UPDATES

സയന്‍സ്/ടെക്നോളജി

ചുണ്ടുകള്‍ക്കറിയുമോ ചുംബനത്തിന്റെ നാനാര്‍ത്ഥങ്ങള്‍!

Avatar

ഷെറില്‍ കൃഷന്‍ബൗം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒന്നു ചുംബിക്കുമ്പോള്‍ ലോകം മാത്രമല്ല മാറുന്നതെന്നാണ് നെതര്‍ലന്‍ഡ്‌സിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. പത്തു സെക്കന്റ് നീളുന്ന ഒരു ചൂടന്‍ ചുംബനം 80 ദശലക്ഷം ബാക്ടീരിയകളെയാണ് കൈമാറുന്നത്! ഉമ്മവെക്കാന്‍ ചുണ്ട് കൂര്‍പ്പിക്കുമ്പോള്‍ ഇത്തിരി മനഃപ്രയാസമുണ്ടാക്കുന്നൊരു പഠനം. പ്രത്യേകിച്ച് തണുപ്പുകാലവും ജലദോഷപ്പനിയും മുട്ടിവിളിക്കുന്ന കാലത്ത്.

ചുംബനത്തേക്കാളേറെ ഒരു ദിവസം പലതവണ കൈകൊടുക്കുന്നതിലൂടെയാണ് രോഗം പകരാന്‍ സാധ്യത. ഉമ്മവെക്കുമ്പോള്‍ അണുക്കളെ മാത്രമല്ല, പങ്കാളിയുമായി ഏറെ ഗുണങ്ങളും കൈമാറുന്നുണ്ടെന്നും ശാസ്ത്രം പറയുന്നു.

ചുംബനമെന്നാല്‍ എല്ലായ്‌പ്പോഴും ബാക്ടീരിയ കൈമാറ്റവും, പ്രണയവും മാത്രമല്ല. സ്‌നേഹത്തിന്റെയും സുരക്ഷയുടെയും നമ്മുടെ ആദ്യാനുഭവങ്ങള്‍ മിക്കപ്പോഴും ചുണ്ടുകളുടെ പ്രേരണയുടെയും ഉത്തേജനത്തിന്റെയും, കുപ്പിപ്പാല് കൊടുക്കുകയോ ചെയ്യുന്നതരത്തില്‍ ചുംബനത്തെ അനുകരിക്കുന്ന ഉത്തേജനപ്രക്രിയകളുടേതുമാണ്. ഈ ക്രിയകള്‍ കുഞ്ഞിന്റെ തലച്ചോറില്‍ ചുംബനത്തെ ഇഷ്ടപ്പെട്ട വികാരങ്ങളുമായി ബന്ധപ്പെടുത്തുന്നു. അതാകട്ടെ ജീവിതം മുഴുവന്‍ തുടരുകയും ചെയ്യുന്നു.

നമ്മുടെ ശരീരത്തിലെ ഏറ്റവും കാമോദ്ദീപകമായ പുറംഭാഗമാണ് ചുണ്ടുകള്‍. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ചുണ്ടുകള്‍ പുറത്തേക്ക് പിളര്‍ത്താന്‍ പറ്റുന്ന ജന്തുവാണ് മനുഷ്യന്‍. നിരവധി സംവേദന നാഡികളാണ് അവിടെ മുട്ടിനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള ചെറിയൊരു തലോടല്‍ പോലും നമ്മുടെ തലച്ചോറിലേക്ക് വിവരങ്ങളുടെ മഹാപ്രവാഹം ഉണ്ടാക്കും. വളരെ സുഖമുള്ള ഒരു തോന്നല്‍.

ഇന്ദ്രിയാനുഭൂതിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വലിയൊരു ഭാഗത്തെ ചുംബനം സജീവമാക്കുന്നു. കാരണം നമ്മള്‍ ആ അനുഭവത്തെ അളക്കുകയാണ്, മനസ്സിലാക്കുകയാണ്; അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍. നമ്മുടെ ചിന്തകളേയും, വികാരങ്ങളേയും സ്വാധീനിക്കുന്ന നാഡീസന്ദേശങ്ങളുടേയും, ഗ്രന്ഥീസ്രവങ്ങളുടെയും ഒരു കുത്തൊഴുക്കും കൊടുങ്കാറ്റും തുടങ്ങിവെച്ചുകൊണ്ടാണ് ചുംബനം അതിന്റെ ഇന്ദ്രജാലം നടത്തുന്നത്.

ചുംബന ഭാഷകള്‍
രണ്ടുപേര്‍ തമ്മില്‍ ശരിക്കുമൊരു ‘രസതന്ത്രം’ ഉണ്ടെങ്കില്‍ ഒരു ചുംബനത്തിന് പുതിയൊരു പ്രണയത്തിനു കളമൊരുക്കാന്‍ പറ്റും. വികാരതീവ്രമായൊരു ചുംബനം രണ്ടുപേരെ വളരെയേറെ അടുപ്പിക്കുന്നു; മൂക്കുമുട്ടും വരെ. മണവും, രുചിയും,സ്പര്‍ശവും പങ്കുവെച്ച് പരസ്പരം അറിയുന്നു. ഈ വിവരത്തോടെ മറ്റേയാളെക്കുറിച്ച് നമ്മുടെ തലച്ചോറിന് എല്ലാ സൂചനകളും നല്‍കുകയും നമ്മെ അറിയിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍, ഒരാളുടെ മണം അയാളുടെ/അവളുടെ ജനിതക ഘടനയെക്കുറിച്ച്/ഡി എന്‍ എയെപ്പറ്റി ഉപബോധ സൂചനകള്‍ പങ്കാളിക്ക് നല്‍കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

എനർജി ഡ്രിങ്കുകൾ ഒട്ടും എനര്‍ജി നല്‍കില്ല കുട്ടികള്‍ക്ക്
കൊടുംകുറ്റവാളികളും ജനിതകവേരുകളും
നമ്മൾ സ്മാർട്ട്‌ ഫോണിന് അടിമകളോ?
എന്തുകൊണ്ട് ഞാന്‍ മുലയൂട്ടുന്നില്ല?
അതൊരു യന്ത്രമായിരുന്നുവെന്ന്‍ അറിയാന്‍ വൈകുന്ന കാലം

ന്യൂയോര്‍ക്ക സ്‌റ്റേറ്റ് സര്‍വകലാശാലയിലെ പരിണാമ മന:ശാസ്ത്രജ്ഞരുടെ ഗവേഷണം കാണിക്കുന്നത്, 59% പുരുഷന്മാരും, 66% സ്ത്രീകളും പറഞ്ഞത് മൊട്ടിട്ടുതുടങ്ങിയ ബന്ധം ചുംബനം അത്ര സുഖകരമല്ലാതിരുന്നതിനാല്‍ ഉപേക്ഷിച്ചിട്ടുണ്ട് എന്നാണ്. പ്രകൃതിയുടെ ആത്യന്തിക പരീക്ഷയാണിത്. നമ്മെ ജനിതകമായി ഏറ്റവും യോജിക്കുന്ന ആളുകളിലേക്ക് അടുപ്പിക്കാനുള്ള പരിപാടി. 

സ്വിസ് ജൈവശാസ്ത്രജ്ഞന്‍ ക്ലോസ് വെഡ്കിണ്ട് നടത്തിയ ഗവേഷണങ്ങള്‍ കാണിക്കുന്നത് തങ്ങളുടെ ഡി എന്‍ എയില്‍ ഉള്ള (എല്ലാ കശേരുമൃഗങ്ങളുടെയും)പ്രതിരോധസംവിധാനത്തെ നിയന്ത്രിക്കുന്ന ജീന്‍ കുടുംബത്തിന്റെ ഒരു സമുച്ചയത്തില്‍ നിന്നും അഥവാ major histocompatibiltiy complex-MHC വ്യത്യസ്തമായ ജനിതക ശേഷിയുള്ള പുരുഷന്മാരുടെ മണത്തോടാണ് സ്ത്രീകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതെന്നാണ്.

ദമ്പതികള്‍ക്ക് രോഗപ്രതിരോധത്തിന് വ്യത്യസ്ത ജനിതകശേഷിയുള്ളപ്പോള്‍ അവരുടെ കുട്ടികളുടെ പ്രതിരോധസംവിധാനം കൂടുതല്‍ ശക്തമാകുന്നു എന്നതിനാലാണ് ഇതെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ഒരാളെ ചുണ്ടുകളില്‍ ചുണ്ടുചേര്‍ത്തു ചുംബിക്കുമ്പോള്‍ നമ്മള്‍ അച്ഛനമ്മമാരാകുന്നതിനെക്കുറിച്ചായിരിക്കില്ല ചിന്തിക്കുക. പക്ഷേ അത് ആ ബന്ധം മുന്നോട്ടുകൊണ്ടുപോകണോ എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു. (എന്നാല്‍, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സമയത്ത് സ്ത്രീകള്‍ നേരെ വിപരീതാഭിമുഖ്യമാണ് കാണിക്കുന്നത്. സ്വന്തം MHC ജനിതകശേഷിയുമായി സമാനതയുള്ള പുരുഷന്മാര്‍ക്കാണ് മുന്‍ഗണന. ഗര്‍ഭനിരോധന മാര്‍ഗങ്ങളുള്ളപ്പോള്‍ നാം നമ്മുടെ ശരീരത്തെ നമ്മള്‍ തിരിച്ചറിയാത്ത പല തരത്തിലുംകൂടി പറ്റിക്കുന്നെണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു).

തല പെരുപ്പിക്കുന്ന ചുംബനങ്ങള്‍
നല്ല പങ്കാളിയെ തെരഞ്ഞെടുക്കാന്‍ നമ്മളെ സഹായിക്കുക മാത്രമല്ല, ചുംബനത്തിന് മറ്റ് പല സഹായങ്ങളും ചെയ്യാനാകും. തലച്ചോറിനും, ചൂണ്ടിനും, മുഖപേശികള്‍ക്കും, ചര്‍മ്മത്തിനുമിടയ്ക്കായി നാഡീപ്രേരണകളുടെ വെള്ളച്ചാട്ടമാണ് ഉമ്മകള്‍ക്ക് പിറകെ വരുന്നത്. ശതകോടികള്‍ വരുന്ന നാഡീബന്ധങ്ങള്‍ ശരീരത്തിലാകെ വിവരങ്ങളെത്തിക്കുന്നു. നമ്മുടെ വികാരലോകത്തെ മാറ്റുന്ന രാസസൂചനകളാണ് ഇതുണ്ടാക്കുന്നത്.

ഗാഢമായൊരു ചുംബനത്തിന് ആര്‍ത്തിയും കാമവും ഉണര്‍ത്തുന്ന ഡോപമിന്‍ എന്ന നാഡീസന്ദേശവാഹിയെ ഉത്തേജിപ്പിക്കാനാകും. ‘പ്രണയ ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഓക്‌സിറ്റോസിന്‍ അടുപ്പത്തിന്റെയും അഭിനിവേശത്തിന്റെയും അലകളുണ്ടാക്കുന്നു. അഡ്രിനാലിന്‍ ഹൃദയമിടിപ്പ് കൂട്ടുന്നു, അടുത്തെന്ത് സംഭവിക്കുമെന്ന ആകാക്ഷയോടെ ശരീരം വിയര്‍ക്കാന്‍ തുടങ്ങുന്നു. പിരിമുറക്കത്തിന്റെ ഹോര്‍മോണായ കോര്‍ടിറസോള്‍ അസ്വസ്ഥതയെ കുറക്കുന്നു. വികസിക്കുന്ന രക്തക്കുഴലുകള്‍, മുറുകുന്ന ശ്വാസോഛ്വാസം, തുടുക്കുന്ന കവിളുകള്‍. പടപടായുള്ള നാഡീമിടിപ്പ്. ഹാ!

നാം പ്രണയവികാരങ്ങളെ വിശേഷിപ്പിക്കാന്‍ പറയുന്ന വികാരങ്ങളൊക്കെ ചുംബനം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ചുംബനത്തിന് ഒരു പുതിയ പ്രണയത്തിന്റെ തുടക്കമാകാന്‍ കഴിയും. സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാനാകും. പലതരത്തിലുള്ള ചുംബനങ്ങളുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും അര്‍ത്ഥവത്തും നിര്‍ണായകവുമായ മുഹൂര്‍ത്തങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു. വാക്കുകള്‍ക്ക് സംവേദിക്കാന്‍ കഴിയാത്ത വികാരപ്രപഞ്ചത്തെ പകര്‍ന്നു കൊടുക്കാനുള്ള ഒരു വഴിതുറന്നുകൊണ്ട്.

പരിണാമപരവും വ്യക്തിപരവുമായ വന്‍പ്രാധാന്യം ഉണ്ടായിട്ടും ശാസ്ത്രം ചുംബനത്തെപ്പറ്റി പഠിച്ചുതുടങ്ങുന്നതെയുള്ളൂ. പക്ഷേ ഇപ്പോള്‍ അറിയുന്നതുവെച്ചുതന്നെ, നമ്മുടെ കണ്ണുകള്‍ക്ക് മുന്നിലുള്ളതിനെക്കാള്‍ പലതും നടക്കുന്നെണ്ടെന്ന് നമുക്ക് പറയാം. ചുണ്ടുകള്‍ക്കറിയുമോ ചുംബനത്തിന്റെ നാനാര്‍ത്ഥങ്ങള്‍! 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍