UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ ചുംബിച്ച് കലാപങ്ങള്‍ സൃഷ്ടിക്കട്ടെ

Avatar

അമല്‍ പുലര്‍ക്കാട്ട് 

പരസ്പരം ചുംബിക്കുന്ന രണ്ടുപേരെ മൂന്നാമതൊരാള്‍ കണ്ടുകഴിഞ്ഞാല്‍ എന്താണ് അയാള്‍ക്കുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍?  ഒരു ചുംബനം നമ്മുടെ നാട്ടില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിന്ത. സദാചാരത്തേയും സംസ്‌കാരത്തേയും കുറിച്ചുള്ള ചിന്തകളില്‍ എവിടെയാണ്, ഇന്ന് മലയാളി സമൂഹം  നില്‍ക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ചുംബനത്തെക്കുറിച്ച് ഇത്രത്തോളം വലിയൊരു ചര്‍ച്ച കേരള സമൂഹത്തില്‍ മുന്‍പ് നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ചുംബനങ്ങള്‍ക്കൊപ്പം തന്നെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു കൂടി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതും വലിയൊരു ചേദ്യമാണ്. എന്താണ് ഇതിന്റെയെല്ലാം പിന്നിലെ രാഷ്ട്രീയ സമസ്യകള്‍?

ജയ്ഹിന്ദ് ചാനലില്‍ വന്ന വാര്‍ത്ത ഒരന്വേഷണത്തിനുപോലും കാത്തുനില്‍ക്കാതെ, വെള്ളം തൊടാതെ വിഴുങ്ങിയ നമ്മുടെ സാംസ്‌കാരിക സമ്പന്നരായ സ്ത്രീപുരുഷ നേതാക്കളും സദാചാരത്തിന്റെ ആട്ടിന്‍തോലണിഞ്ഞ യുവമോര്‍ച്ചക്കാരും ചേര്‍ന്ന് വാക്കുകൊണ്ടും വടികൊണ്ടും സംരക്ഷിച്ച് നിര്‍ത്തിയത് ഏത് സാംസ്‌കാരിക പൈതൃകത്തെയാണ്.  നാടിനായി ഇവിടെ അലിഖിതമായ ഒരു സാംസ്‌കാരിക വ്യവസ്ഥ പണ്ടേ പറഞ്ഞുവച്ചതാണെന്നും അതിനെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ അവര്‍ വിവരം അറിയുമെന്നുമുള്ള വ്യക്തമായ മുന്നറിയിപ്പാണിത്.

നവോത്ഥാന വിപ്ലവങ്ങള്‍ പലതു കഴിഞ്ഞെങ്കിലും സാംസ്‌കാരികമായി നമ്മുടെ സമൂഹം ഇന്നും വലതുപക്ഷത്തുതന്നെയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. സ്മാര്‍ത്ത വിചാരവും, പടിയടച്ചു പിണ്ഡം വയ്ക്കലും, തീണ്ടിക്കൂടായ്മയും  തുടങ്ങിയ മേല്‍ക്കോയ്മ ചരിത്രങ്ങളെ മാറുമറയ്ക്കല്‍ സമരം ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളിലൂടെ ചെറുത്തതോല്‍പ്പിച്ചു നിര്‍ത്തിയ നമ്മള്‍ ഇന്ന് കോര്‍പ്പറേറ്റ് ആള്‍ദൈവഭക്തിയില്‍ ചെന്നെത്തി നില്‍ക്കുന്നു. അതായത് പൈതൃകത്തിനേയും സംസ്‌കാരത്തിനേയും പറ്റിയുള്ള നമ്മുടെ അവബോധവും വ്യവഹാരങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണവും പ്രതിലോമകരവുമായി തീര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.

ഈ സാഹചര്യത്തില്‍ പഴയ മൂല്യങ്ങളെ  തിരികെ പുല്‍കാന്‍ ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിന് എങ്ങിനെയാണ് ഒരു പ്രണയ ചുംബന കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിക്കുക. സാംസ്‌കാരികമായി ഇന്നും വലതുപക്ഷത്തുനിന്ന് അധികം പുരോഗമിച്ചിട്ടില്ലാത്ത എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന സമൂഹം ഇന്ന് ആവിഷ്‌ക്കാരസ്വാതന്ത്ര്യങ്ങളെയെല്ലാം സെന്‍സര്‍ ചെയ്യുന്ന തിരക്കിലാണ്. മുഖ്യധാരവിട്ട് അവസാനത്തെ അത്താണിയായ സോഷ്യല്‍ മീഡിയകളിലും കോളേജ് മാഗസീനുകളിലുമടക്കം അടിയന്തിരാവസ്ഥയെ വെല്ലുന്ന രീതിയില്‍ സെന്‍സര്‍ഷിപ്പുകളേര്‍പ്പെടുത്തിയിരിക്കുന്നു. ഇനി ബഷീറിനേയും ഒ.വി.വിജയനേയും മാധവിക്കുട്ടിയേയും സാറാജോസഫിനേയുമെല്ലാം നമുക്ക് സെന്‍സര്‍ ചെയ്യേണ്ടിവരുമോ? എന്തായാലും ഒ.വി.വിജയന്റെ പ്രതിമ ഇപ്പോള്‍ തന്നെ തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കുന്തിരിക്കം പുകയുന്ന അള്‍ത്താരകളിലും  സമൂഹത്തിനു നേരെ തിരിച്ചുവച്ചിരിക്കുന്നത് ഇതേ സദാചാരബോധത്തിന്റെ പീരങ്കിക്കുഴലുകള്‍ തന്നെയാണ്. പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വേവലാതിപ്പെട്ട് വിവാഹപ്രായം പതിനാറിലേക്ക് എത്തിക്കണം എന്ന് വിലപിക്കുന്നവര്‍ പെണ്‍ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രം ചെയ്ത് കളയുന്നവരുടെ അതേ മാനസികാവസ്ഥ തന്നെയാണ് വച്ചുപുലര്‍ത്തുന്നത്.

ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെപ്പോലും വെല്ലുന്ന സദാചാരകോടതികള്‍ കേരളത്തിന്റെ തെരുവുകളില്‍ ഇന്ന് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവരുടെ കോര്‍ട്ട് മാര്‍ഷലിന് വിധേയരാകാത്ത എത്ര കമിതാക്കളുണ്ടാകും ഇന്ന് നമ്മുടെ നാട്ടില്‍. സൂര്യനെല്ലിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തേവിടിശ്ശി എന്നുവിളിച്ച കേരള സമൂഹം തന്നെയാണ് 100 രൂപ നോട്ടില്‍ ഓട്ടോഗ്രാഫിനുവേണ്ടി സരിത എസ്.നായര്‍ക്കു  മുന്‍പില്‍ തിരക്കുകൂട്ടിയത്.

ആണിനേയും പെണ്ണിനേയും പ്രണയിക്കാന്‍  സമ്മതിക്കാത്തവര്‍ അടുത്തകാലത്തൊന്നും തന്നെ സ്വവര്‍ഗ്ഗപ്രണയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ പോലും തയ്യാറാവുമെന്ന വ്യാമോഹം നമുക്കുവേണ്ട. ജാതീയതയുടെയും വര്‍ഗ്ഗീയതയുടേയും ചതുപ്പുകളില്‍ വേരാഴ്ത്തിയിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന നാണ്യവിളയ്ക്ക് ലൗ ജിഹാദ് എന്ന വളം ഇട്ടുകൊടുത്ത മലയാളികളുടെ നാട്ടില്‍ സദാചാരകൊലകള്‍ ഇനിയും സംഭവിക്കും.

കുംഭമേളയ്ക്ക് സെന്‍സര്‍ഷിപ്പില്ലാത്തതും ക്ഷേത്രകലകള്‍ അടിച്ചു തകര്‍ക്കപ്പെടാത്തതും മഹാഭാരതത്തിലെ രാസലീലയും കൃഷ്ണകാമുകിമാരുടെ സങ്കല്‍പ്പങ്ങളും, കൊടുങ്ങല്ലൂര്‍ ഭരണിയുമൊന്നും സെന്‍സര്‍ ചെയ്യപ്പെടാതെയോ സദാചാര പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ പെടാതെയോ പോകുന്നത് അത് ദൈവം നേരിട്ട് വന്ന് അനുമതി കൊടുത്തു വച്ചിരിക്കുന്നതുകൊണ്ടാണോ? ഇനി ഓണത്തെ അസുരനായ മഹാബലിയെ നിഗ്രഹിച്ച് നന്മ തിരിച്ചുകൊണ്ടുവന്ന വൈഷ്ണവാവതാരമായ വാമനന്റെ ജയന്തിയായ് ആഘോഷിക്കണമെന്ന് ആരെങ്കിലും വാശിപിടിച്ചാലും അത്ഭുതപ്പെടാനില്ല.

എന്നാല്‍ ഇലക്ഷന്‍ പ്രചരണത്തിന് സ്ത്രീ ശരീരങ്ങളെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ ഈ സദാചാരവാദികള്‍ പ്രത്യേകിച്ച് അസ്വസ്ഥതയാണെന്നും പ്രകടിപ്പിച്ചു കണ്ടില്ല. പിന്നെ ഭാരതീയ സംസ്‌കാരത്തിന്റെ വക്താക്കള്‍ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്നതിലും വൈമനസ്യം പ്രകടിപ്പിച്ച് കണ്ടില്ല. പക്ഷേ മറ്റാരും ഈ ഇരട്ടത്താപ്പുകളെ പരിഹസിക്കരുത്. ഇവര്‍ കണ്ണടച്ചാല്‍ ഇവര്‍ക്കുചുറ്റും മാത്രമേ ഇരുട്ടുകയുള്ളു എന്ന് തുറന്നു പറയുകയും ചെയ്യരുത്. അങ്ങിനെ വന്നാല്‍ ഏത് സ്വാമിജിയായാലും ഉടുതുണിയില്ലാതെ ഓടേണ്ടിവരും, ഏത് പുസ്തകശാലകളും തകര്‍ക്കപ്പെടും. വേണ്ടിവന്നാല്‍ ഞങ്ങളുടെ ജീവിച്ചിരിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചെന്നു പറഞ്ഞ് ഹര്‍ത്താലും നടത്തും. കൂടുതല്‍ വിമര്‍ശിക്കാനോ പ്രതികരിക്കാനോ നിന്നാല്‍ അത് ഒരു രാജ്യത്തിന്റെ മുഴുവന്‍ മതപാരമ്പര്യത്തെ വിമര്‍ശിക്കുന്നതായ് മാറും. പിന്നെ എം.എഫ്.ഹുസൈനെപ്പോലെ നാടുവിടുകയേ നിവൃത്തിയുള്ളു, അല്ലെങ്കില്‍ യു.ആര്‍. അനന്തമൂര്‍ത്തിക്കു ലഭിച്ചതുപോലെ പാകിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റും കിട്ടും. ഇങ്ങനെയൊക്കെയാണെങ്കിലും ആരും അവരെ ചോദ്യം ചെയ്യരുത്. കാരണം അവരാണത്രേ ഈ നാട്ടിലെ സദാചാര സംരക്ഷകര്‍.

ഇവിടെ ഏറ്റവും അനുയോജ്യമായത് ജോര്‍ജി ദിമിത്രോവിന്റെ പഴയ നിര്‍വ്വചനം തന്നെയാണ്. ”ഫാഷിസം എന്നത് ഫിനാന്‍സ് മൂലധനത്തിന്റെ ഭീതിപ്പെടുത്തുന്ന ഏകാധിപത്യം തന്നെയാണ്.”  ബ്രഹത്തിന്റെ കവിതയില്‍ ഫാഷിസ്റ്റ് ജര്‍മ്മനിയിലെത്തിയ യാത്രികന്‍ ശ്മശാനമൂകമായ അന്തരീക്ഷം കണ്ടിട്ട് ഒരു ദേശവാസിയോട് ആരാണിവിടെ ഭരിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. കിട്ടുന്ന മറുപടി ഒരേ ഒരു വാക്കു മാത്രമാണ് ”ഭയം”. എന്തുകൊണ്ടാണ് നമ്മുടെ യുവമോര്‍ച്ചക്കാരും, ജയ്ഹിന്ദുകാരും സമ്പന്നര്‍ക്കുവേണ്ടി എന്ത് വ്യഭിചാരങ്ങളും നടത്തുവാന്‍ തയ്യാറാവുന്ന മള്‍ട്ടി നാഷണല്‍ ഹോട്ടല്‍ ശൃംഖലകളെ  ലക്ഷ്യമിടാത്തത്. ഉത്തരം വളരെ ലളിതമാണ്. അവരുടെ തലതൊട്ടപ്പന്‍മാര്‍ തന്നെയാണ് ഇതെല്ലാം നിയന്ത്രിക്കുന്നത് എന്നതുതന്നെ.

ഇവിടെ സാധാരണക്കാരുടെ ജീവിതങ്ങളാണ്  സെന്‍സര്‍ ചെയ്യപ്പെടുന്നത്. എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം എന്നിവയ്‌ക്കെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഫാഷിസ്റ്റ് അധികാരശക്തി നമുക്ക് നല്‍കുകയാണ്. പെണ്‍കുട്ടികള്‍  ജീന്‍സ് ധരിക്കരുതെന്ന് വിളിച്ചുപറഞ്ഞ യേശുദാസും, ചുംബിക്കേണ്ടവര്‍ ഹോട്ടലില്‍ പോയ് മുറിയെടുത്തിരുന്ന് ചുംബിക്കണമെന്ന് പറഞ്ഞ കൈതപ്രവുമെല്ലാം അറിഞ്ഞോ അറിയാതെയോ  ഇതിന്റെ ഭാഗമായ് തീരുകയാണ്.

ഇപ്പോള്‍ ചുംബനത്തെ സെന്‍സര്‍ ചെയ്യാന്‍ വേണ്ടിയും ഇതേ ഫാഷിസ്റ്റ് അധികാരശക്തി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ”പൊതുസ്ഥലത്ത് വച്ച് പ്രകോപനപരമായ് പകര്‍ന്നുനല്‍കുന്ന സ്വകാര്യചുംബനം ആണ് കവിത” എന്ന് പറഞ്ഞത് സച്ചിദാനന്ദനാണ്. ”നിന്നോട് പറയാന്‍ ബാക്കിയുള്ള മുഴുവന്‍ കാര്യങ്ങളും ഒറ്റചുംബനത്തിലൂടെ പറയാന്‍ എനിക്കാകും” എന്ന് പറഞ്ഞത് നെരുദയാണ്. ”നിന്റെ ചുണ്ടുകളെ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയാണ്” എന്ന് നമ്മോട് പറഞ്ഞത് ഷെക്‌സ്പിയറാണ്. ജീവിതത്തിന്റെയും പ്രണയത്തിന്റെയും മുഴുവന്‍ സര്‍ഗ്ഗാത്മകതകളും ഒരു ഞൊടിയില്‍ പകര്‍ന്നു നല്‍കാന്‍ കെല്‍പ്പുള്ള അതേ ചുണ്ടുകളെത്തന്നെയാണ് ഇവിടെ സെന്‍സര്‍ ചെയ്ത് മുറിച്ചുമാറ്റുന്നത്. ഈ സദാചാര ഫാസിസത്തിനെതിരെ തുറന്ന പ്രതിഷേധവുമായ് ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റിലേക്ക് ചായകുടിക്കാന്‍ കയറിച്ചെന്ന് ജോയ് മാത്യുവിനും, നമുക്കും ഡൗണ്‍ ടൗണിലേക്ക് പോകാം എന്ന് ആഹ്വാനം ചെയ്ത ആഷിഖ് അബുവിനും ഒപ്പമാണോ നമ്മള്‍ എന്ന് വ്യക്തമാക്കാന്‍ ഇനിയും വൈകുന്നതെന്തിന്.

ഇവിടെ ഇത്തരതതിലുള്ള സദാചാരബോധവും സാംസ്‌കാരികബോധവും ഉടലെടുക്കുന്നത് മാനസികചിന്തയില്‍ നിന്നല്ല, മറിച്ച്  നാളിതുവരെ മനുഷ്യപുരോഗതിയ്ക്ക്  വിഘാതം സൃഷ്ടിച്ച് പോന്നിരുന്ന അതേ ഇരുണ്ട പ്രതിലോമകതയില്‍ നിന്നു തന്നെയാണ്. ഇതേ ഇരുട്ടിന്റെ മറപിടിച്ച് വേട്ടക്കിറങ്ങുന്ന ഈ കുറുവടിപ്പടയെ എങ്ങനെ നേരിടണമെന്നാണോ, എന്തിന് നേരിടണമെന്നാണോ ‘പുരോഗമനകേരളം’ ശങ്കിച്ചുനില്‍ക്കുന്നത്.

പ്രണയിക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായ്ത്തന്നെ തിരിച്ചറിയും എന്ന വസ്തുത ജാതിമതവെറിയുടെ പ്രതിലോമകതയെ മനസ്സില്‍ താലോലിക്കുന്നവര്‍ക്ക് എന്നും ഭീതിജനകമാണ്. ഈ വിഹ്വലതയാണ് പ്രണയം അതേത് തരത്തിലുള്ളതാണെങ്കില്‍ കൂടിയും അതിനെ അടിച്ചമര്‍ത്താന്‍ സദാചാരബോധത്തിന്റെ ആട്ടിന്‍തോലണിഞ്ഞ കുറുവടിപടകളെ തെരുവിലേക്കിറക്കിവിടുന്നത്.

ഭീരുക്കള്‍ കാത്തിരിപ്പ് തുടരട്ടേ, പക്ഷേ ഇത്തരത്തിലുള്ള സദാചാര വയറിളക്കവും സാംസ്‌കാരിക മനംപിരട്ടലും കാണുമ്പോള്‍ ഞങ്ങള്‍ക്ക് മൂക്കുപൊത്താതെ നിവൃത്തിയില്ല. ”സദാചാര ഫാഷിസം എന്നത് അധികാരപ്രമത്തയുടെ പ്രകടമായ ഒരു ആഘോഷമാണ്, എങ്കില്‍ ആ അധികാരപ്രമത്തത എന്നത് സ്‌നേഹിക്കാനുള്ള ശേഷിക്കുറവ് മാത്രമാണ്” എന്ന് പറഞ്ഞ മാര്‍ക്കേസിന് സ്തുതിയായിരിക്കട്ടെ.

 

(ജെ എന്‍ യുവില്‍ എംഫില്‍ വിദ്യാര്‍ഥിയാണ് അമല്‍)

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍