ഞാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. കുട്ടി ഡോക്ടര്‍മാര്‍. സ്ത്രീരോഗ, പ്രസവ വിഭാഗത്തിലാണ് പോസ്റ്റിംഗ്. അപ്പോഴതാ, ഒരു പതിനേഴ് വയസ്സായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിനായി അഡ്മിറ്റ് ആയിരിക്കുകയാണ് – കല്യാണം കഴിഞ്ഞിട്ടില്ല.
”ഒരാണുമായി ഒരിക്കലും ഒരു ബന്ധവും ഉണ്ടായിട്ടില്ല.” അതാണ് കുട്ടിയുടെ ലൈന്‍.
ഞങ്ങള്‍ക്കത്ഭുതമായെങ്കിലും മേലെയുള്ള പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്ക് ഒരു കുലുക്കവുമില്ല.
ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ സ്ഥിരം പതിവാണത്രെ.
”നീ കൂടുതലൊന്നും അന്വേഷിക്കണ്ട. നിന്റെ പണി ചെയ്താ മതി. നീയ്യാരാ പോലീസാ?” പ്രൊഫസര്‍ പറഞ്ഞു. അങ്ങനെ എങ്ങനെ ഡോക്ടറായി ജോലി ചെയ്യണം എന്നതിനെക്കുറിച്ചുള്ള ഒരു പ്രാരംഭ പാഠം ഞാന്‍ പഠിച്ചു.
ഈ പെണ്‍കുട്ടി കിടക്കുന്ന വാര്‍ഡിലാണ് എനിക്കും ഡ്യൂട്ടി. ആശിഷ് എന്ന നഴ്‌സിംഗ് അസിസ്റ്റന്റ് അവിടെ കറങ്ങി നടക്കുന്നുണ്ട്. അവനെ എനിക്കറിയാമായിരുന്നു. ലേശം അലമ്പനല്ലേ എന്നൊരു സംശയം. അവനാ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ചു.
”നീയെന്തൂട്ടടാ ഇവിടെ. നിനക്ക് മറ്റേ വാര്‍ഡിലല്ലേ, വിട്ടോടാ.” ഞാന്‍ താക്കീതു ചെയ്തു.
”സാര്‍, ഒരാളുമായും ഒന്നും സംഭവിച്ചിട്ടില്യാത്രേ. അങ്ങന്യാ ആ കുട്ടി പറേണേ. ആരോ ഉമ്മ വച്ചിട്ടിണ്ടത്രേ. ഉമ്മ വച്ചാ അങ്ങനേ വര്വോ സാറേ? ”
അവനാകെ പേടിച്ച മട്ടുണ്ട്. കണ്ണൊക്കെ ഉന്തിവരുന്നു. എന്തുട്ടാ പ്രശ്‌നം?
”സത്യം പറഞ്ഞേരാ. നീയാരെയെങ്കിലും അത് കാച്ചീട്ട്ണ്ടാ?”
”എന്തൂട്ട്?”
”ഉമ്മ.”
”ഒന്ന് പൊയ്യേരാ. അല്ല, സോറി പോ സാറേ.”
”സത്യം പറ.”
”അങ്ങനെ പറ്റിപ്പോയി സാര്‍. താപ്പാ കിട്ടിയപ്പ ഒരെണ്ണം കൊടുത്തു.”
”ഈ പെണ്ണിനു തന്ന്യാ?”
”അതേ സാറേ. ഈ ഉമ്മ പ്രശ്‌നാവ്വോ, സാര്‍?” അവന്‍ ചോദിച്ചു.
കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അതിപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ആശിഷ് കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു. കോഴിക്കോട്ട് നിന്നാണ്. അവനിപ്പോള്‍ പെട്ടെന്ന് പ്രാധാന്യം കിട്ടിയ ഒരു പ്രമുഖ സംഘടനയുടെ നേതാവാണ്.
”എന്താ ആശിഷേ വിശേഷം?”
”ഈ ചുംബനസമരോക്കെ ആയിട്ട്. ബയങ്കര ബിസ്യാ സാര്‍.”
”എന്താ ഇത്ര തിരക്ക്.”
”ഉമ്മ തൊടങ്ങ്യാല്, ഞങ്ങള് അദ്യം തൊടങ്ങും. പരസ്യായിട്ട് തോന്ന്യാസം കാണിക്ക്യാ?”
”അതു കൊള്ളാം. പിന്നെ ഒരു കാര്യം. നിന്നെ എന്റെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിന് ഞാന്‍ ബ്ലോക്കാക്കി. അശ്ലീല ട്രിപ്പിള്‍ എക്‌സ് ഒന്നും എനിക്ക് കാണാണ്ടന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ?”
”അതൊക്കെ ശരി, സാറ് വിഷയം മാറ്റല്ലേ. ഈ വൃത്തികെട്ട ചുംബനസമരത്തെപ്പറ്റി സാറിനെന്താ അഭിപ്രായം?”
എന്തഭിപ്രായം പറയാന്‍? ഞാന്‍ ആലോചിച്ചു. എയര്‍പോര്‍ട്ടില്‍ വച്ചൊക്കെ യാത്ര പറയുമ്പോള്‍ സ്‌നേഹിക്കുന്ന പലരും തമ്മില്‍ ചുംബിക്കുന്നതും കരയുന്നതുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊന്നും എനിക്കരോചകതയൊന്നും തോന്നുന്നില്ല. പക്ഷേ ഈ അടിയും പിടിയും നടക്കുന്നത് ആ ചുംബനത്തെ പ്രതിയല്ല.
പിന്നെ സമരങ്ങളുടെ കാര്യം. തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് എന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അന്നവിടെ സമരമുണ്ട്. പകുതിമുക്കാല്‍ പ്രവര്‍ത്തിദിനങ്ങളും അങ്ങനെ പോയി. അഞ്ചാം ക്ലാസുകാരന്‍ എറിഞ്ഞ ഒരു കല്ലുകൊണ്ടാണ് ഹെഡ്മാസ്റ്ററുടെ തല പൊട്ടി ചോരവന്നത്.
വേറൊരിക്കല്‍ എന്റെ രണ്ടു കുഞ്ഞുകുട്ടികളുമായി കോഴിക്കോട്ട് പോവുമ്പോഴാണ് ഏതോ ഒരു സംഘടനയുടെ വഴിതടയല്‍ സമരം കാരണം നാലുമണിക്കൂര്‍ പൊള്ളുന്ന വെയിലത്ത് നടുറോഡില്‍ പെട്ടുപോയത്. മൂത്തകുട്ടി ദാഹിച്ചു കരയുന്നു; ഇളയത് ഇടുപ്പില്‍ അപ്പിയിട്ടു എന്നു പലതും കരഞ്ഞുപറഞ്ഞിട്ടും ആരും കടത്തിവിട്ടില്ല, ആരും സഹായത്തിനു വന്നില്ല. ആ സമരത്തിനെതിരെ പ്രതിഷേധിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന സമയത്താണ് ഒരു ഹര്‍ത്താലിന് കാറുമായി വന്ന സഹപ്രവര്‍ത്തകനായ ഡോക്ടറെ സമരക്കാര്‍ എറിഞ്ഞ് തലപൊട്ടിച്ചത്. തലച്ചോറിലെ വെള്ളം പുറത്തുവന്നു. രണ്ടുവര്‍ഷമാണ് അങ്ങേര്‍ ചികിത്സയിലിരുന്നത്. ഒരു സംഘടനയും പ്രതിഷേധിച്ച് കണ്ടില്ല.
പക്ഷേ – ചുംബനസമരം – അത് എതിര്‍ക്കപ്പെടേണ്ട അപകടകരമായ വസ്തുവാണ്. അരാജകത്വം. ഹമ്പ!
എന്നെ കല്ലെറിയല്ലേ, പരസ്യമായി പ്രേമലീലകള്‍ കോപ്രാട്ടി മാതിരി സമൂഹത്തെ ഞെട്ടിക്കാന്‍ മാത്രമായി ചെയ്യുന്നതിനോട് എനിക്കഭിപ്രായമില്ല. വെറുതെ വാര്‍ത്തയുണ്ടാക്കാനും മറ്റും തുണിയിരിയുക, കുണ്ടികാട്ടുക, ഇതിനൊന്നും കുട പിടിക്കാനായി ഞാനില്ല.
പക്ഷേ ഇന്നു നടക്കുന്നത് അതൊന്നുമല്ലെന്നു തോന്നുന്നു. രണ്ടു വശത്തും ഭയങ്കര വീറ്. അടിക്കാനും അടികൊള്ളാനും പലരും റെഡി. ഒരു വശത്ത് കുറേ സ്ത്രീകളും, സ്ത്രീപക്ഷക്കാരും, നിഗൂഢമായ ഒരു അജണ്ടയുടെ വക്താക്കളായ യുവാക്കളും. മറുവശത്ത്, ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍ മത നേതൃത്വങ്ങളും, പൊതുസമൂഹത്തിലെ ചില കാരണവന്‍മാരും മറ്റും. എന്താണീ ഐതിഹാസിക യുദ്ധത്തിന്റെ പൊരുള്‍? ഒരു ശാസ്ത്രീയ അപഗ്രഥനത്തിന് വകുപ്പുണ്ടോ?
സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യത്തിന് ഒരു കടിഞ്ഞാണ്‍ വേണ്ടേ? ഇതു സമൂഹം ഏറ്റെടുക്കണ്ടേ? ഇതാണ് കാതലായ പ്രശ്‌നം. ചരിത്രാതീതകാലം മുതല്‍ക്കേ സമൂഹകാരണവന്‍മാരുടെ ഒരു പ്രധാന പണിയാണ് സ്ത്രീ ലൈംഗികതയുടെ ഭരണം.
ഇതില്ലെങ്കിലോ? കുടുംബപരമായ അരാജകത്വം, ഉണ്ടാകും. കുടുംബങ്ങള്‍ തകരും. സ്ത്രീകള്‍ക്കെവിടെ തുല്യതയുണ്ടായിട്ടുണ്ടോ, അവിടെല്ലാം വിവാഹമോചനവും ധാരാളമായി ഉണ്ടായിട്ടുണ്ട്.
അപ്പോഴെന്തു ചെയ്യും? സ്ത്രീക്ക് തുല്യത വേണ്ടേ? സ്ത്രീകളെ അടിച്ചമര്‍തതി കുടുംബസ്ഥിരത ഉറപ്പുവരുത്തണോ? ഇതു മാത്രമാണോ പ്രശ്‌നം?
അല്ല വിഭാഗീയതയുടെ പ്രശ്‌നങ്ങള്‍ ഉണ്ട്. പരസ്യപ്രേമത്തിനെതിരായവര്‍ പ്രേമത്തിനേ എതിരാണ്. യുവാക്കള്‍ അന്യോന്യം ഇഷ്ടപ്പെട്ട് തോന്നിയതു പോലെ വിവാഹം കഴിച്ചാല്‍ അപകടത്തിലാവുന്ന മറ്റൊരു സംഭവമുണ്ട്. മത, ജാതീയ, ധനപര, സാമൂഹ്യവേര്‍തിരിവുകള്‍. അതൊരു സംഭവമാണ്. ഇതൊന്നുമില്ലാതെ എന്താഘോഷം? പലരുടേയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആത്യന്തികമായി ഇതൊന്നുമില്ലാതെ മനുഷ്യരാശിക്ക് നിലനില്‍പ്പുണ്ടോ?
പുറമെ കുറേ അരാജകവാദികളും സമൂഹ മന:സാക്ഷിസൂക്ഷിപ്പുകാരും തമ്മിലുള്ള അന്തര്‍ധാരയുള്ള ഒരു അന്താരാഷ്ട്ര മാനവിക ധര്‍മ്മയുദ്ധത്തിന്റെ കാഹളങ്ങളാണോ നമ്മള്‍ ശ്രവിക്കുന്നത്?
ഇതു ചുമ്മാ കുറേ ഉമ്മകളല്ല, തീര്‍ച്ച.