UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുംബനസമരത്തിന് ചൂട്ടുപിടിക്കരുത്; മോഹന്‍ലാലിന് കൊച്ചി മേയറുടെ ഉപദേശം

Avatar

ടോണി ചമ്മണി

(കൊച്ചിയില്‍ നടന്ന ചുംബനസമരത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍ തന്‍റെ ബ്ലോഗിലെഴുതിയ കുറിപ്പിനെതിരെ കൊച്ചി മേയര്‍ ടോണി ചമ്മണി. തന്‍റെ ഔദ്യോഗിക ബ്ലോഗിലാണ് മേയര്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്)

സദാചാര പോലീസിനെയും ചുംബനസമരത്തെയും പരാമര്‍ശിച്ച് താങ്കള്‍ ബ്ലോഗില്‍ എഴുതിയ ലേഖനം വായിച്ചു. സമൂഹം ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ താങ്കളുടെ നിലപാട് വിശദമായി തന്നെ കുറിച്ചത് നന്നായി. എന്നാല്‍ ചില നിലപാടുകളോടുള്ള വിയോജിപ്പുകള്‍ സ്‌നേഹാദരങ്ങളോടെ അറിയിക്കട്ടെ.

സദാചാര പൊലീസ് എന്ന പ്രാകൃത പ്രതികരണ രീതിയെ പരിപൂര്‍ണ്ണമായും എതിര്‍ക്കണം. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. പരാതികള്‍ പരിഹരിക്കാന്‍ നിയമപരമായ വ്യവസ്ഥകളുള്ള ഒരു സമൂഹത്തില്‍ മറ്റുള്ളവര്‍ നിയമം കൈയിലെടുക്കുന്നത് അരാജകമായ അന്തരീക്ഷം സൃഷ്ടിക്കും.

സദാചാരത്തെക്കുറിച്ചുള്ള കപടമായ ധാരണകളും തിരുത്തേണ്ടതാണ്. എന്നാല്‍ ‘ലിപ് ലോക്ക്’ ചുംബനസമരം എന്ന പേരില്‍ കൊച്ചിയില്‍ അരങ്ങേറിയത് തികച്ചും പ്രതിലോമകരമായ പ്രവണതയാണ് എന്ന അഭിപ്രായം അറിയിക്കട്ടെ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തുടര്‍ന്നും അവരുടെ ആശയപ്രചാരണത്തിലുള്ള പ്രധാന ആയുധമാക്കി താങ്കളുടെ ബ്ലോഗിനെ പ്രയോജനപ്പെടുത്തും എന്നാണ് കരുതേണ്ടത്. ബ്ലോഗിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും വേര്‍തിരിച്ചു എടുത്തുകാട്ടി ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍  താങ്കളുടെ അഭിപ്രായമായി വന്നു തുടങ്ങിയിരിക്കുന്നു. ഇത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത  താങ്കള്‍ രചനാവേളയില്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു.

താങ്കള്‍ പലയിടത്തും മതനേതാക്കളെയും രാഷ്ട്രീയ പാര്‍ട്ടികളേയും കുറ്റപ്പെടുത്തുന്നുണ്ട്.  മതനേതാക്കള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. ഒരു തലമുറയുടെയും ജീവിതം നിശ്ചയിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളല്ല എന്ന പരാമര്‍ശം പുതിയ തലമുറയില്‍ അരാഷ്ട്രീയവാദത്തിന്റെ കനലുകള്‍ ജ്വലിപ്പിക്കാനേ ഉപകരിക്കൂ.  ഇന്റര്‍നെറ്റിന്റെയും വൈഫൈയുടെയും ചാനല്‍ചര്‍ച്ചകളുടേയും മൊബൈല്‍ ഫോണ്‍ തരംഗത്തിന്റെയും നാളുകളിലേക്ക് പൊട്ടിവീണതല്ല കേരളീയ സമൂഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുകളുമാണ് കേരളീയ സമൂഹത്തെ വേറിട്ട തലത്തില്‍ എത്തിച്ചത്. വിവിധ തലമുറകളുടെ ജീവിതം നിശ്ചയിച്ചതും ആ ജീവിതത്തിനു ദിശാബോധം നല്‍കിയതും കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് എന്നതും ഓര്‍മ്മയില്‍ തങ്ങേണ്ടതാണ്. പാലം പൊളിഞ്ഞു വീഴുന്നതു മുതല്‍ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടുന്നതു വരെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് താങ്കള്‍ പറയുന്നു, ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വീര്യത്തോടെ ഇടപെടുന്നില്ല എന്ന്. ചുംബനസമരത്തില്‍ കൊച്ചിയില്‍ ആവേശം കാണിച്ച ചെറുപ്പക്കാരോട് ചോദിക്കൂ, ഏതേതൊക്കെ പൊതുപ്രശ്‌നങ്ങളില്‍  അവര്‍ ഈ വീര്യത്തോടെ ഇടപെട്ടു എന്ന്. ചുംബനസമരത്തേക്കാള്‍ ഏറ്റവും അടിയന്തിരമായ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടെന്ന് പരസ്യചുംബനത്തിനായി സമരം ചെയ്തവരെയാണ്  താങ്കള്‍ ആദ്യം ഓര്‍മ്മിപ്പിക്കേണ്ടത്. യുവതലമുറയെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വം എന്ന നിലയില്‍ അവരെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുവാനുള്ള മാനസികാവസ്ഥയിലേക്ക് നയിക്കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം താങ്കള്‍ ഒരു വ്യക്തി  എന്നതിനപ്പുറം പ്രശസ്തനായ സിനിമാതാരം എന്നനിലയിലുള്ള പരിവേഷം അനേകായിരങ്ങള്‍ക്ക് ആരാധനാപാത്രമാണ്. അതിനാല്‍ നിലപാടുകളില്‍ വ്യക്തതയും ജാഗ്രതയും പ്രകടമാക്കേണ്ടതാണ്.

നമ്മുടെയെല്ലാം വീടുകളില്‍ നിന്നും പഠിക്കുവാനായി ഇറങ്ങുന്ന കുട്ടികള്‍ പാര്‍ക്കിലോ, പാര്‍ലറുകളിലോ, കഫേകളിലോ കുടുങ്ങി പോകേണ്ടവരല്ല. നൊന്തു പ്രസവിച്ച മാതാവിന്റെയും പിതാവിന്റെയും ജീവിതസ്വപ്നവും സാഫല്യവും ആണവര്‍. ഇതൊക്കെയാണ് കുട്ടികളുടെ അവകാശവും സ്വാതന്ത്ര്യവുമെന്ന തെറ്റിദ്ധാരണയുണ്ടാക്കാനേ ചുംബനസമരങ്ങള്‍ പോലുള്ള സംഭവങ്ങള്‍ ഉപകരിക്കൂ.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ‘ടച്ച് ഓഫ് ലവ്’ എന്ന ഒരു പരിപാടി മറൈന്‍ ഡ്രൈവില്‍ നടന്നു. തെരുവില്‍ ആരും പരിപാലിക്കാനില്ലാതെ കിടക്കുന്നവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും സാന്ത്വനസ്പര്‍ശം അര്‍പ്പിക്കുന്ന ചടങ്ങായിരുന്നു അത്. നിരവധി ചെറുപ്പക്കാര്‍ അവിടെ എത്തി. അവര്‍ വൃദ്ധജനങ്ങളുടെ കാലുകള്‍ കഴുകി പ്രണമിച്ചു. അവരുമായി ഏറെ നേരം സംസാരിച്ചു. തെരുവില്‍ നിന്നു കണ്ടെത്തിയവരെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ചു. ചുംബിക്കാനുള്ള അവകാശത്തിനായി പൊരുതിയ ആരേയും അവിടെ കണ്ടില്ല. തത്സമയ സംപ്രേഷണ കോലാഹലങ്ങളില്ലായിരുന്നു. ശാന്തമായ അന്തരീക്ഷത്തില്‍ സ്‌നേഹസ്പര്‍ശത്തിന്റെ സായാഹ്നമായിരുന്നു അത്. അവിടെയാണ് ആത്മാര്‍ത്ഥമായ, സത്യസന്ധമായ സ്‌നേഹനിമിഷങ്ങള്‍ കണ്ടത്.

കൃത്രിമമായ സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ പാലിക്കേണ്ട മുന്‍കരുതലുകളെകുറിച്ചും അതു പാലിക്കാന്‍ കാണിക്കേണ്ട വിവേകത്തെക്കുറിച്ചും പരാമര്‍ശിച്ചത് ഏറെ നന്നായി. എന്നാല്‍ ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്നും മാറിപ്പോകുന്നതിനേക്കാള്‍ നന്ന് അത്തരം കാഴ്ചകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാതിരിക്കലല്ലേ എന്നാണ് എന്റെ ചോദ്യം. വഴി മാറി നടക്കലല്ല, മര്യാദയുടെയും മാന്യതയുടേയും നേരായ വഴിക്കു തന്നെ നടക്കാന്‍ പാകത്തിലുള്ള കാഴ്ചകള്‍ സൃഷ്ടിക്കാനുള്ള നന്മയിലേക്ക് യുവതലമുറയെ നയിക്കാനുള്ള ശ്രമത്തില്‍ താങ്കള്‍ മുന്നിലുണ്ടാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

മോഹന്‍ലാലിന്റെ ബ്ലോഗ് ഇവിടെ വായിക്കാം

സദാചാരത്തിന്‍റെ പുകയും പൂക്കളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍