UPDATES

Avatar

കാഴ്ചപ്പാട്

കബനി നാരായണന്‍

ന്യൂസ് അപ്ഡേറ്റ്സ്

കിസ് ഇന്‍ ദി സ്ട്രീറ്റ്; കാക്കിയില്‍ നിന്ന് കാവിയിലേയ്ക്ക് – കുഞ്ഞില എഴുതുന്നു

ഡിസംബര്‍ ഏഴിന് കോഴിക്കോട്ട് വെച്ച് നടന്ന കിസ് ഇന്‍ ദി സ്ട്രീറ്റ് സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി ഈ സമരവും ഷൂട്ട് ചെയ്യാനായിരുന്നു ഞാനും സുഹൃത്തും പുതിയ ബസ്റ്റാന്റില്‍ മൂന്നേകാല്‍ മണിയോടെ എത്തിച്ചേര്‍ന്നത്. പോകുന്ന വഴിയില്‍ത്തന്നെ നഗരത്തില്‍ നിരോധനാജ്ഞ ഉണ്ടെന്നും ഹനുമാന്‍ സേനക്കാരെയും കുറെ സമരക്കാരെയും അറസ്റ്റ് ചെയ്ത് കഴിഞ്ഞുവെന്നും വിവരം കിട്ടിയിരുന്നു. പുതിയറയില്‍ നിന്ന് പുതിയ സ്റ്റാന്റിലേയ്ക്ക് ഓടിപ്പിടിച്ച് കയറിയ ഓട്ടോയില്‍ത്തന്നെ ഞങ്ങള്‍ ഉമ്മ വയ്ക്കാനാണോ പോകുന്നതെന്ന ചോദ്യം നേരിട്ടു.

 

പുതിയസ്റ്റാന്റ് പോലീസിന്റെ ഒരു താവളം പോലെ തോന്നിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുമ്പിലായി പോലീസ് വണ്ടികളും ചാനല്‍ വണ്ടികളും നിരന്നിരുന്നു. ഞങ്ങള്‍ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് കുറച്ച് കഴിഞ്ഞതും എങ്ങനെയെന്നറിയാതെ ഒരു വലിയ ജനക്കൂട്ടം ഞങ്ങളെ വളഞ്ഞു. ശരീരഭാഷയോ രൂപമോ നോക്കി ഇവര്‍ ഉമ്മ വയ്ക്കാന്‍ വന്നവര്‍ തന്നെ എന്ന് വിധിയെഴുതിയതായാണ് ആ പ്രവൃത്തിയെ ഞാന്‍ മനസ്സിലാക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച അളവുകോലുകളെന്തെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഞങ്ങളെ വളഞ്ഞ ജനം പരിഹസിച്ചും ചിരിച്ചും അശ്ലീലം കലര്‍ന്ന ഭാഷയിലും ‘തൊടങ്ങ് തൊടങ്ങ്, ചെയ്താള’ തുടങ്ങിയ ആക്രോശങ്ങള്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ഉമ്മ വയ്ക്കുന്നത്. ജനം ആരവമുയര്‍ത്തിയെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന അവരിലാരും ഞങ്ങളുടെ അടുത്തേയ്ക്ക് ആക്രമിക്കാനായി വന്നിരുന്നില്ല എന്ന് എടുത്തുപറയട്ടെ. കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസുകാര്‍ പറഞ്ഞത് അവരില്‍ നിന്ന് സംരക്ഷിക്കാനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു. ഇത്തരത്തില്‍ സംരക്ഷിക്കാനെത്തിയവരാകട്ടെ വലിച്ചിഴച്ച് വണ്ടിയിലിട്ടതിനുശേഷം ഞങ്ങളോട് ചോദിച്ചത് ഇത് ചെയ്യേണ്ട കാര്യമെന്താണ് എന്നാണ്. ഞങ്ങളെ അടുത്തിരിക്കാന്‍ സമ്മതിക്കരുതെന്നായിരുന്നു ആദ്യം ഉയര്‍ന്ന നിര്‍ദ്ദേശം. അടുത്തിരുത്തിയാല്‍ ഉമ്മ വെച്ച് കളയുമെന്ന പേടി വളരെ രസകരമായിത്തോന്നി. മെറൈന്‍ ഡ്രൈവിലെ പോലീസ് വണ്ടിയിലിരുന്നുള്ള ഉമ്മ ചില അധികാര മര്‍മ്മങ്ങളിലെല്ലാം പ്രഹരമേല്‍പ്പിച്ചിരിക്കുന്നു എന്ന് സാരം.

 

തുടര്‍ന്ന്, ഉമ്മ വയ്ക്കണമെങ്കില്‍ വീട്ടില്‍പ്പോയി ചെയ്യണമെന്നും ഉപദേശിച്ചു. അങ്ങേയറ്റം പരിഹസിച്ചും മനുഷ്യാവകാശവിരുദ്ധവുമായ സമീപനമായിരുന്നു പോലീസിന് സമരക്കാരോട് എന്ന് വനിതാ സെല്ലില്‍ ഞങ്ങള്‍ കണ്ട മറ്റ് സമരക്കാര്‍ പറഞ്ഞു.  അവരില്‍ ചിലരെ പോലീസ് കൈയ്യേറ്റം ചെയ്യുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചിലരുടെ ദുപ്പട്ട അവര്‍ വലിച്ചൂരിക്കളയുകയും മാധ്യമങ്ങളുടെ മുമ്പില്‍ അങ്ങനെ കാണുന്നതാണ് അനുയോജ്യം എന്ന് വിധിയെഴുതുകയും ചെയ്തു. സെല്ലിലെത്തിയതിന് കുറച്ച് സമയത്തിനുള്ളില്‍ ഫോണുകള്‍ വാങ്ങാനുള്ള ശ്രമം നടന്നു. എന്റെ കാമറയും പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇവ കിട്ടണമെങ്കില്‍ ബലം പ്രയോഗിക്കേണ്ടി വരും എന്ന അവസ്ഥയിലായപ്പോഴാണ് അവര്‍ ശ്രമം ഉപേക്ഷിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചിരുന്ന സമരക്കാരെയും അവര്‍ വിലക്കുന്നുണ്ടായിരുന്നു.

 

 

കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന സമരത്തിന് ആഹ്വാനം ചെയ്ത കൂട്ടവുമായി ബന്ധമില്ലെങ്കിലും ഈ സമരം പ്രധാനമാണെന്നും രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ദ്ധിച്ചുവരുന്ന സദാചാര പോലീസിങ്ങിനും എതിരായുള്ള അതിശക്തമായ ഒരായുധമാണ് ഉമ്മ എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. അതിനോട് ഐക്യദാര്‍ഢ്യവും. ഉമ്മ വയ്ക്കുമ്പോള്‍ സംഘികള്‍ക്കും ഇതരവിഭാഗങ്ങളിലെ ഒളിഞ്ഞിരിക്കുന്ന സദാചാരവാദികള്‍ക്കും ഒരുപോലെ വൃണപ്പെടുന്നു. അതിനാല്‍ത്തന്നെ അവരെ പ്രകോപിപ്പിക്കാനും ആയുധമില്ലാതെ തോല്‍പ്പിക്കാനും ഉതകുന്ന ഒന്നാണീ രീതി.

 

സമരത്തിനു തലേന്നു തന്നെ ഹനുമാന്‍ സേന എന്ന സംഘം ഉമ്മ വയ്ക്കുന്നവരെ നഗ്നരായി നടത്തിക്കും എന്ന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ പലരെയും ഇവര്‍ പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തു. ചിലര്‍ ആശുപത്രിയിലാണ്. എന്നാല്‍ ഇവരെക്കാള്‍ ഹിംസാത്മകമായി പ്രവര്‍ത്തിച്ചത് ഭരണകൂടവും പോലീസുമാണ് എന്ന് പറയാതെ വയ്യ. അധികാരത്തിന്റെ ലാത്തിയുമായി സംരക്ഷണം എന്ന വ്യാജേന ജനാധിപത്യപരമായും ആയുധമില്ലാതെയും നടത്തിയ ഒരു സമരത്തെയാണ് കാവിയിലേയ്ക്ക് ചായുന്ന കാക്കി അടിച്ചമര്‍ത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കുനേരെയുണ്ടായ അവരുടെ സമീപനത്തില്‍ നിന്നും സദാചാരത്തിന്റെ കൂച്ചുവിലങ്ങില്‍ക്കുടുങ്ങിയാണ് ഇവരുടെ ബോധം പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാണ്.

 

 

പോലീസുകാരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അതിലൊരാള്‍ എന്നോട് എന്താണ് നിന്നെ സിഗരറ്റ് മണക്കുന്നതെന്ന് ചോദിച്ചു. പോലീസ് സ്റ്റേഷനില്‍ വെച്ച് വലിക്കാത്ത പക്ഷം അതിലവര്‍ക്കെന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ ‘ഇതെന്താ മൊതല്’ എന്ന മട്ടിലായിരുന്നു പ്രതികരണം. എന്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന ചോദ്യത്തിന് അന്നേ ദിവസം ഉമ്മ വയ്ക്കുന്ന ആരെയും അറസ്റ്റ് ചെയ്യാനാണ് അവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം എന്നായിരുന്നു മറുപടി. എന്നാല്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉമ്മ വയ്ക്കാതെയും അറസ്റ്റ് ചെയ്യപ്പെട്ട ഒരാളുണ്ടായിരുന്നു. എന്നെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത സമയത്തുതന്നെയാണ് സമരത്തില്‍ പങ്കെടുത്തിരുന്ന തന്റെ ഭര്‍ത്താവിനെയും കുട്ടിയെയും തിരക്കി പുതിയ സ്റ്റാന്റിലെത്തിയ അവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് പറയുമ്പോഴാകട്ടെ അവര്‍ കള്ളം പറയുകയാണ് എന്ന് മാത്രമായിരുന്നു മറുപടി. കൂട്ടം കൂടി നില്‍ക്കുന്നതിനെതിരെ നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടാണ് അറസ്റ്റെന്നും പറഞ്ഞു. ഞാനും എന്റെ സുഹൃത്തും മാത്രം ഉമ്മ വെച്ചത് കൂട്ടം കൂടി നില്‍ക്കലായതെങ്ങനെ എന്നതിന് മറുപടിയുണ്ടാകാന്‍ സാദ്ധ്യതയില്ല.

 

 

എന്റെ കൈയ്യില്‍ ഫോണില്ലായിരുന്നു. സെല്ലിലുണ്ടായിരുന്ന ഒരു കംപ്യൂട്ടറില്‍ നിന്നാണ് വിവരം അറിയിച്ചുകൊണ്ടുള്ള രണ്ട് ഫേസ്‌ബുക് അപ്‌ഡേറ്റുകള്‍ നടത്തുന്നത്. ഇത്രയും അപടകാരികളെന്ന് കരുതുന്ന ഒരു കൂട്ടത്തിനെ- ഞങ്ങളെ- കുറച്ച് സമയത്തിനുശേഷം ഒരു പോലീസുദ്യോഗസ്ഥ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങി. ഒരു ഹാന്റ് കാമറയില്‍ അവര്‍ വീഡിയോയും എടുത്തിരുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ അവര്‍ പോലീസ് കാമറ എന്ന് പറയുന്ന ഒന്നില്‍ ഓരോരുത്തരുടെയും പടം പിടിച്ചു. പേരും മേല്‍വിലാസവും നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്റെ പടം പിടിക്കുന്നതിനിടയില്‍ പ്രൊഫൈല്‍ ഷോട്ടിനുവേണ്ടി ആവശ്യപ്പെടാതെ തന്നെ തിരിഞ്ഞപ്പോള്‍ അവരിലൊരാള്‍ ‘നല്ല പരിചയമുണ്ടല്ലേ’ എന്നാണ് പറഞ്ഞത്. സ്റ്റേറ്റ് വെറും വാചകങ്ങളിലൂടെ കറ്റവാളികളെ സൃഷ്ടിക്കുന്നു. ഇതിലും വലിയൊരു ഹിംസയുണ്ടോ?

 

ഞങ്ങളെ ജാമ്യത്തിലെടുക്കാന്‍ കെ അജിതയും പെണ്‍കൂട്ടിലെ വിജിയും വന്നപ്പോള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരെ അവര്‍ കടത്തിവിട്ടത്. അപ്പോള്‍ മാത്രമാണ് അവര്‍ മാന്യമായി സംസാരിച്ചത്. എന്താണ് അതിന്റെ അര്‍ത്ഥം. ഉമ്മ വെച്ചവര്‍ക്കെതിരെ അപമര്യാദയായി പെരുമാറാന്‍ അനുമതിയുണ്ടെന്നോ അതോ ‘പുറംലോകത്തിനു’മുന്നില്‍ ജനമൈത്രി പോലീസിന് പേരന്വര്‍ത്ഥമാക്കാന്‍ വാഞ്ഛയുണ്ടെന്നോ.

 

 

പോലീസുകാര്‍ക്ക് തൊട്ടുമുമ്പില്‍ നിന്നുകൊണ്ടാണ് തീവ്രവലതന്മാര്‍ സമരക്കാരെ അങ്ങേയറ്റം അശ്ലീലവും അനാവശ്യവും പറഞ്ഞത്. അത് അറസ്റ്റര്‍ഹിക്കാത്ത പ്രവൃത്തിയാകുമ്പോള്‍ അധികാരം ആരുടെ കൈയ്യിലെന്ന് വ്യക്തമാകുക മാത്രമാണ് ചെയ്യുന്നത്. ജാമ്യത്തിലിറങ്ങിയതിനുശേഷം പുറത്തിറങ്ങിയപ്പോഴും ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവരില്‍ പലരും ഇത്തരത്തില്‍ അശ്ലീലച്ചുവയിലാണ് സംസാരിച്ചിരുന്നത്. ഫുട്പാത്തില്‍ നടക്കുകയായിരുന്ന ഞങ്ങള്‍ക്കുനേരെ ഒരു കൂട്ടം കൈ വിരിച്ച് ‘ഇങ്ങോട്ട് വാ’ എന്നാണ് പറഞ്ഞിരുന്നത്.

 

അവിടെയും ഇവിടെയും നിന്നുമ്മ വയ്ക്കുന്നവരെ സംരക്ഷിക്കേണ്ട ചുമതല പോലീസിനില്ല എന്നാണ് ബഹുമാന്യനായ സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞത്. തീര്‍ത്തും ശരിയാണ്. ഒരു വിഷയത്തില്‍ രണ്ട് ചേരിയിലും ആകുക സാദ്ധ്യമല്ല. സംഘിരാജ്യത്ത് ഉമ്മയെന്നല്ല ശ്വാസം വലിക്കാനും ജീവിക്കാനും ശ്രീരാമഭഗവാന്റെയും ആര്‍ഷഭാരതസംസ്കാരത്തിന്റെയും അനുമതി വേണ്ടതായുണ്ട്. വെറും ഉമ്മകളാല്‍ തെരുവുകളും ഇതേ കമ്മിഷണറുടെ ആപ്പീസിന്റെ അങ്കണവും വനിതാ സെല്ലിന്റെ അകവുമെല്ലാം നിറയ്ക്കുന്ന ജീവന്‍ തുടിക്കുന്ന ഒരു യുവതരംഗത്തെ സംരക്ഷിക്കാന്‍ ഭരണകൂടത്തിനോ അതിന്റെ ഭീകരതയ്ക്കോ സാദ്ധ്യമല്ല. കാരണം ഈ പോരാട്ടത്തിനൊടുവില്‍ തങ്ങളുടെ നാശം അവര്‍ കാണുന്നു. അതുകൊണ്ടാണ് ഹനുമാന്‍ സേനക്കാരുടെ മര്‍ദ്ദനവും പോലീസിന്റെ അറസ്റ്റും ഒരുമിക്കുന്നതും ഒന്നാകുന്നതും. ഭരണകൂടത്തിന് ബാധിച്ച ഫാസിസരോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്ന ഈ അവസരത്തില്‍ കേരളത്തില്‍ പടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ ഉമ്മപ്പനിയില്‍ അവരുടെ ഉള്ളു കിടുങ്ങട്ടെ. നിങ്ങളുടെ ഉമ്മകളെ തെരുവിലിറക്കൂ. അവിടെ അതിന് രാഷ്ട്രീയമുണ്ട്.


Avatar

കബനി നാരായണന്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍