UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര പോലീസല്ല; ഇവര്‍ മതഗുണ്ടകള്‍- എം എന്‍ കാരശ്ശേരി

Avatar

എം എന്‍ കാരശ്ശേരി

‘കോഴിക്കോട് വളരെ നേരത്തെ തന്നെ പാശ്ചാത്യര്‍ വന്ന സ്ഥലമാണ്. പൗരസ്ത്യദേശത്ത് പാശ്ചാത്യന്റെ കാല്‍പ്പാട്  (കാപ്പാട്) ആദ്യമായി പതിഞ്ഞ സ്ഥലം. അത് കൊണ്ട് തന്നെ ഇതൊന്നും കണ്ടിട്ട് കോഴിക്കോട്ടുകാര്‍ ബേജാറാവേണ്ട കാര്യമില്ല. അവര്‍ ചൈനക്കാരെ കണ്ടു, യവനന്മാരെ കണ്ടു, അറബികളെ കണ്ടു, പോര്‍ച്ചുഗീസുകാരെ കണ്ടു, ഇംഗ്ലീഷുകാരെ കണ്ടു. ആരെയാണ് അവര്‍ കാണാത്തത്? എന്താണ് അവര്‍ കാണാത്തത്? ജന്മി കുടിയാന്‍ വ്യവസ്ഥക്ക് എതിരെ സമരം തുടങ്ങുന്നത് ഇവിടെയാണ്. കേരളത്തില്‍ ഏറ്റവും സമരവീര്യമുള്ള ഭൂമി മലബാറാണ്. അതിന്റെ തലസ്ഥാനമാണ് കോഴിക്കോട്.  കോഴിക്കോട് ഞങ്ങള്‍ പഠിക്കുന്ന സമയത്ത് പരസ്യമായ വേശ്യാലങ്ങള്‍ മൂന്നണ്ണമെങ്കിലുമുണ്ടായിരുന്നു. 1970-കളുടെ തുടക്കത്തില്‍ കോഴിക്കോട് ക്വീന്‍സ് റെസ്റ്റോറന്റ് കാബറെ നൃത്തം കാണിച്ചപ്പോള്‍ സുഗതകുമാരി ടീച്ചര്‍ സമരവുമായി രംഗത്ത് വന്നു. എന്നാല്‍ മാധവിക്കുട്ടി അടക്കം അതിനെ ശക്തമായി എതിര്‍ത്തിരുന്നു

കേരളത്തിന്റെ പാരമ്പര്യം തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും പാരമ്പര്യമാണ്. ഇവിടത്തെ ഹിന്ദു-മുസ്ലിം-ക്രൈസ്തവ പാരമ്പര്യങ്ങളെല്ലാം ചേര്‍ന്ന് പെണ്ണിനെ അകത്തിരുത്തുകയാണ്. അവര്‍ പുറത്തിറങ്ങട്ടെ. നിങ്ങളുടെ ഈ സ്‌പെയ്‌സ് അവര്‍ ഉപയോഗിക്കട്ടെ. ചുംബിക്കട്ടെ. പ്രതീകാത്മകമായ ഒരു മൂല്യമല്ലാതെ മറ്റൊരു മൂല്യവും ഈ സമരത്തിനില്ല. നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ വേണ്ട. പക്ഷെ, വേണ്ടവര്‍ ചെയ്‌തോട്ടെ. ഇത് നിങ്ങളുടെ പ്രണയജീവിതത്തേയോ കാമജീവിതത്തേയോ പ്രതീകവല്‍ക്കരിക്കുന്നില്ല. ഇത്പുരുഷനെപ്പോലെ സ്ത്രീക്കും നിരത്തില്‍, ഹോട്ടലില്‍, തീയറ്ററില്‍, ഓഫീസില്‍ തുല്യാവകാശം ഉണ്ടെന്ന് പ്രഖ്യാപിക്കലാണ്.

വഴി നടക്കാനുള്ള സ്വാതന്ത്ര്യം നേടിയപ്പോള്‍ നമുക്ക് വഴി നടക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന് പറയുന്നതും, മാറു മറക്കാനുള്ള സ്വാതന്ത്ര്യം നേടിയപ്പോള്‍ നമുക്ക് മാറു മറക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന് പറയുന്നതും കേവലം അതിശയോക്തി കലര്‍ന്ന വാക്കുകള്‍ മാത്രമാണ്. മാറു മറക്കാതെ പുറത്തിറങ്ങണമെന്നൊരാവശ്യം ഒരു സ്ത്രീയും ഇത് വരെ പറഞ്ഞിട്ടില്ല. അമേരിക്കയിലും ഇംഗ്ലണ്ടിലും ഉണ്ടായത് പോലെ ‘ഫ്രീഡം ഫ്രം ദി ബ്രാ’ കേരളത്തിലുണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ അമ്പലത്തില്‍ കയറുമ്പോള്‍ മാറ് മറക്കാന്‍ വേണ്ടി പുരുഷന്മാര്‍ സമരം ചെയ്യേണ്ടുന്ന കാലമാണ് ഇത്.

ചുംബനസമരം കൊണ്ട് സദാചാര പോലീസിംഗ് ഇല്ലാതെയാകും എന്ന് ഞാന്‍ കരുതുന്നില്ല. സദാചാര പോലീസ് എന്ന വാക്ക് തന്നെ തെറ്റാണ്, മതഗുണ്ടകള്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മതഗുണ്ടായിസം വന്നാല്‍ ശാരീരികമായിട്ടല്ലെങ്കിലും ചെറുക്കാനുള്ള ഒരു ഊര്‍ജ്ജം ഈ സമരം ഉണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യത്തില്‍ അതാണ് ശക്തി. ചേകന്നൂരിനെ കൊന്നു. അതിനെതിരെ സമരകോലാഹലങ്ങളും നടന്നു. അത് കൊണ്ട് തന്നെ രണ്ടാമതൊരു ചേകന്നൂരിനെ ഇനി കൊല്ലാന്‍ സാധിക്കില്ല. ഡൗണ്‍ടൗണ്‍ തല്ലിത്തകര്‍ക്കാന്‍ മാത്രമുള്ള ഹുങ്ക് ഇവര്‍ക്കുണ്ടാകുന്നത് മോദി അധികാരത്തില്‍ ഇരിക്കുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ അതുണ്ടാകില്ല. ഫാസിസത്തിന്റെ ഏത് പ്രവര്‍ത്തനത്തേയുംചെറുക്കാനുള്ള ഒരു ഊര്‍ജ്ജം, കേരളത്തിന്റെഏതെങ്കിലും ഭാഗങ്ങളില്‍ ചെറുപ്പക്കാരുടെ ഇടയിലോ, മദ്ധ്യവയസ്‌കരുടെ ഇടയിലോ, വൃദ്ധന്മാരുടെ ഇടയിലോ ഉണ്ടാവാന്‍ ഇത് കാരണമാകും.

മാധ്യമങ്ങള്‍ വളരെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തത്. അവര്‍ ഈ സമരത്തിന്റെ കൂടെ നിന്നു. കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും അനുകൂലനിലപാടുള്ളവരായിരുന്നു. ഈ സമരം കൊണ്ടുണ്ടായ പ്രധാന നേട്ടങ്ങളിലൊന്ന് ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയ വര്‍ഗ്ഗീയ സംഘടനകള്‍ ഒക്കെ ഒന്നാണ് എന്ന് ഒരിക്കല്‍ കൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഡൗണ്‍ടൗണില്‍ ഉണ്ടായത് സദാചാരലംഘനമാണെന്ന് തത്ത്വത്തില്‍ അംഗീകരിച്ചാല്‍ പോലും അതിനേക്കാള്‍ വലിയ സദാചാരലംഘനമാണ് അക്രമം. കൊലപാതകം പോലെ മറ്റൊരു സദാചാരലംഘനമുണ്ടോ? ഹിംസ പോലെ വേറെ ഒരു സദാചാരലംഘനമുണ്ടോ?’

*Views are Personal

ചിത്രങ്ങള്‍: അരുണ്‍കുമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍