തിപ്രകടനമായിരുന്നു അത്. അതിന് തൊട്ടുമുന്‍പുള്ള നാളുകളില്‍ കേരള പോലീസില്‍ നിന്നുമടക്കമുള്ള പിന്തുണയോടെ സംഘപരിവാര്‍ ശക്തികള്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പടക്കം നടത്തിവന്നതിന്റെ തുടര്‍ച്ചയുമായിരുന്നു അത്. തങ്ങളാണ് കേന്ദ്രം ഭരിക്കുന്നത്, ഇനി കേരളത്തിലും തങ്ങള്‍ പറയുന്നതേ നടക്കൂ എന്ന ഹുങ്ക് ആ ആക്രമണത്തിന് പിന്നില്‍ വ്യക്തമായിരുന്നു. ഇത്തരം നീക്കങ്ങള്‍ കര്‍ണ്ണാടകത്തില്‍ ശ്രീരാമ സേനയുടെയും മറ്റും രൂപത്തില്‍ വളര്‍ന്നതും, പിന്നീട് ആ സംസ്ഥാനത്തില്‍ അധികാരത്തിലേറുന്നതടക്കമുള്ള  ബി.ജെ.പി.യുടെ രാഷ്ട്രീയ ശാക്തീകരണത്തിലേക്കെത്തിയ ചരിത്രവുമായി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

കോഴിക്കോട്ടെ അക്രമത്തിന് പിന്നിലെ ഈ സംഘപരിവാര്‍ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞതു തന്നെയാണ് ‘ചുംബനമാണ് നിഷിദ്ധമെങ്കില്‍ ചുംബിച്ചുതന്നെ സമരം ചെയ്യണം’ എന്ന നിലപാടിലേക്കെത്തിയതിന്റെ പശ്ചാത്തലം. ആ രാഷ്ട്രീയം തന്നെയാണ് ആ സമരരൂപത്തിന് എല്ലാവിധ പിന്തുണയും കൊടുക്കേണ്ടതിന്റെ ന്യായവും. എന്നാല്‍ കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ആലപ്പുഴയിലും ഇതേ സംഘപരിവാര്‍ രാഷ്ട്രീയം തന്നെയാണ് സമരക്കാരെ അടിച്ചമര്‍ത്തും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തിറങ്ങിയത്. അതായത്, സമരത്തിന്റെ തുടര്‍ച്ചയായി, സമരക്കാര്‍ സൃഷ്ടിച്ച പ്രകോപനത്തിന്റെ ഫലമായി വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ പൊടുന്നനെ കേരളത്തില്‍ സംഘടിച്ചതല്ല. മറിച്ച്, അവര്‍ കൃത്യമായ ലക്ഷ്യത്തോടെ കേരളത്തില്‍ നാളുകളായി വളര്‍ത്തിക്കൊണ്ടുവരുന്ന ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ ബഹിര്‍സ്ഫുരണമാണ് ഇവിടങ്ങളില്‍ കണ്ടത്.

ഈ പ്രക്രിയയുടെ തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം മുസ്ലീം മതമൗലികവാദികള്‍ക്കിടയില്‍ കേരളത്തില്‍ കൃത്യമായി നടന്നുവന്നിരുന്നു എന്നതിന്റെ തെളിവാണ് സമരക്കാര്‍ക്കെതിരെ മുസ്ലീം മൗലികവാദ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഈ രാഷ്ട്രീയ പ്രക്രിയ എത്ര ശക്തമാണെന്ന് അതിന്റെ പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍, അതിന് വിരുദ്ധമായി മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായി വന്നിട്ടുള്ള സമാന പ്രക്രിയയുടെ ശക്തി പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടും. ഈ രണ്ട് വിഭാഗങ്ങളുടെ വളര്‍ച്ചയെ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ തന്നെ, ചുംബന സമരക്കാരുടെ ഇടപെടല്‍ മൂലം കേരളത്തില്‍ പൊടുന്നനെ ഉദിച്ചുയര്‍ന്ന വിപത്താണ് ഇതെന്ന ചില പുരോഗമന വിഢികളുടെ വാദത്തിന്റെ പൊള്ളത്തരം ബോദ്ധ്യപ്പെടും. മുന്‍പേ ആഴത്തില്‍ ബാധിച്ചിരുന്നതും ഗുപ്തമായി കിടന്നിരുന്നതുമായ രോഗം മരുന്ന് ചെന്നപ്പോള്‍ മൂര്‍ച്ഛിച്ചു എന്നത് മാത്രമാണ് ഇവിടെല്ലാം സംഭവിച്ചത്.

വളരെ പ്രധാന്യമുള്ള സംഗതി, കൊച്ചിയിലും കോഴിക്കോട്ടും സമരക്കാരെ അടിച്ചൊതുക്കാനും ആക്രമിക്കാനും സമരം തന്നെ നിരോധിക്കാനും ഇത്തരം സമരം നടത്തിയാല്‍ തല്ലുകിട്ടിയെന്ന് വരും എന്ന് അധിക്ഷേപിക്കാനും കൂട്ടുനിന്ന പോലീസിനുണ്ടായ മാറ്റമാണ്. ഇന്ത്യയിലെ ഒരു നിയമ പ്രകാരവും കുറ്റകരമാകാത്ത ഈ സമര രീതി നിരോധിക്കാനാവില്ലെന്ന് മനസ്സിലാക്കിയ പോലീസിന്, ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കാനുള്ള, ഉയര്‍ത്തിപ്പിടിക്കാനുള്ള, ഈ സമരരീതിയെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടെന്നും ആലപ്പുഴയില്‍ ബോദ്ധ്യപ്പെട്ടു. അത് തന്നെയാണ് ഈ സമരത്തില്‍ പങ്കെടുക്കാനുള്ള മറ്റൊരു ന്യായവും. ഒരു ജനാധിപത്യരാജ്യത്തിലെ പൗരന് ജനാധിപത്യ നിയമങ്ങള്‍ അനുസരിക്കാനുള്ള ബാദ്ധ്യതയാണ് പ്രാഥമികമായുള്ളത്. മത ജാതി നിയമസംഹിതകള്‍ അനുശാസിക്കുന്നവ അനുസരിക്കുവാന്‍ വ്യക്തിജീവിതത്തില്‍ ചിലര്‍ക്ക് ബാദ്ധ്യതയുണ്ടായേക്കാമെങ്കിലും അത് പൊതു ജീവിതത്തിലേക്കും ദീര്‍ഘിപ്പിക്കാനുള്ള ശ്രമം അനാരോഗ്യകരമാണ്. അത് നമ്മുടെ രാജ്യത്തെ നിയമവാഴ്ചയെത്തന്നെ അട്ടിമറിക്കുന്നതുമായിരിക്കും. മുന്‍പ് പറഞ്ഞ ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ വ്യാപനം ഈ ഉദ്ദേശത്തോടുകൂടി തന്നെയുള്ളതാണ്. അതുകൊണ്ട് മത ജാതി നിയമങ്ങള്‍ക്കനുസരിച്ച് മലയാളി ജീവിക്കണം എന്ന് ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുവാനുള്ള ബാദ്ധ്യത ജനാധിപത്യബോധമുള്ള, മതനിരപേക്ഷ രാജ്യത്തെ പൗരനുണ്ട്.

 

അതേ സമയം, സമരത്തോടുള്ള സമീപനത്തില്‍ ഒരു ചുവട് മുന്നോട്ട് പോയ പോലീസ്, ആലപ്പുഴയില്‍ നടത്തിയത് തീര്‍ത്തും അപഹാസ്യമായ നടപടിയാണ്. തള്ളക്കോഴി കുഞ്ഞിക്കോഴികളെ പരുന്തില്‍ നിന്നും രക്ഷിക്കുന്നതുപോലെ, ചിറകിനടിയില്‍ പൊതിഞ്ഞ് സമരക്കാരെ സംരക്ഷിക്കാനാണ് അവര്‍ നോക്കിയത്! അതായത് സംഘപരിവാര്‍, ഇസ്ലാം മതമൗലികവാദ പരുന്തുകളെ ഭയന്ന ജനാധിപത്യ ഭരണകൂടമെന്ന തള്ളക്കോഴി, തന്റെ കുഞ്ഞുങ്ങളെ പരുന്തുകളില്‍ നിന്ന് രക്ഷിച്ചുവെന്ന് അഭിമാനിക്കാനുള്ള ശ്രമമാണ് നടത്തിയത്. ആലപ്പുഴ കടപ്പുറത്ത് സ്വകാര്യതയ്കും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പോരാടുവാന്‍ ഉറച്ച്, തല്ലെങ്കില്‍ തല്ല് മേടിക്കുവാനുറച്ച്, സമാധാന സമരമുഖത്തിറങ്ങിയവരുടെ നേരെ ദണ്ഡയും കുറുവടിയും കരിയോയിലും ചാണകവെള്ളവുമായി അണിനിരന്ന പരുന്തുകള്‍ക്കെതിരെ ക്രിമിനലുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ജനാധിപത്യ ഭരണകൂടത്തിനായില്ല. അവര്‍ക്ക് മുന്നില്‍ ഭയന്ന് വിറച്ച് സമരക്കാരെ അറസ്റ്റ് ചെയ്ത് അവരുമായി ആലപ്പുഴയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അമ്പലപ്പുഴയിലേക്ക് ഭരണകൂടം ഓടിയൊളിച്ചു. സമാധാനപരമായി സമരം ചെയ്ത നാല്‍പ്പതോളം വരുന്ന ചെറുപ്പക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനാണ് അവര്‍ സാമര്‍ത്ഥ്യം കാട്ടിയത്. കൊലവിളിയുമായി നിന്ന ഫാസിസ്റ്റുകളെ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് മിടുക്കുകാട്ടാനായില്ല. നാളെ ഈ പരുന്ത് കഴുകനായി മാറുമ്പോഴും ജനവും ജനാധിത്യ ഭരണകൂടവും ഭയന്ന് വിറങ്ങലിച്ച് നിന്നേക്കും എന്ന സന്ദേശമാണിത് നല്‍കുന്നത്.

കേരളത്തില്‍ ഒരുപക്ഷേ ഇനി സമര ചുംബനം ആ രൂപത്തില്‍ നടന്നേക്കില്ല. ഫാസിസത്തിനെതിരെ ആദ്യ കൂട്ടായ്മായാണ്, ഏക സമര മാര്‍ഗ്ഗമാണ് ഇതെന്ന അവകാശവാദം ആര്‍ക്കുമില്ല. എന്നാല്‍, തികച്ചും നവീനമായ, സര്‍ഗ്ഗാത്മകമായ ഒരു സമരരൂപം എന്ന നിലയില്‍ അത് കേരള ചരിത്രത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഫാസിസത്തിനെതിരെ സ്‌നേഹ ശൃംഖലകളും ചിരിസമരവും ഷേക്ക് ഹാന്‍ഡുകളും സെക്രട്ടറിയേറ്റ് വളയലും മനുഷ്യ മതിലുകളും കേരളത്തില്‍ പലരും നടത്തിക്കഴിഞ്ഞു. യഥാര്‍ത്ഥ അന്തര്‍ദ്ദേശീയ സെമിനാറുകളും ആലോചിക്കുന്നുണ്ട്. എന്നാല്‍ കപടസദാചാരക്കാരും ഫാസിസ്റ്റുകളും സമാധാനത്തോടെയും സന്തോഷത്തോടെയും ആ സമരമുറകളെ സ്വാഗതം ചെയ്യുകയും സഹകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് പകല്‍പോലെ വ്യക്തം.

അതേ സമയം ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യമായ ചിലര്‍ സമരത്തിന്റെ ആലപ്പുഴ വേദിയില്‍ പങ്കാളികളായപ്പോള്‍, ചുംബന സമരം സമര ചുംബനമായി, സമരമായി പലരും തിരിച്ചറിഞ്ഞു. കേരളത്തിലെ പുരോഗമന ജനാധിപത്യ ശക്തികള്‍ ഈ സമരമുറയെ ഏറ്റെടുത്തിരുന്നെങ്കില്‍ അത് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഹൈന്ദവ സാസ്‌കാരിക ദേശീയതയെന്ന ആശയത്തിന് കേരളത്തില്‍ നല്‍കാവുന്ന ഏറ്റവും മികച്ച പ്രഹരങ്ങളിലൊന്നാകുമായിരുന്നുവെന്ന് വ്യക്തം. സമരമുറയെ ഏറ്റെടുക്കുക എന്ന് പറയുമ്പോള്‍, സമരചുംബനക്കാരെ പിന്തുണയ്ക്കുകയും അവരെ നേരിടാനെത്തിയ ഗുണ്ടകളെ കായികമായി കൈകാര്യം ചെയ്യാനോടിയെത്തണമെന്നുമല്ല  ഉദ്ദേശിക്കുന്നത്. ഫാസിസ്റ്റുകള്‍ ചുംബനത്തെ എതിര്‍ക്കുന്നുവെങ്കില്‍, ചുംബനത്തില്‍ അസ്വസ്ഥരാകുന്നുവെങ്കില്‍, കേരള സമൂഹം ചുംബിച്ച് തന്നെ മുന്നേറും എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്, സംഘപരിവാര്‍ അജണ്ടയെ വെല്ലുവിളിച്ചുകൊണ്ട് അവരുടേതായ രൂപത്തില്‍ സമരം വിപുലപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുകയാണ്.

 

ഇവിടെ ചുംബനം എന്ന വാക്ക് നിങ്ങളുടെ സമരത്തിലുള്ളതാണ് പ്രശ്‌നം എന്നൊരു വാദമുണ്ട്. അതെ അതു തന്നെയാണ് പ്രശ്‌നം. അതാണ് സംഘപരിവാര്‍ അജണ്ടയ്ക്ക് എതിര്‍ നില്‍ക്കുന്ന പ്രധാന വാക്യം. സമരം, ഫാസിസം മുതലായവ അക്കൂട്ടര്‍ തങ്ങള്‍ക്ക് അലങ്കാരമായി കരുതുന്നവ മാത്രം. പ്ലാച്ചിമട സമരത്തെ നിങ്ങള്‍ക്ക് തമ്പാനൂര്‍ സമരമെന്ന് വിളിക്കാനാവുമോ? മാറുമറയ്കല്‍ സമരത്തെ പൗരാവകാശ സമരമെന്ന് പേരുമാറ്റാനാവുമോ? സമര ചുംബനത്തെ പേര് മാറ്റി നിഷ്‌ക്രിയമാക്കിയാല്‍ അത് കൂടുതല്‍ സ്വീകാര്യമായേനേ എന്നത് ലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണയില്ലായ്മയില്‍ നിന്നും ഉടലെടുക്കുന്നതാണ്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരമാവധി സീറ്റുകളില്‍ പരാജയപ്പെടുത്തുകയാണോ, ബി.ജെ.പി. മുന്നോട്ടുവെയ്കുന്ന ആശയങ്ങളെ പുണരുന്ന മാനസികാവസ്ഥയില്‍ നിന്നും കേരള സമൂഹത്തെ മോചിപ്പിക്കുകയാണോ വേണ്ടതെന്ന ചോദ്യത്തിനാണ് ഇവിടെ ഉത്തരം തേടേണ്ടത്. നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന മലയാളിയെക്കുറിച്ചോര്‍ത്ത് വിലപിക്കുന്ന മഹാന്മാര്‍ അതേ ശ്വാസത്തില്‍ തന്നെ സമര ചുംബനത്തെയും തള്ളിപ്പറയുന്നതിലെ പൊള്ളത്തരവും തുറന്നുകാട്ടപ്പെടേണ്ടതാണ്. കപട സദാചാരവാദികളും ഇവരുമായുള്ള വ്യത്യാസം പേരില്‍ മാത്രമാണെന്നതാണ് സത്യം.

ചെറു ഗ്രൂപ്പുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങള്‍, പൊതു സമൂഹവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്ത ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ സമര ചുംബനം പോലുള്ള സമരരൂപങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാട് അവരില്‍ പലരും കൈക്കൊള്ളുന്നത് പൊതുസമൂഹത്തിന്റെ ജെന്‍ഡര്‍ അവബോധത്തിന്റെ കൂടി പ്രശ്‌നമാണ്. സമരക്കാര്‍ക്ക് അതിനെ പിടിച്ചുലയ്ക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. പക്ഷേ ആ പരാജയം കേരള സമൂഹത്തിലെ പുരോഗമന ജനാധിപത്യമൂല്യങ്ങളുടെ പരാജയമായാണ് കാണേണ്ടത്. കേരളം ഉയര്‍ത്തിപ്പിടിച്ച പുരോഗമന മൂല്യങ്ങള്‍ക്കുപരിയായി ഫാസിസ്റ്റ് മതമൂല്യബോധം വിജയിക്കുന്നുവെന്ന് കാണണം. സംഘപരിവാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഹൈന്ദവ സാംസ്‌കാരിക ദേശീയതയോട് കേരള സമൂഹത്തെ ഐക്യപ്പെടുത്താന്‍ അവര്‍ക്ക് എളുപ്പത്തില്‍ കഴിയുന്ന സാഹചര്യമാണ് നമുക്കിടയിലുള്ളതെന്നും കാണാം. അതിനെതിരായ ജാഗ്രതയാണ് ഇനി ഉയരേണ്ടത്. അത് പക്ഷെ അന്തര്‍ദ്ദേശീയ സെമിനാറുകളില്‍ നിന്നും ഉയരുകയുമില്ല.

(ലേഖകന്‍ ആലപ്പുഴ ലോയേഴ്‌സ് ഫെര്‍റ്റേണിറ്റിയില്‍ അസോസിയേറ്റ് ലോയര്‍ ആയി പ്രവര്‍ത്തിക്കുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍