UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊബൈലിലൂടെ ചുംബിച്ചു മടുത്തവര്‍ക്ക് പറയാനുള്ളത്

Avatar

റിബിന്‍ കരിം, ധന്യ ശ്രീ 

കേരളത്തില്‍ ഒരു മാര്‍ക്വേസ് ഉണ്ടായിരുന്നു എങ്കില്‍ അദ്ദേഹം ഒരുപക്ഷെ സദാചാര കാലത്തെ പ്രണയത്തെ കുറിച്ച് എഴുതിയേനെ, ഒരു വലിയ ഭൂരിപക്ഷം മനസ്സിനെ ബാധിച്ച ഒരു രോഗത്തെ മറികടന്നു സ്വാതന്ത്ര്യത്തോടെ ജീവിക്കാനോ, പ്രണയിക്കാനോ, ചുംബിക്കാനൊ കഴിയാത്ത ഒരവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു. കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ യുവമോര്‍ച്ച നടത്തിയ ആക്രമണത്തിന്റെ ചുവടു പിടിച്ച് ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ കോഴിക്കോട് നടന്ന ചുംബന സമരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഏതു പക്ഷത്ത് നില്‍ക്കണം എന്ന് സാമാന്യ ബോധം ഉള്ള ഒരാളെ സംബന്ധിച്ച് രണ്ടാമതൊരു ചിന്തക്ക് വഴിയോരുക്കില്ല. ഇരുപക്ഷത്തും അണി ചേര്‍ന്നവരുടെ രാഷ്ട്രീയം മാത്രം പരിശോധിച്ചാല്‍ മതി.

ഞങ്ങള്‍ ഒരിക്കല്‍ ആലപ്പുഴ ബോട്ടിങ്ങിനു പോയിരുന്നു, ഞങ്ങളില്‍ ഒരാള്‍ പ്രവാസി ആയത് കൊണ്ട് തന്നെ ആണ്ടിലൊരിക്കല്‍ ആണ് ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കാന്‍ ആകുന്നത്. അപ്പോഴും തുറിച്ചു നോട്ടങ്ങളുടെ എണ്ണം നിമിഷം തോറും വര്‍ദ്ധിക്കുന്നത് തീര്‍ത്തും അസഹനീയം ആയി തോന്നി; ഒരാണും പെണ്ണും ഒരുമിച്ചു നടക്കുമ്പോള്‍ മാത്രം ഇത്തരം നോട്ടങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്ന ഒരു സമൂഹത്തെ ഏതു തരം ബോധം ആണ് നിയന്ത്രിക്കുന്നത്?

എന്ത് കൊണ്ട് ചുംബന സമരം ?

ഹിമാലയം വലുപ്പത്തില്‍ സ്ത്രീ വിരുദ്ധതയും വിക്‌റ്റോറിയന്‍ കാലഘട്ടത്തെ സദാചാര ബോധവും ആയി ജീവിയ്ക്കുന്ന ഒരു ജനതയ്ക്ക് മുന്നില്‍ ആണ് ഇത്തരം വ്യത്യസ്തവും സമാധാനപരവുമായ ഒരു സമര രീതി. ചുംബന സമരത്തിനെതിരെ ഉയര്ന്ന ഏറ്റവും വലിയ ആരോപണം ഭാരതത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല എന്നത് ആണ്. യഥാർത്ഥത്തിൽ സംസ്കാരത്തിന്റെ ഭാരത്താല്‍ ഞെരിഞ്ഞു പോയ ഒരു ജനതയാണ് നാം. നാമിപ്പോഴും പഴമയില്‍ കുടുങ്ങിക്കിടക്കുന്നു. പഴക്കം കൂടുമ്പോള്‍ മദ്യമൊഴിച്ച് മറ്റൊന്നിനും വീര്യം കൂടുന്നില്ലെന്നും നവീകരിക്കപ്പെടാത്ത ഒന്നിനും ശരിയായി നില നില്ക്കാനാവില്ലെന്നും നാം അറിയുന്നില്ല. നമ്മുടെ സാംസ്‌കാരിക പാരമ്പര്യം എന്നൊക്കെ ഊറ്റം കൊള്ളുന്നത് ആലോചിക്കുമ്പോള്‍ ഒരു തമാശയായിട്ടേ തോന്നുകയുള്ളൂ. സാംസ്‌കാരിക പാരമ്പര്യം എന്ന് പറയുന്നതിന്റെ മറ്റൊരര്‍ത്ഥം നാം പഴയ ജനതയാണ് എന്നാണ്. അതൊരു പുരാവസ്തുവാണ്. പുരാവസ്തു ഒരു പ്രദര്‍ശന സാമഗ്രി മാത്രമാണ്. അത് ദുരഭിമാനത്തിന്റെ പ്രദര്‍ശന ശാലയാണ്. ഇനി നാം നമ്മെ തന്നെ ഒരു പുനര്‍ വിചിന്തനത്തിന് വിധേയമാക്കുക, ജനാധിപത്യവും മതേതരത്വവും പ്രബുദ്ധതയും വെറും മേനി പറച്ചിൽ മാത്രമാണെന്ന് തെളിയിക്കുന്നത് ആണ് നമ്മുടെ ഭൂതകാലം. ഇന്ദ്രപ്രസ്ഥത്തിന്റെ വിരി മാറില്‍ ആണ് ഒരു പെണ്‍കുട്ടി ക്രൂരമായി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്യ സംരക്ഷര്‍ ആകേണ്ടവര്‍ക്കെതിരെ ഇന്ത്യന്‍ ആര്‍മി കം ഓണ്‍ റേ്പ് അസ് എന്ന് ബാനര്‍ ഉയര്‍ത്തി പ്രതിഷേധം നടത്തേണ്ട ഗതി വന്നത് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കാണ്. കേരളത്തിലെ പ്രമാദമായ ഒരു  പീഡന കേസിൽ ആരോപണവിധേയനായ ആളാണ്‌ ഇന്ന് രാജ്യസഭാംഗമായിരിക്കുന്നത്. ഈ സന്ദര്‍ഭങ്ങളിലൊന്നും നഷ്ടപ്പെടാത്ത എന്ത് അഭിമാനം ആണ് എന്ത് സംസ്‌കാരം ആണ് രണ്ടു പേര്‍ തെരുവില്‍ ചുംബിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ?

ചുംബന സമരം മറൈന്‍ ഡ്രൈവില്‍ നിന്നും കോഴിക്കൊടെത്തുമ്പോള്‍

ചുംബന സമരം ആദ്യം അരങ്ങേറിയ മറൈന്‍ ഡ്രൈവിലെ അതെ കാഴ്ച തന്നെ ആണ് കോഴിക്കോടും അരങ്ങേറിയത്; ഒരു ഭാഗത്ത് സ്വതന്ത്ര  ഇന്ത്യയിൽ എല്ലാ കാലത്തും അസ്വസ്ഥതകള്‍ മാത്രം സൃഷ്ട്ടിച്ചു പോരുന്ന ആര്‍ എസ് എസ്- സംഘപരിവാരുകാരും കൂടെ എസ് ഡി പി ഐ പ്രവര്‍ത്തകരും ഇന്ന് വരെയില്ലാത്ത ഒരു ഐക്യം ആണെന്നത് യാദ്രിശ്ചികം അല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ഇടങ്ങളില്‍ തങ്ങളുടെ അജണ്ടകള്‍ ഒന്നാണെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ഇരു കൂട്ടരും.

കോഴിക്കോട് സമരത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഹനുമാന്‍ സേന എന്ന പേരില്‍ മൊബൈല്‍ നമ്പര്‍ സഹിതം സമരക്കാരെ നഗ്നരാക്കി നടത്തും എന്ന് വെല്ലുവിളിച്ചിട്ട് കൂടി കേരള പോലീസ് ഒരു നടപടിയും എടുക്കാന്‍ മുതിരാതെ സമാധാനപരമായി സമരം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയുമാണ് ചെയ്തത്. രമേശ് ചെന്നിത്തലയുടെ പോലീസ് മറൈന്‍ ഡ്രൈവില്‍ എന്ന പോലെ കോഴിക്കോടും സംപരിവാരുകാരുടെ ബി ടീം ആയ കാഴ്ച അങ്ങേയറ്റം ലജ്ജാകരം ആണ്; സംസ്ഥാന സര്ക്കാരിന്റെ ഈ കുടിലതക്കെതിരെ ഡി വൈ എഫ് ഐ പോലുള്ള സംഘടനകളുടെ പ്രതിഷേധം ഒരു പ്രതീക്ഷ ആയി ബാക്കി നില്‍ക്കുന്നു.

സമരത്തിന് മാധ്യമ സംഭാവന

ഡൗണ്‍ ടൌണ്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ പകര്‍ത്തി അനാവശ്യ വിവാദം ഉണ്ടാക്കി പ്രശ്‌നങ്ങള്‍ക്ക് തുടക്കം ഇട്ടത് ജയ്  ഹിന്ദ് ചാനല്‍ ആണെങ്കില്‍ പോലീസിന്റെയും ഹനുമാന്‍ സേനയുടെയും തേര്‍വാഴ്ചയെ അവഗണിച്ചു കൊണ്ട് ‘ ചുംബന സമരം ‘ കോഴിക്കോടിനെ കലാപ ഭൂമി ആക്കി’ എന്ന് എഴുതി വായനക്കാരെ ആശയകുഴപ്പത്തിലാക്കി കൊണ്ട് മാതൃഭൂമിയും ‘ ചുംബനസമരം അക്രമാസക്തം , കോഴിക്കോട്ട് നൂറോളം പേര്‍ അറസ്റ്റില്‍, ലാത്തിച്ചാര്‍ജ്ജ്’ എന്ന് റിപ്പോര്‍ട്ടു ചെയ്ത് മാധ്യമവും തങ്ങള്‍ ആരുടെ പക്ഷത്ത് ആണെന്ന് വ്യക്തം ആക്കി.

ചരിത്രം നിങ്ങളെ വിളിക്കുന്നു

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരവുമായി ബന്ധപ്പെട്ടു സമരത്തില്‍ പങ്കെടുത്ത ഒരു യുവാവിനെ പോലീസ് കണ്ണില്‍ ചുണ്ണാമ്പ് തേച്ചു അന്ധന്‍ ആക്കിയ ചരിത്രം ഉണ്ട്, മാറ് മറയ്ക്കല്‍ അടക്കം ഉള്ള സകല സമരത്തിന് ബഹുപൂരിപക്ഷം എതിര്‍പ്പും ആയി വന്ന ചരിത്രമേ ഉള്ളു പക്ഷെ പോരാട്ടത്തിന്റെ ദിനങ്ങളില്‍ എല്ലാ എതിര്‍പ്പുകള്‍ അറബി കടലില്‍ ചെന്നവസാനിച്ചു; നാളെ ചരിത്രം ചോദിക്കും ആര്‍ക്കൊപ്പമായിരുന്നു നിങ്ങളെന്ന്? സ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ തെരുവില്‍ ചവിട്ടി മെതിക്കപ്പെട്ടപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു നിങ്ങളെന്നു ഇടിക്കട്ടയും കൊണ്ട് സമരത്തെ നേരിടാന്‍ ഇറങ്ങിയ മേലാളരും പേന കൊണ്ട് വിഷം തുപ്പിയ മാധ്യമങ്ങളും, വസന്തത്തെ നേരിടാന്‍ പൂവുകള്‍ മാന്തി പറിക്കുന്ന കുരങ്ങന്മാരും ഉത്തരം പറയേണ്ടി വരും.

ഞങ്ങള്‍ക്ക് പറയുവാനുള്ളത്

കിസ്സ് ഇന്‍ ദി സ്ട്രീറ്റ് സമരത്തിന്റെ ഭാഗം ആകാന്‍ കഴിയാത്തതില്‍ അതീവ ഫ്രാസ്‌ട്രേഷന്‍ അനുഭവിക്കുന്ന ഒരുപാട് പേരില്‍ രണ്ടു പേര് ആണ് ഞങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ചുംബിച്ചു മടുത്തവര്‍, നിങ്ങളുടെ തിയറി പ്രകാരം ഒരു മറ ഉണ്ടെങ്കില്‍ ബലാത്സംഘം ഉള്‍പ്പെടെ എന്തും ചെയ്യാം എന്നാ ന്യായത്തെ പുച്ഛത്തോടെ തള്ളുന്നവര്‍; സ്‌നേഹ പ്രകടനങ്ങള്‍ ചൊരിഞ്ഞു പൊന്തുന്ന നിങ്ങളുടെ രോഗത്തിന് മരുന്നില്ല; പോലീസ് ഉള്‍പ്പെടെ ഉള്ള സ്‌റ്റേറ്റിന്റെ മെഷിനറികളെല്ലാം തന്നെ നിങ്ങള്‍ക്കൊപ്പം ആയിരിക്കും; പക്ഷെ അതൊന്നും ഈ സമരത്തോട് മാനസികം ആയെങ്കിലും ഐക്യ പ്പെടുന്നതില്‍ നിന്നും ഞങ്ങളെ തടയില്ല, അവസരം ലഭിച്ചാല്‍ അടുത്ത സമരമുഖത്ത് ഞങ്ങളും ഉണ്ടാവും എന്ന് കൂടി ഓര്‍മിപ്പിക്കുന്നു.

 

(ദോഹയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു റിബിൻ, പത്തനംതിട്ട മാടപ്പിള്ളി ഐ.എച്ച് ആർ ഡിയിൽ അധ്യാപികയാണ് ധന്യ ശ്രീ)

 
*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍