UPDATES

അന്ന മിനി

കാഴ്ചപ്പാട്

അന്ന മിനി

ന്യൂസ് അപ്ഡേറ്റ്സ്

ചുംബന വിമുക്ത കേരളം

അന്ന മിനി

ചുംബന സമരം എന്നു കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പരിഭ്രാന്തരായ സദാചാരവാദികള്‍ ഒടുവില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ മറൈന്‍ ഡ്രൈവിലെത്തി അഖില കേരള സദാചാര വിളംബരത്തില്‍ ഒപ്പുവെച്ചു. വിളംബരത്തിന്റെ കോപ്പികള്‍ക്കായി യുവമോര്‍ച്ച, ശിവസേന, എസ്ഡിപി ഐ, കെ എസ് യു തുടങ്ങിയ സംസ്‌ക്കാര സംരക്ഷകരെ ബന്ധപ്പെടുക. പോകുന്ന പോക്ക് കണ്ടിട്ട് കേരള പോലീസും ഭരണകൂടവും വിളംബരത്തില്‍ ഒപ്പ് വെച്ചതായി കണക്കാക്കാവുന്നതാണ്.

 

എന്നാല്‍ ഈ സംസ്‌കാര സംരക്ഷകര്‍ ഏത് സംസ്‌കാരത്തെ കുറിച്ചാണ് പറയുന്നതെന്ന് പിടികിട്ടുന്നില്ല. കാമസൂത്രയും ഗീതഗോവിന്ദവും ഖജുരാഹോശില്പങ്ങളും തലയുയര്‍ത്തി നില്ക്കുന്ന നാടല്ലേ നമ്മുടേത്? ലൈംഗികതയേയും അതിന്റെ അനന്ത സാധ്യതകളേയും പാപബോധമില്ലാതെ അഭിമുഖീകരിക്കുകയും അതിന്റെ ആനന്ദത്തെ അംഗീകരിക്കുകയും ചെയ്തുവരുന്ന സമൂഹമാണ് ഇന്ത്യന്‍ സമൂഹം. ഇന്ത്യ വിക്ടോറിയയന്‍ സദാചാരത്തെ കൊളോണിയല്‍ മോഡേണിറ്റിയിലൂടെ സ്വീകരിച്ചതോടെ രതിയും കാമവും അശ്ലീലമായി മുദ്ര കുത്തപെട്ടു. അന്ന് മുതല്‍ സദാചാര ചാക്കും തലയില്‍ ചുമന്ന് നടക്കുന്ന ചേച്ചി ചേട്ടന്‍മാര്‍ക്ക് ഇനിയും ഇത് താഴെ ഇടാറായില്ലേ? ലൈംഗികത എന്നത് പ്രത്യുല്‍പ്പാദനവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണെന്നാണ് മതങ്ങളും യാഥാസ്ഥിതിക ശക്തികളും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. രതിയുടെ അനന്ത സാധ്യതകളെ ഇത് ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.

 

കഴിഞ്ഞ ഒരാഴ്ചയായി വിദഗ്ദ്ധരും മാധ്യമങ്ങളും ഭരണകൂടവും ഒക്കെ പറയുന്നുണ്ട് അശ്ലീല ചുംബനത്തിലെക്കോ കാര്യങ്ങള്‍ സഭ്യതയുടെ അതിരു വിട്ടാലോ നടപടി ഉണ്ടാകുമെന്ന്. വാത്സല്യ ചുംബനങ്ങളും സഹോദര-സഹോദരി ചുംബനങ്ങളും ഒക്കെ നിരത്തി ചുംബന സമര അനുഭാവികള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വഴിതിരിഞ്ഞു പോകുകയും ഉണ്ടായി. മേല്പ്പറഞ്ഞ ചുംബനങ്ങളൊന്നും നമ്മുടെ സദാചാര പട്ടികയില്‍ നിഷേധിക്കപ്പെട്ടിട്ടുള്ളവയല്ല. ചുംബനം എങ്ങനെയാണ് ഒരു അശ്ലീലമാകുന്നത്? അശ്ലീല ചുംബനം എന്നൊരു സാധനമുണ്ടോ? അതീ ‘പൂവന്‍പഴം പോലെ ഉരുണ്ടിരിക്കുമോ’?? പ്രണയചുംബനങ്ങള്‍ എങ്ങനെയാണ് അശ്ലീലമാകുന്നത് എന്ന് എത്ര ചുംബിച്ചിട്ടും മനസ്സിലാകുന്നേ ഇല്ല. പലരും അഭിപ്രായപ്പെടുകയുണ്ടായി ചുംബനത്തെ ലൈംഗികതയും ആയി കൂട്ടി വായ്‌ക്കേണ്ടതില്ലെന്ന്. അതിനോട് ഒരു രീതിയില്‍ യോജിക്കാന്‍ ആകുമെങ്കിലും ഒന്നിനോടും കൂട്ടി വായിക്കാന്‍ പറ്റാത്ത അശ്ലീലം മാത്രമാണോ ലൈംഗികത എന്ന ചോദ്യം നിലനില്ക്കുന്നു. രതിയുടെ സ്‌നേഹ/പ്രണയ വിനിമയ പ്രകടന സാദ്ധ്യതകള്‍ അനന്തമാണ്. പൊതു സ്ഥലത്തെ മൂത്രമൊഴിക്കലും, മാലിന്യം വലിച്ചെറിയലും, സ്ത്രീകള്‍ക്ക് നേരെയുള്ള തുണിപൊക്കി പ്രദര്‍ശനവും ഒന്നും സദാചാര ലംഘനമായി പരിഗണിക്കാത്ത സമൂഹത്തില്‍ ചുംബനവും രതിയും അശ്ലീലമാകുന്നു.

സമരത്തിനു വന്നവരേക്കാള്‍ കൂടതല്‍ ചുംബന വിരുദ്ധരും ഒളിഞ്ഞ് നോക്കാതെ സൗജന്യ ചുംബന ആസ്വാദനത്തിന് എത്തിയവരും ആണ് മറൈന്‍ ഡ്രൈ വില്‍ ഉണ്ടായിരുന്നത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി സദാചാര മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് വന്ന ഭാരതീയ സംരക്ഷകര്‍ അതിക്രമത്തിന്റെയും ഭീഷണിയുടെയും സ്വരമാണ് ഉപയോഗിച്ചത്. സമാധാനപരമായി ചുംബനസമരത്തിനായെത്തിയ സമരസംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും സദാചാര ഗുണ്ടകളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയുമാണ് ചെയ്തത്. ക്രമസമാധാനപാലനം ആയിരുന്നു പോലിസിന്റെ ലക്ഷ്യം എങ്കില്‍ ചുംബനസമരത്തിനെതിരായി പ്രതിഷേധത്തിനിറങ്ങിയ സാമുദായിക-വലതുപക്ഷ സംഘടനകളുടെ ഗുണ്ടകളെ ആയിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഇവിടെ ഭരണകൂടവും പോലീസും ജാതി-മത-വര്‍ഗീയ രാഷ്ട്രീയ സംഘടനകളും ഒന്നിച്ചപ്പോള്‍ കേരള പൊതുസമൂഹത്തിന്റെ സദാചാര ഫാസിസ്റ്റ് പ്രവണതകള്‍ വെളിവായി .

ഇത്തരം സമരങ്ങളും പ്രതിഷേധങ്ങളും പലപ്പോഴും ലക്ഷ്യം വെക്കപ്പെടുന്നത് സ്ത്രീകളെയാണ്. ചുംബന സമരത്തിലും സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്ന കാഴ്ചയാണ് കാണാനായത്. അമ്മയായും പെങ്ങളായും ഭാര്യയായും കൊണ്ട് വരേണ്ട ചരക്കുകളായി സ്ത്രീകള്‍ മുദ്ര കുത്തപ്പെട്ടു. സ്ത്രീകള്‍ക്ക് സ്വന്തം താല്പര്യവും തിരഞ്ഞെടുക്കാനുള്ള അവകാശവും ഇഷ്ടാനിഷ്ടങ്ങളും ഇല്ലേ? പുരുഷ കേസരികളും സമൂഹവും തെളിക്കുന്ന വഴിയേ നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക എന്ന റോള്‍ മാത്രമാണോ സ്ത്രീക്കുള്ളത്? അവര്‍ വഴി തെറ്റാനും തെറ്റിക്കപ്പെടാനും ഒരുങ്ങി നില്‍ക്കുന്നവരോ? സ്ത്രീയുടെ ലൈംഗികതയും ജീവിതവും ഉല്ലാസവും അവളുടെ സ്വന്തം ചോയിസ് ആണെന്ന് കേരള സമൂഹം തിരിച്ചറിയേണ്ടസമയം അതിക്രമിച്ചു കഴിഞ്ഞു. ചുംബനസമരത്തിനു എതിരെ നടന്ന പ്രതിഷേധം അത്തരത്തില്‍ നോക്കിയാല്‍ സ്ത്രീകള്‍ തങ്ങളുടെ ചോയിസിന് ഊന്നല്‍ നല്കുന്നതിന് എതിരെയുള്ള പ്രധിഷേധമായി കണക്കാക്കേണ്ടതുണ്ട്.

വ്യവസ്ഥാപിതമായ സംഘനകളുടെയും മാധ്യമങ്ങളുടെയും പിന്‍ബലമില്ലാതെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ സമരം സംഘടിപ്പിക്കപെട്ടത്. അതുകൊണ്ട് തന്നെ സമരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്ന ജനകൂട്ടത്തിന്റെ വൈവിധ്യത്തെ കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടായിരുന്നില്ല. പലതരത്തിലുള്ള രാഷ്ട്രീയ സമരങ്ങള്‍ക്കണ്ടു നിത്യപരിചയമുള്ള കേരള സമൂഹത്തിന് ജനാധിപത്യ സമരത്തിനെതിരെ അക്രമാസക്തമായെത്തുന്ന എതിര്‍ വിഭാഗങ്ങള്‍ ഒരു പരിചിത കാഴ്ചയല്ല. ഈ അനിയന്ത്രിത ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതിരുന്ന പോലീസും ഭരണകൂടവും എന്നാല്‍ സമരത്തിന് ശേഷം സമരത്തിന് സഹായകമായി നിന്ന സൈബര്‍ ഇടങ്ങളെ പൂട്ടി മുദ്ര വെക്കുകയും ചെയ്തു. സ്വകാര്യ -പൊതു വ്യത്യാസം ഇല്ലാതെ മനുഷ്യരുടെ ആവിഷ്‌കാരങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേല്‍ നിയമപരയും അല്ലാത്തതുമായ സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ തുടര്‍ന്നുള്ള സമരങ്ങളിലും അതിജീവിക്കേണ്ടി വരും.

ഒരു ആണിനേയും പെണ്ണിനേയും ഒന്നിച്ചു കണ്ടാല്‍, അവര്‍ അടുത്ത് ഇടപഴകുന്നത് കണ്ടാല്‍, കണ്‍ട്രോള്‍ പോയി കണ്‍ട്രോള്‍ റൂം വരെ എത്തിക്കുന്ന കേരളജനതയുടെ ഉറക്കം കെടുത്തിയതില്‍ ചുംബനസമരത്തിന് എന്റെ വക നൂുറുനൂറു ചുംബനങ്ങള്‍. സ്‌നേഹവും രതിയും കുറ്റകൃത്യമായി കാണുന്ന, ഈ ദിവ്യ ജന്മങ്ങള്‍ മദ്യ-മാലിന്യ വിമുക്ത കേരളത്തെ ഇനി ചുംബന വിമുക്തവുമാക്കിയാലും അദ്ഭുതമില്ല!

അഴിമുഖം പ്രസിദ്ധീകരിച്ച അന്നയുടെ മറ്റു ലേഖനങ്ങള്‍

ഒരു തമിഴ് പ്രണയത്തിന്റെ ബാക്കിപത്രം- അന്ന എഴുതുന്നു
വധൂവരന്‍മാരുടെ ശ്രദ്ധയ്ക്ക് അഥവാ കമ്പോള നിലവാരം
മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍

 

അന്ന മിനി

അന്ന മിനി

ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇകണോമിക് ചേഞ്ചില്‍ ഗവേഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍