UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെറിയ സമരങ്ങളുടെ വലിയ പ്രസക്തി

സമരങ്ങൾ കേരളത്തിൽ സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങൾ എല്ലാം തന്നെ ഒരുതരത്തിൽ സമരങ്ങൾ കേരളത്തിൽ വ്യക്തമായ സാമൂഹിക ചലനങ്ങൾ ഉണ്ടാക്കി എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ  സംഘടിത സമരങ്ങളോട് കേരളത്തിൽ രൂപപ്പെട്ട് വരുന്ന അരാഷ്ട്രീയ നിലപാടുകൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ അടക്കം പൂർണ്ണമായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് നിലവിലെ യാഥാര്‍ഥ്യം. പൊതുസമൂഹവും ഇത്തരം സമരങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ചു കഴിഞ്ഞു. ഹര്‍ത്താലുകള്‍ക്ക് കിട്ടുന്ന ജനപിന്തുണയുടെ പിന്നിലും ഉള്ളത് ഈ അരാഷ്ട്രീയതയാണ്. അതിൽ പ്രധാനമായും ഉള്ളത് ഒരുതരം ആഘോഷ മനോഭാവം കൂടിയാണ്. അതോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെ ഹർത്താൽ നടത്തിപ്പിനോടുള്ള ഭയവും. സംഘടിത സമരങ്ങൾ എങ്ങനെ രൂപം മാറുന്നു എന്നും അത്തരം സമരങ്ങൾ സമകാലീന സാമുഹിക രാഷ്ട്രീയത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നും വിശദീകരിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

രാഷ്ട്രീയ സമരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ അടുത്തകാലത്ത് നടന്ന ചുംബന സമരത്തെ എങ്ങനെ വിലയിരുത്തണം എന്നതിനെ പറ്റി ഇതേവരേക്കും ഒരു പൊതുകാഴ്ചപ്പാട് ഉണ്ടായിട്ടില്ല. ബി ജെ പി-ആർ എസ് എസ് സംഘടനകളെ പിന്തുണയ്ക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ചുബന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. ചില മുസ്ലിം സംഘടനകളും എതിര്‍പ്പുമായി വന്നിരുന്നു. മുസ്ലിം സംഘടനകളുടെ പ്രശ്നം സാമുഹിക സദാചാരമായിരുന്നു എങ്കിൽ സംഘപരിവാർ സംഘടനകളുടെ പ്രശ്നം ഭാരത സംസ്കാരമായിരുന്നു. എന്നാൽ ഈ സമരത്തോട് ഇടതു പക്ഷത്തിന് ഒരു പൊതു നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല. ഓരോ സമരവും ഉണ്ടാകുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കും. ഇവിടെ രണ്ടുപേർ ഒരു ഹോട്ടലിൽ വെച്ച് ചുംബിച്ചതല്ല, പകരം അതിനെ ക്യാമറയിൽ പകര്‍ത്തി പൊതുജനത്തെ കാണിച്ച ചാനൽ ആണ് ശരിക്കും സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. അവരാണ് വ്യക്തിയുടെ (പൊതു സമൂഹത്തിന്‍റെ) സ്വകാര്യതയിലേക്ക് കടന്നുകയറിയത്.

കേവലം സദാചാരസമരം എന്നതിൽ നിന്നും ഈ സമരത്തിന് എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്ന അന്വേഷണമാണ് നടത്തേണ്ടത്. എന്നാൽ ഇത്തരം അന്വേഷണം ആരും തന്നെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനു കഴിയുന്ന സാമുഹിക സാഹചര്യം അല്ല  വർത്തമാന കേരളത്തിലുള്ളത്.  പൊതു ഇടങ്ങളിൽ സ്വകാര്യജീവിതത്തിന് പരിമിതികള്‍ ഉണ്ട് എന്നത് ഒരു യഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിമിതികളെ അംഗീകരിക്കാൻ പൊതുജീവിതത്തിൽ വ്യാപരിക്കുന്ന ഒരു വ്യക്തി ബാധ്യസ്ഥനാണ്. അത്തരം ഒരു ബാധ്യത പലപ്പോഴും പൊതുസമുഹം അവശ്യപ്പെടാറുമുണ്ട്. എന്നാൽ ആ ബാധ്യത നടപ്പിലാക്കേണ്ടത് സവർണ്ണ ഫാസിസ്റ്റുകളല്ല. മാത്രവുമല്ല പലപ്പോഴും ഫാസിസ്റ്റുകൾ നടത്തുന്ന ഇത്തരം സാംസ്കാരിക ശുദ്ധീകരണം ഫലത്തിൽ സാമുഹികവിരുദ്ധവും ആയി മാറാറുണ്ട്. അഥവാ രണ്ട് വ്യക്തികള്‍ അത്തരം ഒരു പ്രവര്‍ത്തി പൊതു ഇടങ്ങളിൽ നടത്തിയാൽ അതിനെ നിയന്ത്രിക്കാൻ നമുടെ നാട്ടിൽ നിയമ സംവിധാനങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ സംഘപരിവാർ സംഘടനകൾ നടത്തിയത് നിയമ ലംഘനം കൂടിയാണ്. എന്നാൽ പ്രധാനപ്പെട്ട വസ്തുത ഹോട്ടൽ അക്രമിച്ചതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത് എന്നതാണ്. ഇവിടംകൊണ്ട് അവസാനിക്കേണ്ട ഒരു വിഷയം എന്തുകൊണ്ട് ചുബനം സമരം പോലെയുള്ള സംഘടിത സമരം ആയിമാറി?  ഈ സമരത്തെ എങ്ങനെ വിലയിരുത്തും?

ഈ സമരത്തെ എതിര്‍ക്കാൻ ഒരു കാരണമേ ഉള്ളു-സദാചാര സംരക്ഷണം. എന്നാൽ അനുകൂലിക്കാൻ ഉള്ള ഏറ്റവും വലിയ കാരണം സമരത്തെ എതിര്‍ത്ത സംഘടനകളും അവരുടെ രാഷ്ട്രീയവും ആണ്. ശ്രീരാമസേനയുടെ നേതാവിനെ ഉള്‍ക്കൊള്ളാൻ ബി ജെ പിക്ക് പോലും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കഴിഞ്ഞിട്ടില്ല. പ്രമോദ് മുത്തലിക്ക് എന്ന നേതാവിന് രാവിലെ നല്കിയ അംഗത്വം വൈകുന്നേരം തന്നെ അവര്‍ക്ക് പിൻവലിക്കേണ്ടിവന്നു. എന്നാൽ കേരളത്തിലെ ബി ജെ പി നേതാക്കന്മാർ മുത്തലിക്കിനെപ്പോലെ ഹോട്ടൽ ആക്രമിച്ച വ്യക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചുബന സമരം പൊതു സമുഹത്തെ അതിക്രമിച്ചു പടരുന്ന സാംസ്കാരിക ജീർണ്ണതയെ എതിർക്കാൻ പര്യാപ്തമായ ഒന്നാണ് എങ്കിൽ ഒരു സമരം എന്ന നിലയിൽ അതിനെ അംഗീകരിക്കേണ്ടതാണ്. എന്നാൽ ഈ സമരം കേരളം എത്രത്തോളം ഗൌരവപൂർവം കണ്ടു എന്നതിൽ ഇപ്പൊഴും സംശയം ഉണ്ട്. സമരക്കാരേക്കാൾ സമരം കാണാൻ വന്നവർ ഉണ്ടായതോടെ സമരം തന്നെ ഒരു കാഴ്ചയായി മാറി. ഈ കാഴ്ചയാണ് ഇന്നത്തെ ഏറ്റവും വലിയ സാംസ്‌കാരിക പ്രശ്നവും. ഈ കാഴ്ചയാണ് ഫാസിസത്തെ വളർത്തുന്നതും. ഇത്തരം കാഴ്ചക്കാർ കുടുതൽ ഉള്ളതുകൊണ്ട് തന്നെ ഈ സമരം വിജയമാണ് എന്ന് പറയാൻ കഴിയും.

ഭരണകൂട പിന്തുണയോടെ വളര്‍ന്നു വരുന്ന ഇത്തരം ഫാസിസ്റ്റ് സംഘടനകളെ  പ്രധിരോധിക്കാൻ സംഘടിത രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാത്ത സാഹചര്യത്തിൽ ഇത്തരം സമരങ്ങൾക്ക് പ്രസക്തിയുണ്ട്. കാരണം സംഘടിത പ്രസ്ഥാനങ്ങൾക്ക് ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിന് നിരവധി പരിമിതികൾ ഉണ്ട് അഥവാ ഉണ്ട് എന്ന് സ്വയം കല്‍പ്പിച്ച് നിശബ്ദമായി ഇരിക്കുന്നു എന്ന് പറയാം. അതുകൊണ്ട് തന്നെ ഇത്തരം ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ അതും അനവധി കാഴ്ചക്കാർ ഉള്ള അവസ്ഥയിൽ പോലും സ്വാഗതാര്‍ഹമാണ്. മാത്രവുമല്ല ഒരു സമരരീതി എന്ന നിലയിൽ ചുംബന സമരത്തെ കാണാൻ കഴിയാത്തവർ ഉണ്ട് എന്നതൊരു സത്യവുമാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞങ്ങളുടെ ചുണ്ടുകള്‍ ആരെയാണ് മുറിപ്പെടുത്തുന്നത്?
പോണ്ടിച്ചേരിയിലെ മാവോ പൂച്ചകള്‍ – ഒരു മറുപടി (മുഖമടച്ച്)
ഉമ്മകളുടെ പൂമരക്കാട്
ചുംബിച്ചുകൊണ്ട് അവര്‍ ചരിത്രത്തിലേക്ക് നടന്നു കയറി
മല്ലുപുരുഷനെന്ന തികഞ്ഞ ലൈംഗിക അക്രമി

അശ്ളീല വെബ്‌സൈറ്റുകളിലേക്ക് കൂടുതൽ വീഡിയോകള്‍ കിട്ടുന്നത് കേരളത്തിൽ നിന്നാണ് എന്ന് പല വാര്‍ത്തകളും വന്നിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത പൊതു സ്ഥലവും കേരളത്തിൽ തന്നെയാണ്. സംഘപരിവാര് സംഘടനകളോ, സദാചാരവാദികളോ ഒന്നും തന്നെ ഇതിനെകുറിച്ച് ആവലാതിപൂണ്ടതായി കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ സമരത്തെ നമുക്ക് അംഗീകരിക്കാവുന്നതാണ്. അതിനർത്ഥം പൊതു ഇടങ്ങളിൽ നഗ്നതകാണിക്കുക എന്നതല്ല മറിച്ച് വ്യക്തികളുടെ സ്വകാര്യത  പൊതുസമുഹത്തെ മലിനപ്പെടുത്താൻ ഉപയോഗിക്കാതിരിക്കുക എന്നതും കൂടിയാണ്. അശ്ളീല വെബ്സൈറ്റുകള്‍  ചെയ്തത് തന്നെയാണ് ഹോട്ടലിലെ ദൃശ്യം രഹസ്യമായി ചിത്രീകരിച്ച്സംപ്രേക്ഷണം ചെയ്ത ടി വി ചാനൽ ചെയ്തതും. ഈ മനോവൈകല്യത്തെയും അതിനെ സാംസ്‌കാരിക സംരക്ഷണമായി കാണുന്ന ഫാസിസ്റ്റ് രാഷ്ടീയത്തെയും എതിര്‍ക്കാൻ പരസ്യചുംബനത്തെ ഒരു സമരമെന്നനിലയില്‍ അംഗീകരിക്കുക തന്നെ വേണം.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍