UPDATES

അവര്‍ ചുംബിക്കുമ്പോള്‍

ചുംബിച്ചുകൊണ്ട് അവര്‍ ചരിത്രത്തിലേക്ക് നടന്നു കയറി

Avatar

എസ്.ആര്‍.നന്ദകുമാര്‍

ഒരു സമരത്തിന്റെ വിജയം എത്ര പേര്‍ അതില്‍ പങ്കെടുത്തു എന്നതല്ല, മറിച്ച് അതിന്റെ മുദ്രാവാക്യങ്ങള്‍ എത്രത്തോളം ആഴത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു എന്നും പൊതുസമൂഹത്തില്‍ എത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ടു എന്നതിലുമാണ് കുടികൊള്ളുന്നത്. ഈ അര്‍ത്ഥത്തില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമീപകാലത്ത് കൊട്ടിഘോഷിച്ചു നടത്തുന്ന പല രാഷ്ട്രീയ സമരങ്ങളും തകര്‍ന്നടിഞ്ഞപ്പോഴും കൊച്ചിയില്‍ നടന്ന ഒന്നാം ചുംബന സമരം ഐതിഹാസികമായ വിജയമായിരുന്നു. ഒരൊറ്റ ചുംബനം കൊണ്ട് ആ ചെറുപ്പക്കാര്‍ ചരിത്രത്തിലേക്കാണ് നടന്നു കയറിയത്.

ആണധികാര സദാചാര പൊലീസിങ്ങിനെതിരെ ഇവര്‍ നടത്തിയ ഈ ചെറു സമരം കേരളത്തിന്റെ സാമൂഹ്യ/സാംസ്‌കാരികചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല. പശു ചത്തിട്ടും മോരിന്റെ പുളി പോകാത്തതുപോലെ, ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടിയിട്ട് അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും പഴയ വിക്ടോറിയന്‍ സദാചാരത്തിന്റെര ഭൂതബാധ ഇനിയും പലരുടെയും മനസ്സുകളില്‍ നിന്നൊഴിഞ്ഞിട്ടില്ല. ഈ സദാചാര ഭൂതത്തെ ഉച്ചാടനം ചെയ്യാനുള്ള ആഭിചാരക്രിയയാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്നത്. 

മാനവികവികസന സൂചികകളിലും ലിംഗാനുപാതത്തിന്റെ കാര്യത്തിലുമൊക്കെ മുന്നിട്ടു നില്‍ക്കുമ്പോഴും ഏറ്റവും ലൈംഗികദാരിദ്ര്യവും ലിംഗവിവേചനമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് ചിലരെങ്കിലും പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടായിട്ടും നമ്മുടെ നിയമനിര്‍മാണ സഭയില്‍ വെറും നാലു ശതമാനം മാത്രമാണ് സ്ത്രീകള്‍. ലിംഗാനുപാതത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഹരിയാന നിമസഭയില്‍ പോലുമുണ്ട് പതിനാലു ശതമാനം സ്ത്രീകള്‍! ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്കുള്ളതും കേരളത്തിലാണ്! കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും. സംസ്‌കാരസമ്പന്നര്‍ എന്ന് സ്വയം മേനി നടിക്കുന്നവര്‍ സ്ത്രീകളുടെ ഈ അധമാവസ്ഥയെ കുറിച്ചൊന്നും മിണ്ടിക്കാണാറില്ല.

ഇക്കൂട്ടരുടെ ഏറ്റവും വലിയ പ്രശ്‌നം ആണും പെണ്ണും ഒരുമിച്ചു സഞ്ചരിക്കുന്നു, ഇടപഴകുന്നു, സ്‌നേഹം കൈമാറുന്നു, ചുംബിക്കുന്നു എന്നതൊക്കെയാണ്. ഇതൊക്കെ കേരളീയ സംസ്‌കാരത്തിന് വിരുദ്ധമാണ് പോലും! സരിതയുടെ സ്വകാര്യദൃശ്യങ്ങള്‍ വാട്‌സാപ്പിലൂലൂടെ പാറിപ്പറന്നു നടക്കുമ്പോള്‍ കണ്ടു രസിച്ചവരാരും ഇപ്പറഞ്ഞ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ഗീര്‍വാണം മുഴക്കിയില്ല എന്നതാണ് രസകരം. എത്രയും കാമാര്‍ത്തരായ, ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന ഒരു പുരുഷാരമാണ് നമ്മുടെ സമൂഹം എന്ന് ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. നമ്മുടെ ഇസ്തിരിയിട്ട സംസ്‌കാരത്തിനകത്തെ വെറിപൂണ്ട പുരുഷകാമനയെ അത് വെളിപ്പടുത്തി.

ലിംഗവിവേചനം കുട്ടിക്കാലം മുതലേ തലച്ചോറില്‍ കുത്തിനിറയ്ക്കപ്പെട്ടവരില്‍ നിന്ന് ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാല്‍ മതി. ആണും പെണ്ണും രണ്ടു ഭൂഖണ്ഡങ്ങളാണെന്ന് പറഞ്ഞു പഠിച്ചവര്‍ക്ക്, അവര്‍ തമ്മില്‍ മതില്‍കെട്ടി വേര്‍തിരിക്കുന്നതാണ് സംസ്‌കാരമെന്നു വിശ്വസിക്കുന്നവര്‍ക്ക് ചുംബനം കാമലീലയാണെന്നും പ്രണയം ക്രിമിനല്‍ കുറ്റമാണെന്നുമൊക്കെ തോന്നും. അത്തരം സമൂഹത്തിലാണ് പീഡനങ്ങള്‍ പെരുമഴ പോലെ പെയ്യുന്നതും.

സംസ്‌കാരമെന്നത് പൊയ്‌പ്പോയ കാലം വരുന്ന തലമുറകള്‍ക്ക് വേണ്ടി എല്ലാക്കാലത്തേക്കുമായി എഴുതിവെച്ചിരിക്കുന്ന പെരുമാറ്റച്ചട്ടമല്ല. അത് ജീവിക്കുന്ന വര്‍ത്തമാനമാണ്. ബഹുസ്വരതയ്ക്ക് ആവോളം ഇടങ്ങള്‍ ഒഴിച്ചിടപ്പെട്ട സങ്കല്‍പ്പമാണ്. അല്ലാതെ മനുഷ്യര്‍ എങ്ങനെ ജീവിക്കണം, പെരുമാറണം, പ്രണയിക്കണം എന്നൊന്നും സംസ്‌കാരം ആരെയും പഠിപ്പിക്കുന്നുമില്ല, നിര്‍ബന്ധിക്കുന്നുമില്ല. 

ചുംബിക്കുന്നത് സന്മാര്‍ഗ്ഗ വിരുദ്ധമായ ഈ നാട്ടിലാണ് വാത്സ്യായനന്‍ ജീവിച്ചിരുന്നതും കാമകലയെക്കുറിച്ച് പുസ്തകമെഴുതിയതും. നൈഷ്ഠിക ബ്രഹ്മചാരിയായിരുന്ന ശങ്കരാചാര്യര്‍ പ്രപഞ്ചസ്രഷ്ടാവായ ദേവിയുടെ അംഗലാവണ്യങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതിയ സൗന്ദര്യലഹരിയും ഇപ്പറഞ്ഞ സംസ്‌കാരത്തിന്റെ ഭാഗമാണ്. ശ്രീകൃഷ്ണന്‍ ഗോപികമാരും രാധയുമായി നടത്തുന്ന രാസലീലയെ വര്‍ണിക്കുന്ന ജയദേവന്റെ ഗീതഗോവിന്ദത്തെക്കുറിച്ച് ഏറെ പറഞ്ഞുകഴിഞ്ഞതാണ്. പുരാതന ഭാരതീയ ഗ്രന്ഥങ്ങളിലെ അപരലൈംഗികതകളെക്കുറിച്ചുള്ള റൂത്ത് വനിതയുടെ പഠനങ്ങള്‍ ആര്‍ക്കും വായിച്ചുനോക്കാവുന്നതേയുള്ളൂ. 

പറഞ്ഞുവന്നത് നമ്മുടെ സംസ്‌കാരം സദാ(?)ചാരവാദികള്‍ പ്രചരിപ്പിക്കുന്നപോലെ അലൈംഗികമായിരുന്നില്ല എന്നാണ്. ഭാരതീയ സംസ്‌കാരം മാത്രമല്ല; റോമന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍ തുടങ്ങിയ പ്രാചീന സംസ്‌കാരങ്ങളൊന്നുംതന്നെ ലൈംഗികതയെ പാപമായോ സന്മാര്‍ഗ്ഗഭ്രംശമായോ കണ്ടിരുന്നില്ല എന്നത് ഏതൊരു ചരിത്രവിദ്യാര്‍ഥിക്കും അറിവുള്ളതാണ്.
കേരളത്തിലാകട്ടെ സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങളിലെ വൈരുധ്യം വളരെ വ്യക്തമായിരുന്നു. ഇന്ന് സദാചാരത്തിനു വിരുദ്ധമായി കണക്കാക്കപ്പെടുന്നതെന്തും അന്നത്തെ സദാചാരമായിരുന്നു എന്നതാണ് രസകരമായ വസ്തുത. ‘നമ്മുടെ രാജ്യത്ത് ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത ദുര്‍മാര്‍ഗ്ഗികളായ സ്ത്രീകളെ ഉടന്‍ വധിച്ചു കളയണം’ എന്നാണ് കാര്‍ത്തികപ്പിള്ളി രാജാവ് കല്‍പ്പിച്ചിരുന്നത്! മറ്റു പുരുഷന്മാര്‍ക്ക് കിടന്നുകൊടുക്കാന്‍ വിസമ്മതിച്ച സ്ത്രീകളെയാണ് അന്ന് ദുര്‍മാര്‍ഗികളായി നിര്‍വചിച്ചിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലും അതിന് മുമ്പും സ്ത്രീകള്‍ മാറ് മറയ്ക്കുന്നതായിരുന്നു കുറ്റകരമായി കണക്കാക്കപ്പെട്ടത്. അക്കാലത്ത് മുസ്ലീം സ്ത്രീകള്‍ മാത്രമേ മാറ് മറച്ചിരുന്നുള്ളൂ. തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന സി.കേശവന്‍ തന്റെ് അമ്മയ്ക്ക് സൂര്യപട റൗക്ക ധരിക്കാന്‍ ആഗ്രഹം തോന്നിയതും അമ്മായിയമ്മയെ പേടിച്ച് കിടപ്പുമുറിയില്‍ മാത്രം അതുടുത്ത് ആശ തീര്‍ത്തതും അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ചാന്നാര്‍ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ സമരം നടത്തിയതിനെക്കുറിച്ച് ഇപ്പോള്‍ ചിലര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ജി.ഉഷാകുമാരി ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ, ചാന്നാര്‍ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ സമരം ചെയ്തത് നഗ്‌നതാബോധം കൊണ്ടോ സദാചാരത്തിന് വേണ്ടിയോ ആയിരുന്നില്ല, മറിച്ച് തങ്ങള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് സവര്‍ണ്ണ ജാതിക്കാര്‍ തീരുമാനിച്ചിരുന്ന കാലത്ത്, സ്വന്തം ശരീരത്തിന് മേലുള്ള അവകാശം നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു. നാണം തോന്നുകയും വസ്ത്രം ധരിക്കുകയുമായിരുന്നില്ല ഉണ്ടായത്, മറിച്ച് വസ്ത്രം ധരിക്കുകയും നാണം പിന്നീട് വരികയുമാണ് ഉണ്ടായത്. അക്കാലത്ത് പാശ്ചാത്യവിദ്യാഭ്യാസം നേടിയ കുറച്ചു ചെറുപ്പക്കാരായിരുന്നു ഈ സമരത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നത്. ഇന്ന് പാശ്ചാത്യവിദ്യാഭ്യാസവും സംസ്‌കാരവുമാണ് ഇന്നത്തെ സാംസ്‌കാരിക മൂല്യച്യുതിയ്ക്ക് കാരണമെന്ന് സദാ(ദുരാ)ചാരവാദികള്‍ വാദിക്കുമ്പോള്‍ ചിരി വരും.

ഇത് സദാചാരത്തിനൊപ്പം തന്നെ ആണ്‍ കോയ്മയ്ക്കുമെതിരെയുള്ള സമരമാണ്. ‘കിസ് ഓഫ് ലവ്’ സമരത്തിന്റെ പിന്തുണക്കാര്‍ക്ക് നേരെ സദാചാരത്തിന്റെ’ അപ്പോസ്തലന്മാര്‍ ആക്രോശിച്ചത് ചുംബിക്കാന്‍ നിന്റെയൊക്കെ അമ്മയെയും പെങ്ങളെയും കിട്ടുമോ എന്നാണ്. അമ്മയും പെങ്ങളും സ്വതന്ത്ര വ്യക്തികളാണ് എന്നും അവര്‍ക്ക് അഗ്രമുണ്ടെങ്കില്‍ ചുംബിക്കുന്നത് തടയാന്‍ നമുക്ക് അവകാശമില്ല എന്നൊന്നും ഇവര്‍ മനസ്സിലാക്കുന്നുമില്ല. പക്ഷെ ഇതില്‍ ശ്രദ്ധേയമായ കാര്യം ഇതല്ല: ഇത് അഭിസംബോധന ചെയ്യുന്ന രീതിയാണ്. ഈ ആക്രോശം അഭിസംബോധന ചെയ്യുന്നത് പുരുഷനെയാണ്. കേരളത്തില്‍ നടന്നുവരാറുള്ള സ്ഥിരം ചടങ്ങ് സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുരുഷന്മാരും സ്ത്രീകളും ഒരേ ആവേശത്തോടെ പങ്കെടുത്ത സമരമാണ് കൊച്ചിയില്‍ നടന്നത്. എന്നിട്ടും ഇവരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ ചിത്രത്തിലേയില്ല. സ്ത്രീകളെ എല്ലാക്കാലത്തും അദൃശ്യരായി നിര്‍ത്തുക, അവളുടെ കര്‍തൃത്വത്തെ നിഷേധിക്കുക എന്നതാണല്ലോ സദാചാരനിയമങ്ങള്‍ എല്ലാക്കാലവും നിര്‍വഹിച്ചുപോന്ന ദൗത്യം.

പ്രിയ സമരസഖാക്കളെ,

ഇനി കേരളത്തിലെ ഓരോ കാമുകീകാമുകന്മാരും പരസ്പരം നല്‍കുന്ന ചുംബനങ്ങളില്‍ അനുരാഗത്തിന്റെ മാധുര്യത്തിനൊപ്പം നിങ്ങളോടുള്ള കടപ്പാട് കൂടി കലര്‍ന്നിരിക്കും. അതായിരിക്കും നിങ്ങള്‍ക്കുള്ള പ്രതിഫലം. അവര്‍ നിങ്ങളെ പരിഹസിക്കുമായിരിക്കും. പക്ഷെ ചരിത്രം നിങ്ങള്‍ക്കൊപ്പമായിരിക്കും.

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് കവി പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് പൂര്‍ണമായി മനസ്സിലായത്.

(ചരിത്രവിദ്യാര്‍ഥിയായ ലേഖകന്‍ ഇന്ത്യാപോസ്റ്റ് ലൈവ് വെബ്‌സൈറ്റില്‍ കണ്ടന്റ് ഡെവലപ്പറായി ജോലി ചെയ്യുന്നു.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍